ADVERTISEMENT
ADVERTISEMENT
20
Thursday
February 2025
12:28 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ഉരുള്‍
സമാധാനത്തിന്റെ, ആശ്വാസത്തിന്റെ അവസാന വാക്കായിരുന്നു ജയദേവന് എന്നും എപ്പോഴും അമ്മ. അസ്വസ്ഥതകള്‍ ചിറകുവിരിച്ചു കൂര്‍ത്ത പല്ലും നഖവുമായി കൂട്ടമായി കടന്നാക്രമിക്കുമ്പോള്‍ അമ്മ അവയെ ആട്ടിയോടിച്ചു. അയാളുടെ നെറുകയില്‍ തലോടി, തലമുടിയിഴകളില്‍ അമ്മയുടെ ശുഷ്ക്കിച്ച കൈവിരലുകള്‍ ഓടിനടന്നു. അവിടെ സുരക്ഷിതത്വത്തിന്റെ ഒരു ശാന്തിമന്ത്രം അലയടിക്കുമായിരുന്നു. ആ സ്വര്‍ഗീയ നിമിഷങ്ങളില്‍ അമ്മയുടെ മടിയില്‍ തലവച്ചു പലപ്പോഴും അയാളുറങ്ങിയിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷങ്ങളെതേടി എത്ര തിരക്കായാലും എത്ര ദൂരത്തിലായാലും അയാള്‍ ഇന്നും ഇടയ്ക്കിടെ കുതിച്ചെത്തുമായിരുന്നു. സ്വസ്തി. മനസിലെ കളകള്‍ പാടെ പിഴുതെറിയുന്ന സമയം ആയിരിക്കും അത്. മനസിന്റെ ആഴങ്ങളിലെ കറുത്ത കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞിരിക്കും. തന്റെ സങ്കടങ്ങള്‍ എല്ലാം അയാള്‍ അമ്മയോട് പറയുമായിരുന്നു. അമ്മ അതെല്ലാം മൂളിക്കേള്‍ക്കും. അമ്മയുടെ മാന്ത്രിക സ്പര്‍ശമുള്ള തലോടലില്‍ അതെല്ലാം ഉരുകിയൊലിച്ചു പോകുന്നത് അയാളറിയുമായിരുന്നു. പലപ്പോഴും അയാള്‍ അമ്മയുടെ മടിയില്‍ തലവെച്ചു കൊച്ചു കുട്ടികളെപ്പോലെ കരയുകയും ചെയ്യുമായിരുന്നു. ഹൃദയാഴങ്ങളിലെ മുറിപ്പാടുകളില്‍ നിന്നും കിനിയുന്ന തന്റെ ദുഃഖഭാണ്ഡത്തിലെ വേദനകള്‍ പെയ്തൊഴിയുന്നത് വരെ. അമ്മ അയാളെ തടസപ്പെടുത്തിയിരുന്നുമില്ല. ഒടുവില്‍ ദുഃഖ ഭാണ്ഡത്തില്‍ ഒന്നും അവശേഷിപ്പിക്കാതെ അയാള്‍ തിരിച്ചു പോകും. അപ്പോഴും അമ്മ നിര്വികാരയായിരിക്കും. അത് തന്റെ സ്വാര്‍ഥതയാണെന്നു പലപ്പോഴും ജയദേവനും തോന്നിയിരുന്നു... തനിക്കു മാത്രമേ ഈ ലോകത്തില്‍ പ്രയാസങ്ങളുള്ളൊ.? പ്രായമായ ഈ അമ്മയ്ക്ക് കാണില്ലേ. അറിയില്ല. ചോദിക്കാറുമില്ല. അകെ അയാള്‍ക്ക് പറയാനുണ്ടായിരുന്നത് സ്വന്തം പ്രയാസങ്ങള്‍ മാത്രമായിരുന്നല്ലോ. അമ്മയെ വിട്ടു പോകുന്ന ഓരോ നിമിഷത്തിലും അയാള്‍ ഒരുപാട് വേദനിച്ചു. തിരക്കുകളില്‍ നിന്നും തിരക്കുകളിലുള്ള ഓട്ടപ്പാച്ചിലിനിടയില്‍ കിട്ടുന്ന ഇടവേളകില്‍ അയാള്‍ അമ്മയുടെ അടുത്തേക്ക് പാഞ്ഞെത്തുകയായി. അയാള്‍ പിന്നെ അമ്മയുടെ കുഞ്ഞുജയയായി. അമ്മയുടെ മടിയില്‍ തലവച്ചു കിടക്കും. അമ്മ പതിയെ അയാളുടെ തലമുടിയിഴകളില്‍ കൈയ്യോടിക്കും. താരാട്ടു പാടും, പതിയെ തട്ടിയുറക്കുകയും ചെയ്യും. അവിടം ശാന്തിയാണ്. സമാധാനത്തിന്റെ പറുദീസയാണ്. അയാള്‍ എല്ലാ മാനസിക സംഘര്‍ഷങ്ങളും അവിടെ ഇറക്കി വയ്ക്കുകയയായി. കണ്ണുകള്‍ അടഞ്ഞുവരുന്നു. ജയദേവന് സമാധാനത്തോടെ ഉറങ്ങി. കുത്തിയൊലിക്കുന്ന മഴയായിരുന്നു പുറത്ത്. കൊടും തണുപ്പും. ""ഉടനെയൊന്നും തോരുന്ന ലക്ഷണമില്ല'. മണ്‍തറയിലെ കല്ലടുപ്പിന്റെ ചുവട്ടിലിരുന്നുതീ കാഞ്ഞു കൊണ്ട് അച്ഛന് പറഞ്ഞു. തെരുവപ്പുല്ല് മേഞ്ഞ പുരയായതു കൊണ്ട് മഴ തുള്ളികള്‍ വീടിനു പുറത്തു വീഴുന്നത് കേള്‍ക്കാനും കഴിയില്ല. പക്ഷെ, മുറ്റത്ത് മഴ ഊക്കോടെ വന്നു പതിക്കുന്നത് ശരിക്കറിയാനുമാകും. തുള്ളിക്കൊരു കുടം വെച്ച് ഭൂമിയിലേക്ക് പതിക്കുന്ന മഴയുടെ ശബ്ദം. ഒപ്പം നല്ല കാറ്റും. പുറത്ത് മരങ്ങള്‍ ആടിയുലയുന്നു. ഇപ്പോള്‍ ലോകം അവസാനിക്കുമെന്നൊരു തോന്നല്‍. വീഞ്ഞപ്പെട്ടിയുടെ പലകകള്‍ അടര്ത്തിയുണ്ടാക്കിയ കതകു പാളികള്‍ക്കു ജീവന് വെക്കുന്നത് കുഞ്ഞു ജയദേവന് ഭീതിയോടെ നോക്കി നിന്നു.. അമ്മ മഴയ്ക്ക് മുന്‍പേ പെറുക്കിക്കൂട്ടിയ കശുവണ്ടി ചുട്ടെടുത്തു പൊട്ടിക്കുന്ന തിരക്കിലാണ്. അമ്മയുടെ കൈകളില്‍ നിറയെ കശുവണ്ടിത്തോടിന്റെ കറുപ്പ് നിറം പടര്‍ന്നു. കശുവണ്ടിത്തോടിനകത്തെ വെളുത്ത രുചിയുള്ള കശുവണ്ടികള്‍. ജീവിതവും ഒരു തരത്തില്‍ അതുപോലെയല്ലേ എന്നവന് ഈയിടെയായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗക്കളത്തിനിടയിലൂടെയുള്ള ഒരു യാത്ര. അതാണ് ശരിക്കും ജീവിതം എന്നവന് തോന്നി. ഏതു കളത്തിലൂടെയാണ് മുന്‍പോട്ടു സഞ്ചരിക്കേണ്ടതെന്ന് അറിയാതെ നട്ടം തിരിയുന്ന അവസ്ഥ. കട്ടന്‍ കാപ്പിയോടൊപ്പം കശുവണ്ടി വറുത്തതും അമ്മ അവര്‍ക്കു കൊടുത്തു. ചേച്ചിമാര് കറുത്ത കരിമ്പടം പോലിരിക്കുന്ന പുതപ്പുകള്‍ വാരിചുറ്റി അടുപ്പിനു ചുറ്റിനും വന്നിരുന്നു. അവര്‍ തണുപ്പുകൊണ്ട് വിറക്കുന്നുണ്ടായിരുന്നു. മഴ തകര്‍ത്തു പെയ്യുകയാണ്. ഇടയ്ക്കെപ്പോഴോഅടുക്കളയുടെ മണ് തറയിലെ ഒരു കോണില്‍ നിന്നും ഉറവ പൊട്ടിയൊലിച്ചു. ഭൂമിയുടെ അടിത്തട്ടില്നിന്നുമുള്ള ഉറവ. അത് പടരാന്‍ തുടങ്ങി. അമ്മ തവി വെച്ച് ചെറിയ അലുമിനിയം പാത്രത്തില്‍ അത് കോരിയെടുക്കാന്‍ തുടങ്ങി. ഒരു കലമായി, അത് അമ്മ, കട്ടികുറഞ്ഞ വീഞ്ഞപ്പെട്ടിപ്പലക കൊണ്ടുണ്ടാക്കിയ കതകു തുറന്നു പുറത്തേയ്ക്ക് കളഞ്ഞു. രണ്ടു ...മൂന്ന്... കലങ്ങള്‍ നിറഞ്ഞു കൊണ്ടിരുന്നു. പുത്തനുറവകള്‍ രൂപം കൊണ്ട് കഴിഞ്ഞിരിക്കുന്നു. ഉറവകള്ക്ക് കനം വച്ച് തുടങ്ങി. മറ്റു കലങ്ങള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. പുറത്തു മഴ തകര്‍ത്തു പെയ്യുകയാണ്, വാശിയോടെ... ഇടയ്ക്കു തല തല്ലിക്കരയുന്ന കാറ്റും.... തേകി നിറക്കലുകള്. അത് മൂത്തേച്ചി ഏറ്റെടുത്തു. കയ്യില്‍ തവി വേറൊരു കലം. ""മഴ തോരണെ''- എന്ന് അമ്മ മുട്ടിപ്പായി പ്രാർഥിക്കുന്നതവന് കണ്ടു. മഴ കുറയുന്നില്ല, എന്ന് മാത്രവുമല്ല. പിന്നെയും ശക്തി കൂടിയും വരുന്നു. അരി മേടിക്കാന്‍ പോയ അമ്മാവനെയും കാണുന്നില്ല. അമ്മ ഇടയ്ക്കിടെ പുറത്തേക്കു നോക്കുന്നുണ്ട് ""അവന് ഇപ്പൊ എത്തിക്കോളും' അച്ഛന് വളരെ സാവധാനത്തില്‍ ഒരു ആശങ്കയുമില്ലാതെ പറഞ്ഞു. അമ്മയില്‍ ഒരാധി അവന് ദര്‍ശിച്ചു. ""ദൈവമേ തോട് നിറഞ്ഞു കാണും....''- വീണ്ടും അമ്മ ചെറിയ ഒരു മഴ പെയ്താല്‍ പോലും തോട് നിറഞ്ഞു കവിയുമായിരുന്നു. ഇതെത്ര ദിവസമായ മഴയാണ് . പുറത്തേക്കിറങ്ങാന്കൂടി കഴിയുന്നില്ല അരിയും കുറച്ചു സാധങ്ങളും കടം മേടിക്കാന്‍ ഒടുവില്‍ അമ്മാവന് ഇറങ്ങിതിരിച്ചതാണ്. അച്ഛന് കൈയില്‍ കെട്ടിയിരുന്ന പഴയ "എച്ച്എം ടി' വാച്ചു പരിശോധിക്കുന്നു. അതില്‍ ഒരു സൂചിയെ ഉണ്ടായിരുന്നുള്ളു. അത് നോക്കി അച്ഛന് സമയം പറഞ്ഞു. സമയം പോകുന്നത് പോലും അറിയുന്നുമുണ്ടായിരുന്നില്ല. അമ്മ റേഡിയോ ഓണ്‍ ചെയ്യാന്‍ ശ്രമിച്ചു. പഴയ ബാറ്റെറിയായിരുന്നു ആ റേഡിയോയില്‍ ഉണ്ടായിരുന്നത്. തണുത്തു മരവിച്ച റേഡിയോയില്‍ നിന്നും അനക്കമൊന്നുമില്ല. അത് ചത്തിരുന്നു. അമ്മ റേഡിയോ അടുപ്പിനരികെക്കൊണ്ടു വച്ചു. റേഡിയോ ചൂട് പിടിച്ചു തുടങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ റേഡിയോ വിറയാര്‍ന്ന സ്വരത്തില്‍ ചുമക്കാനും പൊട്ടനും ചീറ്റാനും ഒക്കെ തുടങ്ങി. റേഡിയോയ്ക്ക് ജീവന് വച്ച് തുടങ്ങിയിരിക്കുന്നു. ചത്ത റേഡിയോ അടുപ്പിനരികെ ചൂട് പിടിപ്പിച്ചാല്‍ ജീവന് വെക്കുമെന്നുള്ള സത്യം അവന് ആദ്യമായി മനസിലാവുകയായിരുന്നു. റേഡിയോയിലെ പ്രതാപന് വൈകിട്ടത്തെ വാര്‍ത്ത വായിക്കുന്നു. ഇരമ്പലോടെ... ഇടയ്ക്കു റേഡിയോ ശബ്ദം കാറ്റു പിടിച്ചെങ്ങോട്ടോ കൊണ്ട് പോകുന്നു. കറങ്ങി തിരിഞ്ഞു വരുന്നതിനിടയ്ക്ക് അല്‍പ്പം കേള്‍ക്കാം. അവ്യക്തത കൂടുതല്‍..... അപ്പോള്‍ കേട്ടു... കാലാവസ്ഥാ പ്രവചനവും.... മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന്.... "കടയില്‍ പോകാന്‍ പറ്റുന്നില്ല ...പിന്നല്ലേ കടലില്‍.'- ജയാദേവന് ഓര്‍ത്തു. അല്‍പ്പം മഴ ശമിച്ചു കഴിഞ്ഞപ്പോള്‍ കതകു തുറന്നു അമ്മ പുറത്തേക്കുനോക്കി... പുറത്ത് ഇരുട്ട് പരന്നിരുന്നു.... തോട് മുറിച്ചു കടന്നാലും ഇടവഴിയിലൂടെ കുറ്റാക്കുറ്റിരുട്ടത്ത് അമ്മാവന് എങ്ങനെ എത്തും. പഴയ കുട എടുത്തിട്ടുണ്ടായിരുന്നു എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അച്ഛന് പ്ളാസ്റ്റിക് കവര്‍ തലേല് കൂടി ഇട്ടു. പിന്നെ മങ്ങിയ പ്രകാശമുള്ള ഡബിള്‍ ബാറ്ററി ടോര്‍ച്ചുമായി മുറ്റത്തിറങ്ങി നീട്ടി കൂകി വിളിച്ചു. ആ കൂവല്‍ അമ്മാവനുള്ളതാണ്. അത് കേട്ടു കഴിഞ്ഞാല്‍ അമ്മാവന് സമീപത്തെവിടെകിലുമുണ്ടെങ്കില് തിരികെ കൂവും. അപ്പോള്‍ പിന്നെ അന്വേഷിച്ചു പോകേണ്ട കാര്യമില്ല. പക്ഷെ, അച്ഛന്റെ കൂവല്‍ തന്നെ അടുത്ത മലയില്‍ തട്ടി തിരികെ പ്രതിധ്വനിച്ചു. അമ്മയുടെ മുഖം വാടി... അച്ഛന് രണ്ടു തവണ കൂടി കൂവി.... പ്രകമ്പങ്ങള്‍ മാത്രം.... പിന്നെ കനത്ത ഇരുട്ടിലേക്ക് അച്ഛന് ഇറങ്ങി ... പിന്നെ നടന്നകന്നു.... പെട്ടെന്നെന്തോ വലിയ ശബ്ദം... തറ ഇളകുന്നതുപോലെ .... ഭൂമി കുലുക്കമോ...? അകലെയെവിക്കെയോ നിന്ന് ആരുടെയൊക്കെയോ കൂവലുകള്‍ .... ഇരമ്പങ്ങള്‍ വീടിന്റെ ഒരു വശത്തുകൂടി മലയില്‍ നിന്നും ഒഴുകിയിറങ്ങി വന്ന മഴവെള്ളം ഇരമ്പിയാര്‍ത്ത് അച്ഛന് പോയ വഴിയേ കല്ലും മണ്ണുമായി കടന്നു പോയി. ജയദേവന് അച്ഛന് പോയ ഭാഗത്തേക്ക് ഒരാവേശത്തില്‍ ഇരുട്ടിനെ കീറി മുറിച്ചു കുതിച്ചു പാഞ്ഞു. തൊട്ടടുത്ത നിമിഷത്തില്‍ പിന്നില്‍ നിന്നിരുന്ന വീട്, ആരവത്തോടെ അലമുറയിട്ടുവരുന്ന ഇരുണ്ട ഉരുളിന്റെ കരാള ഹസ്തങ്ങള്‍ കവര്‍ന്നെടുത്തു. തന്റെ അരികിലൂടെ പാഞ്ഞു പോകുന്നതു ഒരു മിന്നലിന്റെ അല്പം നിമിഷത്തെ വെളിച്ചത്തില്‍ അവനറിഞ്ഞു. അവന്റെ തൊണ്ടയില്‍ ആര്‍ത്തനാദം കുരുങ്ങി . ചെളിയും മണ്ണും അവന്റെ മേല്‍ ശക്തിയായി തെറിച്ചു വീഴുന്നുണ്ടായിരുന്നു. വഴിയിലെ അഴുക്കലില് അവന് തെന്നി വീണു. മഴ വീണ്ടും ശക്തമായി. ഒരു കൊള്ളിയാന്‍ മിന്നിമറഞ്ഞു. വെളിച്ചത്തില്‍ അവന് കൃത്യമായിഅത് കണ്ടു. ചെളിവെള്ളത്തില്‍ അച്ഛന് കെട്ടിയിരുന്ന "ഒറ്റ സൂചിയിലോടുന്ന വാച്ച്'... ഹൃദയാഴങ്ങളില്‍ നിന്നും തികട്ടി വന്ന വേദന തൊണ്ടക്കുഴിയില്‍ കുരുങ്ങി ശ്വാസം മുട്ടി. അവന് ഉച്ചത്തില്‍ നിലവിളിച്ചു .......................... ജയദേവന് പാട്പെട്ട് കണ്ണുകള്‍ വലിച്ചു തുറന്നു. തന്നെ തലോടിയുറക്കിയ അമ്മയുടെ കൈകള്‍ തിരഞ്ഞു. തികഞ്ഞ നിശബ്ദതയില്‍ വൈദ്യുത വിളക്കിന്റെ പ്രകാശം മാത്രം. ആ വീടിന്റെ വലിയ വരാന്തയില്‍ നിന്നും അവന് പതിയെ എഴുന്നേറ്റു. പിന്നെ അകത്തേക്ക്. ചുവരില്‍ ചില്ലിട്ടു വച്ചിരിക്കുന്ന അമ്മയുടെ ഛായാ ചിത്രത്തില്‍ ഇട്ടിരുന്ന പൂമാല കരിഞ്ഞിരിക്കുന്നു...! വലിയ തടി അലമാരയിലെ വലിപ്പ് തുറന്നു അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചെറിയ പെട്ടിതുറന്നു. അതിനുള്ളില്‍ വിലപ്പെട്ട ആ സാധനം ഭദ്രമായപ്പോഴും ഉണ്ടായിരുന്നു. അതയാള്‍ നെഞ്ചോട് ചേര്‍ത്തു, അച്ഛന് കയ്യില്‍ കെട്ടിയിരുന്ന ആ പഴയ പഴയ തുരുമ്പെടുത്ത "ഒറ്റ സൂചിയുള്ള വാച്ച്'...! *
പൂന്തോട്ടത്ത് വിനയകുമാര്‍
ഒരു ചരമഗീതം പോലെ!
നീ ഓർക്കുന്നുണ്ടോ ആവോ നിന്നെ കണ്ടു മുട്ടിയ ആ കാലം. മനസുനിറയെ സ്വപ്നങ്ങൾ കൊരുത്ത ആ കാലം . പൂത്തലഞ്ഞ മോഹങ്ങൾ. എല്ലാം വെട്ടിപ്പിടിക്കണമെന്ന ത്വര. കളിയും ചിരിയും പോലെയല്ല ജീവിതമെന്നു പെട്ടെന്ന് മനസിലാക്കി. ജീവിതത്തിലേക്കുള്ള മുങ്ങാംകുഴിയിടുമ്പോൾ നീന്തലറിയാത്തവനെപ്പോലെ തല്ലിപ്പിടഞ്ഞു. കൈകാലിട്ടടിച്ചു. മുങ്ങിപ്പൊങ്ങി. എല്ലാവരും കയ്യൊഴിഞ്ഞപ്പോൾ നിന്റെ കൈകൾ മാത്രമായിരുന്നു താങ്ങിന്. സ്വന്തമെന്നു കരുതിയതെല്ലാം മിഥ്യമാത്രമായിരുന്നു. സ്വാർഥതയുടെ ലോകത്ത് നീയും ഞാനും ഒറ്റപ്പെട്ടു പോവുകയായിരുന്നു! ഇനിയൊരു തിരിഞ്ഞോട്ടം പാടില്ല. മനുഷ്യനു വേണ്ടത് സ്വന്തമായ നിശ്ചയദാർഢ്യവും പരിശ്രമവുമാണെന്ന് ജീവിതം പഠിപ്പിച്ചു തന്നു. ജീവിതം എല്ലാം പഠിപ്പിക്കുന്ന ഒരു സർവകലാശാല ആണെന്നാണല്ലോ പറയുന്നതും! അലച്ചിൽ മാറിയിട്ട് വിശ്രമിക്കാം എന്നു കരുതി. പക്ഷെ അലച്ചിൽ മാത്രമായിരുന്നു എന്ന് നിനക്കറിയാമല്ലോ? തോരാത്ത മഴപോലെ വിഷാദങ്ങൾ മുറ്റിയ മനസും നിറഞ്ഞ കണ്ണുകളും ഒരിക്കലും നിന്നെ ഞാൻ കാണിച്ചിട്ടില്ല. ജനനവും മരണവും തമ്മിലുള്ള ദൂരത്തിനിടയിൽ പാഞ്ഞു കൊണ്ടിരുന്നു. എനിക്കുവേണ്ടിയല്ല. നിനക്കും കുട്ടികൾക്കും വേണ്ടി മാത്രം. മോഹങ്ങളും മോഹഭംഗങ്ങളും നിരവധിയായിരുന്നു. അതൊക്കെ ഞാൻ വിഷംപോലെ സ്വയം കുടിച്ചു. വിഷം കൊടുത്ത് കൊല്ലുന്ന സമൂഹമല്ലെ ഇന്ന്. പക്ഷെ എന്റെ വിയർപ്പിന്റെ വില നിങ്ങൾ അറിയുന്നെണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതായിരുന്നു എന്നെത്തന്നെ നിങ്ങൾക്കായി സമർപ്പിക്കുവാൻ കിട്ടിയ പ്രചോദനം! സ്ത്രീകളുടെ ആഗ്രഹങ്ങൾ പലതാണെന്ന് വായിച്ചിട്ടുണ്ട്. ഊഷ്മളമായ ജീവിതം അവർക്കു വേണം. ഒരു പുരുഷായുസ് അതിനുവേണ്ടി ചിലവഴിച്ചാലും തീരാത്ത ആഗ്രഹങ്ങൾ. ഒരുപക്ഷെ പുരുഷന് ഉത്തേജനം നല്കുന്ന ചേതോവികാരവും ഇത്തരം അവസാനമില്ലാത്ത ആഗ്രഹങ്ങൾ ആയിരിക്കും! മക്കളെ കാലിൽ നില്ക്കാൻ പാകത്തിലാക്കി. അതിന്റെ പിന്നിലെ സങ്കീർണതകൾ ആരോടും പറയാതിരിക്കുന്നതാണ് നല്ലത്. അതുപിന്നെ തിരിച്ചു ചോദിക്കും. എല്ലാവരും മക്കൾക്കുവേണ്ടി ചെയ്യുന്നതല്ലെ എന്ന്! ആരുടെയും മുന്നിൽ കൈ നീട്ടരുത്. അതിന്റെ ആവശ്യം നിനക്കില്ല. മക്കൾ കൂടെക്കൂടെ ക്ഷണിക്കും അവർക്കൊപ്പം വന്നു താമസിക്കാൻ. ഒരിക്കലും അങ്ങനെ ചെയ്യരുത്. അത് സ്വാതന്ത്ര്യം ഇല്ലാതാക്കും. പിന്നെ തഴയപ്പെടും. പൊയ്ക്കോ എന്നു പറയാതെ പറയും. പിന്നെ തനിയെ പോരണം. അതിന് നീയായി അവസരങ്ങൾ ഉണ്ടാക്കരുത്. ഒറ്റയ്ക്കാണെങ്കിലും അതാണ് നല്ലത്. എന്റെ ഓർമ്മകൾ നിനക്ക് കൂട്ടിനുണ്ടാവുമെന്ന് ഞാൻ കരുതിന്നില്ല. കാരണം എന്റെ മുശടൻ സ്വഭാവം നിനക്ക് പിടിച്ചിരുന്നില്ലല്ലോ. കുട്ടികൾ ഉണ്ടായതിനു ശേഷം പിന്നെ ഒട്ടും ഓർക്കാനായി ഒന്നും നിന്റെ പക്കൽ ബാക്കിവയ്ക്കാൻ എന്റെ ഓർമകൾ കാണില്ല. ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടിനു തുല്യമായിരിക്കും എന്നെക്കുറിച്ചുള്ള നിന്റെ ഓർമകളുടെ ശേഷിപ്പ്. ഞാൻ എത്ര സത്യവാൻ ആയിരുന്നെന്നു പറഞ്ഞാലും വിശ്വസിക്കില്ല. കാരണം നമ്മുടെ മനസ്സുതന്നെയാണല്ലോ മറ്റുള്ളവരെയും അളക്കുന്നത്! അതുകൊണ്ട് എത്രമാത്രം നിന്റെ മനസിൽ ഞാൻ ഉണ്ടെന്ന് എനിക്കറിയില്ല. ജനനവും മരണവും ഒരു സത്യമല്ലെ. അതിനെ തടഞ്ഞുവയ്ക്കാൻ ആർക്കും കഴിയില്ലല്ലോ! പറ്റുമെങ്കിൽ എന്റെ മരണവാർത്ത ഫേസ്ബുക്കിലെ എന്റെ വാളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും കൊടുക്കണം. ആരെങ്കിലും എന്നെ സ്നേഹിച്ചിരുന്നവരും വെറുത്തവരും മനസിലെങ്കിലും ഓർത്ത് തരംപോലെ അവർക്ക് തോന്നുന്നത് പറഞ്ഞോട്ടെ. പന്തൽ ആവശ്യമെങ്കിൽ ഇട്ടാൽ മതി. ചിലവുകൾ പലതും ഉണ്ട്. നിന്റെ അക്കൗണ്ട് വെറും പേരിന് വെച്ചിരിക്കുന്നതാണ്. അതിൽ പൈസ കാണില്ല. പിന്നെ ജോയിന്റ് അക്കൗണ്ടിൽ ഒട്ടും കാണില്ല. പെൻഷൻ വന്നാൽ എല്ലാം പെട്ടെന്ന് ചിലവായിപ്പോകും. അതെല്ലാം നിനക്കാറിയാമല്ലോ. ഇത്തിരി കാശ് നിന്റെ കൈയിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആശിച്ചിരുന്നു. പെൻഷൻ എടുത്താൻ ആദ്യം അതിൽ നിന്നു തരാമെന്ന് കരുതും. നടക്കാറില്ല. മറിച്ച് നീ പുകകൊള്ളിച്ച് ഉണക്കിവെച്ച കുടംപുളി വിറ്റതും, ആക്രി വിറ്റതും, തൊടുവിൽ നിന്നു വല്ലപ്പോഴും കിട്ടുന്ന വാഴക്കുലയും അടയ്ക്കയും പെട്ടിക്കടക്കാരന് വിറ്റ് സ്വരുകൂട്ടിയ പൈസയും ഞാൻ തരമ്പോലെ വാങ്ങാറാണ് പതിവ്. തിരിച്ചു തരാമെന്നു പറഞ്ഞ് വാങ്ങിയതൊന്നും തിരിച്ച് തരാൻ പറ്റാറില്ല. ആവശ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ. പിന്നെ നിനക്ക് അല്ലലും അലച്ചിലും ഇല്ലതെ ജീവിക്കാൻ വെച്ചിരിക്കുന്ന എഫ് ഡി പൊട്ടിച്ച് അതിൽ നിന്നു എടുക്കുക. ആരുടെയും ഔദാര്യങ്ങൾ കൈപ്പറ്റണ്ട. തരുന്നവരുടെ തരത്തിന് തിരിച്ചു കൊടുക്കാൻ പറ്റാതെ വന്നൽ ബുദ്ധിമുട്ടാകും. യാന്ത്രികമായ ജീവിതത്തിൽ ആർക്കും ഒന്നിനും സമയം ഇല്ല. ചിലർ വന്ന് അടിമുടി നോക്കി സഹതാപ രസങ്ങൾ നിറഞ്ഞ നോട്ടവുമായി കടന്നു പോവും. മറ്റു ചിലർ അല്പ നേരം ചുറ്റിപ്പറ്റി നില്ക്കും. പരിചയക്കാരെ കണ്ട് കുശലങ്ങൾ പറഞ്ഞ് അവരും കടന്നുപോകും. ഇനി കുറെപ്പേർ ശവസംസ്കാരം നടക്കുന്ന സമയം തിരക്കി വരാനിരിക്കും. അത്രയും സമയം അവർക്ക് തങ്ങളുടെ ജോലികൾ ചെയ്യാം. അവസാന ഭാഗം വരെ പങ്കെടുത്ത അഭിമാനം അവർക്കു നേടാം. അടക്കത്തിനു ശേഷം കാപ്പി കൊടുക്കണം. പാൽ ചായയോ കാപ്പിയോ ആയിരിക്കണം. കഴിഞ്ഞ ഏതോ അടക്കത്തിന് പങ്കെടുത്തപ്പോൾ അവിടെ കട്ടൻ കാപ്പി കൊടുത്തതിന് ആരോ പരിഭവം പറയുന്നതു കേട്ടു. ഇന്നത്തെ കാലത്ത് പുലയൊന്നും നോക്കണ്ട. പാൽ ചായയോ പറ്റുമെങ്കിൽ മീറ്റ് ബർഗർ തന്നെ കൊടുത്തോണം. കാപ്പി കുടി കഴിഞ്ഞ് നിന്നെ കാണാൻ മിക്കവരും വരും യാത്ര പറയാൻ. തലയാട്ടി പൊയ്ക്കാളാൻ അനുവാദം കൊടുത്തേരെ. കാരണം മുൾ മുനയിലെന്നപോലെയാണ് ഇത്രയും സമയം അവർ നിന്നത്. നീയും ഞാനും പലയിടത്തും അങ്ങനെ ചെയ്തതിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. അനുഭവങ്ങളിൾ കൂടെയല്ലെ ഓരോന്നും പറയാനും എഴുതാനും കഴിയുള്ളു. പൊട്ടിപ്പൊട്ടി കരയുവാൻ മാത്രം കുറെ നല്ല അനുഭവങ്ങൾ ഞാൻ നിനക്കു തന്നിട്ടില്ല. മിക്ക സ്ത്രീകളും ഭർത്താക്കന്മാർ മരിച്ചതിനു ശേഷമാണ് എണ്ണിപ്പെറുക്കി കരയാറ്. അതുവരെ അവർ ചെയ്തതൊന്നും കണ്ടില്ലെന്നു നടിക്കാറാണ് പതിവ്! ജീവിതം വെറും അലച്ചിൽ മാത്രമാണ്. ഒരു പടയോട്ടം. മുഷിപ്പിക്കൽ വെറുപ്പിക്കൽ, മറ്റുള്ളവരെ സുഖിപ്പിച്ചില്ലെങ്കിലുള്ള ഒറ്റപ്പെടൽ, ഒരു പ്രതിബന്ധത്തിൽ നിന്ന് അടുത്ത പ്രതിബന്ധത്തിലേക്കുള്ള എടുത്തു ചാട്ടം. വിശ്രമിക്കാൻ തുനിഞ്ഞില്ല. കാരണം വിശ്രമിച്ചാൽ ഇഴഞ്ഞു നീങ്ങുന്ന മുയൽ മുന്നിൽ കേറുമോ എന്ന ചിന്ത! പക്ഷെ ഒരു ഫിനിഷിംഗ് പോയിന്റ് എല്ലാത്തിനു മുണ്ടല്ലോ! അവിടെ എല്ലാവരും വന്ന് നില്‍ക്കണം. ഇനി ഒന്നും എനിക്ക് സ്വന്തമെന്നു പറയാനായി ഇല്ല. പള്ളിക്കലെ കല്ലറ. അതും എന്റേതല്ല. എന്നോടുള്ള പരിഭവങ്ങളും, ഞാൻ ദേഷ്യപ്പെടാറുള്ളതും, എന്റെ തുറിച്ചു നോട്ടവും എല്ലാം നീ മനസിൽ കരുതി അവിടേക്ക് ഒരുപക്ഷെ വന്നില്ലെങ്കിൽ അതുമാത്രം സ്വന്തമാവും! എനിക്കവിടെ ആ ഇരുട്ടറയിൽ എന്റെ ആത്മഗതങ്ങളോട് മത്സരിക്കാം ശണ്ഠകൂടാം തുറിച്ചു നോക്കാം പരിഭങ്ങളില്ലാതെ !. ഫോൺ നീണ്ട റിംഗടിച്ചു. വളരെ പഴയ സുഹൃത്ത്. എന്താടാവെ ഫോൺ എടുക്കാൻ താമസിച്ചത്? അവനോടു മറുപടി പറഞ്ഞു. ഒരു ചരമഗീതം പോലെ എന്റെ മനസ് എവിടെയൊക്കയോ പായുകയായിരുന്നു.
ജോയ് നെടിയാലിമോളേൽ
കനലായി മാറിയ കരോള്‍
ഫോണ്‍ ബെല്‍ തുടരെ അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന്‍ തോന്നിയില്ല. കാരണം ഇന്ന് രാത്രിയിലും ജോലിയുണ്ട്. അതുകൊണ്ടു തന്നെ മന:പൂര്‍വം ഫോണ്‍ എടുക്കേണ്ട എന്നു തീരുമാനിച്ചു. എന്നാല്‍ ഫോണ്‍ ബെല്‍ പിന്നേയും പിന്നേയും മുഴങ്ങിയപ്പോള്‍ ഞാന്‍ എടുത്തു. അത് എന്റെ സുഹൃത്ത് റോസിയായിരുന്നു “എടി നീ അറിഞ്ഞോ, അവള് പോയി'' ആര് പോയി? നമ്മുടെ റിന്‍സി… ഉറക്കത്തിന്റെ ആലസ്യത്തോടു കൂടി ഞാന്‍ പറഞ്ഞു. “ആ അത് എനിക്ക് അറിയാമല്ലോ. അവള് പോകുന്ന കാര്യം എന്നോടു പറഞ്ഞിരുന്നു”. അവളുടെ അമ്മക്കു സുഖമില്ലാതെ ഇരിക്കുകയാണല്ലോ. അയ്യോ അതല്ല ഞാന്‍ പറഞ്ഞു വരുന്നത്. അവള് ഈ ലോകത്തു നിന്നു തന്നേ പോയി, അവള് ഇന്നു രാവിലെ ഇഹലോകവാസം വെടിഞ്ഞു. ഞാന്‍ ഞെട്ടി ചാടി എഴുന്നേറ്റു കൊണ്ടു ചോദിച്ചു. നീ എന്താണ് പറയുന്നത്, നമ്മുടെ റിന്‍സി മരിച്ചു പോയെന്നോ. അടുത്ത ആഴ്ചയില്‍ നാട്ടിലേക്കു പോകാന്‍ ടിക്കറ്റ് എടുത്തു വച്ചിരിക്കുകയാണല്ലോ. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ് എന്ന് എവിടേയോ വായിച്ചത് പെട്ടെന്ന് ഓര്‍ത്തു പോയി. അവള്‍ക്ക് ജോലിക്കിടയില്‍ ഒരു തലചുറ്റല്‍ വന്ന് പെട്ടെന്ന് ബോധം മറഞ്ഞു. കൂടെ ഉണ്ടായിരുന്നവര്‍ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ അവള് പരാതികള്‍ ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി. ഞാന്‍ എന്റെ ദേഹത്ത് ഒന്നു നുള്ളി നോക്കി ഈ കേള്‍ക്കുന്നത് സ്വപ്നം അല്ല എന്ന് ഉറപ്പു വരുത്തുവാന്‍ വേണ്ടി. ഫോണ്‍ താഴെ വച്ചു കഴിഞ്ഞപ്പോള്‍ മനസില്‍ അവളുമായുള്ള സ്നേഹബന്ധത്തിലെ ഒരുപാട് ഓര്‍മകള്‍ മിന്നി മറഞ്ഞു. എന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന റിന്‍സി മരിച്ചു പോയി എന്ന് വിശ്വസിക്കുവാന്‍ വേണ്ടി എന്റെ മനസിനെ പാകപ്പെടുത്തി എടുത്തു. ചില സത്യങ്ങള്‍, സത്യമാണ് എന്ന് അറിയാമെങ്കിലും അതിനെ പൂര്‍ണമായും വിശ്വസിക്കുവാന്‍ സമയം എടുക്കും. ഒരു സുഹൃത്ത് മരിച്ചു എന്നു കേട്ടാല്‍ ആദ്യം തോന്നുന്ന വികാരം ഒരു ഞെട്ടല്‍ പ്രത്യേകിച്ചു പ്രായം കുറഞ്ഞവര്‍ ആണെങ്കില്‍ അതിന്റെ ശക്തി കൂടും. പിന്നെ ചിന്തിക്കുന്നത് മുഴുവന്‍ നമ്മള് അവരുമായി ഇടപ്പെട്ടിട്ടുള്ള നിമിഷങ്ങളായിരിക്കും. ഞങ്ങള്‍ രണ്ടു പേരും വിപരിത ഷിഫ്റ്റില്‍ ആയിരുന്നു ജോലി ചെയ്തു കൊണ്ടിരുന്നത്. അവള്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുവാനും മേടിക്കുവാനും ഒരു പ്രത്യേക സന്തോഷമുണ്ടായിരുന്നു. ചില ആളുകള്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തു കഴിഞ്ഞാല്‍ നമ്മളുടെ അന്നത്തെ സന്തോഷം മുഴുവനും പോയി കിട്ടും. അധികം ആരോടും മിണ്ടുന്ന ഒരു സ്വഭാവം ആയിരുന്നില്ല അവളുടേത്. കഴിഞ്ഞ ദിവസം അവള് എന്നോടു പറഞ്ഞ ഒരു സംഭവം എന്നെ വല്ലാതെ സ്പര്‍ശിച്ചു. ക്രിസ്മസിന്റെ ഭാഗമായി പാട്ടുപാടി ഉണ്ണിയേശുവിനെ വഹിച്ചു കൊണ്ട് ഒരു കൂട്ടം വിശ്വാസികള്‍ ക്രിസ്മസ് ഫാദറുമായി ഒരോ വീടുകളിലുമായി കയറി്യിറുങ്ങുന്നത്. സാധരണമാണ് അവര്‍ വീടുകളില്‍ വന്ന് പാട്ടു പാടി ആ വീട്ടിലെ അംഗങ്ങള്‍ക്ക് ക്രിസ്മസ് പുതുവത്സരാശംസകള്‍ നല്‍കികൊണ്ട് കടന്നു പോകും. പാചകത്തില്‍ മിടുക്കിയായിരുന്ന അവളോടു ഞാന്‍ ചോദിച്ചു. നിന്റെ വീട്ടീല് ക്രിസ്മസ് കരോള്‍ വന്നപ്പോള്‍ നീ എന്താണ് അവര്‍ക്ക് വേണ്ടി പ്രത്യേകമായി ഉണ്ടാക്കി വച്ചത്. അവള് പെട്ടെന്ന് വല്ലാതാകുന്നത് ഞാന്‍ കണ്ടു. ഞാന്‍ ചോദിച്ചു എന്തു പറ്റി? ഞാന്‍ അരുതാത്തത് ഒന്നും ചോദിച്ചില്ലല്ലോ… ഹേയ് അതൊന്നുമല്ല ഞങ്ങളുടെ വീട്ടില്‍ ഈ പ്രവശ്യം കരോള്‍ ഉണ്ടായില്ല. എനിക്ക് വീട്ടില്‍ പാട്ടുപാടി വരുന്നവരേയും ഉണ്ണിയിശോയെയും എതിരേല്ക്കാന് വളരെ ഇഷ്ടമാണ്. പിന്നെ എന്തു പറ്റി ഈ വര്‍ഷം വേണ്ടയെന്നു വച്ചത്? അച്ചായന് സമ്മതിച്ചില്ല. അദ്ദേഹം പറയുന്നത് ക്രിസ്മസിന്റെ അലങ്കാരത്തിനും കരോളുകാര് വരുന്ന സമയവും നോക്കി ഇരിക്കാന്‍ പറ്റില്ല എന്നു പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ആഗ്രഹം ഒളിപ്പിച്ചു വച്ചു. വിട്ടുവീഴ്ചയില്‍ കൂടി നമ്മള് കടന്നു പോകണം എന്നല്ലേ അച്ചന്റെ പ്രസംഗത്തിലും പറയുന്നത്. അപ്പോള്‍ ഞാന്‍ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു നിന്റെ അച്ചായന് എന്തു കൊണ്ടു നിനക്കു വേണ്ടി വിട്ടു വീഴ്ച ആയികൂടാ. അവള് അതിന് ഒരു മറുപടിയും പറഞ്ഞില്ല. ജോലിയില്‍ ആയിരുന്നതു കൊണ്ട് മറ്റുള്ളവര്‍ കേള്‍ക്കുമല്ലോ എന്ന ചിന്തയില്‍ ഞങ്ങളുടെ സംഭാഷണം അവിടെ മുറിഞ്ഞു പോയി. ഇപ്പോള്‍ തോന്നുന്നു അവളോട് ഞാന്‍ അങ്ങിനെ പറഞ്ഞു വേദനിപ്പിക്കണ്ടായിരുന്നു എന്ന്… വീണ്ടും ദേ റോസിയുടെ ഫോണ്‍ വരുന്നു. ഫോണ്‍ പെട്ടെന്ന് ചാടി എടുത്തു. ഞാന്‍ ചോദിച്ചു വേറെ വല്ല വിവരവും അറിഞ്ഞോ. ഉടന്‍ തന്നെ റോസി അവളുടെ വീട്ടിലേക്ക് പോയി. ഞാന്‍ ചോദി ച്ചു ചടങ്ങുകളുടെ സമയം എപ്പോഴാണ് ?അവള്പറഞ്ഞു. ഇടവകയിലെ അ ച്ചനെ വിളിച്ച് സംസാരിച്ചതിനു ശേഷമേ ബാക്കിയുള്ള ക്രമികരണങ്ങള്തീരുമാനിക്കുകയുള്ളു. നാട്ടില്‍ കൊണ്ടു പോകുന്നതിനെ കുറി ച്ചും ആലോചനയുണ്ട്. കാരണം അവളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടല്ലോ. വീട്ടില്‍ ചെന്നേപ്പാള് അവളുടെ ഭര്‍ത്താവ് ഫോണില്‍ കൂടി പല കാര്യങ്ങളും വിളി ച്ചു പറയുന്നുണ്ടായിരുന്നു. ആ സംസാരത്തില്‍ ക്രിസ്മസ്, കരോളുകാര് വീട്ടീല് വന്നില്ല എന്നൊക്കെ പറയുന്നതു കേട്ടു. അവളുടെ മരണവും കരോളുമായി എന്താണ് ബന്ധം എന്ന് എനിക്ക് മനസിലാകുന്നില്ല. പക്ഷെ എല്ലാം എനിക്ക് മനസിലായി. കാരണം റിന്‍സി ആ കഥ എന്നോടു പങ്കിട്ടിരുന്നു. എങ്കിലും അതിനെ കുറിച്ച് ഒന്നും ആ സമയത്ത് പറയുവാന്‍ എനിക്കു തോന്നിയില്ല. അത് ഒരു സ്വകാര്യതയായി എന്റെ ഉള്ളില്‍ തന്നെ സൂക്ഷിക്കാനാണ് എനിക്ക് അപ്പോള്‍ തോന്നിയത്. എന്തായാലും "അവള് പോയി' എന്നു മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ ഫോണ്‍ താഴെ വച്ചു.
ലാലി ജോസഫ്
അപ്പുണ്ണിയും ഓപ്പോളും
അച്ചാ...... അപ്പുണ്ണി നീട്ടി വിളിച്ചു താനും ഓപ്പോളും കൂടെ കുളിക്കടവിലേക്ക് പോവുകയായിരുന്നു. എത്തിയപ്പോള്‍ കുറുമ്പ് കാട്ടിയാല്‍ തന്നെ മീനുകള്‍ക് ഇട്ടു കൊടുക്കുമെന്ന് പറഞ്ഞ്! ഓപ്പോള് പേടിപ്പിച്ചത് കൊണ്ട് തന്നെ നല്ല കുട്ടി ആകാന്‍ അപ്പുണ്ണി നോക്കി. തന്റെ കാര്യങ്ങള്‍ എല്ലാം നോക്കി ഇരുന്നത് ഒപ്പോളാരുന്നു. ഓപ്പോള് എനിക്ക് ഏടത്തി മാത്രല്ലാരുന്നു. സ്നേഹിക്കുമ്പോള്‍ കെെയില്‍ കോരിയെടുക്കുമ്പോള്‍ ഒരു അമ്മയെ പോലെ. കോലായില്‍ മഴ വെള്ളം കെട്ടി നില്കുമ്പോള് കടലാസ് തോണി ഉണ്ടാക്കി കൂടെ കൂടുമ്പോളും തെക്കേ തൊടിയില്‍ കാറ്റു വീശുമ്പോള്‍ ഓടി ചെന്ന് മാമ്പഴം പെറുക്കി കുടുക്കയില്‍ നിറയ്ക്കാന്‍ ഒപ്പം ചേരുമ്പോളും വെള്ളാരം കല്ല് കൊണ്ട് കൊത്താംകല്ല് കളിക്കുമ്പോള്‍ കൂട്ടുകാരിയും ഒക്കെ ആയിരുന്നു. ഭഗവതി കാവില്‍ വിളക്കെടുക്കാന്‍ ഓപ്പോളും ഉണ്ടാരുന്നു. പെണ്ണുങ്ങള്‍ക് മാത്രേ വിളക്കെടുക്കാന്‍ പാടുള്ളൂ. എന്ത് കഷ്ടാ ഇത്, എനിക്കും വേണം വിളക്ക്. അപ്പുണ്ണി ചിണുങ്ങി. അപ്പുണ്ണി നല്ല കുട്ട്യല്ലേ നല്ല കുട്ട്യോള് ഇങ്ങനെ കരയാന്‍ പാടില്യ. പോയി വരുമ്പോള്‍ ഓപ്പോള് എന്റെ കുട്ടിക്ക് വര്‍ണ കടലാസില്‍ തീര്‍ത്ത പമ്പരം കൊണ്ട് തരാട്ടോ. അപ്പുണ്ണിക്ക് സന്തോഷായി. യാത്ര പറഞ്ഞിറങ്ങിയ ഓപ്പോളെ രാത്രി ആയിട്ടും കണ്ടില്ല. കാത്തിരുന്നു മുഷിഞ്ഞ അപ്പുണ്ണിപതിയെ കുഞ്ഞി കണ്ണുകള്‍ പൂട്ടി. മുറ്റത്തു നിറയെ ആളുകള്‍. ചിലര്‍ കുള കടവിലേക്ക് പായുന്നു. അപ്പുണ്ണിയും പോയി അങ്ങടേക്ക്. പടവില്‍ പൊന്തി കിടക്കുന്നു ഓപ്പോള്. കുസൃതി കാട്ടീട്ടാവും ഓപ്പോളുടെ ചുണ്ടുകള്‍ പരല്‍ മീനുകള്‍ കൊത്തി വലിച്ചത്. കഴുത്തില്‍ നീര് പാമ്പുകള്‍ മാന്തി കീറീത്. താന്‍ കുറുമ്പ് കാട്ടിയാല്‍ മീനുകള്‍ക്ക് അപ്പുണ്ണിയെ ഇട്ടു കൊടുക്കുന്ന് ഓപ്പോള് തന്നെ പറഞ്ഞിട്ട് ഇപ്പൊ ആരാ കാട്ടിയേ. അച്ഛനിങ് വരട്ടെ ശരിയാക്കി തരാട്ടോ. വീട്ടില്‍ പറയാന്‍ അപ്പുണ്ണി വേഗം ഓടി.
കാവ്യാ ദേവദേവൻ
വിഗ്രഹമോഷണം
മകരമാസത്തിലെ അമാവാസി നാളിൽ രാത്രി നീലാണ്ടൻ പോറ്റി ഒരു സ്വപ്നം കണ്ടു. "വിശ്വകർമ്മാവ് പണികഴിപ്പിച്ച ഒരു ദേവ വിഗ്രഹം പണ്ട് പാലാഴിയിൽ പതിക്കുകയും കാലാന്തരത്തിൽ അത് പല പ്രളയങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു. ഇപ്പോൾ അത് താങ്കൾ നിവസിക്കും ദേശത്ത് ഒഴുകിയെത്തിയിരിക്കുന്നു. ഇനിയും ആ ചൈതന്യത്തെ ജലത്തിൽ അലയാൻ അനുവദിച്ചുകൂടാ. എത്രയും വേഗം ആ വിഗ്രഹം കണ്ടെടുത്ത് യോഗ്യമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുക.' പിറ്റേന്ന് സ്നാനത്തിനിടയിൽ വെള്ളത്തിൽ മുങ്ങി നിവരുമ്പോൾ എന്തോ ഒന്ന് പോറ്റിയുടെ തലയിൽ തട്ടി. നോക്കുമ്പോൾ ഒരു ദേവ വിഗ്രഹം തന്നെ! പോറ്റി അതിനെ ഭക്തിയോടെ തന്റെ തേവാരത്തിൽ കൊണ്ടുപോയി ദിനപൂജ ചെയ്യാൻ തുടങ്ങി . അതോടൊപ്പം കരപ്രമാണിമാരോട് തന്റെ സ്വപ്നത്തെ കുറിച്ചും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും പറയുകയും ചെയ്തു. പ്രമാണിമാർ കൂടിയാലോചിച്ച് പഴയമ്പലത്തിന്റെ കിഴക്ക് സ്ഥാനത്ത് പുതിയൊരു ക്ഷേത്രം പണിത് ദേവവിഗ്രഹത്തെ യഥാവിധി പ്രതിഷ്ഠിക്കണം എന്ന് തീരുമാനിച്ചു. അവർ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഇരിക്കവെയാണ് തെക്കുംകൂർ ദേശത്തെ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയെന്നും അതിനെ സംബന്ധിച്ചുള്ള പോലീസ് അന്വേഷണം നടക്കുകയാണെന്നും വാർത്ത വരുന്നത് . വെള്ളത്തിൽ നിന്നൊരു വി ഗ്രഹം കിട്ടിയെന്നറിഞ്ഞ് പോലീസുകാർ നീലാണ്ടൻ പോറ്റിയെ അന്വേഷിച്ചു വന്നു. അവർ,അദ്ദേഹത്തിന് കിട്ടിയ വിഗ്രഹം തീണ്ടാപ്പടകലെ നിന്ന് വീക്ഷിച്ചു. തെക്കും കൂറ് കാണാതായ വിഗ്രഹവുമായി ഈ വിഗ്രഹത്തിന് സാമ്യമുണ്ടെന്ന് അവർക്ക് മനസിലായി. അതിനാൽ തെക്കുംകൂർ ക്ഷേത്ര കാര്യക്കാരെയും ശാന്തിക്കാരനെയും ഇങ്ങോട്ടു വരുത്തി. ശാന്തി, വിഗ്രഹം കയ്യിലെടുത്ത് പരിശോധിച്ചു. "ഇത് അവിടെ കാണാതായ വിഗ്രഹം തന്നെയാണ്. ചെറിയൊരു നിറവ്യത്യാസം ഉണ്ടെന്നേയുള്ളൂ.' "അത് കുറേ ദിവസം വെള്ളത്തിൽ കിടന്നതുകൊണ്ടാകാം' കാര്യദർശിയും ശാന്തിയുടെ അഭിപ്രായത്തെ പിന്താങ്ങി. ഇത്രയുമായപ്പോൾ പോലീസ്, ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. "വേണമെങ്കിൽ നമുക്ക് ശാസ്ത്രീയ പരിശോധന നടത്താം.' കാര്യദർശി അതിനെ എതിർത്തു: "പാടില്ല. വിഗ്രഹം അങ്ങനെ പലരും തൊട്ടശുദ്ധമാക്കാൻ പാടില്ല.' "ശാന്തി പറഞ്ഞല്ലോ അവിടുത്തെ വിഗ്രഹം ഇതുതന്നെയാണെന്ന്. ഇക്കാര്യത്തിൽ ശാന്തി തന്നെയാണ് അവസാനവാക്ക്.' സഹകാര്യക്കാരും അഭിപ്രായ ഐക്യം പ്രകടിപ്പിച്ചു. പിന്നെ വൈകിയില്ല, നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിഗ്രഹം തെക്കുംകൂർകാർക്ക് വിട്ടുകൊടുത്തു. അവർ ശാന്തിയുടെ നേതൃത്വത്തിൽ യഥാവിധി പുനപ്രതിഷ്ഠ നടത്തി, പൂജാകർമങ്ങൾ പുനരാരംഭിച്ചു. വിഗ്രഹം കിട്ടിയെങ്കിലും വിഗ്രഹ മോഷ്ടാവിനെ കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയില്ല. മാസം രണ്ടു കഴിഞ്ഞപ്പോൾ, അന്വേഷണം ഊർജിതമാക്കണം എന്നാവശ്യപ്പെട്ടു നാട്ടുകാർ മന്ത്രിയെ കണ്ടു. മന്ത്രി പോലീസുദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞു. "സർ, ചോദ്യംചെയ്യൽ തുടർന്നുവരുന്നു.' - അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. "മോഷ്ടാവിന്റെ കാര്യം പറയൂ'-മന്ത്രി. "കള്ളനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല സാർ' - അന്വേഷണ ഉദ്യോഗസ്ഥൻ "എന്നു പറഞ്ഞാലെങ്ങനെ? ഐജി എന്തു പറയുന്നു?'. ഐജി പറയാൻ തുടങ്ങുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ തുടർന്നു. "വേറൊരു മാർഗമുണ്ട് സർ.' " പറയൂ' -മന്ത്രി."ആ പോറ്റി ,സ്വപ്ന ദർശനത്തിലാണ് വെള്ളത്തിൽ കിടക്കുന്ന വിഗ്രഹത്തെക്കുറിച്ച് അറിഞ്ഞത്. അങ്ങനെയെങ്കിൽ ആ സ്വപ്നത്തിന്റെ പൂർണ്ണരൂപം കിട്ടുകയാണെങ്കിൽ അതിൽ കള്ളനെ കുറിച്ചുള്ള സൂചനയും ഉണ്ടാകും' -അന്വേഷണ ഉദ്യോഗസ്ഥൻ "അത് ആ പോറ്റിയോടു തന്നെ ചോദിച്ചാൽ പോരേ ?'-മന്ത്രി. "ചോദിച്ചു പക്ഷേ അദ്ദേഹത്തിന് എല്ലാം ഓർമയില്ല എന്നാണ് പറയുന്നത് ' -അന്വേഷണ ഉദ്യോഗസ്ഥൻ. "പിന്നെന്ത് ചെയ്യും?'- മന്ത്രി. "മറന്നതെല്ലാം മണി മണി പോലെ പറയിക്കുന്ന ഒരു വേലാം പിള്ള സ്വാമിയുണ്ട്. അദ്ദേഹം പഴയ ഒരു പോലീസുകാരനാണ്. ഇപ്പോൾ ആശ്രമത്തിലെ സ്വാമിയാണ്'. -അന്വേഷണ ഉദ്യോഗസ്ഥൻ "വല്ല മൂന്നാം മുറ പ്രയോഗത്തിലൂടെയാണോ പറയിപ്പിക്കുന്നത്?'-മന്ത്രി. "അല്ലയല്ല. അദ്ദേഹം ചില ആഭിചാരക്രിയകളിലൂടെ പോറ്റി കണ്ട സ്വപ്നം മുഴുവൻ പറയിക്കും.' - അന്വേഷണ ഉദ്യോഗസ്ഥൻ "ഇതൊക്കെ നടക്കുന്ന കാര്യമാണോ?' -മന്ത്രി. "സാർ ഇതിനു മുമ്പും അപൂർവ്വം ചില കേസുകളിൽ രഹസ്യമായി ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്'. - അന്വേഷണ ഉദ്യോഗസ്ഥൻ "ഐജി എന്തുപറയുന്നു?' -മന്ത്രി. "ഇത്തരം അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും ഫോഴ്സിനു പറ്റിയ പണി അല്ല സർ.' - ഐ.ജി. "ഓകെ. ഐ എഗ്രീഡ്. ദെൻ വാട്ട് ഈസ് നെക്സ്റ്റ്?'-മന്ത്രി. "സ്വപ്നത്തെക്കുറിച്ച് പഠനം നടത്തുന്ന പല ഡോക്ടർമാരും ഉണ്ട് നമുക്ക് അവരുടെ സഹായം തേടാം. അവർക്ക് ആ പോറ്റിയെ വിട്ടുകൊടുത്താൽ ഒരാഴ്ചയ്ക്കകം ആ സ്വപ്നത്തിന്റെ ഫുൾ ഡീറ്റെയിൽസ് കളക്ട് ചെയ്തു തരും.' - ഐ.ജി "ഓക്കേ അതുമതി. അതാകുമ്പോ ഒരു ശാസ്ത്രീയ അടിത്തറയുണ്ട്. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരല്ല ഇവിടെയുള്ളത്.'-മന്ത്രി. കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പ്രഖ്യാപിച്ചു: "ഒരു മാസത്തിനകം കള്ളനെ കസ്റ്റഡിയിലെടുത്തിരിക്കും.' ഈ സമയം വിഗ്രഹമോഷ്ടാവ് വടക്കോട്ടുള്ള ഒരു ട്രെയിനിൽ യാത്രയിലാണ്. അയാളുടെ കൈയിലിരിക്കുന്ന ദിനപത്രത്തിൽ തെക്കുംകൂർ ദേശത്തെ വിഗ്രഹമോഷണവും മന്ത്രിയുടെ പ്രഖ്യാപനവും പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്. മോഷ്ടാവ് പിടിയിലായില്ലെങ്കിലും മോഷണം പോയ വിഗ്രഹം ചുരുങ്ങിയ നാളുകൾക്കുള്ളിൽ കണ്ടെടുത്ത പോലീസ് ഫോഴ്സിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തിരിക്കുന്നു. ആ വാർത്ത വായിച്ച്, താൻ ആസൂത്രണം ചെയ്ത പദ്ധതി വിജയിച്ചതിൽ മോഷ്ടാവ് ആശ്വാസം പൂണ്ടു. തെക്കുംകൂറു നിന്ന് താൻ കട്ടെടുത്ത പഞ്ചലോഹ വിഗ്രഹം നേരെ തമിഴ്നാട്ടിൽ കൊണ്ടുപോയി, അതേ രൂപത്തിലുള്ള ഡ്യൂപ്ലിക്കേറ്റ് വിഗ്രഹം നിർമിക്കുകയും അതിനെ ഇവിടെ കൊണ്ടുവന്ന് ആറ്റിൽ ഒഴുക്കുകയും ചെയ്തത് ജനങ്ങളെയും പോലീസിനെയും തെറ്റിധരിപ്പിക്കാൻ വേണ്ടിത്തന്നെയായിരുന്നു. അയാൾ തന്റെ അരികിലിരുന്ന ബാഗ് സാവധാനം തുറന്ന് യഥാർഥ വിഗ്രഹം ബാഗിനുള്ളിൽ തന്നെയുണ്ട് എന്ന് ഉറപ്പു വരുത്തി. കോറിഡോറിലൂടെ ആരൊക്കെയോ നടന്നുവരുന്ന ശബ്ദം കേട്ട് അയാൾ ബാഗ് അടച്ച് സീറ്റിനടിയിലേക്ക് മാറ്റിവച്ചു.. പോലീസാണെന്നു തോന്നുന്നു. റെയിൽവേ പോലീസ്!. അയാൾ വേഗം കണ്ണുകളടച്ച് ഉറക്കം നടിച്ചു.
വി.സുരേശൻ നർമ്മകൈരളി
ADVERTISEMENT
എഴുത്തിന്റെ കാലരഥ്യകൾ
എഴുത്തിനെ സർഗാത്മക വ്യക്തിത്വമാർന്ന നേരുകൾ കൊണ്ട് ആഴത്തിൽ അടയാളപ്പെടുത്തുന്ന എഴുത്തുകാരനാണ് കാരൂർ സോമൻ. കാരൂർ എഴുതുമ്പോൾ കാലം ആവശ്യപ്പെടുന്ന സർഗാത്മകവാസനകളുടെ തീക്ഷ്ണ സാന്നിദ്ധ്യങ്ങൾ സുവ്യക്തതയോടെ എഴുത്തിൽ പ്രതിഫലിക്കുന്നതുകാണാം. വൈവിദ്ധ്യമാണ് കാരൂർ രചനകളുടെ പ്രത്യേകത. നാം നോക്കി നിൽക്കേ കടൽത്തിരകൾ വിസ്മയമാകുന്നതു പോലെ ഈ രചനകളിലെ ഉന്നത ശീർഷമായ അനുഭവതല ങ്ങൾ ആരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഇത് മൗലികത്വമേറെയുള്ള ഒരെഴുത്തുകാരന് മാത്രം അവകാശപ്പെടാവുന്ന കരുത്തും സൗന്ദര്യവുമാണ്. എഴുത്തു വിഷയങ്ങളിൽ കാരൂർ പുലർത്തുന്ന ജാഗ്രത ഏറെ പ്രത്യേകതയുള്ളതാണ്. മുഖ്യമായും സർഗാത്മക സാഹിത്യ കാരൻ എന്ന ശീർഷകത്തിലാണ് മലയാളികൾ അധികവും കാരൂർ സോമനെ വായിച്ചിട്ടുള്ളതെങ്കിലും ഈ എഴുത്തുകാരൻ ശ്രദ്ധ കൊടുക്കാത്ത ഒരു വിഷയവുമില്ല എന്നത് അദ്ദേഹത്തിന്റെ പ്രബലമായ സാഹിത്യ സേവനങ്ങൾ തിരിച്ചറിഞ്ഞാൽ മനസിലാകാനാകും. ശാസ്ത്രം, കായികം, വൈജ്ഞാനികമേഖല, വൈജ്ഞാനിക മേഖലയിൽ തന്നെ വ്യത്യസ്തങ്ങളായ വിഷയസ്വീകരണ ങ്ങൾ തുടങ്ങി എത്രയെത്ര കൃതികളാണ് കാരൂർ ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത്. ഒരർഥത്തിൽ വൈജ്ഞാനിക മേഖലയ്ക്കും യാത്രാവിവരണ സാഹിത്യത്തിനും ഈ എഴുത്തുകാരൻ നൽകിയിട്ടുള്ള സേവനങ്ങൾ വിലമതിക്കത്തക്കതു തന്നെയാണ്. നടന്ന ദൂരങ്ങളോ കണ്ടകാര്യ ങ്ങളോ അല്ല യാത്രാപുസ്തകങ്ങളിലെ പ്രധാന പ്രതിപാദ്യവിഷയം. ഓരോ രാജ്യത്തെയും ജീവിതാ നുഭവങ്ങളുടെ നേർചിത്രമാണ് കാരൂരിലെ യാത്രികൻ കണ്ടെത്തുന്നത്. അതിൽ നരവംശ ശാസ്ത്രം മുതൽ കതിർക്കനമുള്ള ജീവിതാനുഭവങ്ങൾ വരെയുണ്ട്. ചരിത്രവും സംസ്കാരവും ഊടും പാവുമായി വർത്തിക്കുന്ന ഈ യാത്രാപുസ്തകങ്ങൾ മനുഷ്യേതിഹാസത്തിന്റെ അർത്ഥവ ത്തായ ശേഷിപ്പുകൾ കൂടിയാണ്. കാരൂർ സോമന്റെ മറ്റൊരു മേഖല നോവലും കഥകളുമാണ്. കാരൂരിന്റെ നോവലുകൾ കരുത്തുറ്റ ജീവിതഗന്ധികളാണ്. തീക്ഷ്ണമായ ജീവിത മുഹൂർത്ത ങ്ങളുടെ ഒഴുകിപ്പരക്കലുകളാണ് നോവലുകളിൽ സംഭവിക്കുന്നത്. അതിൽ തനി നാട്ടുമ്പുറത്തിന്റെ അനുഭവവർത്തമാനങ്ങളും പ്രവാസ ജീവിതത്തിന്റെ അസ്വസ്ഥതകളുമുണ്ട്. ഇത് പലതും വിഷ്യൽ സെൻസിബിലിറ്റി അനുഭവപ്പെടുത്തുന്നവയാണ്. നമ്മുടെ ചുറ്റുപാടു കളിലെവി ടെയോ സംഭവിച്ച ജീവിതം തന്നെയല്ലേ ഈ നോവലുകളിലെ ഇതിവൃത്തങ്ങൾ എന്നു തോന്നും. കാരണം അത്രയേറെ പെർഫെക്ഷൻ ഈ നോവലുകളുടെ അവതരണത്തിലുണ്ട്. കഥാപാത്രങ്ങൾ കൃത്യമായും പൗരബോധമുള്ളവരും ആദർശ സംസ്കാരമുള്ളവരുമാണ്. ആത്യന്തിക മായി ജീവിതം തന്നെയാണ് പ്രധാന വിഷയമെങ്കിലും വൈവിദ്ധ്യമാർന്ന നേരനുഭവങ്ങൾ കൊണ്ടുള്ള പൂരണമാണ് ഈ നോവലുകൾ എന്ന് ഒറ്റവാക്കിൽ പറയാം. ഇത് മലയാളത്തിൽ ഏറെ പുതുമയുള്ള ഒരനുഭവമാണ്. കഥയിലെത്തുമ്പോൾ കാരൂരിലെ എഴുത്തുകാരൻ ഏറെ പിശുക്കനായിതോന്നാം. കഥയിലെ ജീവിതം നോവലിന്റെ സത്ത പിഴിഞ്ഞെടുത്ത ഒന്നാണോ എന്ന് തോന്നാം. അത്രയേറെ സൂക്ഷ്മവിചിന്തനത്തിലൂടെയാണ് കാരൂർ കഥ പറയുന്നത്. ഇതിൽ മനുഷ്യന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങൾ കൂടി ആധികാരികമായി ചർച്ചചെയ്യുന്നുണ്ട്. കാരൂർ സോമന്റെ കൃതികളെക്കുറിച്ചുള്ള പഠനപുസ്തകം (Book Cross Publica/Amazon) "കാലത്തിന്റെ എഴുത്തകങ്ങൾ' തയാറാക്കുന്ന കാലത്ത് നിരവധി തവണ കാരൂരിന്റെ സാഹിത്യ മേഖലകളിലേക്ക് കടന്നു പോകാൻ കഴിഞ്ഞിരുന്നു. ഒരു തുറമുഖത്തു നിന്ന് അടുത്ത തുറ മുഖത്തേക്കുള്ള യാത്ര പോലെയാണ് എനിക്കീ സാഹിത്യം അനുഭവപ്പെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് കാരൂർസാഹിത്യത്തെക്കുറിച്ച് വിമർശനാത്മകമായൊരു പഠനം തയാറാക്കി അവതരിപ്പിച്ചത്. എന്നാൽ കാരൂർ സോമൻ ഭാഷയ്ക്ക് നൽകുന്ന ഈടുറ്റ സംഭാവനക ളെക്കുറിച്ച് ആ പഠനത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല എന്നത് ഒരു കുറവായി എനിക്ക് പിൽ ക്കാലത്ത് തോന്നി. അത് ഭാഷാ ചരിത്രത്തിൽ മുഖ്യമായി ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. അത്ര മാത്രം ആഴമേറിയ സാഹിത്യസഞ്ചാര പാതകളാണ് കാരൂർ ഈ സാഹിത്യജീവിതത്തിനിടയിൽ വരഞ്ഞിട്ടിരിക്കുന്നത്. പഠനവിശകലനത്തിനിടയിൽ കാരൂർ സോമന്റെ സാഹിത്യ ജീവിതത്തിലെ ശ്രദ്ധേയങ്ങ ളായ നേട്ടങ്ങൾ കൂടി രേഖപ്പെടുത്തണ്ടതായിട്ടുണ്ട്. 1-4-1985 മുതൽ 5-8-2024 വരെ "ക' എന്ന ആദ്യാക്ഷരമാലയിൽ അറുപത്തിയെട്ടോളം കൃതികൾ എഴുതിയ എഴുത്തുകാരനാണ് അദ്ദേഹം. ഇത് ലോക സാഹിത്യത്തിൽ തന്നെ ആപൂർവ്വമായൊരു അനുഭവമാണ്. ഇത്തരമൊരു രേഖപ്പെ ടുത്തൽ ഇന്നേവരെ സാഹിത്യലോകത്ത് സംഭ വിച്ചിട്ടില്ല. മറ്റൊന്ന് 13-12-2021-ൽ യു.ആർ.എഫ് ലോകറിക്കാർഡിൽ കാരൂർ സോമൻ എന്ന എഴുത്തുകാരൻ സ്ഥാനം പിടിച്ചു എന്നുള്ളതാണ്. ഇത് ലോക സാഹിത്യത്തിലാദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ (34 പുസ്തകങ്ങൾ) പ്രകാശനം ചെയ്തതിന്റെ അംഗീകാരമായിരുന്നു അത്. പന്ത്രണ്ട് വ്യത്യസ്തമേഖലകളിലാണ് കാരൂർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1985-മുതൽ തുടങ്ങിയ ഈ സാഹിത്യസപര്യയിൽ നാടകം, സംഗീത നാടകം, നോവൽ, ബാല നോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥകൾ, കഥകൾ, ഇംഗ്ലീഷ് കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ ജീവചരിത്രം, ശാസ്ത്ര-കായിക തുടങ്ങിയ കൃതികൾ ഭാഷയ്ക്ക് നൽകുന്ന സംഭാവനകൾ ഒറ്റവാക്കിൽ രേഖപ്പെടുത്താനാവില്ല. ഇതേ അനുഭവത്തിന്റെ മറുപാതിയിൽ നിന്നാണ് 1978 മുതൽ കാരൂർ നടത്തിയ വിദേശ യാത്രകളുടെ സമ്പുടം യാത്രാവിവരണ പുസ്തകങ്ങളായി പുറത്തു വന്നിട്ടുള്ളത്. മലയാളത്തിലെ സഞ്ചാര സാഹിത്യത്തിന് ലഭിച്ച എക്കാലത്തെയും മികച്ച കൃതികൾ തന്നെയാണ് ഇവ എന്നതിൽ സംശയ മില്ല. പതിനൊന്നോളം കൃതികളാണ് ഈ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവന. ആഗോള സാഹിത്യജേർണലായ ജയിറ്റിൽ (01-01-2019) മലയാളത്തിലാദ്യമായി ഇംഗ്ലീഷ് നോവലിന് (Malabar A Flame/Karoor Soman) റിവ്യൂ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ന്യൂഡൽഹിയിലെ ജയിൻ യൂണിവേഴ്സിറ്റി റിസേർച്ച് സ്കോളർ മിസ്. ചിത്ര സൂസൻ തമ്പിയാണ് റിവ്യൂ എഴുതിയത്. ന്യൂഡൽ ഹായിലെ മീഡിയ ഹൗസും ആമസോണുമാണ് നോവൽ പ്രസിദ്ധം ചെയ്തിട്ടുള്ളത്. കോഴിക്കോട് പൂർണ്ണ പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച കാരൂരിന്റെ ""കാൽപ്പാടുക'ളാണ് യൂറോ പ്പിൽ നിന്ന് (05-11-2007) ആദ്യമായി മലയാളത്തിൽ വന്ന നോവൽ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് (05-08-1999, 2011 തോപ്പിൽ ഭായിയുടെ അവതാരിക) ആദ്യമായി മലയാളത്തിന് ലഭിച്ച സംഗീത നാടകം "കടലിന ക്കരെ എംബസി സ്കൂൾ' ഏറെ ശ്രദ്ധേയമായിരുന്നു. സ്വതന്ത്ര സാഹിത്യ രചനകൾക്ക് പുറമേ യൂറോപ്പിൽ നിന്ന് ആദ്യ മായി (05-08-2005)മലയാളത്തിൽ പുറത്തു വന്ന സാഹിത്യമാസികയായ "പ്രവാസി മലയാള' ത്തിന്റെ ചീഫ് എഡിറ്ററും കാരൂർ സോമനായിരുന്നു. അദ്ദേഹത്തിന്റെ "ദി മലബാർ എ ഫ്ളിം' (2021) എന്ന ഇംഗ്ലീഷ് നോവൽ ആമസോൺ ബെസ്റ്റ് സെല്ലറാണ്. 2022-ൽ ആമസോൺ ഇന്റർനാഷണൽ സാഹിത്യ പുരസ്കാരം ഏറെ ശ്രദ്ധേയമായ ഒരംഗീകാരമായിരുന്നു. 2020 മുതൽ ആഗോള പ്രസിദ്ധ ലിമവേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കെ.പി.ആമസോൺ പബ്ളിക്കേഷൻ, കാരൂർപബ്ലിക്കേഷൻ തുടങ്ങി പ്രസാധക സംരംഭങ്ങളുടെ നേതൃത്വവും അദ്ദേഹം വഹിക്കുന്നുണ്ട്. ഇന്നും ലോകമെങ്ങുമെഴു തുന്ന മറ്റൊരു സാഹിത്യകാരനുണ്ടോ എന്നത് സംശയമാണ്.
ഡോ. മുഞ്ഞിനാട് പത്മകുമാർ
പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങൾ
പ്രശസ്ത പ്രവാസി സാഹിത്യകാരനും ലോക റിക്കാർഡ് ജേതാവ് (യുആർഎഫ്) കാരൂർ സോമനുമായി എഴുത്തുകാരൻ അഡ്വ.പാവുമ്പ സഹദേവൻ നടത്തിയ അഭിമുഖത്തിൽ നിന്ന് 1. താങ്കളുടെ കലാപ്രപഞ്ചം ആരംഭിക്കുന്നത് ഹൈസ്കൂൾ പഠനകാലം മുതലെന്നറിയാം. ആരാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്? * എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പണ്ഡിത കവി കെ.കെ.പണിക്കർ സാർ ചാരുംമൂടിന് തെക്ക് ഗുരുമന്ദിരത്തിൽ മലയാളം വിദ്വാൻ പഠിപ്പിച്ചത്. ഞാൻ പൊട്ട കവിതകൾ എഴുതി അദ്ദേഹത്തെ കാണിക്കുമായിരിന്നു. അദ്ദേഹം വെട്ടിയും തിരുത്തിയും തരും. അത് ബാലരമയ്ക്ക് അയക്കും.അതിൽ വരുമ്പോൾ സ്വയം വലിയ എഴുത്തുകാരനായി പൊങ്ങി നടക്കും. അദ്ദേഹമാണ് എന്നെ വ്യർത്തം, അലങ്കാരമൊക്കെ പഠിപ്പിച്ചത്. പിന്നീട് റേഡിയോ നാടകങ്ങൾ എഴുതി. നാല് റേഡിയോ നാടകങ്ങൾ തിരുവനന്തപുരം, തൃശൂർ റേഡിയോ നിലയങ്ങൾ പ്രക്ഷേപണം ചെയ്തു. ഇതെല്ലാം എന്റെ ആത്മകഥ "കഥാകാരന്റെ കനൽ വഴികൾ' (പ്രഭാത് ബുക്ക്, പേജ് 35) എന്റെ വഴികാട്ടിയായ ഗുരുനാഥനെ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമയുടെ കേരള യുവസാഹിത്യ സംഖ്യം കെ.പി.കേശവമേനോൻ, തിരുനല്ലൂർ കരുണാകരൻ, ഡോ.കെ.എം.ജോർജ്, കാക്കനാടൻ അങ്ങനെ പല പ്രമുഖരുണ്ട്. അതിൽ രണ്ടുപേരാണ് തകഴി ശിവശങ്കരപ്പിള്ള, തോപ്പിൽ ഭാസി. 1990-ൽ എന്റെ ആദ്യ നോവൽ "കണ്ണീർപ്പൂക്കൾ' അവതാരിക എഴുതിയത് തകഴിയാണ് (എസ്.പി.സി. എസ്/എൻ.ബി.എസ്) 1996-ൽ ഗൾഫിൽ നിന്നുള്ള മലയാളത്തിലെ ആദ്യ സംഗീത നാടകം "കടലിനക്കരെ എംബസി സ്കൂൾ' അവതാരിക എഴുതിയത് തോപ്പിൽ ഭാസിയാണ് (അസെൻഡ് ബുക്ക്സ്). 2. സാഹിത്യത്തെ കാണുന്നത് ഗൗരവമായിട്ടാണോ? താങ്കളുടെ മുഖം വളരെ ഗൗരവത്തിലാണല്ലോ? ഇത്ര ഗൗരവമുള്ള വ്യക്തി സാഹിത്യത്തിൽ സൗന്ദര്യം കണ്ടെത്തുന്നത് എങ്ങനെയാണ്? * സാഹിത്യം സുഗന്ധം പരത്തുന്ന ഒരു പൂവ് പോലെയാണ്. ദുർഗ്ഗന്ധം വമിക്കുന്ന ജീവിതാനുഭവങ്ങ ളിൽ നിന്നാണ് നല്ല രചനകൾ രൂപപ്പെടുന്നത്. ലോക സാഹിത്യം വിപ്ലവം സൃഷ്ടിച്ചത് അങ്ങനെയാണ്. വെല്ലുവി ളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ. അവർ ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്നു. സ്വർണ്ണം കുഴിച്ചെടുക്കുന്നതുപോലെ സാഹിത്യ പ്രതിഭകൾ ജീവിതത്തെ ആഴത്തിൽ കണ്ടെത്തി സൗന്ദര്യം കണ്ടെത്തുന്നു. വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിൻ ഗൗരവക്കാരനായിരിന്നു. വെള്ളിത്തിരയിൽ അദ്ദേഹം ജനങ്ങളെ ചിരിപ്പിച്ചു. കേരളത്തിൽ പൊൻകുന്നം വർക്കിയടക്കം പലരും ഗൗരവക്കാരയിരുന്നു. 3. പന്ത്രണ്ട് രംഗങ്ങളിൽ താങ്കളുടെ 68 പുസ്തകങ്ങളുണ്ട്. ഇംഗ്ലീഷ് നോവൽ, കഥ ഒഴിച്ചുനിർത്തി യാൽ 1985-മുതലുള്ള ഈ പുസ്തകങ്ങൾ 'ക' എന്ന അക്ഷരമാലയിൽ തുടങ്ങാനുള്ള കാരണമെന്താണ്? * ഇത് പലരും ചോദിക്കുന്ന ചോദ്യമാണ്. ലോക സാഹിത്യത്തിലാരും ഇങ്ങനെ എഴുതി കാണില്ല. ആദ്യ സംഗീത നാടകം 1985-ൽ "കടൽക്കര' (വിദ്യാർഥിമിത്രം, അവതാരിക ശ്രീമൂലനഗരം വിജയൻ) തുടങ്ങി 2023-ൽ ഇറങ്ങിയ "കാറ്റിൽ പറക്കുന്ന പന്തുകൾ'(സ്പെയിൻ യാത്രാവിവരണം-പ്രഭാത് ബുക്ക്/കെ.പി.ആമസോൺ പബ്ലിക്കേഷൻ) അവതാരിക സി.രാധാകൃഷ്ണൻ). 2024-ൽ ഇറങ്ങിയ "കാർപ്പത്തിയൻ പർവ്വതനിരകൾ'(റൊമാനിയ) അടക്കം "ക' എന്ന ആദ്യാക്ഷരത്തിലാണ് തുടക്കം. എന്റെ വീട്ടു പേരിന്റെ ആദ്യ അക്ഷരമാണ് 'ക'. ആദ്യം നന്ദി രേഖപ്പെടുത്തേണ്ടത് കുടുംബത്തിനാണ്. 4. ഇന്ന് സാഹിത്യത്തിന്റെ രൂപത്തിലും ഭാവത്തിലും ധാരാളം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാ ണല്ലോ? എങ്ങനെ കാണുന്നു? * ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ് സാഹിത്യ സൃഷ്ടികൾ. സാമൂഹ്യ രംഗത്ത് ഭീകരതകൾ നടമാടുമ്പോൾ എഴുത്തുകാർ വിറങ്ങലിച്ചും ഭയന്നും നിൽക്കുന്നത് കാണാറുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാർ കുറഞ്ഞുകൊണ്ടിരിക്കുന്നു. അധികാരികൾ നൽകുന്ന പദവി, പുരസ്ക്കാരത്തിലാണ് എല്ലാ വരുടെയും ശ്രദ്ധ. കവിതകളെടുത്താൽ പലരും വിളയാടുന്നത് സോഷ്യൽ മീഡിയയിലാണ്. അവരുടെ ഗുരു ക്കന്മാരും സോഷ്യൽ മീഡിയകളാണ്. അവിടെ ധാരാളം സ്തുതിപാഠകരെ കിട്ടും. ഒരിക്കൽ സുഗതകുമാരി ടീച്ചറുമായി സംസാരിച്ചു. ഞാൻ ചോദിച്ചു. ടീച്ചർ ഇപ്പോൾ കവിതകൾ എഴുതുന്നില്ലേ? എനിക്ക് കിട്ടിയ ഉത്തരം. 'അയ്യോ മുക്കിലും മൂലയിലും ബെല്ലും ബ്രേക്കുമില്ലാത്ത കവികളാണ്. അങ്ങോട്ട് പോകാൻ ഭയമാണ്'. ഇത് പത്രത്താളുകളിലും വന്നിരിന്നു. കവിതകളുടെ കാല്പനിക ബോധമില്ലാത്ത പലരും കവികളാണ്. കവിത യിൽ മാത്രമല്ല പലതിലും കാവ്യദോഷമുണ്ട്. 5. പ്രവാസ സാഹിത്യത്തിൽ പലരും കാശ് കൊടുത്തു് എഴുതിക്കുന്നവരെന്ന് കേൾക്കുന്നത് ശരി യാണോ? * കൈരളി സാഹിത്യ ജാലകത്തിൽ 2008-ലെ അഭിമുഖത്തിൽ ഡോ.മിനി നായർ ചോദിച്ച ചോദ്യമാ ണിത്. ആ ഉത്തരമാണ് ഇന്നും പറയാനുള്ളത് കാശുണ്ടെങ്കിൽ എഴുത്തുകാരനുമാകാം. എന്ന് കരുതി എല്ലാ വരും അത്തരക്കാരല്ല. സർഗ്ഗധനരായ എഴുത്തുകാരുമുണ്ട്. ഇൻഫൊർമേറ്റീവ്/വൈഞ്ജാനിക ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നവരെ ഈ ഗണത്തിൽപ്പെടുത്തരുത്. 6. താങ്കൾ 2005-ൽ യൂറോപ്പിൽ നിന്ന് ആദ്യത്തെ മലയാളം മാസിക 'പ്രവാസി മലയാളം' കാക്കനാടൻ ചീഫ് എഡിറ്ററായി പ്രസിദ്ധികരിച്ചത് അറിയാം. ഇപ്പോൾ നടത്തുന്ന ലിമ വേൾഡ് ലൈബ്രറി, കെ.പി. ആമ സോൺ പബ്ലിക്കേഷൻ എങ്ങനെ പോകുന്നു? * ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ ലോകമെങ്ങുമുള്ള എഴുത്തുകാരുടെ കൂട്ടായ്മ യാണ്. മലയാളം ഇംഗ്ലീഷ് പ്രസിദ്ധീകരിക്കുന്നു വിദേശത്തുള്ള സാഹിത്യ ഓൺലൈൻ ആണ്. ഇതിന്റെ ഉപദേശകർ സി.രാധാകൃഷ്ണൻ, ഡോ.ജോർജ് ഓണക്കൂർ, സബ് എഡിറ്റർ ഡോ.സുനിത ഗണേഷ് ആണ്. കെ.പി.ആമസോൺ പബ്ലിക്കേഷൻ മന്ദഗതിയിൽ പോകുന്നു. ലിമ വേൾഡ് ലൈബ്രറിക്ക് ഒരു സാഹിത്യ ഗ്രൂപ്പുണ്ട്. എഴുത്തുകാരായ മിനി സുരേഷ്, മോഹൻദാസ് മുട്ടമ്പലം, ഗോപൻ അമ്പാട്ട്, ജോൺസൻ ഇരിങ്ങോൾ അതിനെ നയിക്കുന്നു. ലോകമെങ്ങുമുള്ള വായനക്കാരിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നു. 7. താങ്കളുടെ കഥ "അബു' സിനിമയായല്ലോ. ഏതെങ്കിലും നോവൽ, കഥ സിനിമയോ ടെലിഫിലിം ആകുമോ? * നോവൽ "കന്യാസ്ത്രീകാർമേൽ' ക്രൈം നോവൽ 'കാര്യസ്ഥൻ' ചർച്ചകൾ നടക്കുന്നു. കഥകൾ പലതും ടെലിഫിലിം ആയിട്ടുണ്ട്.എന്റെ സാഹിത്യ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്ററിയും യൂട്യൂബിലുണ്ട്. 8. താങ്കളുടെ അക്ഷര ലോകത്തെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാർ ഒരു പഠന ഗ്രന്ഥം "കാലത്തിന്റെ എഴുത്തുകൾ' പുറത്തുവന്നല്ലോ. എന്താണ് അതിനുള്ള പ്രതികരണം? * പ്രവാസ സാഹിത്യത്തിൽ നിന്ന് ആദ്യമായിട്ടാണ് ഭാഷ സാഹിത്യവുമായി ബന്ധപ്പെട്ടുള്ള ഒരു പഠന ഗ്രന്ഥം പുറത്തുവരുന്നത്. പല പ്രമുഖ എഴുത്തുകാർ അഭിപ്രായപ്പെട്ടത് സാഹിത്യ രംഗത്തുള്ളവർ വായിച്ചിരി ക്കേണ്ട കൃതിയെന്നാണ്. ഇത് ലിമ വേൾഡ് ലൈബ്രറി, അമേരിക്കയിലെ ഈ മലയാളി, യൂറോപ്പിലെ യുക്മ ന്യൂസ്, ഓസ്ട്രേലിയയിലെ മലയാളി പത്രമടക്കം പരമ്പരയായി കൊടുത്തിട്ടുണ്ട്. 9. ധാരാളം യാത്രാവിവരണങ്ങൾ ഓസ്ട്രിയ, കടലിനക്കരെയിക്കരെ (യൂറോപ്പ്), ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ഫിൻലൻഡ്, ആഫ്രിക്കയടക്കം മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിനാല് നോവലു കൾ ഇംഗ്ലീഷ് അടക്കമെഴുതി. 10. ഇപ്പോൾ എഴുതുന്ന പുസ്തകം ഏതാണ്? പുറത്ത് വരാനിരിക്കുന്നത് ഏതൊക്കെ? * ഇപ്പോൾ എഴുതുന്നത് മാസിഡോണിയയുടെ യാത്രാവിവരണം "കാലമുണർത്തിയ രാജസിംഹങ്ങൾ' അച്ചടിയിലുള്ളത് 'ചിലന്തി വലകൾ' എന്ന കഥാസമാഹാരമാണ്. 11. താങ്കൾ 67 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അടുത്ത കാലത്തു ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു? * ഏഥൻസ്, റൊമാനിയ, സ്വിറ്റ്സർലൻഡ്, മാസിഡോണിയ, ബൾഗേറിയയാണ്. 12. ഇന്നത്തെ പ്രവാസ സാഹിത്യത്തിന്റെ വിശദ ചിത്രം എന്താണ്? എന്താണ് പുതിയ എഴുത്തുകാരോട് പറയാനുള്ളത്? * ചില അഭിനവ എഴുത്തുകാർ വിലപിടിപ്പുള്ള സമ്മാനപ്പൊതികൾ, രാഷ്ട്രീയ ഇടപെടലുകൾ നടത്തി യാണ് പുസ്തകങ്ങൾ പുറത്തിറക്കുന്നത്. കേരളത്തിൽ നിന്ന് കണ്ടുപഠിച്ചതാകാം. സാഹിത്യ പ്രവർത്തക സഹകരണ സംഘമടക്കമുള്ള സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഇതൊക്കെ സംഭവിക്കുന്നു. ഒരാളുടെ യോഗ്യ തയേക്കാൾ പദവി, പുരസ്ക്കാരങ്ങളിൽ രാഷ്ട്രീയ നിറമാണ് പ്രധാനം. ഇതൊന്നും സാംസ്കാരിക പുരോഗ തിയല്ല. അധോഗതിയാണ്. വായന ശീലം വളർത്തുകയല്ല ഈ കൂട്ടരുടെ ലക്ഷ്യം. പട്ടിണി, ദാരിദ്ര്യം, ജാതിമതം, അഴിമതി വളർത്തി എങ്ങനെ വളരാമെന്നുള്ള ചിന്തയാണ്. പാശ്ചാത്യർ വായനയിലാണ് വളരുന്നത്. ചുരുക്കം ചിലർ പ്രവാസ സാഹിത്യത്തിൽ ഇംഗ്ലീഷ്, മലയാളം എഴുതി പ്രകാശം പരത്തുന്നുണ്ട്. ആ പ്രകാശ രശ്മി പല പ്പോഴും മങ്ങിപ്പോകുന്നതിന്റെ കാരണം കേരളത്തിൽ നിന്ന് വേണ്ടുന്ന പരിഗണനയില്ല. അഥവാ പരിഗണനാ പരിശോധനയുണ്ടെങ്കിൽ കൊടിയുടെ നിറമല്ല നോക്കേണ്ടത് അവരുടെ സംഭാവനകളാണ്. എന്റെ ഇംഗ്ലീഷ് നോവൽ Malabar A Flame, The Dove and Devils ആമസോൺ ബെസ്റ്റ് സെല്ലറിൽ വന്നു. Malabar A Flame നോവലിനെപ്പറ്റി വേൾഡ് ജേർണലിൽ നല്ലൊരു പ്രതികരണമെഴുതി കണ്ടു. ആരും തിരിഞ്ഞുനോക്കിയില്ല. ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം "കടലിനക്കരെ എംബസി സ്കൂൾ' ഞാനെഴുതി. സാഹിത്യ രംഗത്ത് എത്രപേർക്കറിയാം? യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാളം നോവൽ 'കാൽപ്പാടുകൾ' (പൂർണ്ണ പബ്ലി ക്കേഷൻ) ഞാനെഴുതി. എത്ര പേർക്കറിയാം? പ്രവാസി എഴുത്തുകാരോടുള്ള ചിറ്റമ്മ നയം, അവഗണന കേരളം ഇന്നും തുടരുന്നു. പാശ്ചാത്യരെപോലെ എഴുത്തുകാർ നല്ല വായനാശീലം വളർത്തി വളരണം. പലരും ഇന്ന് എഴുത്തിൽ പേരെടുക്കുന്നതിനേക്കാൾ നിലവാരമില്ലത്ത പുരസ്ക്കാരങ്ങൾ വാങ്ങി പേരും പ്രശസ്തിയും എങ്ങനെ പെരുപ്പിച്ചുകാണിക്കാമെന്ന ഓട്ടത്തിലാണ്. ഈ കൂട്ടരെ പുകഴ്ത്തി കാണിക്കാൻ സോഷ്യൽ മീഡിയ, കച്ചവട ഓൺലൈൻ ധാരാളമുണ്ട്. അത് സാഹിത്യ വളർച്ചയല്ല. ആരും കടലാസ് പുലികൾ ആകാതിരിക്കട്ടെ.
കൃഷി മന്ത്രി: വെളിച്ചം വിതറുന്ന കൃതി
ജീവൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ, ചാരുംമൂടിന്റെ “കൃഷിമന്ത്രി” മണ്ണിന്റെ താളമറിയുന്ന ഒരു സ്കൂൾ വിദ്യാർഥി കരുണിന്റെ ജീവിതകഥയാണ്. കൃഷിയെ സ്നേഹിക്കുന്ന താമരക്കുളം സ്കൂളിലെ ഒരു സ്കൂൾ കുട്ടിയുടെ കഥ ഒരു കുസൃതി കണ്ണോടെയാണ് ഞാൻ വായിച്ചു തുടങ്ങിയത്. പച്ചക്കറി സസ്യങ്ങളെ ഹൃദയത്തോടെ ചേർത്ത് ലാളിക്കുന്ന കുട്ടിയിലൂടെ മഹത്തായ ഒരു സന്ദേശമാണ് കൃതി നൽകുന്നത്. സ്കൂളിൽ ആരംഭിച്ച കൃഷി, വീടുകളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പടർന്നു പന്തലിക്കുന്നത് കണ്ട് അവനെ നാട്ടുകാർ കൃഷിമന്ത്രിയെന്ന് വിളിച്ചു. അവനെ സംബന്ധിച്ച് കൃഷിഭൂമി ഐശ്വര്യത്തിന്റെ, വർണ്ണശബളിമയുടെ ഒരു ഉദ്യാനമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് നിന്ന് പച്ചക്കറി സസ്യങ്ങൾക്ക് വെള്ളം തളിച്ചുകൊടുത്തിട്ട് അവസാനത്തെ വയൽക്കിളിയും പോയിട്ടാണ് അവൻ വീട്ടിലേക്ക് മടങ്ങുക. കാരൂരിന്റെ കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച “കിളിക്കൊഞ്ചൽ” ബാല നോവലിൽ ഒരു തത്തയും ചാർളി എന്ന കുട്ടിയുമായിരുന്നെങ്കിൽ ഇവിടെ കരുണിനൊപ്പം സഞ്ചരിക്കുന്നത് കണ്ണൻ എന്ന നായ് ആണ്. കരുണിനെ ഉപദ്രവിക്കാൻ വരുന്നവരെ കണ്ണനാണ് നേരിടുന്നത്. ഈ നോവലിൽ ധാരാളം നാടകീയ സംഭവങ്ങൾ നടക്കുന്നുണ്ട്. അതിൽ അന്ന എന്ന കളികൂട്ടുകാരിയുടെ ഗാന മത്സരത്തിലെ പാട്ടും പാതിരാക്കുളിരുപോലെ തോന്നി.
“അകലെ ഇളം മഞ്ഞിൻ കുളിരുമായി പുലരിപോലൊരു പെണ്‍കിളി മിഴിയിൽ മഴവില്ല് തെളിഞ്ഞു മഴപക്ഷിപോലെ ചിറകടിച്ചു (അകലെ) കഥയറിയാതെ മിഴിറിയാതെ മധുരം പകരാനൊരു മോഹം കഴുത്തിലണിയാൻ മുത്തുപൊലൊരു മാല താലിമാല..താലിമാല (അകലെ) നമുക്ക് പാർക്കാൻ മണിമാളിക അതിൽ നിറയെ പൂങ്കുലകൾ പാറി പറക്കുന്ന കരിവണ്ടുകൾ മാറോടണക്കാൻ വരുമോ കിളിയേ” (അകലെ) കരുണിന്റെ വളർച്ച അധികാരമുള്ള കൃഷിമന്ത്രിയിലേക്കായിരുന്നു. ഒരു കൃഷിമന്ത്രി എങ്ങനെ ജന്മമെടുക്കുന്നുവെന്ന് പാടത്തും പറന്പത്തും കൃഷി ചെയ്യുന്ന ഒരു വിദ്യാർഥിയിൽ നിന്ന് നമ്മൾ പഠിക്കണമെന്ന് ബോധമനസിലുണ്ടായിരുന്നതു കൊണ്ടാണ് ഞാൻ നമ്മുടെ കൃഷി മന്ത്രി പി.പ്രസാദിനെ കണ്ടപ്പോൾ ഈ പുസ്തകം കൊടുത്തത്. കുട്ടികളിൽ വെളിച്ചം വിതറുന്ന പ്രത്യാശ നിറഞ്ഞ, ഇതുപോലെയുള്ള കൃതികൾ ഇരുളിൽ പ്രകാശം പരത്തുന്ന വിളക്കുപോലെയാണ്.
ഡോ.ഒ. ജയലക്ഷ്മി
ഓംകാർ ആയൂർവേദിക്ക് ഹോസ്പിറ്റൽ, മാന്നാർ.
സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ?
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ. സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ പ്രശസ്ത സാഹിത്യകാരനും ക്രാന്തദര്‍ശിയുമായ എം.ടി.വാസുദേവന്‍ നായരുടെ വാക്കുകള്‍ വാളുകൊടുത്തു വെട്ടുന്നതുപോലെ തൂലിക വാളായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പല ഹൃദയങ്ങളില്‍ അത് ആഴത്തില്‍ തുളച്ചിറങ്ങി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഈ അവസരം ഓര്മ വന്നത് വിപ്ലവസാഹിത്യ സാംസ്കാരിക നായകന്മാരായ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനെയും ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നിരീശ്വരവാദി, നാടകകൃത്ത്, നോവലിസ്റ്റ്, തത്വചിന്തകന്‍ ജീന്‍ പോള്‍ സാര്ത്തിനെയുമാണ്. അദ്ദേഹത്തിന്റെ 1938ല്‍ പുറത്തിറങ്ങിയ "ല നൗസി' നോവലില്‍ അധികാരിവര്‍ഗം അടിച്ചേല്‍പ്പിക്കുന്ന അടിമത്വങ്ങളെ തുറന്നെഴുതി. അതിന് പ്രതിഫലമായി ലഭിച്ചത് ജയില്‍ വാസമായിരുന്നു. ചില എഴുത്തുകാര്‍ക്ക് താത്പര്യം പട്ടുമെത്തകളാണ്. 1964ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം നിരസിച്ചു അധികാരികളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാത്ത ഇന്നും ജനകോടികളില്‍ ജീവിക്കുന്ന നാടുവാഴികളെയോ രാജാക്കന്മാരെയോ ഭയക്കാത്ത എത്രയോ ധീരന്മാരായ മഹാപ്രതിഭകളെ കാണാം. കേരളത്തില്‍ കഴിഞ്ഞ തലമുറയിലും നമുക്ക് ധീരരായ സ്ത്രീ-പുരുഷ സാഹിത്യ പ്രതിഭകളുണ്ടായിരുന്നു. ഇന്ത്യയില്‍ എത്രയോ നാളുകളായി മനുഷ്യരില്‍ ഭയം, ഭീതി, അനീതി, അഴിമതി, തൊഴിലില്ലായ്മ, ദാരിദ്ര്യം, അക്രമം, വര്‍ഗീയ ചിന്തകള്‍ വേട്ടനായ്ക്കളെപോലെ പിന്തുടരുന്നു. നമ്മുടെ മുന്നില്‍ കാണുന്ന വികൃത ജനാധിപത്യത്തെ കണ്ടുകൊണ്ടാണ് മനുഷ്യ മനഃസാക്ഷിയെ തട്ടിയുണര്ത്തുംവിധം എം.ടി പറഞ്ഞത് "അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള് കുഴിച്ചുമൂടി. ഏകാധിപത്യ സര്‍വ്വാധിപത്യ പ്രവണതകള്‍'. അധികാരികളുടെ ആജ്ഞയനുസരിച്ച് അടിമപ്പണിക്കാരായി ഒരു ജനത അധഃപതിച്ചത് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞവര്‍ അധികാരത്തിലെത്തിയതുകൊണ്ടെന്ന് എംടിക്ക് മാത്രമല്ല ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ്. ഭാരതത്തിലെ തെരഞ്ഞെടുപ്പുകള്‍ ജാതി മത വോട്ടുകളിലെത്തി സര്വാധിപതികളെപ്പോലെ ജീവിച്ച് പാവങ്ങളുടെ ഹൃദയമിടിപ്പുകള്‍ കൂട്ടുന്നു.
എംടിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അഹന്ത അല്പത്വംകൊണ്ട് ആശാന്മാരായി മാറിയവര്ക്കെല്ലാം മനോവേദനകളുണ്ടാക്കി. പലരും ഞെക്കിപ്പഴുപ്പിച്ച പഴം പോലെയായി. അതില്‍ എല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളും എണ്ണപ്പെടും. ഇടതുപക്ഷത്തിന്റെ മാത്രം തലയിലിരിക്കട്ടെ എന്നല്ല. ഈ കൂട്ടര് മനസിലാക്കേണ്ടത് ജ്ഞാനിക്ക് തലയിലും കണ്ണുണ്ട്. വെറുതെയല്ല ഇവരെ ബുദ്ധിജീവികളെന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ചൂഷിതരും മര്‍ദ്ദിതരുമായ ജനക്കൂട്ടത്തെ പാപ്പരാക്കികൊണ്ട് ഇന്ത്യയില്‍ ഒരുപറ്റം തടിച്ചുകൊഴുക്കുന്നത് ഈ വോട്ടുചെയ്യുന്നവര്‍ കാണുന്നില്ലേ? ഇത് ജനാധിപത്യ അധഃപതനം മാത്രമല്ല ഓരോ പൗരന്റെയും ധാര്‍മികനിലവാരത്തിന്റെ പതനം കൂടിയാണ്. ഏത് പാര്‍ട്ടിക്കാരനായാലും ഉള്‍കാഴ്ച്ചയും ദീര്ഘവീക്ഷണവുമുള്ളവരാകണം. കെ.സച്ചിദാനന്ദന് പറഞ്ഞു. വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല. സക്കറിയയുടെ അഭിപ്രായം നമ്മള് വീരാരാധനയില്‍ ലയിച്ചുപോയ ഒരു മണ്ടന്‍ സമൂഹമാണ്. എം.മുകുന്ദന് പറഞ്ഞു സിംഹാസനങ്ങളല്ല വലുത് ജനങ്ങളാണ്. സാറാ ജോസഫ് പറഞ്ഞത് ജനങ്ങള്‍ ഫാസിസ്റ്റ് ഭരണത്തിലാണ്. എന്‍.എസ്.മാധവന് പറയുന്നു ഇടതുപക്ഷം ആത്മപരിശോധന നടത്തണം. സാനു മാസ്റ്റര്‍, ടി.പത്മനാഭന്, എം.ലീലാവതി ടീച്ചര്‍ തുടങ്ങി പലരും സാമൂഹ്യ സാംസ്കാരിക രംഗത്ത് നടക്കുന്ന കാപട്യങ്ങള്‍ പലപ്പോഴായി തുറന്നു കാട്ടിയിട്ടുണ്ട്. ഇവിടെ ഇടത് വലത് എന്നതിനേക്കാള്‍ ആത്മപരിശോധനകള്‍ നടത്തി തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണം. തെറ്റുകള്‍ തിരുത്താതെ പോകുമ്പോഴാണ് കൂരമ്പുകള്‍ ഏല്‍ക്കേണ്ടിവരുന്നത്. ശക്തരായ സര്ഗപ്രതിഭകള്, എഴുത്തുകാര്‍ നോക്കു കുത്തികളാകുന്നതും അധികാരികള്‍ക്ക് ശക്തി പകരുന്നു. റഷ്യന്‍ രാഷ്ട്രപിതാവ് ലെനിന്, ഇ.എം.എസ്, നെഹ്റു ഇവരെല്ലാം നല്ല എഴുത്തുകാരായിരുന്നതിനാല് മനുഷ്യര്‍ക്കാണ് മുന്‍ഗണന കൊടുത്തത്. ജാതി മത വര്ഗ്ഗങ്ങള്ക്കല്ല. ഭാരത മണ്ണിലുറച്ചുപോയ ജാതിമത അരാഷ്ട്രീയ സങ്കുചിത ചിന്തകളാണ് നമ്മള് വലിച്ചെറിയേണ്ടത്? ഒരു ഭരണാധിപനെന്നാല് വേലിക്കെട്ടുകളില്ലാത്ത നല്ലൊരു മനസിന്റെ ഉടമയാകണം. ക്ഷണിക കക്ഷി താല്പര്യങ്ങളുള്ളവനാകരുത്. എല്ലാവരുടെയും പ്രിയപ്പെട്ടവനാകണം, മറ്റുള്ളവരുടെ അദ്ധ്വാനഫലം ചൂഷണം ചെയ്യുന്നവനാകരുത്. സമ്പന്നരുടെ ആശ്രിതനും പാവങ്ങളെ വഞ്ചിക്കുന്നവനുമാകരുത്. ഇന്ത്യയുടെ ജനാധിപത്യത്തിന് വിള്ളലുണ്ടെങ്കില്‍ ചോദ്യം ചെയ്യേണ്ടത് ജനങ്ങളാണ്. അവരുടെ പ്രതിഷേധം വോട്ടിലൂടെയെങ്കിലും രേഖപ്പെടുത്തേണ്ടതല്ലേ? ഏത് സര്‍ക്കാര്‍ ഭരിച്ചാലും എഴുത്തുകാര്‍ മാനുഷിക മൂല്യമില്ലാത്ത സര്‍ക്കാര്‍ സമീപനങ്ങളെ ആത്മധൈര്യത്തോടെ ചോദ്യം ചെയ്യേണ്ടവരാണ്. ഒരു പുരസ്കാരം, പദവി കിട്ടിയാല്‍ അത് ആരാധനയായി മാറുമോ? മലയാളത്തിലെ എത്ര സാംസ്കാരിക നായകന്മാര് എംടിയെപ്പോലെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്? അവര്‍ക്കും ഭയമാണ്. കിട്ടാനിരിക്കുന്ന അപ്പക്കഷ്ണം നഷ്ടമാകുമോ? അതാണ് എം.ടി പറഞ്ഞത് "ഭരണാധികാരികള്‍ എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടല്ല സ്വാതന്ത്ര്യം'. ഒരെഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലുള്ള സര്‍ക്കാരുകളുടെ കടന്നാക്രമണമാണ് അദ്ദേഹം ഉദേശിച്ചത്. മറുഭാഗത്ത് സ്വാതന്ത്യമില്ലാതെ പദവികളിലിരിക്കുന്നത് സര്‍ക്കാരിന്റെ ഔദാര്യം.
മുകളില്‍ പറഞ്ഞ ധീരരായ എഴുത്തുകാരെ മുന്‍നിര്‍ത്തി പറഞ്ഞാല്‍ കൊലകൊമ്പന്‍ ചത്താലും അതിന്റെ കൊമ്പ് ജീവിച്ചിരിക്കും. എംടി എല്ലാ രാഷ്ട്രീയക്കാരെപ്പറ്റി പറഞ്ഞതുപോലെ ഇത് എല്ലാം എഴുത്തുകാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. പാര്‍ട്ടികളുടെ കൊടി നോക്കിപോയാല്‍ എല്ലാം വിചിത്രം വിധി വൈഭവം. എംടി പറഞ്ഞ ഏകാധിപത്യം സാമൂഹ്യ രംഗത്തു മാത്രമല്ല സാംസ്കാരിക രംഗത്തുമുണ്ട്. രാഷ്ട്രീയ പ്രേരിതമായിട്ടല്ലേ പലതും കാണുന്നത്. സാഹിത്യരംഗത്ത് ഫലപ്രദമായ സാഹിത്യ സംഭാവനകള്‍ ചെയ്യാത്ത എത്രപേരാണ് സര്‍ക്കാര്‍ പുരസ്കാരങ്ങള്‍, പദവികള്‍ ഏറ്റു വാങ്ങുന്നത്? അദ്ദേഹം സാഹിത്യ സാംസ്കാരിക രംഗത്ത് നടക്കുന്ന ചൂഷണങ്ങളെപ്പറ്റി പറയാഞ്ഞത് മഹാഭാഗ്യം. ലോകമെങ്ങുമുള്ള പല ഭരണാധിപന്മാരെ ശ്രദ്ധിച്ചാല്‍ അവരൊക്കെ ഫ്യൂഡല്‍ ജന്മിമാരെപോലെ പ്രവര്‍ത്തിക്കുന്നത് കാണാം. ഫ്യൂഡല്‍ പ്രഭുക്കന്മാര്ക്കാവശ്യം സ്തുതിപാടകരെയാണ്. എം.ടി പറയുന്നു. "തെറ്റ് പറ്റിയാല്‍ തിരുത്താറില്ല'. തെറ്റുകളെ മൂടിവെയ്ക്കാന്വരെ ന്യായീകരണ തൊഴിലാളികളും മാധ്യമങ്ങള്‍, ചാനലുകളുണ്ട്. സര്‍ഗ്ഗധനരായ പ്രതിഭകള്‍ വാലാട്ടികളായി, പാണന്മാരായി സ്തുതിഗീതം പാടി നടക്കുന്നവരല്ല. നല്ല സാഹിത്യപ്രതിഭകള്‍ ഉപരിവര്‍ഗത്തിന്റെ താത്പര്യ സംരക്ഷകരല്ല. ദുഃഖ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സംരക്ഷകരാണ്. നിര്‍ഭാഗ്യമെന്ന് പറയാന്‍ കേരളത്തിലെ എഴുത്തുകാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറുന്നതിനാല്‍ ഒന്നിച്ചണിനിരക്കാന്‍ സാധിക്കുന്നില്ല. ഈ വേര്‍തിരിവ് രാഷ്ട്രീയപാര്‍ട്ടികളില്‍ മേല്‍ക്കോയ്മ സൃഷ്ടിച്ചു. എഴുത്തുകാരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് അടവ് നയമാണ് സാംസ്കാരിക രംഗത്ത് കാണുന്നത്. ഇന്ത്യയിലെ ഏതെങ്കിലും സാഹിത്യ കാരന്മാരുടെ പ്രതിഷേധ സ്വരങ്ങള്‍ നമ്മള് കേള്‍ക്കുന്നുണ്ടോ? ഇങ്ങനെ അയോഗ്യരായവരെ പദവികള്‍ കൊടുത്തും പുരസ്കാരങ്ങള്‍ കൊടുത്തും സ്വന്തം വരുതിയില്‍ കൊണ്ടുവരുന്നു. അവരെ മൗനികളാക്കുന്ന തന്ത്രങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മെനയുന്നത്. അവര്‍ക്ക് കിട്ടുന്ന താലന്തുകള്‍ മന്ദസ്മിതത്തോടെ സ്വീകരിക്കുന്നു. കേരളത്തിലെ എഴുത്തുകാര്‍ ഒരു കുടകീഴില്‍ നിന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്കൊപ്പം സംഘടിച്ചു ശക്തരാകാനും ഇന്നുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് സാംസ് കാരിക പുരോഗതിയിലേക്ക് നടന്നുകയറാനും സാധിക്കുമായിരുന്നു. മറ്റൊന്ന് ലജ്ജാകരമെന്ന് പറയാന്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള സാഹിത്യ പ്രസാധകര് രാഷ്ട്രീയ മേലാളന്മാരുടെ ശുപാര്‍ശയുണ്ടെങ്കില്‍ നിലവാരമില്ലത്ത പുസ്തകങ്ങള്‍വരെ ഇറക്കിക്കൊടുക്കാറുണ്ട്. അതില്‍ പ്രവാസി എഴുത്തുകാരുമുണ്ട്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം. ഇവരില്‍ പലരും സാഹിത്യ നായകസ്ഥാനത്തേക്ക് പതിനെട്ടാം പടി പാടി കയറുന്നു. സംഘടന, പദവി, പുരസ്കാരം അതിന്റെ ആദ്യ ചവിട്ടുപടികളാണ്. ഇതൊക്കെ സൂക്ഷ്മാവലോകനം ചെയ്യാന്‍ ഇന്നുവരെ ആരും ശ്രമിച്ചിട്ടില്ല. നല്ല ഭരണാധിപന്മാരെ മുന്‍നിറുത്തി കഥ, കവിത എഴുതിയാല്‍ സിനിമ വന്നാല്‍ അതെങ്ങനെ സ്തുതിഗീതമാകും? എഴുത്തുകാര്‍ മനുഷ്യരുടെ ദുഃഖ ദുരിതങ്ങള്‍, പ്രണയസല്ലാപം മാത്രം എഴുതിയാല്‍ മതിയോ? അങ്ങനെ സ്തുതിഗീതം പാടുന്നവര്‍ക്ക് പുരസ്കാരം പദവി കൊടുക്കുക സാംസ്കാരിക രംഗത്ത് കാണുന്ന അനാഥത്വവും ദുരവസ്ഥയുമാണ്. ഒരു എഴുത്തുകാരന് ഭാഷാ സാഹിത്യത്തില്‍ അസൂയാര്‍ഹമായ കഠിനാധ്വാനത്തിലൂടെ നേടുന്ന കര്‍മ്മം അല്ലെങ്കില്‍ ചിന്താപ്രപഞ്ചമാണ് ആ വ്യക്തിയെ അനശ്വരനാക്കുന്നത്. സാംസ്കാരിക രംഗത്ത് നടക്കുന്ന വിവേകമില്ലാത്ത വികടമായ കാഴ്ചപ്പാടുകള്‍ കഴുകി ശുദ്ധി ചെയ്യാന്‍ ആരെങ്കിലും കടന്നുവരുമോ? നമ്മള് ഏത് തത്വസിദ്ധാന്തങ്ങളുടെ തോഴനായാലും ഭാഷാ സാഹിത്യത്തിന്റെ സമൃദ്ധിയാണാവശ്യം അതിനപ്പുറം സ്വാര്ത്ഥതയുണ്ടായാല് സാംസ്കാരിക രംഗത്തെ ധാര്‍മ്മിക മൂല്യച്യുതിയാണത്. എംടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അടിമയോ ആശ്രിതനോ അല്ല. അതിനാല്‍ അദ്ദേഹം മുന്നോട്ട് വെച്ച ആശയ ആദര്‍ശങ്ങള്‍ മഹത്വപൂര്ണ്ണമാക്കാനും തിരുത്താനുമാണ് ശ്രമിക്കേണ്ടത്. എംടിയുടെ തുറന്നുപറച്ചില്‍ കണ്ണുണ്ടായാല്‍ പോരാ കാണണമെന്നാണ്. കേരളത്തില്‍ കൊടിയുടെ നിറം നോക്കി കണ്ണു ചിമ്മി പൂച്ച പാലു കുടിക്കുന്നത് എത്രനാള്‍ തുടരും? സാംസ്കാരിക -സാമൂഹ്യ രംഗങ്ങളില്‍ സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളായി മാറുമോ?
കാരൂര്‍ സോമന്, ചാരുംമൂട്
വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചല നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാ
പ്രതീക്ഷയുടെ ചൈതന്യത്തിൽ കഴിഞ്ഞ വർഷത്തെ വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാൻ പുതിയ പന്ഥാവിലൂടെ ഒത്തൊരുമിച്ചു മുന്നേറാം. മുൻ വർഷങ്ങളിൽ നാം അഭിമുഖീകരിച്ച വെല്ലുവിളികൾ ശോഭനമായ ഭാവിയിലേക്കുള്ള ചവിട്ടുപടികളായി മാറ്റാം. നല്ല മാറ്റം കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിന് ഊർജം പകരാം. നവോന്മേഷത്തോടെയും ലക്ഷ്യത്തോടെയും തകർന്നതിനെ പുനർനിർമിക്കാൻ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാക്കിയ മുറിവുകൾ സുഖപ്പെടുത്താൻ പരിശ്രമിക്കാം. എല്ലാവരുടെയും ഐക്യം, സമൃദ്ധി, നീതി എന്നിവയുടെ ദർശനത്താൽ പുരോഗതിയിലേക്ക് നയിക്കപ്പെടുന്ന യാത്രക്ക് തുടക്കം കുറിക്കാം. പുതുവർഷത്തിൽ, ഭിന്നതകൾക്ക് അതീതമായി ഉയർന്ന് ഒരു സമൂഹമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നമ്മുക്ക് പ്രതിജ്ഞ ചെയ്യാം. സമഗ്രത വളർത്തിയെടുക്കുന്നതിലൂടെയും വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിലൂടെയും പരസ്പര ബഹുമാനത്തിലും ധാരണയിലും അഭിവൃദ്ധിപ്പെടുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് പൂർണമായി വിശ്വസിക്കാം. പാർശ്വവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനും അധഃസ്ഥിതരുടെ ഉന്നമനത്തിനും നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ഉച്ചയസ്തരം വാദിക്കാം.അഭിവൃദ്ധിയെ സഹായിക്കുന്ന വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും സംരംഭകത്വത്തിനും അവസരങ്ങൾ സൃഷ്ടിക്കാൻ നമുക്ക് ശ്രമിക്കാം. അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ, സുതാര്യത, ഉത്തരവാദിത്തം, നല്ല ഭരണം എന്നിവയ്ക്കുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കാം. അഴിമതി തുടച്ചുനീക്കുന്നതിലൂടെയും ധാർമ്മിക നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുകയും വിശ്വാസത്തിന്റെ അടിത്തറ പുനർനിർമിക്കുകയും ചെയ്യുന്നതിന് ലക്ഷ്യമിടാം. മുന്നിലുള്ള പ്രതിബന്ധങ്ങളെ ഒരുമിച്ച് മറികടക്കാം. കൂട്ടായ പ്രവർത്തനം, സഹകരണം, അചഞ്ചലമായ പ്രതീക്ഷ എന്നിവയിലൂടെ തലമുറകൾക്ക് വാഗ്ദാനവും സമൃദ്ധിയും പുരോഗതിയും കൊണ്ട് തിളങ്ങുന്ന ഒരു പുതിയ പ്രവർത്തന പന്ഥാവ് സൃഷ്ടിക്കുന്നതിനും ഒത്തൊരുമിച്ചു പരിശ്രമിക്കാം. പുതുവർഷത്തിൽ നമ്മുടെ ജീവിതത്തിൽ ഒരു വഴികാട്ടിയായി പ്രത്യാശയെ മുറുകെ പിടിക്കാം. പ്രതീക്ഷയോടെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ചർച്ച ചെയ്യാം. ലക്ഷ്യങ്ങളും അഭിലാഷങ്ങളും സജ്ജീകരിക്കാം. വരും വർഷത്തേക്ക് അർഥവത്തായ ലക്ഷ്യങ്ങൾ സജ്ജമാക്കാൻ. വ്യക്തിപരമായും തൊഴിൽപരമായും എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കാം സ്വപ്നങ്ങൾ പിന്തുടരാനും ശോഭനമായ ഭാവിയിലേക്ക് പ്രവർത്തിക്കാനും പ്രതീക്ഷയെ ഒരു മാനസികാവസ്ഥയായി സ്വീകരിക്കുന്നതിനും ജീവിതത്തിന്റെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽപ്പോലും പ്രതീക്ഷാനിർഭരമായ കാഴ്ചപ്പാട് നിലനിർത്തുന്നതിനും ബുദ്ധിമുട്ടുകൾക്കു പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കാം. ക്രിയാത്മക സ്വാധീനങ്ങളാൽ വ്യക്തിഗത വളർച്ചയ്ക്കും പൂർത്തീകരണത്തിനുമുള്ള അവസരങ്ങൾ തേടാം. ചുറ്റുമുള്ളവർക്ക് പ്രത്യാശ പകരുക, പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുന്നവർക്ക് പിന്തുണയും പ്രോത്സാഹനവും സഹാനുഭൂതിയും വാഗ്ദാനം ചെയ്യാം. ദയയുടെയും അനുകമ്പയുടെയും ചെറിയ പ്രവൃത്തികൾകൊണ്ട് മറ്റുള്ളവരിൽ കാര്യമായ മാറ്റമുണ്ടാക്കാനും പ്രതീക്ഷ വളർത്താനും സഹായിക്കാം. അജ്ഞാതരെ ഭയപ്പെടുന്നതിനു പകരം, വളർച്ചയ്ക്കും പരിവർത്തനത്തിനുമുള്ള അവസരമായി അതിനെ പ്രയോജനപ്പെടുത്താം. മാറ്റങ്ങൾ പലപ്പോഴും പുതിയതും ആവേശകരവുമായ അനുഭവങ്ങളിലേക്കാണ് നയിക്കുന്നതെന്ന് അറിഞ്ഞുകൊണ്ട്, പ്രതിരോധശേഷിയും പൊരുത്തപ്പെടുത്തലും ഉപയോഗിച്ച് വെല്ലുവിളികളെ സമീപിക്കാം. ജീവിതത്തിലെ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ള ഒരു ബോധം വളർത്തിയെടുക്കാം. നന്ദിയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കാം, അവ എത്ര ചെറുതാണെന്ന് തോന്നിയാലും. പുതുവർഷത്തിലേക്ക് മുന്നോട്ട് പോകുമ്പോൾ പ്രതീക്ഷയെ മുറുകെ പിടിക്കാം. എല്ലാവർക്കും അനുഗ്രഹീതമായ 2024 ആശംസിക്കുന്നു. പുതുവർഷം ഹൃദ്യമായ നിമിഷങ്ങളും നിർവഹിക്കാനുള്ള അനന്തമായ സാധ്യതകളും കൊണ്ട് നിറയട്ടെ. നന്ദിയോടെ 2023നോട് വിടപറഞ്ഞു ആവേശത്തോടെ 2024ലേക്ക് ചുവടുവെക്കാം.
പി.പി. ചെറിയാൻ
ADVERTISEMENT
കൈകേയിയും സാറായിയും
രാമനെങ്ങാൻ രാജ്യമേറ്റാ- ലേറെയേറും ദുരിതമെന്നറിഞ്ഞീടേണം, ദശരഥപ്രിയ കൈകേയിനീ- യൊപ്പമരുമയാം നിൻ പുത്രൻ ഭരതനും! മന്ഥര തന്നുപദേശമപ്പോളിടിവാളുപോലെ, കടന്നുപോയ് കൈകേയി തന്നുടെ ഹൃത്തിലും! ഒടുവിലൊന്നിലുറച്ചു കൈകേയ്, വാങ്ങിടേണം രാജനോ- ടന്നു നല്കിയ വരങ്ങൾ രണ്ടും, 1. സ്വന്ത പുത്രനു രാജ്യവും, 2. രാമനോ പൊയ്പ്പോയിടേണം, പതിനാലുവർഷമാരണ്യത്തിലും!! ************** ഹാഗാർ മകനിസ്മായേലും സാറാ മകനിസഹാക്കൊത്ത്, ക്രീഡകൾ ചെയ്യ്വതു കണ്ടതിനാൽ, സാറയതിക്രുദ്ധിതയായി! സാറായരുളീ അബ്രാഹമോടു, ഇനിയില്ലൊരുനാൾ നിങ്ങൾക്കാ- യകറ്റീടുക ഹാഗാറിനെയും, ഇസ്മായേലിനെയുമുടനടിയെ! ദാസിയിലെങ്കിലുമിസ്മായേൽ, തന്മകനല്ലോയെന്നോർത്ത്- അബ്രാഹാമാകുലനായി! സാറെയെനീയറിയുന്നില്ലേ? നിന്നുടെ വന്ധ്യതമൂലം ഞാൻ, നിന്നിഷ്ടത്താൽ പ്രാപിച്ചാ- ഹാഗാറിനെയൊരു പുത്രന്നായ്!! പിന്നീടോ സാറായിനീ – ഗർഭം പേറി നിൻ തൊണ്ണൂറിൽ, ജന്മ നല്കി ഇസഹാക്കിനെയും!! ഒടുവിൽ സാറായി ധാർഷ്ട്യത്തിൽ, അബ്രാഹമൊരുപുലർകാലെ, അപ്പക്കെട്ടിൻ പൊതിയുമൊരു- തുകൽ സഞ്ചിയിൽ വെള്ളവുമായി, ഹാഗാറിൻ തോളില്വെച്ച- വളെയകറ്റി മകനൊപ്പം, ബേർഷെബ മരുഭൂവിലതിൽ!! കാലം എത്രകഴിഞ്ഞാലിന്നും, കലികാലം നടമാടുന്നു. അന്യായങ്ങൾ ഭരിക്കുന്നു, സത്യം കാല്ക്കൽ മെതിക്കുന്നു!!
കണ്ടെത്തൽ
ഇനിയും കടൽ കരയും നാവുണങ്ങും വരണ്ട ചുണ്ടിൽ രക്തപ്പാടുകൾ കാണാം. മുറിവുണങ്ങിയ തിരുനെറ്റിയിൽ, ചൂടുപാകിയ കവിൾത്തടത്തിൽ, പകുതിയറ്റ വിരൽത്തുമ്പിൽ, രക്തച്ചിത്രമെഴുതിയ വർണ്ണനകൾ കാണാം. ജന്മം കഴിച്ചു തീർത്ത എച്ചിൽ കൂനകളിൽ മരണം പരതുന്നത് കാണാം. ദൂരമുണ്ട്. രണ്ടറ്റങ്ങൾ തമ്മിലുള്ള അകലമുണ്ട്. രണ്ടു തൂവലുകൾ തമ്മിലുള്ള ചേർച്ചയുണ്ട്. രണ്ടു മിഴികൾ തമ്മിലുള്ള മതിലുണ്ട്. മരിച്ചതിനു ശേഷം ജീവിച്ച ഒരുവന്റെ കണ്ടെത്തുലുകളെന്നു പറഞ്ഞു തീർക്കരുത്.
നിഥിൻകുമാർ ജെ. പത്തനാപുരം
ഓണനാൾവഴികൾ
മുത്തശ്ശി ചൊന്നോരോണമുണ്ട് മുറ്റത്തു പൂക്കളം തീർത്തൊരോണം തൊടിയിൽ പൂനുള്ളാൻ പോയൊരോണം മാങ്കൊമ്പിലുഞ്ഞാലാടി യൊരോണം പുന്നെല്ലിനരിയെടുത്തുണ്ടയോണം ആർപ്പോ വിളികൾ നിറഞ്ഞൊരോണം ഉത്രാടപാച്ചിലിൽ ഓടിയോണം ഓണക്കോടി കൊതിചൊരോണം ഇലവെട്ടി സദ്യ വിളമ്പിയോണം... അമ്മ പറഞ്ഞോരോണമുണ്ട് മാവേലി മാന്നനേ കാത്തോരോണം പൂക്കൾ വാങ്ങുവാൻ പോയോരോണം ഇലവാങ്ങി സദ്യ വിളമ്പിയോണം പച്ചക്കറി വണ്ടി കാത്തൊരോണം... ഞാൻ കണ്ടു വളർന്നോരോണമുണ്ട് ഉപ്പിൽ നിറം ചേർത്ത പൂക്കളങ്ങൾ ഒറ്റക്കിരുന്നാടിയൊരുഞ്ഞാൽ പടി പുത്തൻ കോടി ഉടുത്തോരോണം പ്ലാസ്റ്റിക്കിലയിലെ ഓണസദ്യ ഉച്ചകഴിഞ്ഞമ്മ വീട്ടിലോണം.. എൻമകൻ കാണുന്നോരോണമുണ്ട് പൂക്കളം വാങ്ങി ഒട്ടിച്ചൊരോണം സദ്യക്ക് ഓർഡർ കൊടുത്തോരോണം സ്റ്റാറ്റസിടാൻ തിരഞ്ഞോടിയോണം പുത്തൻ കോടി ഓൺലൈനിൽ തപ്പിയോണം മാസ്ക്കിനാൽ ചിരി മറച്ചൊരോണം.....
ഹരിപ്രിയ ഗോപിനാഥ്
ജന്മദിനം
ജീവിതമാം പുസ്തകത്തീ- ന്നൊരേടുകൂടി മടങ്ങിടുമ്പോൾ, ഓർത്തു വെയ്ക്കാനുണ്ടൊത്തിരി ; ജന്മം തന്ന പിതൃക്കളെ, സ്വന്തക്കാർ ബന്ധക്കാർ, ഗുരുക്കന്മാരേവരും, കൂടെ പഠിച്ചവർ, ആജീവനാന്ത സുഹൃത്തുക്കൾ. നേരായ മാർഗ്ഗേ ചരിക്കാൻ - നയിച്ചൊരാചാര്യന്മാർ. കയ്പുനീരേറെക്കോരി- കുടിപ്പിച്ചൊരു കൂട്ടരും !! ഇടറുന്ന ചുവടുകൾക്കാലംബമായവർ, അത്താണിയായവരത്രയും! സാന്ത്വന വാക്കോതി- തോളോട് തോൾ ചേർന്നു നിന്നവർ, ജീവിത ചുഴിയിൽ ഉലയുമാ പായ് വഞ്ചിയിൽ- അമരത്തു കൈത്താങ്ങായ്- കൂടെ നിന്നൊരാ കളത്രവും! സർവ്വവും കൈവിട്ടുപോയനാൾ - അദൃശ്യമാം കരങ്ങളാൽ കൈപിടിച്ച ദൈവവും!! എന്റേതായൊന്നുമില്ലീമന്നിൽ, പക്ഷെ, എല്ലാരുമുണ്ടെന്നൊരാത്മബല- മേകുന്നുയീ ആയുസ്സുള്ള കാലം..!!
ജോയ് നെടിയാലിമോളേൽ
ജാതിമരം
മതം മനുഷ്യനൊരു മതിലുതീർത്തു എത്തിപ്പിടിക്കാനാ വാത്തൊരാ മതിലിനാൽ മനുഷ്യനിൽ വിള്ളലേറ്റു.. അമ്മപറഞ്ഞണിഞ്ഞോര ചന്ദനക്കുറിയും തട്ടവും മറയാക്കി മുന്നോട്ട് മനുഷ്യർ നീങ്ങി.. കുരിശേറ്റു പിടഞ്ഞോര മനം പോലുമാറിയാത്ത കഥകളുള്ളിലേറ്റി മത മിന്ന് മനുഷ്യനിൽ പടർന്നിറങ്ങി.. പിൻതുടർന്നോരാചാര മിന്നനാചാരയിടാവേ എന്തിനീ ജാതിതാൻ മറയിനിയും...
ഹരിപ്രിയ ഗോപിനാഥ്
ADVERTISEMENT
പൊതുജനം ഇറച്ചിക്കോഴികളോ?
പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ രചിച്ച "കോഴി' എന്ന കഥയിലെ നായകനായ നാണപ്പൻ വലിയൊരു സാമൂഹ്യ വിമർശകൻ തന്നെയാണ്. ഒരു ഇറച്ചിക്കോഴിയുടെ നിസഹായവസ്ഥയെ സമകാലിക രാഷ്ട്രീയവുമായി ചേർത്ത് ശക്തമായ സാമൂഹ്യ വിമർശനമാണ് കഥാകാരൻ നടത്തുന്നത്. സമാനമായ കഥകൾ വി. കെ. എൻ എഴുതിയിട്ടുണ്ട്. നാടൻകോഴിയോട് പഥ്യമുള്ള അമേരിക്കക്കാരനോട് കോഴിപിടുത്തത്തിന്റെ ടെക്നിക്ക് പറഞ്ഞു കൊടുക്കുന്ന ഡ്രൈവർ നാണപ്പൻ കോഴിപിടുത്തം പാർട്ടിസഖാക്കന്മാരുടെ അടവുകൾ പോലെയാണെന്ന് നർമത്തിലൂടെ പ്രതിപാദിക്കുന്നു. പയ്യെ വലമുറുക്കണം, പിന്നെ വാൾ, പിന്നെ കൊല്ലലും തടുക്കലും അങ്ങനെ രാഷ്ട്രീയ കുതന്ത്രങ്ങൾ കുരുക്കഴിയുന്ന നാണപ്പന്റെ വിമർശനങ്ങൾ തികച്ചും കാലികമായ പ്രസ്താവനകൾ. വിവരമില്ലെങ്കിലും കൂവാൻ ഇവറ്റകൾ മതിയെന്ന് കഥാകാരൻ വെളിപ്പെടുത്തുകയാണ് നാണപ്പനിലൂടെ. കാൽചുവട്ടിൽ കിടന്നു ഗർജ്ജിച്ചോളും പാവംകോഴികൾ കത്തി കയറുന്നതറിയാതെ. നിലാവുപൊഴിയുംപോലെ ഒരു കോഴിയുടെ തൊലിയുരിയുന്നത് മനുഷ്യരുടെ നിസ്സഹാ യവസ്ഥ വെളിപ്പെടുത്തുന്നു. കോഴിയുടെ പരിഭ്രമം സ്വരക്ഷയാണ്. ആ രക്ഷ ലഭിക്കാതെ ഒരു കോഴി പ്രാണരക്ഷാർത്ഥം ഓടിമറയുന്നതും വീണ്ടും വേട്ടക്കാരന്റെ കയ്യിൽപ്പെടുന്നതും ഉടഞ്ഞു വീഴുന്ന ജീവിതത്തിലേക്കുള്ള സൂചനയാണ്. കോഴിയെ ജീവിതത്തിലെ ഒരു അധ:സ്ഥിതവർ ഗ്ഗമായിട്ടാണ് അനാവരണം ചെയ്യുന്നത്. കാരൂരിനെ വേറിട്ടുവായിക്കാൻ ഈ കഥതന്നെ ധാരാളം. രാജാവ് നഗ്നനാണെന്നു അല റിപ്പറഞ്ഞവന്റെ നാവ് അറുത്തുമാറ്റപ്പെട്ടപ്പോൾ രാജാവ് മൗനത്തിന്റെ അറയിലായിരുന്നു. കണ്ണും ചെവിയും നാവും ഉള്ളവരെ ഇരുട്ടറകളിൽ തള്ളുന്ന രാജവിദ്യ ഇന്നും തുടരുന്നു. വിങ്ങി പ്പൊട്ടിനിൽക്കുന്ന മനുഷ്യഹൃദയങ്ങൾ അഗ്നിയാവാൻ അധികസമയം വേണ്ട എന്ന് കഥാകാരൻ പറയാതെ പറയുന്നു. നമ്മുടെ സമകാലിക രാഷ്ട്രീയത്തെ തൊലി പൊളിച്ചു കാട്ടുകയാണ് പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച "കാട്ടുകോഴികൾ' എന്ന കഥാസമാഹാരത്തിലെ കോഴി എന്ന കാരൂർ കഥ.
മിഥില
അട്ടമൂതി കുലം
തോന്നയ്ക്കൽ അയ്യപ്പൻ
പേജ്: 226 വില: ₹360 പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം ഫോൺ: 0471-2471533 മണ്ണിന്റെ മണമുള്ള നോവൽ. മണ്ണിൽ പണിയെടുക്കുകയല്ല, പടവെട്ടുകയാണ് അട്ടമൂതി എന്ന കഥാപാത്രമെന്നു നോവലിസ്റ്റ് പറയുന്നു. അട്ടമൂതിയുടെയും കൂട്ടരുടെയും തീക്ഷ്ണജീവിതത്തിലേക്കുള്ള സാഹസിക യാത്ര.
ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ
തങ്കച്ചൻ തുണ്ടിയിൽ
പേജ്: 166 വില: ₹180 സെന്റ് പോൾസ്, എറണാകുളം ഫോൺ: 9961051381 സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായ തങ്കച്ചൻ തുണ്ടിയിൽ എഴുതി ഏറെ പ്രചാരം നേടിയ "ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ' എന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച നൂറാം പതിപ്പ്. വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളാണ് ഗ്രന്ഥകാരൻ വിവരിക്കുന്നത്. വായനക്കാരെ വല്ലാതെ സ്പർശിക്കാൻ മാത്രം ആഴവും തീക്ഷ്ണതയും സത്യസന്ധതയും ആ അനുഭവങ്ങൾക്കുണ്ട്. അതാണ് ചിലപ്പോൾ വായനക്കാരുടെയും കണ്ണുനനയ്ക്കുന്നത്.
ബൈബിൾ ചോദ്യരത്നാവലി
ഫാ. ജോസ് നടുവിലേക്കുറ്റ്
പേജ്: 752 വില: ₹900 ബുക്ക് മീഡിയ, കോട്ടയം ഫോൺ: 9447536240 ബൈബിൾ പഠിക്കാനും മനസിലാക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ് ബൈബിൾ ചോദ്യരത്നാവലി എന്ന ഗ്രന്ഥം. വളരെ ലളിതമായി ബൈബിൾ സംഭവങ്ങൾ ചോദ്യോത്തരങ്ങളിലൂടെ മനസിലാക്കാം. ബൈബിളിലെ എല്ലാ ഗ്രന്ഥങ്ങളുടെയും അധ്യായം തിരിച്ചുള്ള ചോദ്യാവലി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടും.
ഫാക്ടറി
ജോയ് നെടിയാലിമോളേൽ
പേജ്: 378 വില: ₹505 നോഷൻ പ്രസ്, ചെന്നൈ ഫോൺ: 9423463971 പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു ഫാക്ടറിയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ഈ നോവലിന്റെ പ്രമേയം. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു ഫാക്ടറി തകർച്ചയിലേക്കു കൂപ്പുകുത്തുന്നു. ഒരു സ്ഥാപനത്തെ നശിപ്പിക്കുന്ന ഘടകങ്ങൾ ഏതൊക്കെയെന്നു വായനക്കാർ നോവലിലൂടെ തിരിച്ചറിയും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Useful Links
ADVERTISEMENT
ADVERTISEMENT
ADVERTISEMENT