നിപ: മലയോര മേഖലയിൽ ആശങ്ക
1335312
Wednesday, September 13, 2023 3:08 AM IST
മുക്കം: ജില്ലയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലയോര മേഖലയിൽ ആശങ്ക. മലയോര മേഖലയിലെ നിരവധി സ്ഥലങ്ങളിലാണ് വവ്വാലുകളുടെ ആവാസ മേഖലകൾ ഉള്ളത്.
സർക്കാർ ഏതൊക്കെ തരത്തിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുക എന്നതിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്. പേരാമ്പ്രയിൽ മുൻപ് നിപ സ്ഥിരീകരിച്ചതിനുശേഷം മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാവർഷവും വവ്വാലുകളുടെ ആവാസ മേഖലകളിൽ പരിശോധനയും നടത്താറുണ്ട്.
മാസങ്ങൾക്ക് മുൻപും മുൻകരുതൽ നടപടികളുടെ ഭാഗമായി വിദഗ്ധ സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ. ഉല്ലാസ്, ഡോ. കണ്ണൻ, വനംവകുപ്പിലെ ഡോ. അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊടിയത്തൂർ, മാനിപുരം, മണാശേരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് സംഘം എത്തിയിരുന്നത്. ഈ പ്രദേശങ്ങളിൽ വവ്വാലുകളുടെ എണ്ണം എത്രത്തോളം വർധിച്ചു, ആവാസ വ്യവസ്ഥയിൽ വന്ന മാറ്റം തുടങ്ങിയവയാണ് പ്രധാനമായും അന്ന് പരിശോധിച്ചത്.
ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത് 2021 സെപ്റ്റംബർ അഞ്ചിന് പുലർച്ചെ നിപ ബാധിച്ച് 13കാരൻ മരിച്ചിരുന്നു. നിപ സ്ഥിരീകരിച്ചതോടെ പഴ വിപണിയിൽ അതിന്റെ പ്രതിഫലനം കണ്ടു തുടങ്ങി. പഴങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറയുന്നതായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. അപ്രതീക്ഷിതമായി വന്നെത്തിയ നിപ സ്ഥീകരണം വലിയ ആശങ്കയാണ് വ്യാപാരികൾക്ക് നൽകുന്നത്.
ആയഞ്ചേരിയിൽ അടിയന്തര യോഗം ചേർന്നു
നാദാപുരം: ആയഞ്ചേരി പഞ്ചായത്ത് വാർഡ് 13 മംഗലാട് നിപ സ്ഥിതീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് കാട്ടിൽ മൊയ്തു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, ടി.വി കുഞ്ഞിരാമൻ, വി.എം. ലതിക, മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ എന്നിവർ സംബന്ധിച്ചു. ആയഞ്ചേരി പഞ്ചായത്തിൽ കൺട്രോൾ റൂം ആരംഭിക്കുന്നതിന് തീരുമാനിച്ചു. കൺട്രോൾ റൂം നമ്പർ 0496- 2580265.
വാർഡ് 13, 14, 2, 3 എന്നീ നാല് വാർഡുകൾ ക്വാറന്റൈൻ വാർഡുകളായി പ്രഖ്യാപിക്കുനതിന് തീരുമാനിച്ചു. സമ്പർക്ക പട്ടിക തയാറാക്കുന്നതിനും നാല് വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നതിനും തീരുമാനിച്ചു.
പഞ്ചായത്തിൽ രോഗ പ്രതിരോധ ആവശ്യത്തിന് വാഹനം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചു. നാല് വാർഡുകളിൽ ഭക്ഷണം മരുന്ന് എന്നിവ എത്തിക്കുന്നതിന് വാർഡ് മെമ്പർമാർക്ക് ചുമതല നൽകി.