പി. കൈരളിയുടെ കാവ്യഗോപുരം
Tuesday, April 22, 2025 5:36 PM IST
പ്രഫ.ഡോ. ജയ്സിമോൾ അഗസ്റ്റിൻ
പേജ്: 104 വില: ₹ 160
നാഷണൽ ബുക്ക് സ്റ്റാൾ
ഫോൺ: 9400821559
മലയാളമുണ്ട് മലയാളിയില്ല, ഭാരതമുണ്ട് ഭാരതീയമില്ല, ലോകമുണ്ട് മനുഷ്യനില്ല എന്നിങ്ങനെ നഗ്നകേരളം എന്ന കവിതയുടെ ആമുഖത്തിൽ കുറിച്ചു പി. കുഞ്ഞിരാമൻനായർ. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മ ചലനങ്ങളെപ്പോലും വാക്കുകളിലൂടെ ഒപ്പിയെടുത്ത കവി.
ജീവിതഗന്ധിയായ കാവ്യവഴികളിലൂടെ സഞ്ചരിച്ച കവിയെയും കാവ്യജീവിതത്തെയും അടുത്തുനിന്നു വിശകലനം ചെയ്യുകയാണ് മലയാള ഭാഷാ പണ്ഡിതയും അധ്യാപികയുമായ ഗ്രന്ഥകാരി.
ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിൽ കാഞ്ഞങ്ങാട്ടെ വെള്ളിക്കോത്ത് ഗ്രാമത്തിൽനിന്നാരംഭിച്ച പി.യുടെ ജീവിത യാത്ര ഏഴാം പാദത്തിൽ തിരുവനന്തപുരത്ത് അവസാനിക്കുന്നു. ഈ ജീവിതയാത്രയിൽ കേരളത്തിന്റെ സാംസ്കാരിക പാരന്പര്യത്തെയും പ്രകൃതിലാവണ്യത്തെയും കവിതകളിലേക്ക് ആവാഹിച്ച പി. മലയാളത്തിന്റെ കാവ്യശാഖയിൽ തങ്കലിപികളിൽ പേരു വിരചിതമാക്കിയെന്നു പുസ്തകം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരെ അദ്ഭുതപ്പെടുത്തുന്ന ഭാവനകളുടെ ലോകത്തിലേക്കു നയിക്കുന്നവയായിരുന്നു പല കവിതകളും. അതുപോലെ മനുഷ്യന്റെ വികലവും നിർദയവുമായ പ്രവർത്തനങ്ങളെ വിട്ടുവീഴ്ചയില്ലാതെ വിമർശിക്കാനും ശാസിക്കാനും മടിക്കാത്ത മനുഷ്യസ്നേഹി കൂടിയായിരുന്നു പി. കുഞ്ഞിരാമൻനായർ.
കവിതയും ജീവിതവും ഒന്നാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ആ ശൈലിയിലെ പച്ചയായ ജീവിതവും കാവ്യസ്പന്ദനവും അന്വേഷിക്കുകയാണ് ഈ ഗ്രന്ഥം.