Jeevithavijayam
3/19/2023
    
നാം ഏറ്റുവാങ്ങേണ്ട ജീവിതദുഃഖം
പുരാതനരാജ്യമായ ഉജ്ജയിനിയിലെ രാജാവായിരുന്നു വിക്രം. സമര്‍ഥനായ ഭരണാധികാരിയായി അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങളില്‍ എന്നും തത്പരനായിരുന്നു.

തന്റെ പ്രജകളുടെ യഥാര്‍ഥസ്ഥിതി അറിയുന്നതിനുവേണ്ടി അദ്ദേഹം പലപ്പോഴും വേഷം മാറി സഞ്ചരിക്കാറുണ്ടായിരുന്നു. ഒരു ദിവസം രാത്രിയില്‍ അംഗരക്ഷകനുമൊത്തു പട്ടണത്തിനു പുറത്തുകടന്നു സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലത്ത് അദ്ദേഹം എത്തി. അപ്പോള്‍ ഒരു കുടിലില്‍ ആരോ പാട്ടുപാടുന്നതായി അവര്‍ കേട്ടു.

അത്രയും വൈകിയ നേരത്ത് ആരാണു പാട്ടുപാടുന്നതെന്നറിയാന്‍ വിക്രം രാജാവും അംഗരക്ഷകനും ആ കുടിലിലേക്ക് എത്തിനോക്കി. അപ്പോള്‍ കണ്ട കാഴ്ച അവരെ അദ്ഭുതപ്പെടുത്തി.

അവര്‍ അവിടെ കണ്ടത് എന്താണെന്നോ? പടുവൃദ്ധനായ ഒരാളിരുന്നു കരയുന്നു. ചെറുപ്പക്കാരനായ ഒരാള്‍ സന്തോഷപൂര്‍ണമായ ഒരു ഗാനം ആലപിക്കുന്നു. ആ ഗാനത്തിന്റെ താളത്തിനനുസരിച്ച് ഒരു യുവതി നൃത്തം ചെയ്യുന്നു. ആ യുവതിയുടെ തലയിലാണെങ്കില്‍ ഒറ്റമുടിപോലുമില്ല.

കാഴ്ച കണ്ടപ്പോള്‍ അവിടെ യഥാര്‍ഥത്തില്‍ എന്താണു സംഭവിക്കുന്നതെന്നറിയുവാന്‍ രാജാവിന് ആകാംക്ഷയായി. അദ്ദേഹം അംഗരക്ഷകനോടു പറഞ്ഞു: ''നീ അകത്തുകയറി കാര്യമെന്താണെന്ന് അവരോടു തിരക്കൂ.'' അപ്പോള്‍ അംഗരക്ഷകന്‍ പറഞ്ഞു: ''അവര്‍ എന്തോ ആഘോഷം നടത്തുകയാണ്. ഇങ്ങനെയുള്ള അവസരത്തില്‍ നാം അവരെ ശല്യപ്പെടുത്തുന്നതു ശരിയല്ല.''

പക്ഷേ, രാജാവ് അംഗരക്ഷകന്റെ ഉപദേശം കേള്‍ക്കുവാന്‍ തയാറായിരുന്നില്ല. അദ്ദേഹം പുറത്തുനിന്നുകൊണ്ടുതന്നെ ആ വീട്ടിലുള്ളവരെ നീട്ടിവിളിച്ചു. പാട്ടുപാടിക്കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ പുറത്തുവന്നു പറഞ്ഞു: ''നിങ്ങള്‍ ശല്യപ്പെടുത്താതെ പോകണം. ഞങ്ങളിവിടെ ഒരു ദുഃഖാചരണം നടത്തുകയാണ്.''

അപ്പോള്‍ രാജാവു ചോദിച്ചു: ''ദുഃഖാചരണമോ? ദുഃഖാചരണമാണെങ്കില്‍ എന്തുകൊണ്ടാണു സന്തോഷഗാനം ആലപിക്കുന്നത്?''

ചെറുപ്പക്കാരന്‍ പറഞ്ഞു: ''ഞങ്ങള്‍ എന്തുചെയ്താലും നിങ്ങള്‍ക്കെന്താണു കുഴപ്പം? നിങ്ങള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടരുത്.'' അപ്പോള്‍ രാജാവു പറഞ്ഞു: ''കാര്യങ്ങള്‍ സാധാരണരീതിയില്‍ നന്നായി പോകുമ്പോള്‍ ആരും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടുകൂടാ. എന്നാല്‍, ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും ദുഃഖം ആചരിക്കുകയാണെങ്കില്‍ അതില്‍ മറ്റുള്ളവരും പങ്കുപറ്റണം.''

രാജാവു പറഞ്ഞതുകേട്ട് ആ ചെറുപ്പക്കാരന്‍ ആലോചനാനിമഗ്‌നനായി നില്ക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു: ''ഞങ്ങള്‍ വരുന്നത് അകലെയുള്ള ജാവായില്‍നിന്നാണ്. ഞങ്ങളുടെ നാട്ടിലെ പ്രത്യേകത ഇതാണ്: ആരെങ്കിലും എന്തെങ്കിലും ആഘോഷം നടത്തുകയാണെങ്കില്‍ അവര്‍ ക്ഷണിച്ചാല്‍ മാത്രമേ ഞങ്ങളതില്‍ പങ്കുചേരുകയുള്ളൂ. എന്നാല്‍, ആരെങ്കിലും എന്തെങ്കിലും കാരണത്തിന്റെ പേരില്‍ ദുഃഖാചരണം നടത്തുകയാണെങ്കില്‍ അവരുടെ ദുഃഖത്തില്‍ ക്ഷണിക്കപ്പെടാതെതന്നെ ഞങ്ങള്‍ പങ്കുചേരും. അതുവഴി അവര്‍ക്ക് ആശ്വാസം ലഭിക്കുമെന്നാണു ഞങ്ങളുടെ വിശ്വാസം.'' വിക്രം രാജാവിന്റെ കഥ തത്കാലം ഇവിടെ നില്ക്കട്ടെ. അദ്ദേഹം പറഞ്ഞ കാര്യങ്ങളെക്കുറിച്ചു നമുക്കല്പം ചിന്തിക്കാം.

അദ്ദേഹം പറഞ്ഞതുപോലെ, ആരെങ്കിലും എന്തെങ്കിലും ആഘോഷം നടത്തുകയാണെങ്കില്‍ അതിനു ക്ഷണിക്കപ്പെട്ടാല്‍ മാത്രം പോവുകയാണു നമ്മുടെയും പതിവ്. എന്നാല്‍, ദുഃഖസാഹചര്യങ്ങളില്‍ ക്ഷണിക്കപ്പെടാനായി നാം കാത്തുനില്ക്കാറില്ല. ക്ഷണിക്കപ്പെടാതെതന്നെ അവരുടെ ദുഃഖത്തില്‍ പങ്കുചേരാനാണു നാമും ശ്രമിക്കാറുള്ളത്.


പക്ഷേ, മറ്റുള്ളവരുടെ ദുഃഖാചരണങ്ങളില്‍ നാം പങ്കുപറ്റാറുണെ്ടങ്കിലും അവരുടെ ദുഃഖകാരണങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനു നമ്മില്‍ പലരും അധികം സഹായിക്കാറില്ല എന്നതല്ലേ വസ്തുത? നമ്മോടു ബന്ധപ്പെട്ടതോ അല്ലെങ്കില്‍ നമുക്കു പരിചയമുള്ളതോ ആയ ഏതെങ്കിലും കുടുംബത്തില്‍ മരണമോ മറ്റെന്തെങ്കിലും അത്യാഹിതമോ സംഭവിച്ചാല്‍ അവിടെ നാം ഓടിയെത്തിയെന്നിരിക്കും. എന്നാല്‍, അനുദിന ജീവിതാവശ്യങ്ങള്‍ക്കു നമ്മുടെ സഹായം ആര്‍ക്കെങ്കിലും വേണ്ടിവന്നാല്‍ അവരെ നാം സഹായിക്കാറുണേ്ടാ? അനുദിനജീവിതത്തില്‍ അവര്‍ക്കുണ്ടാകുന്ന ദുഃഖം കാണാനും അവരെ സഹായിച്ചാശ്വസിപ്പിക്കാനും സന്നദ്ധരാകാറുണേ്ടാ?

വിക്രം രാജാവിന്റെ കഥയിലേക്ക് ഇനി മടങ്ങിവരട്ടെ: രാജാവ് ആ ചെറുപ്പക്കാരനോട് അവരുടെ ദുഃഖകാരണമെന്താണെന്നു വീണ്ടും ചോദിച്ചപ്പോള്‍ ചെറുപ്പക്കാരന്‍ പറഞ്ഞു: ''ഞങ്ങളുടെ ദുഃഖം നിങ്ങള്‍ക്കു മാറ്റിത്തരുവാന്‍ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല. എങ്കിലും ഞങ്ങളുടെ കഥ ഇതാണ്: എന്റെ പിതാവ് അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവനും എന്റെ വിദ്യാഭ്യാസത്തിനായി ചെലവാക്കി. പക്ഷേ, എനിക്ക് ഇതുവരെ ഒരു ജോലിയും ലഭിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു രാജകീയ സന്ദര്‍ശകന്‍ ഇന്നു രാത്രി വീട്ടിലെത്തുമെന്ന് എന്റെ പിതാവു സ്വപ്നം കണ്ടത്.''

''സന്ദര്‍ശനത്തിനെത്തുന്ന വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍വേണ്ടി എന്തെങ്കിലും തയാറാക്കാന്‍ എന്റെ പിതാവ് എന്റെ ഭാര്യയോടു പറഞ്ഞു. എന്നാല്‍, പണമില്ലാതിരുന്നതുകൊണ്ട് അവള്‍ പോയി തന്റെ മുടി മുറിച്ചുവിറ്റ് അതിഥിയെ സ്വീകരിക്കാനുള്ള വിഭവങ്ങളൊരുക്കി.''

''എന്നാല്‍, രാത്രി ഇത്രവൈകിയിട്ടും രാജകീയ സന്ദര്‍ശകന്‍ എത്താത്തതുമൂലം എന്റെ പിതാവ് ഏറെ ദുഃഖിതനാണ്. തന്റെ മരുമകളുടെ ത്യാഗം വൃഥാവിലായല്ലോ എന്ന ചിന്തയാണ് അദ്ദേഹത്തെ ഏറെ ദുഃഖിപ്പിക്കുന്നത്. ഇങ്ങനെ ദുഃഖിതനായിരിക്കുന്ന പിതാവിനെ സന്തോഷിപ്പിക്കാനാണു ഞാന്‍ സന്തോഷഗീതം ആലപിക്കുന്നതും എന്റെ ഭാര്യ നൃത്തം ചെയ്യുന്നതും. എന്നാല്‍, എന്റെ പിതാവിന്റെ ദുഃഖം ശമിപ്പിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കുന്നില്ല.''

ചെറുപ്പക്കാരന്റെ കഥ കേട്ട വിക്രം രാജാവ് രാജകൊട്ടാരത്തില്‍ പിറ്റേദിവസം ഒരു മത്സരപ്പരീക്ഷ നടക്കുന്നുണെ്ടന്നും പരീക്ഷയില്‍ ജയിച്ചാല്‍ ഒരു ജോലി ലഭിച്ചേക്കാനിടയുണെ്ടന്നും അറിയിച്ചു. അതിനുശേഷം തങ്ങള്‍ ആരാണെന്നു വെളിപ്പെടുത്താതെ രാജാവും അംഗരക്ഷകനും കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. പിറ്റേദിവസം മത്സരപ്പരീക്ഷയ്‌ക്കെത്തിയ ചെറുപ്പക്കാരനു ജോലി നല്കിക്കൊണ്ട് അയാളെയും കുടുംബത്തെയും രാജാവു ദുഃഖവിമുക്തമാക്കി എന്നാണ് കഥ.

വിക്രം രാജാവ് ചെയ്തതുപോലെ, മറ്റുള്ളവരുടെ ജീവിതദുഃഖം ശമിപ്പിക്കാന്‍ അവര്‍ക്കു ജോലിയോ അല്ലെങ്കില്‍ സ്ഥിരമായ സാമ്പത്തികസഹായമോ നല്കാന്‍ നമുക്കു പലര്‍ക്കും സാധിച്ചില്ലെന്നിരിക്കും. എന്നാല്‍, മറ്റുള്ളവരുടെ ജീവിതദുഃഖത്തില്‍ അവരെ ആശ്വസിപ്പിക്കാന്‍ നമുക്കാഗ്രഹമുണെ്ടങ്കില്‍ അവരെ പലരീതിയിലും നമുക്കു സഹായിക്കാന്‍ സാധിക്കും എന്നതില്‍ സംശയം വേണ്ട. പക്ഷേ, അതിനുള്ള തുടക്കമായി മറ്റുള്ളവരുടെ ജീവിതദുഃഖം കാണാന്‍ നാം മനസാകണം. അതുപോലെ, അവരുടെ ദുഃഖത്തിന്റെ ഒരംശം നമ്മുടെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങാനും നാം തയാറാകണം.
    
To send your comments, please clickhere