ബന്ദിപ്പുര വനത്തിലൂടെയുള്ള റോഡുകൾ പൂർണമായും അടയ്ക്കുന്നതിനോടു യോജിപ്പില്ലെന്ന് പ്രകൃതി സംരക്ഷണ സമിതി
1536635
Wednesday, March 26, 2025 6:03 AM IST
കൽപ്പറ്റ: എൻഎച്ച് 766 ഉൾപ്പെടെ കർണാടകയിലെ ബന്ദിപ്പുര വനത്തിലൂടെയുള്ള പ്രധാനപാതകൾ പൂർണമായും അടച്ചിടുന്നതിനോടു വയനാട് പ്രകൃതി സംരക്ഷണ സമിതിക്ക് യോജിപ്പില്ലെന്ന് പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ, ട്രഷറർ ബാബു മൈലന്പാടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ബന്ദിപ്പുര വനത്തിലൂടെയുള്ള പാതകളിൽ നിലവിലേതുപോലെ രാത്രിയാത്രാവിലക്ക് തുടരണമെന്നാണ് സമിതിയുടെ അഭിപ്രായം. ദേശീയപാത 766ൽ രാത്രി ഒന്പതിനും രാവിലെ ആറിനും ഇടയിലാണ് ഗതാഗത നിരോധനം. ഇത് കേരള, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്കും വന്യജീവികൾക്കും ഗുണകരമാണെന്ന് വ്യക്തമായതാണ്. 16 വർഷമായി തുടരുന്ന നിയന്ത്രണവുമായി യാത്രക്കാർ പൊരുത്തപ്പെട്ടുകഴിഞ്ഞു.
പരിസ്ഥിതി പ്രവർത്തകരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് 2009ൽ ബന്ദിപ്പുര ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടറുടെ ശിപാർശയിൽ ചാമരാജ് ജില്ലാ കളക്ടറാണ് ബന്ദിപ്പുര വനത്തിലൂടെയുള്ള പാതകളിൽ രാത്രിയാത്ര വിലക്കിയത്. കേരള സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് അന്നത്തെ കർണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂയൂരപ്പ നിരോധനം റദ്ദാക്കി.
ഇതേത്തുടർന്ന് ബംഗളൂരുവിലെ അഡ്വ.ശ്രീനിവാസബാബുവും വയനാട് പ്രകൃതി സംരക്ഷണ സമിതിയും വെവ്വേറെ സമർപ്പിച്ച റിട്ടുകളിൽ കർണാടക ഹൈക്കോടതിയാണ് നിബന്ധനകളോടെ രാത്രിയാത്ര നിരോധിച്ച് 2010 മാർച്ച് 13നു അന്തിമ ഉത്തരവായത്. രാത്രിയാത്രയ്ക്കു വിലക്കുള്ള സമയം കർണാടകയിൽനിന്നു കേരളത്തിലേക്കും തിരിച്ചും ഏതാനും ബസുകൾ ഓടുന്നുണ്ട്. ആംബുലൻസുകൾക്കും പോലീസ്, ഫയർ ആൻഡ് റസ്ക്യു വാഹനങ്ങൾക്കും നിരോധനം ബാധകമല്ല.
കർണാടക ഹൈക്കോടതി വിധിക്കെതിരേ കേരള സംസ്ഥാന ഗതാഗതവകുപ്പുമാത്രമാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ചില വ്യക്തികളും സംഘടനകളും കേസിൽ കക്ഷിചേരുന്നതിന് നൽകിയ അപേക്ഷകൾ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. സുപ്രീം കോടതി പലതവണ കേസ് വിചാരണയ്ക്കെടുത്തെങ്കിലും സംസ്ഥാന ഗതാഗത വകുപ്പിന്റെ അഭിഭാഷകൻ തന്ത്രപൂർവം ഇടപെട്ട് മാറ്റിവയ്പ്പിക്കുകയാണുണ്ടായത്.
സുപ്രീം കോടതിയുടെ 2018 ജനുവരി 10ലെ ഉത്തരവനുസരിച്ച് രാത്രിയാത്രാ നിരോധനത്തിൽ ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനു കേന്ദ്ര സർക്കാരിന്റെയും കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. വിശദമായ തെളിവെടുപ്പിനുശേഷം കമ്മിറ്റി നിലവിലെ സ്ഥിതി തുടരാനാണ് ശിപാർശ ചെയ്തത്.
ഏറ്റവും ഒടുവിൽ കേസ് വിളിച്ചപ്പോൾ കുട്ട-ഗോണിക്കുപ്പ ബദൽ പാത ദേശീയപാതയ്ക്ക് സമാനമായ സൗകര്യത്തോടെ വികസിപ്പിച്ചശേഷം എൻഎച്ച് 766ൽ ബന്ദിപ്പുര വനത്തിലൂടെയുള്ള ഭാഗം പൂർണമായും അടച്ചിടുന്നതിനെക്കുറിച്ചു ചിന്തിച്ചുകൂടേ എന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. പ്രകൃതി സംരക്ഷണ സമിതിയുടെ അഭിഭാഷകൻ ഇതിനെ എതിർക്കുകയും ഇപ്പോഴത്തെ സ്ഥിതി തുടരാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്.
പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വയനാട്ടിലെത്തിയിരുന്നു. യാത്രാനിരോധനം നീക്കിക്കിട്ടാൻ കർണാടക ഇടപെടുമെന്ന് അദ്ദേഹം പ്രസ്താവിച്ചെങ്കിലും പിന്നീട് വിഴുങ്ങി. രാത്രിയാത്ര നിരോധനക്കേസിൽ കേന്ദ്ര, കേരള, കർണാടക സർക്കാരുകൾക്ക് ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നതാണ് യാഥാർഥ്യമെന്നും പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.