ചേർപ്പുങ്കലെ സത്യങ്ങൾ
Saturday, June 13, 2020 11:54 PM IST
അനന്തപുരി / ദ്വിജൻ
മീനച്ചിലാറ്റിൽ അകാലത്തിൽ പൊലിഞ്ഞ അഞ്ജു എന്ന വിദ്യാർഥിനിയുടെ മരണത്തിനു പിന്നിലെ സത്യങ്ങൾ എന്താണ്? ഈ സത്യം വെളിച്ചത്തു വരേണ്ടതു കേരളത്തിന്റെ ആകെ ഒരാവശ്യമായി മാറുകയാണ്. കേരളത്തിലെ ക്രൈസ്തവസഭയെയും സഭയുടെ സ്ഥാപനങ്ങളെയും സഭാനേതാക്കളെയും എറിയാൻ കല്ലുകൾ നോക്കി നടക്കുന്നവർ ആ ദുരന്തത്തിന്റെ മറപിടിച്ച് ഒരു കല്ലു കൂടി ഉണ്ടാക്കിയെടുക്കാമെന്ന മോഹത്തിൽ ആ ദാരുണദുരന്തത്തെ ചേർപ്പുങ്കൽ ബിഷപ് വയലിൽ സ്മരക ഹോളിക്രോസ് കോളജുമായി ചേർത്തുവച്ച് വക്രീകരിക്കാൻ ഭീകരശ്രമങ്ങളാണു നടത്തുന്നത്.
പ്രക്ഷോഭകരെ ഭയന്ന് സത്യം പറയാൻ അന്വേഷകർ മടിക്കുമോ എന്ന ഭീതി പോലും പടരുന്നുണ്ട്. സർവകലാശാലാ അധികൃതർ നടത്തിയ അന്വേഷണ റിപ്പോർട്ടായി പുറത്തു വന്നിരിക്കുന്നതിലെ സൂചനകളിൽ ഈ ധ്വനി ഉണ്ട്. കുട്ടിയെ മനഃപൂർവം ഉപദ്രവിക്കാൻ കോളജ് ശ്രമിച്ചിട്ടില്ലെന്നു കണ്ടെത്തിയപ്പോഴും കോളജിനു വീഴ്ചയുണ്ടെന്ന് പറയാൻ അവർ കാണിച്ച ആവേശം മറ്റെന്താണ് പറയുന്നത്? കോളജിനെ കുറ്റപ്പെടുത്താൻ പഴുതുകൾ തേടുന്നതുപോലുള്ള നിഗമനങ്ങളും റിപ്പോർട്ടിലുള്ളതായാണ് പുറത്തു വന്ന വിവരങ്ങൾ.
അഞ്ജു എല്ലാവരുടെയും മനസിൽ നീറ്റുന്ന ഓർമയാകുന്പോഴും ആ ദുരന്തം വല്ലാത്ത ആഘോഷമാക്കാനും സത്യം പുറത്തുവരണം എന്ന മറയുയർത്തി ദുരന്തത്തിന്റെ പാപഭാരം കോളജ് അധികൃതരിൽ കെട്ടിവയ്ക്കാനും ശ്രമിക്കുന്നവരുടെ ലക്ഷ്യം മനസിലാക്കാൻ ഇനിയും പാഴൂർ പടിപ്പുരവരെ പോകേണ്ടതുണ്ടോ. സത്യം പുറത്തു വരട്ടെ. അതിനു മുന്പ് എന്തിന് ക്രൂശിക്കലുകൾ?
ഹാൾ ടിക്കറ്റിൽ പാഠഭാഗങ്ങൾ
സർവകലാശാല നിർദേശിച്ചതനുസരിച്ച് കോളജിൽ പരീക്ഷ എഴുതാൻ എത്തിയ കുട്ടിയുടെ ഹാൾ ടിക്കറ്റിൽ പാഠഭാഗങ്ങൾ കുറിച്ചുവച്ചിരിക്കുന്നതു കണ്ട് പരീക്ഷാ നടത്തിപ്പുകാരായ അധ്യാപകർ പിടികൂടിയിടത്തു തുടങ്ങുന്നു കോപ്പിയടിയുടെ കഥ. പരീക്ഷയ്ക്കു കോപ്പിയടി പാടില്ല എന്നാണു സർവകലാശാലാ നിയമം. കുസാറ്റ് തീരുമാനിച്ചിരിക്കുന്നതുപോലെ പുസ്തകം ഉപയോഗിച്ച് പരീക്ഷ എഴുതാൻ മഹാത്മാഗാന്ധി സർവകലാശാല തീരുമാനിച്ചിട്ടില്ല. കോപ്പിയടി കണ്ടുപിടിച്ച വിവരം അധ്യാപകർ പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഉള്ള പ്രിൻസിപ്പലിനെ അറിയിച്ചു. അദ്ദേഹം വന്നു കുട്ടിയോടു വിവരം തിരക്കി.
കുട്ടി കോപ്പിയടിക്കില്ല എന്നു മാതാപിതാക്കൾ പറയുന്നു. അത് അവരുടെ ഉറച്ച വിശ്വാസമാണ്. പക്ഷേ ഹാൾ ടിക്കറ്റിലെ കുറിപ്പുകൾ കോളജിലെ അധ്യാപകർ കണ്ടതാണ്. അതിലെ കൈയക്ഷരം കുട്ടിയുടേതല്ല എന്നു മാതാപിതാക്കൾ പറയുന്നു. അതു കണ്ടുപിടിക്കാൻ ഇന്നു മാർഗമുണ്ട്. ഇനി കൈയക്ഷരം കുട്ടിയുടേതല്ല എന്നുവന്നാൽ തന്നെ പിന്നെ അത് ആരുടേതാണ് എന്നു കണ്ടെത്തണം. എങ്കിലേ സത്യം വെളിച്ചത്തുവരൂ.
ചേർപ്പുങ്കലെ അധ്യാപകർക്ക് കാഞ്ഞിരപ്പള്ളിയിൽനിന്നു പരീക്ഷ എഴുതാൻ വന്ന കുട്ടിയെ വെറുതെ കെണിയിലാക്കണം എന്ന ു ദുരുദ്ദേശ്യമുണ്ടെ ന്നു കരുതാനാവുമോ? കോപ്പിയടിച്ച വിവരം സർവകലാശാലയിൽ അറിയിച്ചാൽ തുടർന്നുള്ള പരീക്ഷകൾ കുട്ടിക്ക് എഴുതാനാവില്ലെന്ന് പ്രിൻസിപ്പലിനറിയാം. അത്രയും വലിയ ശിക്ഷ ഈ കുട്ടിക്കു കൊടുക്കണ്ട എന്നു പ്രിൻസിപ്പൽ തീരുമാനിച്ചത് മനുഷ്യത്വമല്ലേ? അതാണ് ഇപ്പോൾ ക്രമക്കേടായി സർവകലാശാല കണ്ടെത്തിയിരിക്കുന്നത്.
വഴക്കു പറഞ്ഞില്ല
പ്രിൻസിപ്പൽ അഞ്ജുവിനെ വഴക്കുപറഞ്ഞില്ലെന്നും ഓഫീസിൽ വന്ന് സംഭവിച്ച കാര്യങ്ങൾ രേഖപ്പെടുത്തിയ ശേഷമേ വീട്ടിലേക്ക് പോകാവൂ എന്നാണു പറഞ്ഞതെന്നും ആ കുട്ടിയോടൊപ്പം പരീക്ഷ എഴുതിയ മറ്റൊരു കുട്ടി ഒരു ചാനലിനോടു പറഞ്ഞു. തിങ്കാളാഴ്ച ബാക്കി പരീക്ഷ എഴുതാമെന്നു പറഞ്ഞതായും ആ കുട്ടിയുടെ അഭിമുഖത്തിലുണ്ട് . ചാനലുകാർ ആ ബൈറ്റ് ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു. പ്രിൻസിപ്പലിന്റെ മാനസികപീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയതത് എന്നു പറഞ്ഞ് ആഹ്ലാദിക്കുന്നവരുടെ നടുവൊടിക്കുന്നതായി ഈ അഭിമുഖം. അതു മനസിലായതോടെ അവരുടെ പേജിൽ നിന്ന് ആ അഭിമുഖം മാറ്റിയതായി ആക്ഷേപമുണ്ട്. എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ആ കുട്ടിയുടെ വാക്കുകൾ ഉണ്ട്.
ഓഫീസിലേക്കു ചെല്ലണമെന്ന പ്രിൻസിപ്പലിന്റെ നിർദേശം അഞ്ജു അനുസരിച്ചില്ല. സർവകലാശാലാ പരീക്ഷയ്ക്കു ഹാളിൽ പ്രവേശിക്കുന്ന വിദ്യാർഥിയെ ഒരു മണിക്കൂർ കഴിയാതെ പുറത്തുവിടരുതെന്നാണ് നിയമം. അതിനു കാരണവും ഉണ്ട്. ചോദ്യക്കടലാസ് ചോർത്താൻവേണ്ടി വരുന്നവരെ തടയാനാണത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പോലീസാകുന്നതിനുള്ള പിഎസ്സി പരീക്ഷ എഴുതിയ മൂന്നു സഖാക്കൾ ചോദ്യക്കടലാസിലെ വിവരങ്ങൾ പുറത്തറിയിച്ച് നടത്തിയ തട്ടിപ്പുകൾ അടുത്തകാലത്ത് തെളിഞ്ഞത് ഓർക്കുക.
മാനസികപീഡനം നടന്നിട്ടില്ല
കോളജിലെ സിസിടിവി സത്യം ലോകത്തെ അറിയിക്കാൻ ഉപയോഗിച്ചതാണ് സർവകലാശാലാ സമിതി വലിയ ക്രമക്കേടായി കണ്ടത്. സത്യമാണു പറയുന്നതെന്നു ബോധ്യപ്പടുത്തുന്നതിനു കോളജിലെ സംവിധാനം ഉപയോഗിച്ചതിൽ ക്രമക്കേട് കണ്ടവരെ സംശയിക്കണം. എങ്കിലും കോളജിൽ മാനസികപീഡനം നടന്നിട്ടില്ലെന്ന് സർവകലാശാലാ സമിതി കണ്ടെത്തിയതായാണു വാർത്ത.
പാലാ സെന്റ് തോമസ് കോളജിന്റെ പ്രിൻസിപ്പലായിരുന്ന പരിചയസന്പന്നനായ ഒരു പുരോഹിതനാണ് ചേർപ്പുങ്കൽ കോളജിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ. അഞ്ജുവിന്റെ ദാരുണമരണത്തിൽ ഏറെ വേദനിക്കുന്നവരിൽ ഒരാളാകണം അദ്ദേഹം. പാലാ കോളജിൽനിന്നു വിരമിച്ചപ്പോൾ രൂപതയിലെ ഒരു ചെറിയ ഇടവക ചോദിച്ചുവാങ്ങി അവിടെ സ്നേഹത്തോടെ ശുശ്രൂഷകൾ നടത്തി സംതൃപ്തനായി കഴിഞ്ഞ ആളാണ് അദ്ദേഹം. ഒരു വൻകിട കോളജിന്റെ പ്രിൻസിപ്പലായിരുന്നു എന്നു പറയില്ല അദ്ദേഹത്തെ കണ്ടാൽ എന്നാണ് ആ ഇടവകക്കാർ പറയുന്നത്. അദ്ദേഹത്തിന്റെ പരിചയസന്പത്ത് വിദ്യാഭ്യാസരംഗത്ത് കൂടുതൽ പ്രയോജനപ്പെടുത്താൻ അധികാരികൾ തീരുമാനിച്ചപ്പോൾ അതും അനുസരിച്ചു.അങ്ങനെയാണ് ചേർപ്പുങ്കൽ കോളജിൽ എത്തുന്നത്.
ക്രൂരത മാത്രമല്ല, വർഗീയതയും
മകൾ നഷ്ടപ്പെട്ട ഒരു അച്ഛന്റെയും അമ്മയുടെയും വേദന പരിധിയില്ലാത്തതാണ്. ആ കുട്ടിയോട് പരമാവധി കരുണ കാണിക്കാൻ നോക്കിയ ഒരു അധ്യാപകനെ, അദ്ദേഹം വൈദികനും സഭയുടെ നേതൃത്വനിരയിൽ ഉള്ളവനും ആണെന്ന കാരണത്താൽ വളഞ്ഞിട്ട് ആക്രമിക്കുന്നതുപോലെ വരുന്നത് ക്രൂരത മാത്രമല്ല വർഗീയതയുമാണ്. ക്രൈസ്തവരുടെ വലിയ പിന്തുണ അവകാശപ്പെടുന്ന മുഖ്യധാരാ മാധ്യമങ്ങൾ വരെ അന്പരപ്പിക്കുന്ന തലകുത്തിമറിച്ചിലാണ് നടത്തിയത്. പൊതു സന്പർക്ക മാധ്യമങ്ങളും സോഷ്യൽ മീഡിയയിലെ ചിലരും ബോധപൂർവം നടത്തിയ ഈ നീക്കത്തെ ശക്തമായി ചെറുക്കാൻ ഇക്കുറി പതിവിലേറെപ്പേർ സോഷ്യൽ മിഡിയയിൽ തന്നെ രംഗത്തിറങ്ങി എന്നത് പുതിയ അടയാളമാണ്.
സോഷ്യൽ മിഡിയയിൽ പലരും ചേർപ്പുങ്കലെ കാര്യങ്ങൾ ശരിക്കും പഠിച്ച് അവതരിപ്പിച്ചു. സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി കോളജിനെ സംബന്ധിച്ച സത്യം പുറത്തുകൊണ്ടുവരാൻ ആയി. ഇത്തരം ജാഗ്രത കൂടുതൽ ഫലപ്രദമായി ഉണ്ടായാൽ ചില കച്ചവടക്കാരുടെ ലക്ഷ്യങ്ങൾ തകർക്കാനാവും. കൂട്ടുകൂടി കഥയുണ്ടാക്കി കഥ സത്യമാക്കുന്ന മാധ്യമ പ്രവർത്തനത്തെ നേരിടാനുള്ള ഏകവഴി.
ചില മരണങ്ങൾ മാത്രം!
ചേർപ്പുങ്കൽ കോളജിനോടു കാണിച്ച ആവേശം അടുത്തകാലത്തു നടന്ന മറ്റൊരു ആത്മഹത്യയോടും ഒരു ചാനലുകാരും കാണിച്ചില്ല. സർക്കാർ ഓണ്ലൈൻ വിദ്യാഭ്യാസം നടപ്പാക്കുകയും വീട്ടിൽ ടെലിവിഷൻ ഇല്ലാതിരിക്കുകയും ചെയ്തതു കൊണ്ട് ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസുകാരി ദേവിക, കഴക്കൂട്ടം സൈനിക സ്കൂൾ വിദ്യാർഥിയായിരുന്ന അശ്വിൻ കൃഷ്ണൻ, കടയ്ക്കലെ വീട്ടിൽ തൂങ്ങിമരിച്ച വിദ്യാർഥി ജറിൻ ജോഷി തുടങ്ങിയവരുടെ മരണം മിക്കവാറും ഒറ്റക്കോളം വാർത്ത മാത്രമായി. സ്കൂൾ അധികൃതരുടെ പീഡനം മൂലമാണ് താൻ പോകുന്നത് എന്ന് അശ്വിൻ കൃഷ്ണൻ മരണക്കുറിപ്പിൽ എഴുതി വച്ചിട്ടുമുണ്ട്. എല്ലാം അങ്ങ് മാഞ്ഞു.
സ്വന്തം വീട്ടുകാരെ വിട്ട് നക്സൽ ബന്ധമുള്ള കൂട്ടുകാർക്കൊപ്പം ജീവിച്ചു വന്ന അഞ്ജന എന്ന യുവതി ഗോവയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മകളുടെ മരണം ആത്മഹത്യ അല്ലെന്ന് അമ്മ മിനി അലമുറയിട്ടു പറഞ്ഞു. ആ അമ്മയുടെ വേദനയോ മകളുടെ കൂട്ടുകാരുടെ വിവരങ്ങളോ ഒരു ചാനലിനും ചർച്ചാവിഷയമായില്ല.
ചില മരണങ്ങൾ മാത്രം എന്തേ ആഘോഷമാക്കുന്നു? ഇതെല്ലാം ഇരട്ടത്താപ്പല്ലേ? ഇത്തരം ആഘോഷങ്ങളുടെ നടത്തിപ്പുകാർ ചെയ്യുന്നതോ? അതു കാണുന്പോൾ പറയാൻ വയ്യാതാവുകയാണ് പലർക്കും. വനിതാ വിമോചനക്കാരും വായടയ്ക്കുന്നു. വനിതാ വിമോചനം അടക്കം വലിയ കാര്യങ്ങൾ പറയുന്ന ഒരു വിപ്ലവകാരിയുടെ മകൻ ട്രാൻസ്ജെൻഡറിനോടു കാണിച്ച വിപ്ലവം അവർ പുറത്തുവിട്ടതോടെ വനിതാ നേതാവിന് വലിയ നാണക്കേടായി. സോഷ്യൽ മീഡിയയിൽ പലരും അവർക്കെതിരേ പ്രതികരിച്ചു. അതോടെ മകനെതിരേ ആരോപണം ഉന്നയിച്ചു തന്നെ അപമാനിക്കുകയായിരുന്നു എന്നു പറഞ്ഞു നിയമയുദ്ധം നടത്താൻ പോവുകയാണ് ആ വിപ്ലവകാരി.