ശരിക്കും ഷോക്ക് അടിപ്പിക്കേണ്ടത് ആരെ?
Thursday, June 18, 2020 11:36 PM IST
കാറ്റടിച്ചാൽ മതി കറന്റ് പോകും എന്നതു പണ്ടേ കെഎസ്ഇബിക്കു നാട്ടുകാർ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റ്! ഇനിയിപ്പോൾ ബില്ല് കാണിച്ചാൽ മതി കാറ്റു പൊയ്ക്കോളും എന്നൊരു ബഹുമതികൂടി കിട്ടാനുള്ള സാധ്യത കാണുന്നുണ്ട്. ലോക്ക്ഡൗണ് മൂലം ആകെ ഡൗണായ ജനത്തിനാണ് കെഎസ്ഇബി ദുരിതാശ്വാസമായി "ഷോക്ക്ഡൗണ്' നൽകിയത്! ബില്ല് കിട്ടിയ ഷോക്കിൽ വീണ പലരും ഇനിയും എഴുന്നേറ്റിട്ടില്ല!
കറന്റ് മുതലാളിയുടെ "ഷോക്ക്ഡൗണ്' ആനുകൂല്യത്തിൽനിന്ന് ആർക്കും ഒഴിവു കിട്ടിയിട്ടില്ലെന്നാണ് കേട്ടത്. സിനിമാക്കാർക്കുവരെ മറക്കാതെ ഈ കിറ്റ് നൽകി! അതേസമയം, വൈദ്യുതിവകുപ്പിലെ ജീവനക്കാർ പലരും "ഷോക്ക്ഡൗണ്' ആനുകൂല്യം കൈപ്പറ്റാതെ ആവശ്യക്കാരായ മറ്റാർക്കെങ്കിലും കൊടുത്തോളാൻ പറഞ്ഞു സമ്മതപത്രം നല്കി മാതൃക കാട്ടിയത്രേ!
അപായം!.. കന്പിയിൽ തൊട്ടാൽ ഷോക്കടിക്കുമെന്നു കെഎസ്ഇബി പലേടത്തും ബോർഡ് എഴുതി പറ്റിച്ചിട്ടുണ്ട്. ഇനി ബില്ലെഴുതി നാട്ടുകാരെ ചുറ്റിക്കുന്നതിനു മുന്പായി "ബില്ലിൽ തൊട്ടാൽ ഷോക്കടിക്കും' എന്നൊരു അറിയിപ്പുകൂടി എഴുതി പറ്റിച്ചാൽ ഒരു മുൻകരുതൽ ആയേനെ. ഇനി ബില്ലിനൊപ്പം നാട്ടുകാർക്കു പ്രഷറിന്റെ ഓരോ ഗുളികകൂടി നൽകിയാലും തെറ്റില്ല.
കറന്റില്ല, കറന്റില്ല എന്ന് എപ്പോഴും പരാതി പറയുന്നവർക്കുള്ള മുതലാളിയുടെ മറുപടി കൂടിയാണ് ഈ ബില്ലുകൾ. കേരളം സന്പൂർണ വൈദ്യുതവത്കരണത്തിന്റെ പാതയിലാണെന്നു സർക്കാർ പറഞ്ഞപ്പോൾ ആരും ഇത്രയും കരുതിയില്ല. കെഎസ്ഇബിയുടെ കന്പിയിൽ മാത്രമല്ല ബില്ലിൽ പോലും ഇതാ കറന്റ് റെഡി!
ഇതുവരെ അടച്ചിരുന്ന വൈദ്യുതി ചാർജ് എങ്ങനെയാണ് ഇടിവെട്ടുന്പോൾ വോൾട്ടേജ് കൂടുന്നതുപോലെ മൂന്നും നാലും ഇരട്ടിയായത് എന്നതായിരുന്നു ഏവരുടെയും സംശയം. ഓരോ യൂണിറ്റിനുള്ള ചാർജും മീറ്റർ റീഡിംഗും സ്ലാബിൽ വച്ചിട്ട് മീറ്റർ വാടകയും ആഗോള ശരാശരിയും അതിന്റെ അടിയിൽ ചേർക്കും. പിന്നെ ഫിക്സഡ് ഡിപ്പോസിറ്റും പത്തു ശതമാനം ഡ്യൂട്ടിയുമായി കൂട്ടിക്കലർത്തി അതിലൂടെ കറന്റ് കടത്തിവിടുന്പോൾ ഉണ്ടാകുന്ന തരംഗങ്ങളാണ് ബില്ലിൽ അക്കങ്ങളായി പ്രതിഫലിക്കുന്നതെന്ന മട്ടിലായിരുന്നു മറുപടി. ഇടിവെട്ടുന്നതായിരുന്നു ഇതിൽ ഭേദമെന്നാണ് കേട്ടപ്പോൾ പലർക്കും തോന്നിയത്. സാധാരണക്കാരനു മനസിലാകുന്ന രീതിയിൽ ഇതൊക്കെയൊന്നു ക്രമീകരിച്ചുകൂടെ? ശരിക്കും ഷോക്ക് അടിപ്പിക്കേണ്ടത് ആരെയാണ് എന്നതാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം!
ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയാൽ ഫ്യൂസ് ഉൗരാൻ കറന്റിനെക്കാൾ വേഗത്തിൽ പാഞ്ഞെത്തുന്ന കെഎസ്ഇബിക്കാരുടെ ഫ്യൂസ് ഇത്തവണ നാട്ടുകാർ ഊരുമെന്നു തോന്നിയിട്ടാണോ എന്നറിയില്ല, ആരുടെയെങ്കിലും പണം അധികമായി വാങ്ങിയിട്ടുണ്ടെങ്കിൽ അടുത്ത ബില്ലിൽ അഡ്ജസ്റ്റ് ചെയ്തു തരുമെന്നു പ്രഖ്യാപിച്ചു കറന്റ് മുതലാളി കൈകഴുകി. ഇതിനിടെ നടൻ മധുപാലിന്റെ 5,714 രൂപയുടെ കറന്റ് ബിൽ ഒന്നുകൂടി പരിശോധിച്ചപ്പോൾ വെറും 300 രൂപയായി കുറഞ്ഞു. ഇങ്ങനെയൊക്കെയാണ് കെഎസ്ഇബി കറന്റിന്റെ ആഗോള ശരാശരി കണക്കാക്കുന്നതെങ്കിൽ എത്രയോ പേരുടെ കീശ കീറിയിട്ടുണ്ടാകണം. ഈ കണക്കിലെ കളികൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇപ്പോൾ കൂട്ടത്തോടെ തട്ടുകിട്ടിയതിനാൽ നാട്ടുകാർ തിരിച്ചറിഞ്ഞു എന്നു മാത്രം.
ഇനിയെങ്കിലും ഇത്തരം കണക്കെടുപ്പിലൂടെ നാട്ടുകാരെ കറന്റ് അടിപ്പിക്കരുത്. അല്ലെങ്കിൽ നാളെ, പണ്ടൊരു നേതാവിന്റെ വണ് ടു ത്രീ.. പ്രസംഗം പോലെ മറ്റൊന്നുകൂടി കേരളം കേൾക്കേണ്ടി വരും. ഞങ്ങൾ ഒരാളെ ഷോക്കടിപ്പിച്ചു കൊന്നു, ഒരാളെ കറന്റ് കട്ടാക്കി കൊന്നു, മറ്റൊരാളെ ബില്ലു കാണിച്ചു കൊന്നു!
മിസ്ഡ് കോൾ
= ആഗോള വില കുറഞ്ഞിട്ടും ഇന്ധനവില ഓരോ ദിവസവും മുകളിലേക്ക്.
- വാർത്ത
=ഇന്ധനവില ഇപ്പോൾ ബന്ധിപ്പിച്ചിരിക്കുന്നത് കോവിഡിന്റെ എണ്ണവുമായിട്ടാണ്!
ഒൗട്ട് ഓഫ് റേഞ്ച് /ജോൺസണ് പൂവന്തുരുത്ത്