രാപകലില്ലാതെ കാട്ടുപന്നി; കര്‍ഷകര്‍ക്കു കഷ്ടകാലം
1441818
Sunday, August 4, 2024 3:45 AM IST
മല്ലപ്പള്ളി: ഓണക്കാലത്തുപോലും ഒരു വിളവും വിപണിയിലെത്തിക്കാന്‍ മല്ലപ്പള്ളി മേഖലയിലെ കര്‍ഷകര്‍ക്കാകില്ല. താലൂക്ക് പ്രദേശങ്ങളില്‍ രാപകലില്ലാതെ കാട്ടുപന്നിയുടെ ശല്യം നേരിട്ടുവരികയാണ് കര്‍ഷകര്‍.
കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍, ആനിക്കാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണം സ്ഥിരമാകുന്നു. വനമേഖലയില്‍നിന്നും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പ്രദേശങ്ങളാണെങ്കിലും കാട്ടുപന്നിയുടെ താവളങ്ങളായി കൃഷിയിടങ്ങള്‍ മാറി.
ചേന, ചേമ്പ്, കപ്പ, കാച്ചില്, വാഴ, തെങ്ങില്‍ തൈകള്‍ എന്നിവയെല്ലാം കാട്ടുപന്നികള്‍ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം എഴുമറ്റൂര്‍ പഞ്ചായത്തില്‍ കൃഷ്ണഭനില് ഗോപാലകൃഷ്ണന് നായരുടെ പുരയിടത്തിലെ മരച്ചീനി, ചേന, ചേമ്പ് എന്നീ കൃഷിവിളകള്‍ നശിപ്പിക്കപ്പെട്ടു. പച്ചക്കറി കൃഷിയും നശിപ്പിച്ചു. കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നി കൃഷിയിടങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുകയാണ്.
ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കാട്ടുപന്നിയുടെ ശല്യം ദുരിതമായി മാറി. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് ഓരോ ദിവസവും നശിപ്പിക്കുന്നത്. കാട്ടുപന്നികള്‍ കര്‍ഷകന്റെ അധ്വാന ഫലത്തെ കവര്‍ന്നെടുക്കുന്നതോടെ ഗത്യന്തരമില്ലാതെ നട്ടംതിരിയുകയാണ് ഓരോ കര്‍ഷക കുടുംബങ്ങളും. പകല്‍പോലും കൃഷിയിടങ്ങളില്‍ കാട്ടുപന്നികളെ കാണാം. എഴുമറ്റൂരിലും കൊറ്റനാട്ടും കഴിഞ്ഞയാഴ്ച പകലാണ് കാട്ടുപന്നിയെ വെടിവച്ചത്.
ഉത്തരവുകള്‍ പ്രഹസനം
കാട്ടുപന്നിയെ നശിപ്പിക്കുന്നതിനായി സര്‍ക്കാര്‍തലത്തില്‍ നിലവിലുള്ള ഉത്തരവുകള്‍ പ്രഹസനമാണെന്ന് കര്‍ഷകര്‍. പഞ്ചായത്ത് പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് ശല്യക്കാരായ പന്നികളെ ക്ഷുദ്രജീവിയെന്ന പരിഗണനയില്‍ വെടിവയ്ക്കാന്‍ അനുമതി നല്‍കിയാണ് ഉത്തരവ്.
ഇതിനായി ഓരോ പഞ്ചായത്തിലും ലൈസന്‍സുള്ളവരെ കണ്ടെത്തി എംപാനല്‍ ചെയ്തിട്ടുണ്ട്. ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവരാണ് പട്ടികയിലുള്ളത്. ഇവരെ വിളിച്ചുവരുത്തി പന്നിയെ വെടിവയ്ക്കാനാണ് ഉത്തരവ്. എന്നാല്‍ ഇവരെത്തുമ്പോള്‍ കാട്ടുപന്നിയെ കണാറില്ല. കാട്ടുപന്നിയെ കണ്ട് ഇവരെ വിളിച്ചുവരുത്തുമ്പോഴേക്കും പന്നി രക്ഷപ്പെട്ടിരിക്കും.
ഇതാണ് സ്ഥിതി. പന്നിയെ വെടിവച്ചാല്‍ അതിന്റെ ജഡം സംസ്കരിക്കുന്നതും വെടിവച്ചയാള്‍ക്ക് പ്രതിഫലം നല്‍കേണ്ടതുമെല്ലാം പഞ്ചായത്താണ്. ഓരോ പന്നിക്കും കുറഞ്ഞത് 3000 രൂപയെങ്കിലും ചെലവുവരും.
തനതുഫണ്ട് കുറവുള്ള പഞ്ചായത്തുകള്‍ ഈ ചെലവുകൂടി ഏറ്റെടുക്കാന്‍ തയാറാകില്ല. പന്നികളെ നശിപ്പിക്കാനുള്ള അധികാരം കര്‍ഷകര്‍ക്കുതന്നെ നല്‍കണമെന്നാണ് ആവശ്യം. കാടുവിട്ട് നാട്ടില്‍ സ്ഥിര താവളമാക്കിയ പന്നികള്‍ക്ക് കാട്ടുപന്നിയുടെ പരിഗണന നല്‍കേണ്ടതില്ലെന്നും കര്‍ഷകര്‍ പറയുന്നു.
പ്രകൃതിക്ഷോഭവും കര്‍ഷകരെ തളര്‍ത്തി
തുടര്‍ച്ചയായ കാറ്റിലും മഴയിലും ഉണ്ടായ കൃഷിനാശവും കര്‍ഷകരെ തളര്‍ത്തി. എത്തവാഴകൃഷിക്കാണ് വ്യാപക നാശം ഉണ്ടായത്. ഓണവിപണി ലക്ഷ്യമിട്ടു കൃഷി ചെയ്ത ഏത്തവാഴയാണ് കാറ്റില്‍ ഒടിഞ്ഞു വീണത്. കാട്ടുപന്നി ഇടവിള കൃഷിയുംനശിപ്പിക്കുന്നതോടെ കര്‍ഷകരുടെ ദുരിതം ഏറെയായി.
ബാങ്ക് വായ്പകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും കടമെടുത്ത് പാട്ടകൃഷി ചെയ്ത കര്‍ഷകരെല്ലാം കൃഷിനാശം മൂലം കടക്കെണിയില്‍ നട്ടം തിരിയുകയാണ്. കൃഷി ഉപജീവനമാര്‍ഗമാക്കിയിരുന്ന കര്‍ഷക കുടുംബങ്ങള്‍ മുഴു പട്ടിണിയിലാകുന്ന സ്ഥിതിയാണ്.