മീശപിരിച്ച് ലാലേട്ടൻ..
Wednesday, May 20, 2020 10:55 PM IST
മോഹൻലാൽ മീശപിരിക്കുമ്പോൾ തിയറ്ററുകളിൽ ആരവങ്ങളുയരും. ആറാംതമ്പുരാനിലും നരസിംഹത്തിലും നാട്ടുരാജാവിലും ദേവാസുരത്തിലും രാവണപ്രഭുവിലുമൊക്കെ മീശപിരിക്കൽ വേണ്ടുവോളമുണ്ട്. ഒരു നടന്റെ മീശപിരിക്കൽ തിയറ്ററുകളെ ഇളക്കിമറിക്കാൻ പോന്നതാണെങ്കിൽ അതൊരു കിടുമീശതന്നെയെന്നതിൽ തർക്കമില്ല.
മോഹൻലാലിനെക്കൊണ്ട് മീശപിരിപ്പിച്ചതിനു സംവിധായകരായ രഞ്ജിത്തും ഷാജി കൈലാസുമൊക്കെ ഒരുപാടു പഴികേട്ടിട്ടുണ്ട്. എന്നാലതിലേറെ അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്.
മോഹൻലാലിനെ സൂപ്പർതാരമാക്കിയ, തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസിന്റേതു പിരിച്ചുവച്ച മീശയായിരുന്നു. അടുത്തിടെയിറങ്ങിയ ലൂസിഫറിലും മീശപിരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി ആരാധകരെ ഹരംകൊള്ളിച്ചു.
മീശയില്ലാത്ത ലാലിനെ പഞ്ചാഗ്നിയും പപ്പൻ പ്രിയപ്പെട്ട പപ്പനിലും അടുത്തയിടെ വന്ന ഒടിയനിലുമൊക്കെ കാണാം.
താടിയും മീശയും വളർത്തിയ ലാലും ഒടിയനിലുണ്ട്. കമലദളത്തിലും രാജശിൽപിയിലുമൊക്കെ ലാലിന്റെ അത്തരം ലുക്കാണ് ആരാധകർ കണ്ടത്.
പല പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള മോഹൻലാലിന്റെ ബാബാ കല്യാണിയിലെ മീശ പിരിയനാണ്. എന്നാൽ, മുഖം എന്ന ചിത്രത്തിലെ പോലീസ് ഓഫീസറുടെ മീശ സാധാരണ രീതിയിലുള്ളതും. കരിയിലക്കാറ്റുപോലെയിലെ പോലീസ് കഥാപാത്രത്തിന്റെയും റെഡ് വൈനിലെ പോലീസുകാരന്റെയും മീശയ്ക്കു പോലീസ് കട്ടുണ്ട്.
വെളിപാടിന്റെ പുസ്തകം എന്ന ലാൽജോസ് ചിത്രത്തിൽ വേറിട്ട ഒരു മീശയുമായാണ് ലാൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. പുലിമുരുകനിലെ മീശയും ആരാധകർക്കു രസം പകർന്നു. ഒരല്പം അമാനുഷികതയുള്ള കഥാപാത്രങ്ങൾക്കെല്ലാം ലാലിനു മീശ പിരിക്കേണ്ടിവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ ലോഹം ഉദാഹരണം.
ദൃശ്യത്തിലെ ജോർജുകുട്ടിയുടെ മീശ സാധാരണയാളുകളുടെതു പോലെയാണ്. ബുൾഗാൻ താടിയും മീശയുമായി ചന്ദ്രോത്സവത്തിലും മുടി പിന്നിൽ കെട്ടിക്കൊണ്ട് റോക്ക് ആൻഡ് റോളിലും ലാലിനെ കണ്ട് ആരാധകർ കൈയടിച്ചു. മീശയുടെ രൂപഭാവങ്ങൾ മാറിമറിയുമെങ്കിലും വലിയൊരു വിഭാഗം ആരാധകർക്കുമിഷ്ടം മീശപിരിക്കുന്ന മോഹൻലാലിനെത്തന്നെ.
പ്രജയിലെ സക്കീർ അലി ഹുസൈൻ, അലിഭായിയിലെ അലി ഭായ്, താണ്ഡവത്തിലെ കാശിനാഥൻ, ഒന്നാമനിലെ രവിശങ്കർ, നാട്ടുരാജാവിലെ പുലിക്കാട്ടിൽ ചാർലി, നരനിലെ മുള്ളൻകൊല്ലി വേലായുധൻ... അങ്ങനെ മീശപിരിച്ചുവച്ച് മോഹൻ ലാൽ പ്രേക്ഷകരെയെത്ര രസിപ്പിച്ചിരിക്കുന്നു... ത്രസിപ്പിച്ചിരിക്കുന്നു.