കർഷകർക്ക് അപമാനമായി കാർഷിക വിപണനകേന്ദ്രം
1450552
Wednesday, September 4, 2024 7:39 AM IST
ചെറുപുഴ: കാർഷിക മേഖലയായ ചെറുപുഴ പഞ്ചായത്തിൽ സർക്കാരിന്റെ രണ്ട് ഇക്കോ ഷോപ്പുകൾ കർഷകർക്ക് അപമാനമായി മാറി. തിരുമേനി, പുളിങ്ങോം എന്നിവിടങ്ങളിലെ ഇക്കോ ഷോപ്പുകളാണ് ആർക്കും വേണ്ടാതെ കിടക്കുന്നത്.
ചെറുപുഴ കൃഷിഭവന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുന്പ് ചെറുപുഴ, തിരുമേനി, പുളിങ്ങോം എന്നിവിടങ്ങളിലാണ് ഇക്കോ ഷോപ്പുകൾ സ്ഥാപിച്ചത്. കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമുദ്ദേശിച്ചുള്ളതായിരുന്നു ഇക്കോ ഷോപ്പുകൾ. കാർഷിക വിപണന കർഷക ക്ഷേമ വകുപ്പിന്റെ സ്ഥാപനമായ ഇത് കേരള ഓർഗാനിക് ഇക്കോ ഷോപ്പ് എന്നാണ് അറിയപ്പെടുന്നത്. കർഷക കൂട്ടായ്മകളെയാണ് ഇവയുടെ നടത്തിപ്പ് ഏൽപ്പിച്ചിരുന്നത്. ഇവയുടെ നടത്തിപ്പിനായി ഒരു ലക്ഷം രൂപയുടെ പലിശരഹിത റിവോൾവിംഗ് ഫണ്ട് അനുവദിച്ചിരുന്നു.
തിരുമേനിയിലെ ഇക്കോ ഷോപ്പ് തിരുമേനി അഗ്രികൾച്ചറൽ ഓർഗാനിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ നന്നായി നടന്നിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇത് സ്ഥാപിച്ചിരുന്നത്. നിർമാണ പ്രവർത്തനത്തിനായി സ്ഥലം നിരപ്പാക്കാൻ ആരംഭിച്ചതോടെ ഷോപ്പ് ഇവിടെ നിന്ന് മാറ്റേണ്ടി വന്നു. തിരുമേനി ടൗണിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തെ ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയ സ്ഥലത്ത് ഇത് സ്ഥാപിച്ചെങ്കിലും ചിലരുടെ എതിർപ്പിനെ തുടർന്ന് അവിടെനിന്നും മാറ്റേണ്ടി വന്നു.
പഞ്ചായത്ത് ആവശ്യമായ പിന്തുണ നൽകാത്തതിനാൽ സൊസൈറ്റി കട ഉപേക്ഷിക്കുകയും റിവോൾവിംഗ് ഫണ്ട് തിരിച്ചടയ്ക്കുകയും ചെയ്തു. ഇതോടെ ഇക്കോ ഷോപ്പ് അനാഥമായി. കർഷകരുടെ ഉത്പന്നങ്ങൾ ആവശ്യത്തിന് ലഭിക്കാത്തതും ഇക്കോ ഷോപ്പിന്റെ പ്രവർത്തനത്തിന് തടസമാണ്.
സ്ഥിരമായി ഉത്പന്നങ്ങൾ നൽകുകയും അവിടെനിന്ന് ആളുകൾവാങ്ങുകയും ചെയ്താൽ മാത്രമേ ഇക്കോ ഷോപ്പുകൾ വിജയിക്കുകയുള്ളൂ.