ശിവശങ്കർ മുതൽ സിനിമാക്കാർ വരെ
Sunday, July 19, 2020 12:49 AM IST
ഡിപ്ലോമാറ്റിക് ബാഗിലൂടെയുള്ള സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിൽ എന്‍ഐഎയും കസ്റ്റംസും മുന്നേറുകയാണ്. ഇന്നലെ എന്‍ഐഎ തിരുവനന്തപുരത്തായിരുന്നുവെങ്കില്‍ കസ്റ്റംസ് കോഴിക്കോട് മേഖലയിലായിരുന്നു. പ്രതികളുടെ മൊഴികൾ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥതലത്തിലേക്കു വിരൽചൂണ്ടുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ മൊഴി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ഫോണ്‍ ബന്ധവും പ്രതികള്‍ക്ക് വേണ്ടി ഹെദര്‍ അപ്പാര്‍ട്ട്മെന്റ്സില്‍ ഫ്ളാറ്റ് ബുക്ക് ചെയ്യാന്‍ ഇടപെട്ടതും സ്വപ്ന സുരേഷിന്റെ സ്പേസ് പാര്‍ക്കിലെ മാനേജര്‍ തസ്തികയിലെ നിയമന ശിപാര്‍ശയും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ശിവശങ്കറിനെതിരേയുള്ളത്. സ്വര്‍ണക്കത്തുമായി പങ്കുള്ള ഉന്നതരുടെ പേരുവിവരങ്ങളെല്ലാം പ്രതികൾ എന്‍ഐഎയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. കേസില്‍ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയില്‍ രാഷ്ട്രീയ പ്രമുഖരും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെടുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസിന് ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. 21 വരെയാണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍ ഇവരെ വിട്ടിരിക്കുന്നത്.
ലുക്ക്ഔട്ട് നോട്ടീസ്
സ്വര്‍ണക്കടത്തിന്റെ പ്രധാന കണ്ണി ഫൈസല്‍ ഫരീദ് ഇപ്പോഴും ഒളിവിലാണ്. കേന്ദ്രസര്‍ക്കാര്‍ യുഎഇയുടെ സഹായത്തോടെ പിടികൂടാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും കള്ളക്കടത്തിന്റെ വലിയൊരു സാമ്രാജ്യം സ്ഥാപിച്ചു കഴിയുന്ന ഇയാളെ പിടിക്കുക അത്ര എളുപ്പമാവില്ല. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിനു ശ്രമിച്ച ഇയാളാണ് നയതന്ത്ര ബാഗേജ് എന്നപേരില്‍ യുഎഇയില്‍നിന്നു സ്വര്‍ണം അയച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥനയില്‍ ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയം ഫൈസലിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. വിമാനത്താവളങ്ങളിലൂടെയോ തുറമുഖങ്ങളിലൂടെയോ കടക്കാന്‍ ഫൈസൽ ഫരീദിന് ഇനി സാധിക്കില്ല. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാർ നീക്കങ്ങൾ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയര്‍ന്നുവന്നപ്പോള്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു.
അറ്റാഷെയുടെ മൊഴി കിട്ടുമോ?
സ്വര്‍ണക്കടത്ത് കേസിലെ പ്രധാന സാക്ഷിയായിരുന്നു യുഎഇ കോണ്‍സുലേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെ റാഷിദ് ഖാമിസ് അൽ അസ്മിയ. സ്വപ്ന സുരേഷും മറ്റു പ്രതികളുമായി നല്ല ബന്ധമുണ്ടായിരുന്ന അറ്റാഷെയുടെ മൊഴി നിര്‍ണായകമാകുമായിരുന്നു. അറ്റാഷെയെ പ്രതി ചേര്ക്കാനാവില്ലെങ്കിലും അദ്ദേഹത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ കേസ് ബലപ്പെടുത്താന്‍ കഴിയുമായിരുന്നു. വ്യാജരേഖയുണ്ടാക്കല്‍ അടക്കമുള്ള അനുബന്ധകേസുകളിലും ഗുണം കിട്ടുമെന്നായിരുന്നു അന്വഷണസംഘങ്ങളുടെ പ്രതീക്ഷ.
അറ്റാഷെ രാജ്യം വിട്ടതോടെ ഇനി യുഎഇയുടെ സഹായത്തോടെ മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു പോകൂ. കാര്‍ഗോയിലെത്തിയ സ്വര്‍ണം തന്റേതല്ലെന്ന് അറ്റാഷെ എഴുതി നല്കിയ മൊഴി മാത്രമാണ് കസ്റ്റംസിന്റെ പക്കലുള്ളത്.
അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അവസരമൊരുക്കണമെന്നു യുഎഇയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റാഷെ സ്വര്‍ണക്കടത്തിലെ പങ്കാളിയാണെന്ന സംശയം ബലപ്പെടുന്നുണ്ടെങ്കിലും അന്വേഷണസംഘത്തിനു മൗനം പാലിക്കാനേ കഴിയൂ. കാര്‍ഗോ ദുബായില്‍നിന്നെത്തിയ ദിവസം മുതല്‍ സ്വപ്നയും സരിത്തുമായുള്ള അറ്റാഷെയുടെ ഫോണ്‍വിളികൾ വിരല്‍ചൂണ്ടുന്നത് ഇടപാടുകൾ അറിയാമായിരുന്നെന്നാണ്. അറ്റാഷെയെ ചോദ്യംചെയ്യാനുള്ള അനുമതി യുഎഇ നല്‍കാനിടയില്ല. ചോദ്യാവലി അയച്ചുകൊടുത്താല്‍ മറുപടി ലഭ്യമാക്കിയേക്കും. പക്ഷേ അതു കോടതിയില്‍ തെളിവാകില്ല.
സിനിമാബന്ധം
സിനിമാക്കാരെ ഉപയോഗിച്ചും സ്വര്‍ണം കടത്താന്‍ ശ്രമിച്ചുവെന്നതിനു തെളിവു പുറത്തുവരുന്നുണ്ട്.താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അറസ്റ്റിലായ ഹംജത് അലിയുടെതാണു വെളിപ്പെടുത്തല്‍. സിനിമാരംഗത്തുള്ളവരുടെ സഹായത്തോടെ ദുബായില്‍നിന്നു സ്വര്‍ണം നാട്ടിലെത്തിക്കാനാണ് സംഘം ശ്രമിച്ചത്. ഇതിനായി സ്റ്റേജ് ഷോകള്‍ക്കെത്തുന്ന പല താരങ്ങളെയും സമീപിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിക്കാന്‍ സിനിമാക്കാരുടെ വാഹനം ഉപയോഗപ്പെടുത്താനും ശ്രമങ്ങള്‍ നടന്നു.
സ്വര്‍ണക്കടത്തിന് വന്‍ പ്രതിഫലമാണ് താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്. നടി ഷംന കാസിമില്‍നിന്നു പണംതട്ടാന്‍ ശ്രമിച്ച കേസിലും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അന്‍വര്‍ അലി എന്ന പേരിലാണ് ഹംജത് പല താരങ്ങളെയും വിളിച്ചതെന്നും പറയുന്നു.
ജോണ്സണ് വേങ്ങത്തടം