കാടിറങ്ങുന്നതു ക്രൗര്യമല്ല, ക്രൗര്യമിവിടെ കുടികിടപ്പാണ്
Wednesday, July 8, 2020 12:02 AM IST
കാടിറങ്ങുന്ന ക്രൗര്യമെന്ന പേരിൽ മലയോരമേഖലയിൽ പണിയെടുക്കുന്ന കർഷകരുടെ കണ്ണീരിന്റെ കഥകൾ പറയുന്നൊരു പരന്പര ദീപിക ദിനപത്രം പ്രസിദ്ധീകരിച്ചല്ലോ. കൊടുംപട്ടിണിയുടെ കാലത്ത് നമ്മുടെ സാഹസികരായ ജ്യേഷ്ഠസഹോദരങ്ങൾ അചിന്ത്യമായ സാഹസികതയോടെ വനപ്രദേശങ്ങളിൽ കയറി അത്യധ്വാനം ചെയ്ത് നമ്മുടെ നാടിനെ കൊടുംപട്ടിണിയിൽനിന്നു രക്ഷിച്ചു. ദാരിദ്ര്യത്തിനെതിരായ ആ പോരാട്ടത്തിന്റെ തുടക്കത്തിൽ അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് കൈയും കണക്കുമില്ല.
അവർക്കു ശക്തമായ പിന്തുണയുമായി നിന്ന അവരുടെ ജീവിതപങ്കാളികളിൽ പലരും ഇന്ന് ആ കഷ്ടപ്പാടുകൾ സമ്മാനിച്ച ആസ്ത്മ, വലിവ്, നടുവേദന മുതലായ മാറാരോഗങ്ങളുമായി കഴിഞ്ഞുകൂടുന്നുണ്ടെന്നത് നാം മറന്നുകൂടാത്തതാണ്. ഇടക്കാലംകൊണ്ട് അവർക്ക് കുറേയൊക്കെ സാന്പത്തികനേട്ടമുണ്ടായിട്ടുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാൽ ഇന്ന് അവരിൽ ഭൂരിഭാഗവും ഭീതിയിലേക്കും തീരാനഷ്ടങ്ങളിലേക്കും എടുത്തെറിയപ്പെട്ടിരിക്കുന്നു എന്നത് അത്യന്തം ഖേദകരമാണ്. ഈ കഷ്ടപ്പാടിൽനിന്നു മോചനം നേടുന്നതിനായി അവരിൽ ചിലർ പരീക്ഷിച്ച പല വഴികളിൽ ഒന്നാണ് തിരുവിഴാംകുന്നിൽ ഒരു ഗർഭിണിയായ കാട്ടാനയുടെ ദാരുണാന്ത്യത്തിനു വഴിതെളിച്ചത്.
മൃഗങ്ങൾക്കു ഭക്ഷണമോ വെള്ളമോ വേണ്ടത്ര ഇല്ലാതാകുന്പോഴാണല്ലോ അവ നാട്ടിലിറങ്ങുന്നത്. മറ്റു മര്യാദകൾ അറിഞ്ഞുകൂടാത്ത അവ ഭക്ഷ്യയോഗ്യമെന്നു കാണുന്നത് അവയുടെ നൈസർഗിക വാസനയനുസരിച്ച് തിന്നുന്നത് ക്രൂരതയെന്നു പറയാമോ? അതു ക്രൂരതയാണെങ്കിൽ ആർഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേരിൽ അസംഖ്യം ജീവികളെ നാം കൊന്നുതിന്നുന്നതിന് എന്തു പേരു പറയും?
ഈയവസ്ഥയിൽ കുറ്റപ്പെടുത്തേണ്ടത് മൃഗങ്ങളെയല്ല. വനഭൂമിയും വനവിഭവങ്ങളും വിവേചനരഹിതമായി കൈയേറി വനം ജീവികൾക്കു വസിക്കാൻ യോഗ്യമല്ലാതാക്കിത്തീർത്തവരെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സർക്കാർ സംവിധാനത്തെയുമാണ്. അതിൽത്തന്നെ ഒന്നാം സ്ഥാനത്തു സർക്കാർതന്നെയാണ്. കാരണം സർക്കാരോ സർക്കാരിന്റെ കടിഞ്ഞാൺ പിടിക്കുന്ന രാഷ്ട്രീയ നേതൃത്വമോ അറിയാതെ, ഉദ്യോഗസ്ഥ തലത്തിൽ മാത്രമായി കാര്യമായ അഴിമതിയൊന്നും നടക്കുന്നില്ലെന്നതാണു സത്യം. ഉദ്യോഗസ്ഥരെ പഴിചാരി സ്രാവുകൾ രക്ഷപ്പെടുന്നുവെന്നു മാത്രം.
വനത്തിൽ മൃഗങ്ങൾക്കു വെള്ളവും ഭക്ഷണവും ലഭ്യമാകുന്നതിനു വേണ്ട സത്വര നടപടികൾ ഉടൻതന്നെ സർക്കാർ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ മലയോര കർഷകനും അവന്റെ കൃഷിയും മാത്രമല്ല കേരളത്തിന്റെ കൃഷിയിടങ്ങളും മനുഷ്യർതന്നെയും കാട്ടുമൃഗങ്ങൾക്കു ഭക്ഷണമാകാൻ തുടങ്ങും. അതിന്റെ സൂചനയും നാം കണ്ടുകഴിഞ്ഞല്ലോ.
കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ - നമ്മുടെ കാടും നാടും ഒരുപോലെ പക്ഷിമൃഗാദികൾക്കു മരുവായി മാറിയിരിക്കുന്നു. റബർതോട്ടങ്ങളുടെ വ്യാപനം കേരളത്തിന്റെ പരിസ്ഥിതിക്ക് ആഘാതമായി. ഈ നില തുടർന്നാൽ ഭക്ഷണം ലഭിക്കാതെവരുന്ന നാട്ടിലെ പക്ഷിമൃഗാദികൾതന്നെ മനുഷ്യന് എന്തു നാശം വരുത്തുമെന്നു കണ്ടറിയേണ്ടിവരും. ഇപ്പോൾതന്നെ എത്രയേറെ പക്ഷികൾക്കും മൃഗങ്ങൾക്കും വർഗനാശം വന്നുപോയി. റബർകൃഷിക്ക് സബ്സിഡി കിട്ടണമെങ്കിൽ ആ പ്രദേശത്തൊന്നും മറ്റു മരങ്ങൾ പാടില്ലെന്ന വിനാശകരമായ വ്യവസ്ഥ എടുത്തുകളഞ്ഞില്ലെങ്കിൽ കേരളം ആസന്നഭാവിയിൽത്തന്നെ പക്ഷിമൃഗാദികളുടെ ശവപറന്പായി മാറും.
ഡോ.സി.ടി. ഫ്രാൻസിസ് ചിറ്റിലപ്പിള്ളി, മുതലക്കോടം