കാലാപാനിയും നേപ്പാളും തമ്മിലെന്ത്?
Tuesday, May 26, 2020 12:36 AM IST
ഇന്ത്യയുടെ ഭാഗമായ ലിംപിയധുര, ലിപുലേഖ്, കാലാപാനി എന്നീ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന വാദവുമായി നേപ്പാൾ സർക്കാർ രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതായി ചിത്രീകരിച്ചുകൊണ്ട് നേപ്പാൾ ഭൂപടമിറക്കിയതിൽ ഇന്ത്യ കടുത്ത രോഷം പ്രകടിപ്പിച്ചു. നേപ്പാളിന്റേത് നീതീകരിക്കാനാവാത്ത അവകാശവാദമാണ്.
ലിംപിയധുരയും കാലാപാനിയും തന്ത്രപ്രധാനമേഖലകളായാണ് നേപ്പാൾ കാണുന്നത്. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിനുശേഷം ഈ മേഖല നിയന്ത്രിക്കുന്നത് ഇന്തോ ടിബറ്റൻ അതിർത്തി സേനയാണ്. ഉത്തരാഖണ്ഡിലെ ലിപുലേഖിനെ ചൈനയിലെ കൈലാസ് മാനസസരോവറിലേക്കുള്ള വഴിയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് മേയ് എട്ടിനു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതാവാം നേപ്പാളിനെ പ്രകോപിപ്പിച്ചത് എന്നു കരുതുന്നു. പൂർണമായും ഇന്ത്യൻ അതിർത്തിയിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.
1814-16ലെ ഗൂർഖായുദ്ധം അവസാനിപ്പിച്ച് നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും ഒപ്പിട്ട സിഗൗലി കരാർ ഉയർത്തിക്കാട്ടിയാണ് ഈ പ്രദേശത്തിനുമേൽ നേപ്പാൾ ഇപ്പോൾ അവകാശമുന്നയിക്കുന്നത്.1870കളിലെ ബ്രിട്ടീഷ് സർവേ രേഖകളിലും 1879ലെ ഭൂപടത്തിലും കാലാപാനി അടക്കമുള്ള പ്രദേശങ്ങൾ ഇന്ത്യയുടേതായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് ഈ പ്രദേശം ഇന്ത്യയുടേതെന്ന് വ്യക്തമാക്കുന്നുണ്ട്.
ഈ മേഖലകൾ തങ്ങളുടേതായി അടയാളപ്പെടുത്തി പുതിയ രാഷ്ട്രീയഭൂപടത്തിനു നേപ്പാൾ മന്ത്രിസഭ നേരത്തേ അംഗീകാരം നൽകിയിരുന്നു. ഇന്ത്യയിൽനിന്ന് ഇവിടം തിരിച്ചുപിടിക്കാൻ നയതന്ത്രചർച്ചകൾ നടത്തുമെന്നാണു നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി പറയുന്നത്. വിഷയം തേഞ്ഞുമാഞ്ഞുപോകാൻ അനുവദിക്കില്ലെന്നും പ്രദേശത്തിനു മേലുള്ള അവകാശം ഉറപ്പിക്കുകതന്നെ ചെയ്യുമെന്നും പാർലമെന്റിൽ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. പുതിയ ഭൂപടം ഒൗദ്യോഗികമായി സ്വീകരിക്കുന്നതിനായി ഭരണഘടന ഭേദഗതിചെയ്യുമെന്നുകൂടി അദ്ദേഹം പറഞ്ഞത് ബന്ധങ്ങൾ നന്നേ വഷളാക്കി.
ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ കാളി നദിക്കു കിഴക്കുവശമുള്ള കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന പുതിയ രാഷ്ട്രീയഭൂപടത്തിന് നേപ്പാളിലെ കെ.പി. കോലിയുടെ കമ്യൂണിസ്റ്റ് മന്ത്രിസഭ അംഗീകാരം നൽകിയത് ചൈനയുടെ പിന്തുണയുള്ളതു കൊണ്ടാണെന്നു മനസിലാക്കാൻ പാഴൂർപടിവരെ പോവേണ്ടതില്ല. ഇതിനു പുറമെ നേപ്പാളിൽ കോവിഡ് പടർത്തുന്നത് ഇന്ത്യയാണെന്ന പ്രസ്താവന നേപ്പാൾ പ്രധാനമന്ത്രി നടത്തിയതും ഇതോടു ചേർത്തുവായിക്കണം. ചൈനീസ്, ഇറ്റാലിയൻ വൈറസുകളേക്കാൾ ഇന്ത്യൻ വൈറസ് മാരകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് ഇന്ത്യയെ ഞെട്ടിച്ചു.
ശരിയായ പരിശോധനയില്ലാതെ ഇന്ത്യയിൽ നിന്ന് ആളുകളെ എത്തിക്കുന്നതിൽ ചില പ്രാദേശിക പാർട്ടി പ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും ഉത്തരവാദിത്തമുണ്ട് എന്നാണ് നേപ്പാൾ പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞത്. എന്നാൽ, അദ്ദേഹം വിസ്മരിച്ച ഒരു കാര്യമുണ്ട്. ഇന്ത്യയിൽ അറുപതുലക്ഷത്തിനുമേൽ നേപ്പാളി അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട് എന്ന കാര്യം.
ഇന്ത്യയുടെ സഹോദര രാജ്യമെന്ന് ഇത്രനാൾ കരുതിയിരുന്ന നേപ്പാൾ പോലും ഇന്ത്യയെ അപമാനിക്കുന്നു എങ്കിൽ അതിനു കാരണം ചൈനയല്ലാതെ മറ്റാരുമല്ല എന്ന് അനുമാനിക്കേണ്ടിവരും. ശ്രീലങ്ക, ബംഗ്ലാദേശ്, മാലദ്വീപ് തുടങ്ങിയ അയൽ രാജ്യങ്ങളിൽനിന്നും ഇതുപോലെ നിലപാടുകൾ ഉണ്ടാകുമോ എന്ന് ആശങ്ക പുലർത്തുന്നവരുണ്ട്. കാരണം ഇന്ത്യയുടെ ഈ അയൽ രാജ്യങ്ങൾ ഏതെങ്കിലുമൊക്കെ തരത്തിൽ ചൈനയുടെ സ്വാധീനത്തിൽ പെട്ടു കിടക്കുന്നവയാണ്.
ദക്ഷിണേഷ്യയിൽ കോളനിവത്കരണത്തിനു വിധേയമാകാത്ത ഒരേ ഒരു രാജ്യം നേപ്പാളാണെന്നു ജവാഹർലാൽ നെഹ്റു തന്റെ ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി എന്നീ പുസ്തകങ്ങളിൽ പറയുന്നു.1948- 49 കാലഘട്ടത്തിൽ നേപ്പാളി സൈന്യം ഇന്ത്യൻ സുരക്ഷയ്ക്കെത്തിയതും ചരിത്രമാണ്. സ്വതന്ത്ര ഇന്ത്യയിൽ ഒരേ ഒരു തവണയേ വിദേശ സൈന്യം സഹായത്തിനെത്തിയിട്ടുള്ളു. അത്രമേൽ ശക്തമായിരുന്ന ഒരു അയൽപക്ക ബന്ധത്തിനാണ് ഇപ്പോൾ ഉലച്ചിൽ തട്ടിയിരിക്കുന്നത്.
ഡോ. സന്തോഷ് വേരനാനി