Jeevithavijayam
3/30/2023
    
നീതിയുടെ മണി അടിക്കുമ്പോള്‍
പുരാതന ഇറ്റലിയിലെ ഒരു ചെറിയ രാജ്യമായിരുന്നു അറ്റ്‌റി. പ്രജാ തത്പരനും നീതിബോധമുള്ളയാളുമായിരുന്നു അവിടുത്തെ രാജാവ്. അദ്ദേഹം തന്റെ തലസ്ഥാനനഗരിയില്‍ ഒരു മാളിക പണിതു. ആ മാളികയില്‍ മനോഹരമായ ഒരു മണിയും സ്ഥാപിച്ചു. കൊച്ചു കുട്ടികള്‍ക്കുപോലും മണി അടിക്കാവുന്ന രീതിയിലായിരുന്നു അതില്‍ കയര്‍ കെട്ടിയിരുന്നത്.

മാളിക പണിതു മണി സ്ഥാപിച്ചുകഴിഞ്ഞപ്പോള്‍ രാജാവ് ജനങ്ങളെ വിളിച്ചുകൂട്ടി പറഞ്ഞു: ''ഇത് നീതിയുടെ മണിയാണ്.''

രാജാവ് മണിയടിക്കുന്നതു കേള്‍ക്കാന്‍ ജനങ്ങള്‍ കാതോര്‍ത്തു നില്ക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു: ''ഇതു നിങ്ങളുടെ മണിയാണ്. എന്നാല്‍, ആവശ്യമില്ലാതെ ആരും ഈ മണി അടിച്ചുകൂടാ. നിങ്ങളോട് ആരെങ്കിലും അക്രമം പ്രവര്‍ത്തിക്കുകയോ നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ നീതി നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ വന്ന് ഈ മണിയടിക്കണം. മണിനാദം കേട്ടാലുടനേ ജഡ്ജിമാര്‍ വന്ന് നിങ്ങളുടെ കേസ് വിസ്തരിക്കുകയും നീതി നടത്തിത്തരികയും ചെയ്യും.'

''ധനികര്‍ക്കും ദരിദ്രര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം ഈ മണി അടിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, മതിയായ കാരണം കൂടാതെ ഈ മണി അടിച്ചാല്‍ അതു ശിക്ഷാര്‍ഹമായിരിക്കും.'' അറ്റ്‌റിയിലെ ജനങ്ങള്‍ക്കു വലിയ ആശ്വാസമായിരുന്നു നീതിയുടെ ഈ മണി. നീതി നിഷേധിക്കപ്പെട്ടവരും മറ്റുള്ളവരില്‍നിന്ന് ഏതെങ്കിലും രീതിയില്‍ അന്യായമോ അക്രമമോ അനുഭവിക്കേണ്ടി വന്നവരും ഈ മണി അടിക്കുകയും അവര്‍ക്ക് നീതി ലഭിക്കുകയും ചെയ്തിരുന്നു.

കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മണിയുടെ കയറിന്റെ നീളം വളരെ കുറഞ്ഞുപോയി. ആളുകള്‍ നിരന്തരമായി ഉപയോഗിച്ചതുമൂലം അതിന്റെ അഗ്രം അഴിഞ്ഞും മുറിഞ്ഞും ചെറുതായിക്കൊണ്ടിരുന്നു. കയറിന്റെ ദൈര്‍ഘ്യം കുറഞ്ഞപ്പോള്‍ പൊക്കം കുറഞ്ഞവര്‍ക്കും കുട്ടികള്‍ക്കും മണി അടിക്കാന്‍ ബുദ്ധിമുട്ടായി. പുതിയ കയറാണെങ്കില്‍ ആ രാജ്യത്തെങ്ങും കിട്ടാനുമില്ല. അപ്പോഴാണ് ഒരു കര്‍ഷകന്‍ തന്റെ മുന്തിരിത്തോപ്പില്‍നിന്ന് മുന്തിരിവള്ളികള്‍ പിണച്ചുചേര്‍ത്തുകെട്ടി ഒരു കയറുണ്ടാക്കിയത്. പുതിയ കയര്‍ എത്തുന്നതുവരെ അത് ഉപയോഗിക്കാന്‍ ജഡ്ജിമാര്‍ തീരുമാനിച്ചു.

അക്കാലത്ത് ആ പട്ടണത്തില്‍ ഒരു പോരാളി താമസിച്ചിരുന്നു. തന്റെ കുതിരപ്പുറത്ത് പല നാടുകളില്‍ സഞ്ചരിക്കുകയും പലയിടങ്ങളില്‍നിന്നായി ധാരാളം പണം അയാള്‍ സമ്പാദിക്കുകയും ചെയ്തിരുന്നു. അവസാനം അയാള്‍ വിശ്രമജീവിതം തുടങ്ങി. പക്ഷേ, അപ്പോഴും ധനത്തോട് അയാള്‍ക്കു വലിയ ആര്‍ത്തിയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന പണം ചെലവാക്കാതെ സൂക്ഷിച്ചുവച്ച് അയാള്‍ അതു കണ്ട് ആസ്വദിച്ചിരുന്നു.

വളരെനാള്‍ അയാളെ സേവിച്ച കുതിരയ്ക്ക് അപ്പോള്‍ പ്രായമായിരുന്നു. കിഴവനായ കുതിരയെ സൂക്ഷിക്കുന്നതു നഷ്ടമായി അയാള്‍ കരുതി. പലപ്പോഴും അയാള്‍ ആ കുതിരയ്ക്കു തീറ്റ കൊടുത്തില്ല. അവസാനം അയാള്‍ ആ കുതിരയെ അഴിച്ച് പെരുവഴിയിലേക്ക് ആട്ടിപ്പായിച്ചു. തീറ്റയ്ക്കുവേണ്ടി ആ കുതിര പട്ടണത്തിലൂടെ അലഞ്ഞുനടന്നു. അതു കാണാനിടയായ പലരും അതിന്റെ ഉടമയെ നിശിതമായി വിമര്‍ശിച്ചു. പക്ഷേ, കുതിരയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും ഓര്‍മിച്ചില്ല.

ഒരുദിവസം പട്ടണത്തില്‍ അലഞ്ഞുതിരിയുന്നതിനിടയില്‍ കുതിര മണിമാളികയുടെ അടുത്തെത്തി. അപ്പോഴാണ് പച്ചകെടാത്ത മുന്തിരിവള്ളികൊണ്ടുണ്ടാക്കിയ കയര്‍ കുതിര കാണാനിടയായത്. വിശപ്പ് ശമിപ്പിക്കാന്‍വേണ്ടി അത് ആ കയറില്‍ കടിച്ചുവലിച്ചു. അപ്പോള്‍ മണിനാദം മുഴങ്ങി.


ആര്‍ക്കോ നീതി നിഷേധിക്കപ്പെട്ടു എന്നു മനസിലാക്കിയ ന്യായാധിപന്മാര്‍ മണിമാളികയിലേക്കു വന്നു. അപ്പോഴാണ് മുന്തിരിവള്ളികൊണ്ടുണ്ടാക്കിയ കയറില്‍ കുതിര കടിക്കുന്നതു കണ്ടത്. ''ഇത് ആ പിശുക്കന്റെ കുതിരയാണ്. കുതിരയ്ക്ക് അയാള്‍ തീറ്റ കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കുതിര പരാതിപ്പെടാന്‍ വന്നിരിക്കുകയാണ്,'' അവിടെ ഓടിക്കൂടിയവരില്‍ ഒരാള്‍ ന്യായാധിപന്മാരോടു പറഞ്ഞു.

കാര്യം ശരിയാണെന്നു ന്യായാധിപന്മാര്‍ക്കും തോന്നി. അവര്‍ കുതിരയുടെ ഉടമയെ വിളിച്ചുവരുത്തി, കുതിരയ്ക്ക് കൃത്യമായി ഭക്ഷണവും വെള്ളവും നല്കാന്‍ കല്പിച്ചു. ദീര്‍ഘകാലം കുതിര അയാളെ സേവിച്ചതുകൊണ്ട് അതിന്റെ വാര്‍ധക്യത്തില്‍ അതിനെ സംരക്ഷിക്കാന്‍ അയാള്‍ക്കു കടപ്പാടുണ്ടെന്നായിരുന്നു ന്യായാധിപന്മാരുടെ നിലപാട്.

നീതി നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കു മാത്രമല്ല, മൃഗങ്ങള്‍ക്കുപോലും നീതി ഉറപ്പുവരുത്തിയ നാടായിരുന്നു അറ്റ്‌റി. എന്നാല്‍, നമ്മുടെ സമൂഹത്തിന്റെ കാര്യമോ?

നമ്മുടെ സമൂഹത്തില്‍ നീതി ലഭിക്കുന്നവരായി ആരുണ്ട്? നമുക്കു നിയമവും ന്യായാധിപന്മാരും ഗവണ്‍മെന്റുമൊക്കെയുണ്ട് എന്നതു ശരി തന്നെ. എന്നാല്‍, നീതി ലഭിക്കുന്നതിലേറെ നീതി നിഷേധിക്കപ്പെടുന്ന അനുഭവങ്ങളല്ലേ നമ്മില്‍ ഭൂരിഭാഗം പേര്‍ക്കുമുള്ളത്?

എന്നാല്‍, നീതി ലഭിക്കാത്തതില്‍ നാം ആരെയാണു കുറ്റം പറയേണ്ടത്? ഭരണാധിപന്മാരെയോ? മറ്റധികാരികളെയോ? ശരിയാണ്, അറ്റ്‌റിയിലെ രാജാവിനെപ്പോലെ നീതിബോധവും ആത്മാര്‍ഥതയുമുള്ള അധികാരികള്‍ നമുക്കു കുറവായിരിക്കാം. എന്നാല്‍, നമ്മുടെ സമൂഹത്തില്‍ വ്യാപകമായി നീതി നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന ഉത്തരവാദികള്‍ നമ്മളല്ലേ?

മറ്റുള്ളവര്‍ക്ക് അര്‍ഹമായവ നല്കുന്നതില്‍ നമുക്കു താത്പര്യമുണ്ടായിരുന്നുവെങ്കില്‍ പലപ്പോഴും മറ്റുള്ളവര്‍ക്കു നീതി നിഷേധിക്കപ്പെടുമായിരുന്നോ? മാതാപിതാക്കളോടു നാം നമ്മുടെ കടപ്പാടുകള്‍ പാലിച്ചിരുന്നുവെങ്കില്‍ അവര്‍ക്കു നീതി നിഷേധിക്കപ്പെടുമായിരുന്നോ? സമൂഹത്തില്‍നിന്നു ശമ്പളം വാങ്ങുന്നവര്‍ തങ്ങള്‍ ചെയ്യാന്‍ കടപ്പെട്ട ജോലി ചെയ്തിരുന്നുവെങ്കില്‍ നീതിനിഷേധം സമൂഹത്തില്‍ ഇത്രയും വ്യാപകമാകുമായിരുന്നോ?

ഭൂരിഭാഗം ആളുകള്‍ക്കും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ലേ ശ്രദ്ധ? സമൂഹത്തില്‍ എല്ലാം നീതിപൂര്‍വം നടക്കണമെന്ന് എത്രപേര്‍ ആഗ്രഹിക്കുന്നുണ്ട്? സ്വന്തം കാര്യത്തില്‍ നീതി കിട്ടണമെന്നു മാത്രമല്ലേ നാം ശാഠ്യംപിടിക്കാറുള്ളൂ?

നമ്മുടെ സമൂഹത്തില്‍ നീതിയും ധാര്‍മികതയും നിലനില്‍ക്കണമെങ്കില്‍ നീതിയോടെ പ്രവര്‍ത്തിക്കുന്നതില്‍ നാംതന്നെ മുന്‍കൈ എടുക്കണം. നീതി നിഷേധിക്കപ്പെടുന്നവര്‍ നീതിയുടെ മണി അടിക്കുമ്പോള്‍ നാം അതു കേള്‍ക്കാതെ പോവരുത്. എന്നു മാത്രമല്ല, നീതിക്കായി ആരു നിലവിളിച്ചാലും അവരുടെ കാര്യത്തില്‍ നീതിനിര്‍വഹണം നാം ഉറപ്പാക്കുകയും ചെയ്യണം. അപ്പോള്‍, സമൂഹത്തിലെ നീതിബോധം വര്‍ധിക്കുകയും നമുക്കെതിരേയുണ്ടാകുന്ന നീതിനിഷേധം കുറയുകയും ചെയ്യും.
    
To send your comments, please clickhere