വല മുറുക്കി എൻഐഎ
Thursday, July 23, 2020 11:31 PM IST
സ്വര്‍ണക്കടത്ത് കേസും അതിലെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തിന്റെ നിര്ണായകഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. വളരെ സൂഷ്മതയോടെയാണ് എന്‍ഐഎയുടെ നീക്കം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ അടുത്തുവരെ അവർ എത്തിക്കഴിഞ്ഞു.
അട്ടിമറിനീക്കം ശക്തം
വന്പന് സ്രാവുകള്‍ ഉള്‍പ്പെട്ടിരിക്കുന്നതു മൂലം ഈ കേസിന്റെ ആയുസ് എത്രയായിരിക്കുമെന്ന കാര്യത്തിൽ തുടക്കം മുതൽ സംശയങ്ങളുണ്ടായിരുന്നു. കേസന്വേഷണം നടത്തുന്ന കസ്റ്റംസിലെ എട്ടോളം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ അത് ആശങ്കയായി വളരുന്നു.
അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയതെന്നാണു സൂചന. കമ്മീഷണര്‍ എതിര്‍പ്പറിയിച്ചതോടെ ഉത്തരവ് തത്കാലത്തേക്കു മരവിപ്പിച്ചുവെന്നാണ് അറിയുന്നത്. പ്രാഥമിക അന്വേഷണത്തില്‍തന്നെ പണം ഒഴുകിയതു തീവ്രവാദത്തിലേക്കാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
ഫൈസലിന്റെ തന്ത്രം പാളി
നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ കേസെടുക്കാതെ ഇന്ത്യക്കു വിട്ടുനല്‍കാന്‍ യുഎഇ സമ്മതിച്ചിട്ടുണ്ട്. നിരവധി ചെക്കുകേസുകളില്‍ ദുബായില്‍ പ്രതിയായ ഇയാൾക്കെതിരേ കേസെടുത്തിരുന്നെങ്കില്‍ വിട്ടുകിട്ടാന്‍ കാലതാമസം ഉണ്ടാകുമായിരുന്നു. ദുബായ് സര്‍ക്കാരിന്റെ വ്യാജമുദ്ര സഹിതം ബാഗേജ് സീല്‍ ചെയ്തയച്ച കേസില്‍ ഫൈസലിനെ പ്രതിയാക്കാനായിരുന്നു തീരുമാനം. ചെക്ക് കേസുകള്‍ ഉള്‍പ്പെടെയുള്ള സാന്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളാകുന്നവര്‍ എത്ര ഉന്നതരായാലും അവര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതാണ് യുഎഇയിലെ നിയമം.
ഫൈസല്‍ ദുബായില്‍ പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇന്ത്യയിലേക്കു പോയാല്‍ രക്ഷപ്പെടില്ലെന്നു ഫൈസല്‍ മനസിലാക്കിയിരുന്നു. അങ്ങനെയാണ് അഭിഭാഷകന്റെ സഹായത്തോടെ ചെക്ക് കേസില്‍ ദുബായ് പോലീസിനു മുന്നിലെത്തുന്നത്. എന്നാല്‍, സ്വര്‍ണക്കള്ളക്കടത്തിൽ ചോദ്യംചെയ്യല്‍ അനിവാര്യമായതിനാല്‍ ഉടന്‍ വിട്ടുകിട്ടണമെന്ന് എന്‍ഐഎ അഭ്യര്‍ഥിച്ചു. ഇന്ത്യയിലെ നിയമനടപടി പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ വിട്ടുനല്‍കാമെന്ന് ഇന്ത്യ അറിയിക്കുകയും ചെയ്തു. കൈമാറ്റം അടുത്തയാഴ്ച ആദ്യമുണ്ടാകുമെന്നാണു സൂചന. എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് എന്നീ ഏജന്‍സികളാണു ഫൈസലിനെ ചോദ്യംചെയ്യുക.
സ്വത്തുക്കള്‍ കണ്ടുകെട്ടും
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങള്‍ തേടി സംസ്ഥാന രജിസ്ട്രേഷന് വകുപ്പിനും റവന്യു വകുപ്പിനും കസ്റ്റംസ് കത്ത് നല്കി. മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്കു തിരുവനന്തപുരത്ത് അടക്കം ബിനാമി സ്വത്തുക്കള്‍ ഉണ്ടെന്ന വിവരമുണ്ട്.
യുഎഇ കോണ്സലേറ്റിലെ മുന്‍ ഗണ്മാന് ജയ്ഘോഷിന്റെ സാന്പത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസിന്റെ അന്വേഷണം തുടരുകയാണ്. ഇയാളുടെ വീട്ടിലെ പരിശോധനയില്‍ ബന്ധുക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. പ്രതികളില്‍ ആരെങ്കിലുമായി ജയഘോഷിന് സാന്പത്തിക ഇടപാടുണ്ടോ, ഒരു സിവില്‍ പോലീസ് ഓഫീസര്‍ എന്നതില്‍ കവിഞ്ഞുള്ള സാന്പത്തികശേഷി ജയ്ഘോഷ് കൈവരിച്ചിട്ടുണ്ടോ തുടങ്ങിയവ അറിയാനാണ് അന്വേഷണം.
ബിനാമി നിക്ഷേപങ്ങൾ
സ്വപ്നയുടെ നിക്ഷേപങ്ങളേറെയും ബിനാമി ഇടപാടുകളാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. സ്വര്‍ണം കടത്താനുള്ള പ്രതിഫലം സ്വപ്ന നേരിട്ടു പണമായിട്ടും സ്വര്ണമായിട്ടുമാണു കൈപ്പറ്റിയിരുന്നത്. തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ വീട് നിര്‍മിക്കുന്ന സ്ഥലം കുടുംബവകയാണ്. അച്ഛന് സുരേഷിന്റെ പേരിലുള്ള ഭൂമി അദ്ദേഹത്തിന്റെ മരണശേഷമാണു സ്വപ്നയ്ക്കു ലഭിച്ചത്.
23 തവണ സ്വപ്ന സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഓരോ ഇടപാടിലും അഞ്ചുമുതല്‍ 15 വരെ ലക്ഷം രൂപ സ്വപ്നയ്ക്ക് ലഭിച്ചിരുന്നു. ഈ തുകയെല്ലാം ചെലവഴിച്ചു തീര്‍ക്കാന്‍ വഴിയില്ല. ഒരു കോടിക്കുമേല്‍ ബിനാമി നിക്ഷേപമുണ്ടെന്നാണു സൂചന. അക്കൗണ്ടുകളിലുള്ളതിനേക്കാള് തുക സ്വപ്നയുടെ കൈവശമുണ്ടെന്നാണു വിവരം.
സ്വപ്നയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരം ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. സ്വര്‍ണക്കടത്തിലെ പ്രതിഫലം കൂട്ടുപങ്കാളിത്തത്തിലെ ബിസിനസില്‍ മുടക്കാനാണ് സ്വപ്ന താത്പര്യം കാണിച്ചത്. സ്പേസ് പാര്‍ക്കിലെ ജോലിയിലൂടെ ലഭിച്ച സൗഹൃദങ്ങളും ഇത്തരം ബിസിനസ് ബന്ധങ്ങളിലേക്കു നയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് ഇടപാട് അറിയാതെയാണ് ചിലര്‍ സ്വപ്നയുടെ ബിസിനസില്‍ പങ്കാളികളായത്. ഇവരില്‍ പലരും കസ്റ്റംസ്, എന്‍ഐഎ അന്വേഷണത്തെ ഭയന്നു കഴിയുകയാണ്. കോഫെപോസ ചുമത്തിയാല്‍ മറ്റു പ്രതികളുടെ സ്വത്തുക്കളും കണ്ടുകെട്ടും.
വീഡിയോയില്‍ വന്പന്മാര്
സ്വപ്നയില്‍നിന്ന് ഒരു ഡിജിറ്റല്‍ വീഡിയോ റിക്കാര്‍ഡര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിര്‍ണായക തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം നല്കുന്ന വിവരം. രഹസ്യ ഇടപാടുകളുടെയും മറ്റും വീഡിയോ അവര്‍ അറിയാതെതന്നെ സ്വപ്ന റിക്കാര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നുവത്രെ. അറ്റാഷെ, എം. ശിവശങ്കര്‍ തുടങ്ങിയവരുൾപ്പെടെയുള്ള വന്പന്മാര് സ്വപ്ന സുരേഷിന്റെ വീഡിയോയിലുണ്ടെന്നാണു വിവരം.
ജോണ്സണ് വേങ്ങത്തടം