അന്നാ വിഷു നാളിലച്ഛന്‍റെ ഓർമ്മക്കായ്,
നട്ടൊരു കർണ്ണികാരത്തിൻ തയ്യു
മുറ്റത്ത് കോണിലായ്.

കാലം പതുക്കെപ്പതുക്കെ കടന്നുപോയ്,
കർണ്ണികാരം പൂത്തു
വിഷു എത്തിടുന്നേരത്ത്.

കതിരോൻ കതിർ ചൂടുമാപ്പീതവർണ്ണത്തി
ലച്ഛന്‍റെ ചിത്രം വെളിവായ് വരാറൂണ്ട്!
ആലിലപോലൊട്ടിയ വയറുമായ്, ജീവിച്ച നാളിലും,
വിഷുക്കയ്യുനീട്ടം മുടക്കില്ലൊരിക്കലും!

കൈക്കുമ്പിളിൽ കണിക്കൊന്നയാണെങ്കിലും,
മഞ്ഞപ്പട്ടുടയാട ചുറ്റിയെന്നാകിലും,
മനതാരിലങ്കുരിച്ചീടുന്ന മോഹങ്ങൾ ത
ന്നധിനിവേശത്തെയടക്കാൻ കഴിയുമോ!?
അച്ഛന്‍റെയോർമ്മ മരിക്കില്ലൊരിക്കലും!

വിളിച്ചുണർത്തീടും വിഷുപ്പക്ഷി ചോദിച്ചു,

ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്.
അപ്പൊഴുമച്ഛൻ ചരിച്ചിടും തന്വഴി
ക്കഷ്ടിക്കു വകതേടിയതിരാവിലെ!

മന്ദ സമീരത്തിലൂയലാടും ചെറു
മഞ്ഞപ്പൊൻ മുത്തുകൾ ലാസ്യമോടെ!
കണികണ്ടു നിർവൃതികൊണ്ടിടാൻ കണിക്കൊന്ന,
ഓശാനാഘോഷത്തിനെന്നും പ്രിയതരം!

കണ്ണാരംപൊത്തി കണി
കണ്ടിടാൻ പുലർകാലെ,
ആനയിക്കാറുള്ള അച്ഛന്‍റെ ഓർമ്മകൾ,
നെഞ്ചകത്തെരിയുന്നു കനൽക്കുന്നുപോലെ!!

പോയകാലത്തിന്‍റെ സ്മൃതികളിൽപൂക്കുന്നു,
ഇതൾവിടർത്തീടുമാ കണിക്കൊന്നയിന്നും,
മന്ദസ്മിതം തൂകി നില്ക്കുമെ
ന്നച്ഛന്‍റെ പ്രതിരൂപമായ്!