ഇന്നു വായനദിനം: വായിച്ചു വളരാം, ചിന്തിച്ചു മുന്നേറാം
Thursday, June 18, 2020 11:39 PM IST
""മനസ് തേനീച്ചക്കൂടുകൾ പോലെയാണ്. പുതിയ ആശയങ്ങൾ സ്വീകരിക്കാൻ പുതിയ അറകൾ ഉണ്ടാവണം. ഉണ്ടായില്ലെങ്കിൽ മനസ് യാഥാസ്ഥിതികത്വത്തിൽ ഉറച്ചുനിൽക്കും.'' സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിവ. പുതിയ അറിവുകൾ ഉണ്ടാകാനും പുതിയ ആശയങ്ങൾ രൂപപ്പെടാനും വായന നിത്യജീവിതത്തിൽ അത്യാവശ്യമാണ്. മനസിന്റെ വ്യായാമംകൂടിയാണു വായന. ഇന്ന്, 2020-ലെ വായനദിനത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് 75 വയസും അതിനു ജന്മം നല്കിയ പി.എൻ. പണിക്കരുടെ ഓർമയ്ക്ക് 25 വർഷവും തികയുന്നു.
കേരളത്തിലെ ഏതു കുഗ്രാമത്തിൽ ചെന്നാലും അവിടെ ഗ്രന്ഥശാല കാണാം. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ച നാടിന് നവോത്ഥാന മൂല്യങ്ങളിലൂടെ മുന്നേറുന്നതിൽ ഗ്രന്ഥശാലകൾ വഹിച്ച പങ്കു വലുതാണ്. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ ഈ നിലയിൽ വളർത്തിയെടുക്കുന്നതിൽ പി.എൻ. പണിക്കർ എന്ന മനുഷ്യന്റെ അശ്രാന്ത പരിശ്രമവും കഠിനാധ്വാനവുമുണ്ട്. അദ്ദേഹത്തെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ സ്മൃതിദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുന്നു.
കോട്ടയം ജില്ലയിലെ നീലംപേരൂർ ഗ്രാമത്തിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ 1909 മാർച്ച് ഒന്നിനാണു പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കർ ജനിച്ചത്. പുതുവായിൽ വീട്ടിൽ ജാനകിയമ്മയും ഗോവിന്ദപ്പണിക്കരുമാണു മാതാപിതാക്കൾ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം സ്വന്തം ഗ്രാമത്തിൽ സാനാതനധർമം എന്ന പേരിൽ ഒരു ഗ്രന്ഥശാല സ്ഥാപിച്ചാണ് ഗ്രന്ഥശാലാ പ്രവർത്തനം ആരംഭിച്ചത്. അന്പലപ്പുഴ ആമയിടമാളേക്കൽപറന്പിൽ ചെന്പകകുട്ടിയെ വിവാഹം ചെയ്തതോടെ അന്പലപ്പുഴ സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം അന്പലപ്പുഴയിൽ സ്ഥിരതാമസമാക്കി. 1938-ൽ അന്പലപ്പുഴയിൽ സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പേരിൽ പി.കെ. വിലാസം വായനശാല സ്ഥാപിച്ചു ഗ്രന്ഥശാലാ പ്രവർത്തനം സജീവമാക്കി.
പി.എൻ. പണിക്കർ മുൻകൈയെടുത്ത് 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിച്ചു. ഗ്രന്ഥശാലകളെ ഒരു ചരടിൽ കോർത്തിണക്കി അവയ്ക്ക് ഒരു ഏകീകൃത രൂപമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 1945-ൽ പി.എൻ. പണിക്കരുടെ മുൻകൈയിൽ രൂപീകൃതമായ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തെയാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടക്കമായി കണക്കാക്കുന്നത്. തിരു-കൊച്ചി ലയനത്തിനുശേഷം 1949-ൽ തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘവും കൊച്ചിയിലെ ഗ്രന്ഥശാലകളും ചേർന്ന് തിരുകൊച്ചി ഗ്രന്ഥശാലാ സംഘം രൂപീകരിച്ചു. അതാണ് 1958-ൽ കേരള ഗ്രന്ഥശാലാ സംഘമായി മാറിയത്. പ്രവർത്തനമില്ലാത്തതും നിന്നുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കാനും പുതിയ വായനശാലകൾ ആരംഭിക്കാനും പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു. 1943-ൽ മലബാർ ഗ്രന്ഥശാലാ സംഘം കേരള ഗ്രന്ഥശാലാ സംഘമായി മാറാൻ തീരുമാനിച്ചെങ്കിലും കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയാതെ വന്നതിനാൽ അതു സാധ്യമായില്ല.
1956-ൽ തിരുവിതാംകൂറും കൊച്ചിയും മലബാറും സംയോജിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957-ൽ അധികാരത്തിൽവന്ന ഇ.എം.എസ് നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് രണ്ടു ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളെയും ഒന്നാക്കി കേരള ഗ്രന്ഥശാലാ സംഘമാക്കി. പി.എൻ. പണിക്കരെ ജനറൽ സെക്രട്ടറിയാക്കി മുഖ്യചുമതല നല്കി. അദ്ദേഹം കേരളമാകെ സഞ്ചരിച്ച് ഓരോ നാട്ടിൻപുറത്തും വായനാതത്പരരും വിദ്യാസന്പന്നരുമായ ആളുകളെ തെരഞ്ഞുപിടിച്ച് പുതിയ ഗ്രന്ഥശാലകൾ സ്ഥാപിച്ചു. അതിന്റെ ഫലമായി ചുരുങ്ങിയ കാലംകൊണ്ട് ഗ്രന്ഥശാലകളുടെ എണ്ണം ആറായിരത്തോളമായി വർധിച്ചു.
1971-ൽ ഗ്രന്ഥശാലാ സംഘത്തിന് ഒരു മുഖമാസിക ഉണ്ടായി. "ഗ്രന്ഥാലോകം'. 1975-ൽ യുനസ്കോയുടെ "ക്രൂപ്സായ' അവാർഡ് കേരള ഗ്രന്ഥശാലാ സംഘത്തെ തേടിയെത്തിയതോടെ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം സാർവദേശീയ ശ്രദ്ധ നേടി. ഗ്രന്ഥശാലാ സംഘത്തിനു കീഴിൽ വയോജന വിദ്യാഭ്യാസ യജ്ഞത്തിനും പണിക്കർ രൂപംകൊടുത്തു. 1977 മാർച്ച് 16-ന് ഗ്രന്ഥശാലാ സംഘത്തെ സർക്കാർ പിരിച്ചുവിടുകയും ഭരണം ഒരു കൺട്രോൾഡ് ബോർഡിന്റെ കീഴിലാക്കുകയും ചെയ്തു.
ഗ്രന്ഥശാലാ സംഘത്തോടു വിടപറഞ്ഞ പണിക്കർ 1977 ജൂൺ 30-ന് കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിക്കു (കാൻഫെഡ്) രൂപം നല്കി. 1995 ജൂൺ 19-ന് അദ്ദേഹം അന്തരിച്ചു. സാംസ്കാരിക പുരോഗതിയിലൂടെ സാമൂഹിക പുരോഗതി നേടിയതിന്റെ കരുത്താണു കോവിഡിനെ പ്രതിരോധിക്കാൻ കേരളത്തിനു തുണയായത്. കേരള ജനതയെ സാംസ്കാരിക ഉന്നതിയിലേക്കു നയിക്കാൻ പരിശ്രമിച്ച ആ മഹാനായ മനുഷ്യനെ സ്മരിച്ചുകൊണ്ടു നമുക്കു "വായിച്ചു വളരാം, ചിന്തിച്ചു മുന്നേറാം.'
ടി.എം. ജോർജ് തുപ്പലഞ്ഞിയിൽ
(ലേഖകൻ കൂരോപ്പട പബ്ലിക് ലൈബ്രറി മുൻ പ്രസിഡന്റും ലൈബ്രറി കൗൺസിൽ മുൻ
പ്രതിനിധിയും കൂരോപ്പട സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാണ്.)