നമ്മുടെ അതിഥി, അവരുടെ അതി തീ!
Saturday, September 26, 2020 12:33 AM IST
ആദ്യം നമ്മൾ അവരെ ബംഗാളി എന്നു വിളിച്ചു. അതിന് ഇത്തിരി സ്നേഹവും ബഹുമാനവും കുറവാണെന്നു തോന്നിയതുകൊണ്ടാണോ എന്നറിയില്ല പിന്നെ ഭായ് എന്നു വിളിച്ചുതുടങ്ങി. ഭായ് എന്ന വിളി ബംഗാളികൾക്കു മാത്രമല്ല ചില മലയാളികൾക്കും സുഖിച്ചു. അതുകൊണ്ടു ചില മലയാളികളും പരസ്പരം ഭായ് എന്നു വിളി തുടങ്ങി. എങ്കിലും ഭായിമാർ എന്ന വിളിക്ക് ഒരു അച്ചടിഗമ ഇല്ലെന്നു തോന്നിയപ്പോൾ നമ്മൾ അവരെ അന്യസംസ്ഥാന തൊഴിലാളികൾ എന്നിത്തിരി നീട്ടി പറഞ്ഞുതുടങ്ങി.
ഇതിനിടയിൽ ചില മനുഷ്യസ്നേഹികൾക്കു തോന്നി ഈ ‘അന്യസംസ്ഥാന’ വിളി അത്ര ശരിയല്ല. അടുത്തിരിക്കുന്നവരെ അന്യരെന്നു വിളിക്കുന്നത് അടുപ്പത്തിന്റെ കുറവുകൊണ്ടാണ്! അന്യർക്കു പ്രവേശനമില്ലെന്നു പല വാതിലുകൾക്കു മുന്നിലും നമ്മൾ എഴുതി പറ്റിക്കാറുണ്ട്. എന്നാൽ, മലയാളികളോട് അങ്ങനെ പറഞ്ഞാലും ബംഗാളികളോടു പറയാൻ പാടില്ലെന്നായി ചിലർ. ആയിക്കോട്ടെ, അങ്ങനെ അന്യസംസ്ഥാന തൊഴിലാളിയിലെ അന്യായമെന്നു പറഞ്ഞ ‘അന്യ’ മുറിച്ചുമാറ്റി. പകരം ‘ഇതര’ കയറ്റിയൊട്ടിച്ചു. അങ്ങനെ ബംഗാളിയെ ഒരിക്കൽകൂടി പരിഷ്കരിച്ച് ഇതരസംസ്ഥാന തൊഴിലാളി എന്നാക്കി.
എന്നാൽ, ഈ പരിഷ്കാരമൊന്നും മലയാളമറിയാത്ത ബഹുഭൂരിപക്ഷം ബംഗാളികളും അറിഞ്ഞതുപോലുമില്ല. അല്ലെങ്കിലും അവരുടെ വിശപ്പിന്റെ തീ കെടുത്താനുള്ള പരക്കംപാച്ചിലിനിടയിൽ അവർക്കു വ്യാകരണവും വട്ടപ്പേരുമൊന്നും ഒരു വിഷയമേയല്ലായിരുന്നു.
കേരളം കൊള്ളാമെന്നും എത്ര പേർക്കും ഇവിടെ വന്നാൽ പണിയെടുത്തു ജീവിക്കാമെന്നും ഭായിമാർക്കു മനസിലായി. എന്നാൽ, ഈ നാട്ടിലുള്ളവർ പണി അന്വേഷിച്ചു മറുനാട്ടിൽ പോയിരിക്കുകയാണെന്നു പറഞ്ഞതിന്റെ ഗുട്ടൻസ് മാത്രം അവർക്കു പിടികിട്ടിയില്ല!
സിനിമയിലെ ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ലെങ്കിലും നാട്ടിലെ ഈപ്പച്ചൻമാർ എല്ലാവരുംതന്നെ പള്ളിക്കൂടത്തിൽ പോയവർ ആയതിനാൽ ഈ പണിയൊക്കെ ചെയ്യാനിറങ്ങിയാൽ നാട്ടുകാർ മൂക്കത്തു വിരൽ വയ്ക്കും. കോളജിൽ പോയിട്ടും പഠിത്തക്കാരനായിട്ടും ഇവന് ഈ ഗതി വന്നല്ലോ എന്നാണ് അതിന്റെ അർഥം. അതുകൊണ്ട് മലയാളി മറുനാട്ടിലേക്കു പറന്ന് ഇതും ഇതിനേക്കാൾ കഷ്ടപ്പാടുള്ളതുമായ പണികൾ അവിടെ ചെയ്യുകയാണെന്നു ബംഗാളിക്ക് അറിയില്ലല്ലോ. ഗൾഫുകാരൻ എന്ന സീൽ അടിച്ചുകിട്ടിയാൽ പിന്നെ പണി എന്നതാണെങ്കിലും നാട്ടുകാർക്കു പ്രശ്നമില്ല.
ഇതിനിടെ, പല ബംഗാളികൾക്കും കേരളത്തിൽ വോട്ടവകാശം കിട്ടാനുള്ള സാധ്യത കണക്കിലെടുത്താണോ എന്നറിയില്ല സർക്കാർ ഭായിമാരെ വീണ്ടും പരിഷ്കരിച്ച് ‘അതിഥി തൊഴിലാളികൾ’ എന്നു വിളിച്ചു. ഇടയ്ക്ക് ഇത്തിരി കൊല്ലും കൊലയുമൊക്കെ നടത്തിയപ്പോഴും അതൊക്കെ നാട്ടുനടപ്പ് എന്ന മട്ടിൽ നമ്മൾ കണ്ണടച്ചു.
എന്തായാലും ലോക്ക്ഡൗണ് വന്നപ്പോൾ വീട്ടിൽ അതിഥികളായി വന്നവരെല്ലാം വട്ടംകൂടി വീട്ടുകാരെ ചീത്തവിളിച്ചു വീടിനു മുന്നിൽ കുത്തിയിരുന്നു. വിരുന്നുവന്ന അതിഥിക്കു തിരിച്ചുപോകാൻ വണ്ടിയും വണ്ടിക്കൂലിയും വീട്ടുകാർ കൊടുക്കണമെന്നതായിരുന്നു ഡിമാൻഡ്!
ഒടുവിൽ ഇതാ എൻഐഎ വന്നു മൂന്ന് അതിഥി അൽഖയ്ദകളെ കൊച്ചിയിൽനിന്നു പൊക്കിയിരിക്കുന്നു. അതിഥി അതി തീയായി മാറുകയാണോ? പിടിയിലായ അതിഥിയുടെ ഭാര്യ പോലും അയാൾ നിരപരാധിയാണെന്ന് ആരോടെങ്കിലും പറഞ്ഞതായി കേട്ടില്ല. എന്നാൽ, ഈ നാട്ടിലെ ചില സംഘടനക്കാർ ‘നിരപരാധികളെ’ ക്രൂശിക്കുന്ന എൻഐഎയ്ക്കെതിരെ ഒരു കൂസലുമില്ലാതെ കൊന്പുകുലുക്കി! അതായത്, ഇനിയെങ്കിലും നോക്കീം കണ്ടും നിന്നാൽ നാട്ടുകാർക്കു കൊള്ളാം!
മിസ്ഡ് കോൾ
= സമരക്കാർക്കു വ്യാപകമായി കോവിഡ് പിടിച്ചെന്നു മുഖ്യമന്ത്രി.
- വാർത്ത
= സത്യത്തിൽ വൈറസിനെ തല്ലിയോടിക്കാനാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്