വലിയ പ്രവൃത്തികള്‍ക്ക് പുതുക്കിയ മാനദണ്ഡങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിൻ
1453016
Friday, September 13, 2024 5:58 AM IST
തിരുവനന്തപുരം: നഗരങ്ങളിലടക്കം ജനങ്ങളെ വ്യാപകമായി ബാധിക്കുന്ന വലിയ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്.
തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നു മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണു മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മുന്‍പുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചാകും പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ (എസ്ഒപി) തയാറാക്കുക. പുതുക്കിയ മാനദണ്ഡം അനുസരിച്ചു മാത്രമേ ഇനി മുതല്‍ പ്രവൃത്തികള്‍ നടപ്പിലാക്കാവൂ എന്ന് സിഇ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വലിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളെ/ കോര്‍പറേഷനെ/ജില്ലാ ഭരണകൂടത്തെയും മുന്‍കൂട്ടി അറിയിക്കും. ജനങ്ങളെയും എസ്എംഎസ് മുഖേന വിവരം അറിയിക്കും. കുടിവെള്ളം കൂടുതല്‍ സമയത്തേക്കു മുടങ്ങുകയാണെങ്കില്‍ പകരം സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കണം.
പ്രവൃത്തി പൂര്‍ത്തിയാകുന്നതിനുള്ള സമയം കൃത്യമായി രേഖപ്പെടുത്തണം. ഓരോ പ്രവൃത്തിയുടെയും ഉത്തരവാദിത്വം ഒരു ഉദ്യോഗസ്ഥനില്‍ നിഷിപ്തമായിരിക്കും. ഇതു നിരീക്ഷിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.