വളവു നിവർന്നില്ല
Tuesday, May 19, 2020 12:31 AM IST
പ്രവചനങ്ങൾ ഒരു വശത്ത്. രോഗവ്യാപനം ഈ പ്രവചനങ്ങളൊന്നും ശ്രദ്ധിക്കാതെ. ഇന്ത്യയിലെ കോവിഡ്-19 മഹാമാരിയുടെ ഇതുവരെയുള്ള പ്രയാണം അങ്ങനെയാണ്. ലോക്ക്ഡൗൺ വഴി രോഗവ്യാപനം പിടിച്ചുകെട്ടി എന്ന അവകാശവാദവും പൊള്ളയായി മാറി.
മുന്പ് അറിവില്ലാതിരുന്ന ഒരു വൈറസ്; അതിന്റെ വളർച്ച തളർച്ചകളെപ്പറ്റിയുള്ള ഏക അറിവ് ചൈനയിലെ വിവരങ്ങളിൽനിന്ന്. ഇതായിരുന്നു മാർച്ചിൽ ഇന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്പോഴുള്ള നില.
ചൈന രോഗവ്യാപനം നടന്ന പ്രദേശങ്ങൾ അടച്ചുപൂട്ടി. കുറച്ച് ആഴ്ചകൾക്കു ശേഷം രോഗവ്യാപനം ഇല്ലാതായി എന്നു പറഞ്ഞു. അതിന്റെ മുഴുവൻ സത്യവും ആരുമറിഞ്ഞിട്ടില്ല.
സന്പർക്ക വഴികൾ അടച്ചാൽ രോഗവ്യാപനം തടയാം എന്ന സാമാന്യ യുക്തിയാണു ലോക്ക്ഡൗണിലുള്ളത്. പക്ഷേ, നൂറു ശതമാനം സന്പർക്കം തടയാൻ പറ്റാത്തപ്പോൾ അതിന്റെ പ്രായോഗിക വിജയം എത്രയെന്ന ചോദ്യമാണ് ഇന്ത്യയിൽ ഉയരുന്നത്.
പാളിയ പ്രവചനങ്ങൾ
ഏതായാലും ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലെത്തുന്നു. ഇങ്ങനെയൊരു തലത്തിലേക്കു രോഗബാധ എത്തില്ലെന്നു പ്രവചിച്ചവർ പലരുണ്ട്. ഏറ്റവും പ്രധാന പ്രവചനം കേന്ദ്ര സർക്കാരിന്റെ ബൗദ്ധിക കേന്ദ്രമായ നീതി ആയോഗിന്റേതാണ്. (ആസൂത്രണ കമ്മീഷനെയാണു നീതി ആയോഗാക്കി മാറ്റിയത്). നീതി ആയോഗ് കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ഉന്നതാധികാര ഗ്രൂപ്പുകളെ നിയോഗിച്ചിരുന്നു. അതിലൊന്നിന്റെ തലവനായ ഡോ.വി.കെ. പോൾ ഏപ്രിൽ 24ന് (ലോക്ക്ഡൗൺ ഒരു മാസം തികഞ്ഞ ദിവസം) നിരവധി ഗ്രാഫുകൾ സഹിതം മാധ്യമപ്രവർത്തകരോടു സംസാരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന്റെ മാധ്യമ സമ്മേളനത്തിനിടയിലായിരുന്നു ഇത്.
ഡോ.പോൾ പറഞ്ഞത് ലോക്ക്ഡൗൺ മൂലം കോവിഡ് വളർച്ചയുടെ തോത് കുറഞ്ഞെന്നാണ്. മേയ് പതിനാറോടെ രാജ്യത്തു പുതിയ രോഗബാധ ഉണ്ടാകില്ലെന്നും ശിശുരോഗ വിദഗ്ധനായ ഡോക്ടർ പറഞ്ഞു. രോഗവ്യാപനത്തിന്റെ ഗ്രാഫിൽ വളവ് നിവർന്നു വരികയാണെന്ന പ്രസ്താവന രാജ്യത്തു സന്തോഷം പരത്തി. പക്ഷേ, വളവ് നിവർന്നില്ല. മേയ് പതിനാറു കഴിഞ്ഞപ്പോൾ രാജ്യത്തു പ്രതിദിന രോഗബാധ അയ്യായിരത്തിലേക്കു കയറി.
വേറെയുമുണ്ട് പ്രവചനങ്ങൾ. നീതി ആയോഗ് അംഗവും പ്രതിരോധ ഗവേഷണ- വികസന സംഘടന (ഡിആർഡിഒ)യുടെ മുൻ തലവനുമായ ഡോ. വി.കെ. സാരസ്വത് ഏപ്രിൽ പകുതിയോടെ പറഞ്ഞു: "വളവ് നിവർന്നുതുടങ്ങി. പ്രതിദിന രോഗബാധ എഴുന്നൂറ്, എണ്ണൂറിൽ കൂടില്ല.'
സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ (എസ് യുയുഡി) കൃത്രിമ ബുദ്ധി ഉപയോഗിച്ചു ഡാറ്റാ വിശകലനം നടത്തി പറഞ്ഞത് ഇന്ത്യയിലെ കോവിഡ് വ്യാപനം മേയ് 21-ാം തീയതിയോടെ അവസാനിക്കുമെന്നാണ്. അമേരിക്കയിൽ മേയ് 11-നടത്തും ഇറാനിൽ മേയ് 10-നടുത്തും രോഗബാധ അവസാനിക്കുമെന്ന പ്രവചനവും അവർ നടത്തിയിരുന്നു.
രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം ആയിരമായപ്പോൾ നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് അമിതാഭ് കാന്ത് പറഞ്ഞത് ""രോഗബാധയുടെയും മരണത്തിന്റെയും വളർച്ചത്തോത് കുറഞ്ഞെന്നാണു ഞങ്ങളുടെ വിശകലനം കാണിക്കുന്നത്'' എന്നായിരുന്നു.
ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ മിക്ക ദിവസവും രോഗബാധ ഇരട്ടിക്കുന്നതിന്റെ വേഗം കുറഞ്ഞുവരുന്നതായി പറഞ്ഞിരുന്നു. പക്ഷേ, രോഗികളുടെ സംഖ്യ ദിവസേന വർധിച്ചുവരുന്നതാണു കാണുന്നത്.
ഏപ്രിൽ 11 ന് അഗർവാൾ ചില ഗ്രാഫുകൾ അവതരിപ്പിച്ചിരുന്നു. അതനുസരിച്ച് ലോക്ക് ഡൗൺ മൂലം രാജ്യത്തു രോഗബാധ വലിയ തോതിൽ കുറഞ്ഞു. ലോക്ക്ഡൗണും മറ്റു പ്രതിരോധ നടപടികളും ഇല്ലായിരുന്നെങ്കിൽ ഏപ്രിൽ 15-നകം 8.2 ലക്ഷം പേർ രോഗികളാകുമായിരുന്നു; ലോക്ക്ഡൗൺ ഇല്ലാതെയുള്ള നടപടികൾ മാത്രമായിരുന്നെങ്കിൽ രോഗബാധ 1.2 ലക്ഷമാകുമായിരുന്നു; ലോക്ക്ഡൗണും പ്രതിരോധ നടപടികളും ഒപ്പം നടപ്പാക്കിയതിനാൽ ഏപ്രിൽ 11നു രോഗബാധ 7,447 മാത്രം. ഇതാണ് അഗർവാൾ അവതരിപ്പിച്ചത്.
രാജ്യത്തു രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. വിദഗ്ധരും ബുദ്ധികേന്ദ്രങ്ങളുമൊക്കെ നടത്തിയ പ്രവചനങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട്.
കോവിഡ്-19 രോഗം വന്നാൽ
സുഖപ്പെടൽ
ലോകം 38.68%
ഇന്ത്യ 38.29%
മരണനിരക്ക്
ലോകം 6.58 %
ഇന്ത്യ 3.15 %
കോവിഡ്-19 രോഗവ്യാപനം
ഓരോ രാജ്യത്തെയും രോഗികളുടെ സംഖ്യ ആഗോള രോഗബാധയുടെ എത്ര ശതമാനം എന്ന്
അമേരിക്ക 31.71
റഷ്യ 6.03
സ്പെയിൻ 5.76
യുകെ 5.06
ബ്രസീൽ 5.00
ഇറ്റലി 4.68
ഫ്രാൻസ് 3.73
ജർമനി 3.67
തുർക്കി 3.10
ഇറാൻ 2.49
ഇന്ത്യ 2.00
പെറു 1.91
ചൈന 1.72