മഞ്ഞുമലയിൽ പോര്
Wednesday, June 17, 2020 12:37 AM IST
ലഡാക്ക്. ലോകത്തിലെ ഏറ്റവും വലിയ രണ്ടു സേനകൾ മുഖാമുഖം നില്ക്കുന്ന ഉന്നത പീഠഭൂമി. മൂവായിരം മുതൽ 7000 വരെ മീറ്റർ ഉയരമുള്ള പ്രദേശം. മിക്കപ്പോഴും പൂജ്യത്തിനു താഴെ താപനില.
ഇരു രാജ്യങ്ങളുടെയും ഓരോ വ്യൂഹം (കോർ) നേർക്കുനേർ നിൽക്കുന്ന പ്രദേശമാണെങ്കിലും 1962-നു ശേഷം ഇവിടെ ഇതേവരെ ഒരു വെടിയുണ്ട പോലും പാഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കല്ലേറിലാണ് ഒരു കേണലടക്കം നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. ഏതാനും ചൈനീസ് സൈ നികരും മരിച്ചു.
നിശബ്ദ സംഘർഷം
അരനൂറ്റാണ്ടിലേറെയായി നിശബ്ദ സംഘർഷ ഭൂമിയാണ് ലഡാക്ക്. ഇന്ത്യ-ചൈന യുദ്ധം നടന്ന 1962നു ശേഷം സിക്കിമിലും (1967) അരുണാചൽപ്രദേശിലും (1975) വെടിവയ്പും മരണവും ഉണ്ടായി. അന്നും ലഡാക്ക് ശാന്തമായിരുന്നു.
1986-87-ൽ അരുണാചൽ പ്രദേശിലെ സുന്ദൊറോംഗ് ചുവിലും 2017-ൽ ഭൂട്ടാനിലെ ഡോക ലായിലും സൈന്യം യുദ്ധസജ്ജമായി. നേർക്കുനേർ നിന്നു. അവ പക്ഷേ വെടിയുതിർക്കാതെ അവസാനിച്ചു. അത്തരം സാഹചര്യം ലഡാക്കിൽ ഉണ്ടായില്ല. 2013-ൽ ദൗളത്ത് ബെഗ് ഓൾഡിയിൽ ഉണ്ടായ സംഘർഷാവസ്ഥയാണു ഇന്ത്യയും ചൈനയുമായി ബന്ധപ്പെട്ട് ഈ മേഖലയിലുണ്ടായ വലിയ സംഭവം. 2018-ൽ ചുമറിൽ ചൈനീസ് സേന അതിക്രമിച്ചു കയറിയെങ്കിലും സംഘട്ടനം കൂടാതെ പിൻവാങ്ങി.
പുല്ലുകിളിർക്കാത്ത ഭൂമി
എന്നാൽ, ഒട്ടും വ്യക്തതയില്ലാത്ത അതിർത്തി കൂടുതൽ ഉള്ളതും ഇവിടെയാണ്. "പുല്ലുകിളിർക്കാത്ത' മഞ്ഞുമലകളിൽ അതിർത്തി കൃത്യമായി പരിപാലിക്കാനും പറ്റില്ല. വർഷത്തിൽ മൂന്നോ നാലോ തവണ ചെന്നു പട്രോളിംഗ് നടത്തിപ്പോരുന്നവയാണു ഭൂരിപക്ഷം സ്ഥലങ്ങളും. ഇന്ത്യ മാത്രമല്ല ചൈനയും അതാണു ചെയ്യുന്നത്.
കരാറും ചർച്ചയും
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ യഥാർഥ നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയും പാലിക്കുന്നതു സംബന്ധിച്ചു ചൈനയുമായി കരാർ ഉണ്ടാക്കി. നിലവിലുള്ള യഥാർഥ നിയന്ത്രണരേഖ (എൽഎസി) പരിപാലിക്കുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ചയിലുടെ പരിഹരിക്കുന്നതും സംബന്ധിച്ച ക്രമീകരണങ്ങളാണ് ആ കരാറിന്റെ അന്തസത്ത.
ഈ കരാറിനെ തുടർന്ന് അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ പ്രത്യേക പ്രതിനിധികളുടെ തലത്തിൽ ചർച്ചകൾ ആരംഭിച്ചു. 22 വട്ടം ചർച്ച നടന്നെങ്കിലും നിർണായക പുരോഗതി ഉണ്ടായിട്ടില്ല. 2005ലും 2013 ലും തർക്ക പരിഹാരത്തിനുള്ള ചില നടപടിക്രമങ്ങൾകൂടി അംഗീകരിച്ചിരുന്നു.
അടിമുടി തർക്കം
ഇന്ത്യ-ചൈന അതിർത്തി സംബന്ധിച്ച് ഒരു തർക്കം മാത്രമല്ല നിലവിലുള്ളത്. വടക്കു പടിഞ്ഞാറു മുതൽ കിഴക്കേ അറ്റം വരെ 4,057 കിലോമീറ്റർ നീളമുള്ള അതിർത്തിയിൽ തർക്കമില്ലാത്തതു ചുരുക്കം ഭാഗം മാത്രം.
ലഡാക്കിൽ 38,000 ചതുരശ്ര കിലോമീറ്റർ വരുന്ന അക്സായി ചിൻ ചൈന കൈവശപ്പെടുത്തിവച്ചിരിക്കുന്നു. അതു മുഴുവൻ ഇന്ത്യയുടേതാണെന്നു തെളിയിക്കുന്ന കരാറുകൾ ഉള്ളതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ടിബറ്റുമായും ചൈനയുമായുമൊക്കെയുള്ള കരാറുകളിൽ അതു വ്യക്തമായി പറയുന്നുണ്ട്.
അതേസമയം ഇന്ത്യയുടെ അരുണാചൽപ്രദേശ് തങ്ങളുടെതാണെന്ന് ചൈന അവകാശപ്പെടുന്നു. ഇന്ത്യ-ചൈന അതിർത്തി നിർണയിക്കുന്ന മക്മഹോൻ രേഖ പ്രകാരം അരുണാചൽ പ്രദേശ് മുഴുവൻ ഇന്ത്യയുടേതാണ്. സിക്കിം ഭാഗത്ത് അതിർത്തി വേർതിരിച്ചു രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കൃത്യമായ ധാരണ ഉണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളോടു ചേർന്നുള്ള ഭാഗങ്ങളിലും തർക്കം ഇല്ല.
ഇരുരാജ്യങ്ങളും കൈവശമുള്ളതു സ്വന്തമാക്കി യഥാർഥ നിയന്ത്രണ രേഖ അന്താരാഷ്ട്ര അതിർത്തിയായി സ്വീകരിക്കാൻ പലവട്ടം നിർദേശം ഉയർന്നിട്ടുള്ളതാണ്. അതു രാഷ്ട്രീയമായി വിറ്റഴിക്കാൻ പ്രയാസകരമായ നിർദേശമായതുകൊണ്ട് ഇരുപക്ഷവും പ്രോത്സാഹിപ്പിച്ചിട്ടില്ല.
റോഡ് ശൃംഖല തീർക്കുന്നു
കാരക്കോറം ചുരത്തിനു സമീപത്തുള്ള ദൗളത്ത് ബെഗ് ഓൾഡിയിലേക്ക് ലഡാക്കിന്റെ കിഴക്കേ അറ്റത്തുനിന്ന് ഇന്ത്യ ഒരു റോഡ് ഈയിടെ പണിതു. അതു പാലങ്ങളും മറ്റുമുൾപ്പെടെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്നതാണ്. ആ റോഡിലേക്കു ലഡാക്കിലെയും ഉത്തരാഖണ്ഡിലെയും പ്രധാന കേന്ദ്രങ്ങളിൽനിന്നു റോഡുകൾ പണിതിട്ടുണ്ട്. കിഴക്കൻ ലഡാക്ക് മുതൽ കാരക്കോറം വരെയുള്ള പ്രദേശത്ത് അതിവേഗം സൈനികനീക്കം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇവിടെ റോഡ് ശൃംഖല തയറാക്കുന്നത്.
ചൈന നേരത്തേ ഒരുങ്ങി
ചൈന യഥാർഥ നിയന്ത്രണരേഖയ്ക്കു മറുവശത്ത് ഇതിനേക്കാൾ വിപുലമായ റോഡ് ശൃംഖല തീർത്തിട്ടുണ്ട്. പുറമേ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർ സ്ട്രിപ്പുകളും ബങ്കറുകളും ഒക്കെ തീർത്തു. ചൈന കഴിഞ്ഞ ദശകത്തിൽ നിർമാണങ്ങൾ ധൃതിപിടിച്ചു നടത്തിയിരുന്നു. ഇന്ത്യ അല്പം വൈകിയാണു നിർമാണങ്ങൾ തുടങ്ങിയത്. ഈ മേഖലയിലെ പാങ്ങോംഗ് തടാകത്തിന്റെ മൂന്നിൽ രണ്ടുഭാഗം ചൈനീസ് നിയന്ത്രണത്തിലായിരുന്നു.അക്സായിചിനിനു തെക്കു പടിഞ്ഞാറു ഗൽവാൻ നദിക്കു വടക്കുള്ള ഭാഗങ്ങളും ചൈന കൈയടക്കിയിരുന്നു. ഇന്ത്യയുടെ റോഡ് ശൃംഖല പൂർത്തിയാകുന്നതോടെ ഗൽവാൻ താഴ്വരയ്ക്ക് മേൽഭാഗത്തെ ചൈനീസ് സാന്നിധ്യത്തിനു ഭീഷണി വരും. അതേപോലെ പാങ്ങോംഗ് തടാകത്തിലെ ചൈനീസ് ആധിപത്യത്തിനും റോഡ് ശൃംഖല ഭീഷണിയാണ്.
ഏപ്രിലിൽ തുടങ്ങി
ഇതുകൊണ്ടാണു റോഡ് നിർമാണം പൂർത്തിയാകാതിരിക്കാൻ ചൈന അതിർത്തി സംഘർഷം ഉണ്ടാക്കിയത്. ഏപ്രിൽ അവസാനവും മേയ് ആദ്യവുമായി അവർ ബോംബർ വിമാനങ്ങളടക്കമുള്ള ഒരു വലിയ സേനാവ്യൂഹത്തെ അതിർത്തിയിൽ എത്തിച്ചു. ടാങ്കുകൾ, റോക്കറ്റുകൾ, കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവയെല്ലാം ഈ വ്യൂഹത്തിൽ ഉണ്ട്. മാസങ്ങൾ തങ്ങാവുന്ന ക്രമീകരണങ്ങളോടെയാണ് അവർ അതിർത്തിക്കടുത്ത് എത്തിയത്. വ്യൂഹത്തിൽനിന്ന് ഏതാനുമായിരം ഭടന്മാരാണ് എൽഎസി കടന്നത്. ദൗളത്ത് ബെഗ് ഓൾഡിക്കു തെക്കു മുതൽ പാങ്ങോംഗ് തടാകം വരെയുള്ള പ്രദേശത്ത് അഞ്ചോ ആറോ സ്ഥലങ്ങളിൽ അവർ എൽഎസി മറികടന്നു. 60 ചതുരശ്ര കിലോമീറ്റർ സ്ഥലം ചൈനീസ് സേനയുടെ പിടിയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇതിനുശേഷമാണു മേയ് അഞ്ച്, ആറ് തീയതികളിൽ ഇരുസേനകളും കല്ലേറും സംഘട്ടനവും നടത്തിയത്. മൂന്നു ദിവസത്തിനുശേഷം സിക്കിമിലും ചെറിയ ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തെ തുടർന്നു പ്രാദേശിക കമാൻഡർമാരുടെ തലത്തിലും ബ്രിഗേഡിയർ തലത്തിലുമൊക്കെ പലവട്ടം ചർച്ച നടന്നു. അതു ഫലിക്കാതെ വന്നപ്പോൾ ലഫ്. ജനറൽ തലത്തിലും നയതന്ത്ര തലത്തിലും സംഭാഷണം നടന്നു. തുടർന്നു ക്രമമായി സേനാ പിന്മാറ്റം നടക്കുന്നതായി പറയുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.
ഗുലാം റസൂൽ ഗൽവാൻ
കുടുംബത്തിലെ ദാരിദ്ര്യംകൊണ്ടു നന്നേ ചെറുപ്പത്തിലേ മഞ്ഞുമലകളിലെ സാഹസയാത്രക്കാർക്കു വഴികാട്ടിയാകേണ്ടിവന്നു. അങ്ങനെയൊരാളുടെ പേരിലുള്ളതാണു ഗൽവാൻ നദിയും ഗൽവാൻ താഴ്വരയും. ചൈന ഇന്ത്യയെ ആക്രമിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്ന്. 1962-ലെ യുദ്ധത്തിൽ വലിയ പോരാട്ടം നടന്ന ഇവിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്.
കാരക്കോറം മലനിരകൾക്കു കിഴക്ക് അക്സായ് ചീനിനു പടിഞ്ഞാറായിട്ടാണു ഗൽവാൻ. കാഷ്മീരിലെ ഒരു ഗോത്രവർഗക്കാരാണു ഗൽവാൻകാർ. ഇപ്പോൾ ലഡാക്കിലും ചൈനയിലെ സിൻജിയിംഗിലുള്ള ഉയ്ഘുറിലും ടിബറ്റിലുമൊക്കെയാണ് ഈ വർഗക്കാർ.
ലഡാക്കിലെ ലേയിൽ 1875-ൽ ജനിച്ച ഗുലാം റസൂൽ ഗൽവാന്റെ പേരിലാണ് ഈ താഴ്വരയും നദിയും അറിയപ്പെടുന്നത്. കാരക്കോറം മലനിരകളിൽ തുടങ്ങി അക്സായ് ചിനിലൂടെ ഒഴുകി കിഴക്കൻ ലഡാക്കിൽവച്ച് ഷിയോക്ക് നദിയിൽ ചേരുന്നതാണു ഗൽവാൻ നദി. 80 കിലോമീറ്റർ നീളം. ഷിയോക്ക് പിന്നീട് സിന്ധുനദിയിൽ ചേരുന്നു.
5000 മുതൽ 7000 വരെ മീറ്റർ ഉയരത്തിലുള്ള ലഡാക്ക് പ്രദേശത്ത് നിരവധി യൂറോപ്യൻ സംഘങ്ങൾക്കൊപ്പം ഗൽവാൻ സഞ്ചരിച്ചിട്ടുണ്ട്. മൈനസ് 30 ഡിഗ്രി സെൽഷ്യസ്വരെ എത്തുന്ന തണുപ്പ് സാധാരണക്കാർക്കു താങ്ങാവുന്നതല്ല.
ഒൻപതാം വയസിൽ, 1887-ൽ മേജർ ഗോഡ് വിൻ ഓസ്റ്റിന്റെ സംഘത്തിനൊപ്പമാണു ഗൽവാന്റെ യാത്രകൾ തുടങ്ങുന്നത്. മേജർ ഓസ്റ്റിൻ ജിയോളജിസ്റ്റായിരുന്നു. എവറസ്റ്റ് കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള കെ2 പർവതത്തിന്റെ ഉയരം തിട്ടപ്പെടുത്തിയത് ഓസ്റ്റിനാണ്. 1892-ൽ ടിബറ്റിലേക്കു ചാരവൃത്തിക്കുപോയ ചാൾസ് മറേയുടെ സംഘത്തിൽ ഗൽവാൻ ഉണ്ടായിരുന്നു. 1904-ലെ ആംഗ്ലോ ടിബറ്റൻ ഉടന്പടിയുടെ ശില്പിയായ സർ ഫ്രാൻസിസ് യംഗസ് ബൻഡിനൊപ്പം ഗൽവാൻ 1890-ലും 1896-ലും ഹിമാലയം താണ്ടി. 1913-ൽ ഇറ്റാലിയൻ ജന്തുശാസ്ത്രജ്ഞൻ ഫിലിപ്പോ ഡി ഫിലിപ്പിയോടൊത്തും മഞ്ഞുമലകളിൽ പര്യടനം നടത്തി. 1925-ൽ ഗുലാം ഗൽവാൻ മരണമടഞ്ഞു.
1892-ൽ മറേ പ്രഭുവിനൊപ്പം പോയപ്പോഴാണ് ഗൽവാൻ താഴ്വരയ്ക്ക് തന്റെ പേരിടുന്നതിനു ഗുലാം ഗൽവാൻ കാരണക്കാരനായത്. മറേയുടെ സംഘത്തിനു യാത്രയ്ക്കിടയിൽ വഴിമുട്ടി. ചുറ്റും അഗാധമായ കിടങ്ങുകളും ഉത്തുംഗമായ മലകളും മാത്രം. ആ പ്രദേശത്തുനിന്ന് ഭദ്രമായി പുറത്തുകടക്കാനുള്ള വഴി പതിന്നാലു വയസുകാരനായ ഗുലാം ഗൽവാൻ ഒറ്റയ്ക്കുപോയി കണ്ടുപിടിച്ചു. ഇതിനുള്ള പ്രതിനന്ദിയായി മറേ പ്രഭുവാണ് പ്രദേശത്തിനു ഗൽവാൻ എന്നു പേരിട്ടത്. നിരക്ഷരനായിരുന്നെങ്കിലും പല ഭാഷകൾ ശീലിച്ചെടുത്ത ഗൽവാൻ തന്റെ ആത്മകഥ പറഞ്ഞുകൊടുത്ത് എഴുതിച്ചിട്ടുണ്ട്. "സെർവന്റ് ഓഫ് സാഹിബ്സ്- എ ബുക്ക് ടു ബി റെഡ് എലൗഡ്' എന്നാണു പുസ്തകത്തിന്റെ പേര്. 1923-ൽ ഇതു പ്രസിദ്ധീകരിച്ചു.
റ്റി.സി. മാത്യു