അടിസ്ഥാനരഹിതമായ ആരോപണങ്ങൾ
Wednesday, June 17, 2020 11:15 PM IST
ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളജിൽ ബികോം പരീക്ഷ എഴുതിയ അഞ്ജു പി. ഷാജി എന്ന പെൺകുട്ടി ആത്മഹത്യചെയ്ത അത്യന്ത ദുഃഖകരവും നിർഭാഗ്യകരവുമായ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെയും അധ്യാപകരെയും കുറ്റപ്പെടുത്തുന്ന തരത്തിൽ പല ഭാഗത്തുനിന്നും വിമർശനങ്ങൾ ഉണ്ടായി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നു സാരമായ തെറ്റ് സംഭവിച്ചു എന്ന മട്ടിൽ പ്രതികരിച്ചതായി പത്രങ്ങളിൽ കണ്ടു.
സിസിടിവി ദൃശ്യങ്ങളും വിദ്യാർഥിനിയുടെ ഹാൾ ടിക്കറ്റും പരസ്യപ്പെടുത്തിയതാണു വലിയ തെറ്റായി വൈസ് ചാൻസലർ ചൂണ്ടിക്കാട്ടിയത്. ഇതു രണ്ടും നടന്നത് നിർഭാഗ്യകരമായ ആത്മഹത്യ നടന്ന് എത്രയോ മണിക്കൂറുകൾ കഴിഞ്ഞാണെന്ന് ഓർക്കണം. അതിനാൽ ഖേദകരമായ സംഭവത്തിന് ഇവ കാരണമല്ലല്ലോ. പിന്നെ നടപടിപ്പിശകാണെന്നാണു വാദമെങ്കിൽ ഹാൾ ടിക്കറ്റ് ഒരു രഹസ്യരേഖയാണോ? കോളജ് അധികാരികൾക്ക് ഏതു സമയത്തും പരിശോധിക്കാൻ പൂർണാധികാരമുള്ള ഒരു രേഖയല്ലേ അത്?
പ്രിൻസിപ്പൽ ഹാളിൽവന്നു സൗമ്യമായി വിദ്യാർഥിനിയോട് എന്തോ സംസാരിക്കുന്നത്- ഓഫീസിൽ വന്ന് വിശദീകരണം എഴുതിത്തരണം എന്നായിരിക്കും- സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ആ ദൃശ്യങ്ങളും വിദ്യാർഥിനി പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്ന ഹാൾടിക്കറ്റും കോളജ് അധികൃതർ, അവരെക്കുറിച്ചുള്ള കുറ്റാരോപണങ്ങളും വിമർശനങ്ങളും എവിടെയും കത്തിനിൽക്കുന്പോൾ പുറത്തുവിട്ടത് അക്ഷന്തവ്യമായ ഒരു കുറ്റമാണോ?
പരീക്ഷാഹാളിലേക്ക് ഹാൾടിക്കറ്റും യൂണിവേഴ്സിറ്റി അനുവദിച്ചിട്ടുള്ള മറ്റു പരീക്ഷോപകരണങ്ങളുമില്ലാതെ എന്തു കൊണ്ടുവരുന്നതും ശിക്ഷാർഹമായ അത്യാചാരം (മാൽപ്രാക്ടീസ്) ആകുമെന്ന് യൂണിവേഴ്സിറ്റിയുടെ പരീക്ഷാ നിയമങ്ങളിൽ തെളിച്ചു പറയുന്നുണ്ടല്ലോ. അപ്പോൾ കുട്ടി ചെയ്തത് ശിക്ഷാർഹമായ തെറ്റുതന്നെ. എന്നിട്ടും പരസ്യമായ ശാസനത്തിനൊന്നും പ്രിൻസിപ്പൽ മുതിർന്നില്ല. ഓഫീസിൽ വന്നു വിശദീകരണം എഴുതിത്തരണമെന്നു പറഞ്ഞതേ ഉള്ളു.
മാൽപ്രാക്ടീസിന്റെ വിവരം മാതാപിതാക്കളെ അറിയിച്ച് അവരോടൊപ്പം കുട്ടിയെ പറഞ്ഞയയ്ക്കണമായിരുന്നു എന്നു പറയാനും ന്യായമില്ല. പ്രൈവറ്റ് വിദ്യാർഥിയുടെ വിലാസമൊന്നും അവർക്കറില്ലല്ലോ. വിശദീകരണം എഴുതാൻ വിദ്യാർഥിനി വരുന്പോൾ രക്ഷാകർത്താക്കളുടെ ഫോൺ നന്പർ വാങ്ങി അവരെ വിവരമറിയിക്കാനായിരിക്കണം പ്രിൻസിപ്പൽ നിശ്ചയിച്ചിരുന്നത്. നിർഭാഗ്യമെന്നു പറയട്ടെ പെൺകുട്ടി പെട്ടെന്നുണ്ടായ മാനസിക വിക്ഷോഭത്തിൽ, ഓഫീസിലേക്കു പോകാതെ ഹാൾ വിട്ടുപോയി ഈ കടുംകൈ ചെയ്യുകയായിരുന്നു.
പ്രിൻസിപ്പലിനോ അധ്യാപകർക്കോ ഈ കുട്ടിയുമായി ഒരു തരത്തിലുള്ള വിരോധവും ഉണ്ടായിരുന്നില്ലെന്ന് ആർക്കും അറിയാമല്ലോ. അതിനാൽ അതീവ ദാരുണമായ ഈ സംഭവത്തിന്റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിമർശനങ്ങളും ഒഴിവാക്കി അടങ്ങിയിരിക്കുന്നതല്ലേ വിവേകം?
പാലാ സെന്റ് തോമസ് കോളജ് റിട്ടയേർഡ് ടീച്ചേഴ്സ് ഫോറം
പ്രസിഡന്റ് - സി.ജെ. സെബാസ്റ്റ്യൻ, ചരണകുന്നേൽ,
വൈസ് പ്രസിഡന്റ്- പ്രഫ. വി.ജെ. ജോസഫ് എക്സ് എംഎൽഎ,
സെക്രട്ടറി- പ്രഫ. പി.ജെ. മൈക്കിൾ, പടിപ്പുരയ്ക്കൽ.