അണിനിരന്ന് 51 പള്ളിയോടങ്ങൾ; ഉത്രട്ടാതി ജലോത്സവം ആവേശമായി
1454266
Thursday, September 19, 2024 2:50 AM IST
ആറന്മുള: ജലസന്പുഷ്ടമായ പന്പാനദിയിൽ ഓളങ്ങൾ കീറിമുറിച്ച് ആവേശത്തിരയുണർത്തിയത് 51 പള്ളിയോടങ്ങൾ. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തലവരെയുള്ള പന്പയുടെ കരകളെ പ്രതിനിധീകരിച്ചെത്തിയ ജലരാജാക്കന്മാർ പകലന്തിയോളം പന്പാതീരത്തിന് ഉത്സവക്കാഴ്ചയൊരുക്കി.
ആടയാഭരണങ്ങൾ അണിഞ്ഞ് മുത്തുക്കുട ചൂടി, പൂമാലയും കൊടിയും ചാർത്തി വഞ്ചിപ്പാട്ടിന്റെ അകന്പടിയോടെ ഇന്നലെ ഉച്ചയ്ക്കു മുന്‍പുതന്നെ പള്ളിയോടങ്ങൾ ആറന്മുളയിലെത്തിയിരുന്നു. ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിലെത്തി ദർശനം നടത്തി പ്രസാദവും സ്വീകരിച്ചശേഷം ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് കരക്കാർ തങ്ങളുടെ പള്ളിയോടങ്ങളുമായി ജലഘോഷയാത്രയ്ക്കും മത്സര വള്ളംകളിക്കുമായി അണിനിരന്നത്. നേരത്തെ നിശ്ചയിച്ച പട്ടികയിൽനിന്ന് മുതവഴി പള്ളിയോടം മാത്രമേ മാറിനിന്നുള്ളൂ. ചൊവ്വാഴ്ച പള്ളിയോടത്തിനുണ്ടായ അപകടത്തെത്തുടർന്നാണിത്.
ഉച്ചയോടെ ജലഘോഷയാത്രയ്ക്കായി പള്ളിയോടങ്ങൾ സത്രക്കടവിൽ അടുപ്പിച്ചു. തിരുവോണത്തോണിയും പന്പാനദിയിൽ കാത്തുകിടന്നു. ജലഘോഷയാത്രയുടെ ആരംഭം കുറിച്ചുകൊണ്ട് പവലിയനിൽനിന്ന് അറിയിപ്പ് വന്നതിനു പിന്നാലെ തിരുവോണത്തോണിക്ക് അകന്പടിയായി പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ആരംഭിച്ചു.
എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 16 പള്ളിയോടങ്ങളുമാണ് അണിനിരന്നത്. എ ബാച്ചില്‍ എട്ട് ഗ്രൂപ്പുകളും ബി ബാച്ചില്‍ അഞ്ച് ഗ്രൂപ്പുകളുമായി ജലഘോഷയാത്ര മുന്‍പോട്ടു നീങ്ങി. എ ബാച്ചിന്റെ ഏഴ് ഗ്രൂപ്പുകളും നാലുവീതം പള്ളിയോടങ്ങളുടേതായിരുന്നു.
വഞ്ചിപ്പാട്ടിന്റെ അകന്പടിയിൽ ഇവ പന്പാനദിയിലൂടെ നീങ്ങിയത് നയനാനന്ദകാഴ്ചയായി. ബി ബാച്ച് പള്ളിയോടങ്ങളും ഒന്നിച്ചുനീങ്ങിയത് പന്പയിൽ ഉത്സവച്ഛായ പകർന്നു.
തെളിഞ്ഞ അന്തരീക്ഷത്തിൽ വള്ളംകളി ആസ്വദിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ആളുകൾ എത്തിയിരുന്നു. പന്പയുടെ ഇരുകരകളിലും രാവിലെ മുതൽ തന്നെ കാണികൾ ഇടംപിടിച്ചിരുന്നു.
സാങ്കേതിക മികവിൽ വിധിനിർണയം
ഇത്തവണത്തെ ജലോത്സവ മത്സരങ്ങളുടെ വിധിനിർണയം സാങ്കേതിക അടിസ്ഥാനത്തിൽ കൂടുതൽ മികവുറ്റതാക്കിയിരുന്നുവെങ്കിലും ഫലം എത്താനും മത്സരം പൂർത്തീകരിക്കാനും വൈകി. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പ്രാഥമികപാദം പൂർത്തിയാക്കുന്ന പള്ളിയോടങ്ങളെ പങ്കെടുപ്പിച്ചാണ് ഇരുബാച്ചിലും ഫൈനൽ ക്രമീകരിച്ചത്. എ ബാച്ചിൽ ലൂസേഴ്സ് ഫൈനലും നടത്തി.
കീഴുകര, ചിറയിറന്പ്, ഓതറ- കുന്നേക്കാട്, തെക്കമുറി പള്ളിയോടങ്ങളുടെ ഗ്രൂപ്പാണ് ലൂസേഴ്സ് ഫൈനലിൽ മത്സരിച്ചത്. ഇതിൽ തെക്കേമുറി പള്ളിയോടം ഒന്നാമതും കീഴുകര രണ്ടാമതും ചിറയിറന്പ് മൂന്നാമതുമായി ഫിനീഷ് ചെയ്തു.
ബി ബാച്ച് ഫൈനൽ മത്സരത്തിൽ ഇടക്കുളം, കോറ്റാത്തൂർ - കൈതക്കോടി, കോടിയാട്ടുകര, തോട്ടപ്പുഴശേരി പള്ളിയോടങ്ങളാണ് പങ്കെടുത്തത്. ഇതിൽ കുറഞ്ഞ സമയം രേഖപ്പെടുത്തി തുഴഞ്ഞെത്തിയ കോറ്റാത്തൂർ - കൈതക്കോടി മന്നം ട്രോഫിയിൽ മുത്തമിടുകയായിരുന്നു.
എ ബാച്ച് ഫൈനലിൽ യോഗ്യത നേടിയ കോയിപ്രം, ഇടനാട്, ഇടപ്പാവൂർ - പേരൂർ പള്ളിയോടങ്ങളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. നെല്ലിക്കൽ പള്ളിയോടം നാലാമതും ഫിനീഷ് ചെയ്തു.