ഡോ.വന്ദനാദാസ് കൊലക്കേസ് : പ്രതി ആയുധവുമായി വരുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു
1537645
Saturday, March 29, 2025 6:08 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാദാസ് കൊലചെയ്യപ്പെട്ട ദിവസം പുലർച്ചെ പ്രതി ആയുധവുമായി കൊട്ടാരക്കര ഗവ. ആശുപത്രിയുടെ കാഷ്വാലിറ്റി ഏരിയയില്‍ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് വിദഗ്ധ കോടതിയില്‍ തിരിച്ചറിഞ്ഞു.
കൂടാതെ പ്രതി സന്ദീപിനെ കാഷ്വാലിറ്റി കൗണ്ടറിന് സമീപം പോലീസ് ഉദ്യോഗസ്ഥരും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്ന് കീഴടക്കുന്നതിനന്റെ ചിത്രങ്ങളും കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു.
കേസില്‍ പൂയപ്പള്ളി പോലിസ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വന്ദനയും ഒന്നാം സാക്ഷി ഡോ.ഷിബിനും പരിശോധിക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രതി തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചെന്നും സാക്ഷി കോടതിയില്‍ വ്യക്തമാക്കി.കൊല്ലം അഡീഷണൽ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ നാല് ദിവസമായി നടന്നുവന്ന ഫോറന്‍സിക് വിദഗ്ധയുടെ ചീഫ് വിസ്താരം ഇന്നലെ പൂര്‍ത്തിയായി.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.