പടരുന്ന മഹാമാരിയും തുടരുന്ന അക്രമങ്ങളും
Thursday, September 3, 2020 11:16 PM IST
പോയ തലമുറയിൽ ശീമ എന്നറിയപ്പെട്ടിരുന്ന ഒരു വൻകരയുണ്ടല്ലോ ആർഷഭാരതത്തിനും ഹിമവൽസാനുക്കൾക്കും വടക്ക്. അയൽക്കാരന്റെ അതിരിൽ തോണ്ടിയും ചൊറിഞ്ഞും സ്വന്തം പുരയിടത്തിനു വിസ്തൃതി കൂട്ടുന്ന അത്യാഗ്രഹിയെപ്പോലെ ശീമക്കാരും അയലത്തെ അതിരുകളിൽ തോണ്ടാൻ തുടങ്ങിയിട്ട് ദശകങ്ങളായി. അതിനിടെ അവിടെ ബുഹെ എന്നൊരു പ്രവിശ്യയും അതിൽ വുഹാൻ എന്ന പ്രദേശവും ഭൂതക്കണ്ണാടി നോക്കി കണ്ടുപിടിച്ച മലയാളിയെ വെല്ലാൻ ഭൂമിയിലാർക്കും നാളിതുവരെ കഴിഞ്ഞിട്ടില്ല. മഷിനോട്ടത്തിൽ മറ്റൊന്നുകൂടി അവനു ബോധ്യപ്പെട്ടു. വുഹാനിൽ ഭിഷഗ്വരം പഠിക്കാൻ സാധ്യത കൂടുതലാണത്രേ.
കെട്ടും കെട്ടി പോയി പഠനം തുടങ്ങി. അപ്പോഴാണ് എട്ടിന്റെ പണി. ഭൂതക്കണ്ണാടിയിൽപോലും കണ്ടുപിടിക്കാൻ കഴിയാത്ത ഒരു സൂക്ഷ്മഭൂതം വന്ന് പഠിതാക്കളെ ചവിട്ടി പുറത്താക്കിയിട്ട് അകത്തുനിന്നു വാതിലടച്ചു കുറ്റിയിട്ടു. ആ കൊടുംഭീകരൻ ഊതിവിട്ട വിഷവിത്തുകളെ അറിയാതെ തൂത്തുവാരി മാറാപ്പിലാക്കി തോളിലേറ്റിയ പഠിതാക്കൾ തിരിച്ചുപോന്നു. അവർ ഇവിടെയും ആ വിത്ത് പാകി. പിന്നാലെ മറ്റു പലരും.
ക്രമേണ വിഷവിത്തുകൾ ഭൂതലമാകെ നിറഞ്ഞുമുളച്ചു. വാതിലുകൾ ഒന്നൊന്നായി അടഞ്ഞു. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും അടഞ്ഞു. ചലനമില്ല. ശബ്ദമില്ല. നട്ടുച്ചയെപ്പോലും പാതിരാവാക്കുന്ന കട്ടപിടിച്ച കാർമേഘം പടർത്തുന്ന അന്ധകാരം പോലെ ഭീതിയുടെ കറുകറുത്ത നിഴൽ ഭൂഗോളത്തെ ഒന്നടങ്കം വലയത്തിലാക്കി. മകരക്കാറ്റിൽ റബർത്തോട്ടത്തിൽ ഇല കൊഴിയുന്പോലെ ലോകമാസകലം മനുഷ്യർ മരിച്ചുവീഴുന്നു. അവരുടെ മൃതദേഹങ്ങൾ ഉൾക്കൊള്ളാൻ ഇടമില്ലാതെ ഭൂമി തലതല്ലി നിലവിളിക്കുന്നു.
പൊള്ളുന്ന വെയിലത്ത് തണലായി നിന്ന പിതാവിന്റെ പ്രോട്ടോകോളിൽ പൊതിഞ്ഞുകെട്ടിയ മൃതദേഹം ഒന്നുകാണാൻ പോലുമാകാതെ വിദേശത്തുകിടന്ന് ചങ്കുപൊട്ടി കരയുന്ന മകൾ ഒരിടത്ത്. പത്തുമാസം ചുമന്നു നൊന്തുപ്രസവിച്ച് മാറിടത്തിലെ മാതൃസ്നേഹമൂട്ടി വളർത്തിയെടുത്ത പുന്നാരമോന്റെ ചലനമറ്റ ശരീരത്തിൽ ഒരന്ത്യചുംബനമെങ്കിലും കൊടുക്കാൻ കഴിയാതെ ഇങ്ങുനാട്ടിലെ വെറും തറയിൽ കിടന്നുരുണ്ട് വാവിട്ടുകരയുന്ന പെറ്റമ്മ മറ്റൊരിടത്ത്. ഉറ്റവരോ ഉടയവരോ അടുത്തില്ലാതെ അനാഥമായ മൃതദേഹം ഏതോ മണൽക്കാട്ടിലെ ആഴക്കുഴിയിൽ തള്ളുന്നത് വീഡിയോയിൽ കണ്ട് മാറത്തടിച്ചുകരയുന്ന വീട്ടുകാരും ബന്ധുജനങ്ങളും വേറൊരിടത്ത്. ഉള്ളവനും ഇല്ലാത്തവനും ബാലനും വൃദ്ധനും സായിപ്പും നീഗ്രോയും ഒരുപോലെ. ഇത് തുല്യതയുടെ ഭൂമി. സർവോത്കൃഷ്ടമായ പാഠശാല.
പകർച്ചവ്യാധിയുടെ താണ്ഡവമാടൽ തുടരുകയാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ, ക്വാറന്റൈൻ, ട്രൂ നാറ്റ് ടെസ്റ്റ്, സീറോ സർവേ, ഹോട്ട് സ്പോട്ട് തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത പ്രയോഗങ്ങൾ നവമാധ്യമങ്ങളിൽ തലങ്ങും വിലങ്ങും പറന്നുനടക്കുന്നു.
മഹാമാരിയുടെ കരാളഹസ്തങ്ങളിൽ ഭൂതലമാകെ പിടയുന്പോഴും ഈ മണ്ണിൽ ദിവസേന അരങ്ങേറുന്ന കള്ളക്കടത്തുകാരുടെ കാണാക്കളികളും സാമൂഹ്യദ്രോഹികളുടെ ഗുണ്ടാവിളയാട്ടങ്ങളും കൊല്ലും കൊലയും സ്ത്രീ, വൃദ്ധ, ബാലപീഡനങ്ങളും സർവോപരി രാഷ്ട്രീയവേതാളങ്ങളുടെ പൂരപ്പാട്ടും കുതികാൽവെട്ടും കണ്ടും കേട്ടും ഉള്ളംപുകയുന്ന സാധാരണക്കാർക്ക് ഒന്നേ അനുമാനിക്കാനാവൂ. ഈ ദുഷ്ചെയ്തികളുടെ പാപഭാരമത്രയും ശിക്ഷയായി പെയ്തിറങ്ങുന്ന നാളുകളാണിപ്പോൾ. ചെയ്യുന്നവർ പക്ഷേ അറിയുന്നില്ല. ചിന്തിക്കാൻ അവർക്കു സമയമില്ല. അവനെ മറന്നിട്ട് അവനവനെ മാത്രം സേവിക്കുന്ന മനോഭാവം ജനതയെ കീഴ്പ്പെടുത്തിയിരിക്കുന്നു.
ഭരണഘടനയെപ്പോലും ചുട്ടുതിന്നുന്ന നെറികെട്ട രാഷ്ട്രീയക്കാരുടെ ഭൂമിയാണിത്. അവർക്കു കുട പിടിക്കുന്ന വകതിരിവില്ലാത്ത വകുപ്പുമേധാവികൾക്കും അവരോടൊപ്പം ചേർന്ന് ഏതുതരം നിയമനിഷേധത്തിനും രാജ്യദ്രോഹത്തിനും തയാറായി നില്ക്കുന്ന വക്രബുദ്ധികളായ ആർത്തിപ്പണ്ടാരങ്ങൾക്കും മനസില്ലാമനസോടെ കിടക്കയൊരുക്കുന്നതും ഈ ഭൂമിതന്നെ. അവരൊക്കെ ഏഴു താഴിട്ട് പൂട്ടിക്കെട്ടി വച്ചിരിക്കുന്ന അനർഹമായ സന്പാദ്യം, മുറിവേറ്റ നിസഹായന്റെ ആത്മനൊന്പരം, മണ്ണിൽ വീണ ബലഹീനന്റെ ചുടുരക്തം, ആകാശങ്ങളിൽ മാറ്റൊലിക്കൊള്ളുന്ന കുരുന്നുകുഞ്ഞുങ്ങളുടെ ജീവനുവേണ്ടിയുള്ള ആർത്തവിലാപം എല്ലാം സ്രഷ്ടാവിന്റെ തിരുമുന്പിൽ നീതിക്കുവേണ്ടി നിലവിളിക്കുന്പോൾ കിട്ടുന്ന ശിക്ഷ മാനവരാശി ഏറ്റുവാങ്ങാതെ തരമില്ല.
കൊഴുവനാൽ ജോസ്, ഈസ്റ്റ് മാറാടി