നമസ്തേ ട്രംപിന്; മോടി പിടിപ്പിച്ച് അഹമ്മദാബാദ്
Monday, February 17, 2020 11:31 PM IST
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ അഹമ്മദാബാദ് അണിഞ്ഞൊരുങ്ങുകയാണ്. ചരിത്രസംഭവമാകണമെന്നു പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും മാത്രമല്ല, ഗുജറാത്ത് സർക്കാരിനും അഹമ്മദാബാദ് കോർപറേഷനും വരെ നിർബന്ധമുണ്ട്. ഈ മാസം 24, 15 തീയതികളിലായി രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്ന ട്രംപിനെ വരവേൽക്കുന്നത് അഹമ്മദാബാദിലാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഹൂസ്റ്റണിൽ ട്രംപ് ഒരുക്കിയ "ഹൗഡി മോദി’യെ കവച്ചുവയ്ക്കുന്നതാകണം "നമസ്തേ പ്രസിഡന്റ് ട്രംപ് ' എന്ന നിലയിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ട്രംപും മോദിയും ചേർന്നു നടത്തുന്ന റോഡ് ഷോയ്ക്കു മാറ്റുകൂട്ടുന്നതിനു റോഡുകൾ മിനുക്കുകയും പാതയോരങ്ങളിൽ പൂച്ചട്ടികൾ നിറയ്ക്കുകയും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും മാത്രമല്ല, ചേരിപ്രദേശങ്ങളുടെ ദുരിതക്കാഴ്ചകൾ കെട്ടിമറയ്ക്കുകകൂടി ചെയ്യുന്ന പ്രവൃത്തികളാണു തകൃതിയായി നടക്കുന്നത്. മൊട്ടേറയിൽ നിർമാണം പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭ്ഭായി പട്ടേൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഈ മാമാങ്കത്തോടനുബന്ധിച്ചു നടക്കും.
2014ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, 2017ൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ എന്നിവരെയും മോദി അഹമ്മദാബാദിൽ എത്തിച്ചിരുന്നു. ഇതിനേക്കാളെല്ലാം അതിഗംഭീര സ്വീകരണപരിപാടിക്കാണ് അഹമ്മദാബാദ് മുഖംമിനുക്കുന്നത്.
പൂച്ചട്ടികൾ 1.5 ലക്ഷം
സബർമതി ആശ്രമ സന്ദർശനവും മൊട്ടേറ സ്റ്റേഡിയം ഉദ്ഘാടനവും റോഡ് ഷോയുമാണ് 24ന് അഹമ്മദാബാദിൽ ട്രംപിന്റെ പ്രധാന പരിപാടികൾ. ഈ പരിപാടികൾ ജനകീയപങ്കാളിത്തംകൊണ്ടും മനോഹാരിതകൊണ്ടും ലോകോത്തരമാക്കുക എന്നതാണു ലക്ഷ്യം. മൊട്ടേറ, ഭട്ട്, കൊട്ടേശ്വർ മേഖലയിലാണു പ്രധാനമായും മോടികൂട്ടൽ.
ചിമൻഭായിപട്ടേൽ പാലം മുതൽ മൊട്ടേറ വരെയുള്ള റോഡുകൾ അലങ്കരിക്കാൻ ഒന്നര ലക്ഷം പൂച്ചട്ടികളാണു നിരത്തുന്നത്. ബൊഗൈൻവില്ലയും മഞ്ഞ അരളിയുമടക്കം നിരവധി ചെടികളാണ് അണിനിരത്തുക. രണ്ടു കോടിയോളം രൂപയാണു ചെടിച്ചട്ടികൾ ഒരുക്കുന്നതിനു മാത്രം ചെലവഴിക്കുന്നത് എന്നാണ് അഹമ്മദാബാദ് മേയർ ബിജൽ പട്ടേൽ കഴിഞ്ഞദിവസം പറഞ്ഞത്. നഗരം മോടിപിടിപ്പിക്കാൻ കോർപറേഷൻ ജീവനക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
മൊട്ടേറയിലേക്കുള്ള 16 റോഡുകളാണു ടാർ ചെയ്തു ഭംഗിയാക്കുന്നത്. മെട്രോ നിർമാണത്തിന്റെയും മറ്റും പേരിൽ വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതെ തകർന്നുതരിപ്പണമായി കിടക്കുന്ന റോഡുകൾക്കുണ്ടായ ശാപമോക്ഷം നാട്ടുകാരെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. മൊട്ടേറ സ്റ്റേഡിയത്തിലേക്കുള്ള ഭട്ട്-കൊട്ടേശ്വർ, ഭട്ട്-മൊട്ടേറ എന്നീ പ്രധാന റോഡുകളും അനുബന്ധ റോഡുകളുമാണു നന്നാക്കുന്നത്.
വിവിഐപികളുടെ യാത്രാറൂട്ട് തീരുമാനിച്ചിട്ടില്ലെങ്കിലും വിമാനത്താവളത്തിൽനിന്ന് ഇന്ദിരാ ബ്രിഡ്ജ് വഴി ഭട്ടിലേക്കും അവിടെനിന്നു മൊട്ടേറയിലേക്കുമായിരിക്കും പേവുക എന്നാണു കോർപറേഷൻ അധികൃതർ കണക്കുകൂട്ടുന്നത്. 80 കോടിയോളം രൂപയാണ് റോഡ് നന്നാക്കാനും നഗരം മോടിപിടിപ്പിക്കാനുമായി ചെലവഴിക്കുന്നത്. ഒരു കോടിയോളം രൂപ അലങ്കാരലൈറ്റുകൾക്കു മാത്രമായിരിക്കും. ഫുട്പാത്തുകളിലെല്ലാം പുതിയ ബ്ലോക്കുകൾ പാകിക്കഴിഞ്ഞു. കുറ്റിക്കാടുകളെല്ലാം തെളിച്ച് തെരുവുവിളക്കുകളും സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്.
റോഡുകൾ മോടികൂട്ടുക മാത്രമല്ല അലോസരമുണ്ടാക്കുന്ന കാഴ്ചകൾ മറയ്ക്കുക എന്നതും കോർപറേഷന്റെ ചുമതലയാണ്.
വിമാനത്താവളത്തിൽനിന്നു സ്റ്റേഡിയത്തിലേക്കുള്ള റോഡിനോടു ചേർന്ന് എണ്ണൂറോളം പേർ താമസിക്കുന്ന ചേരിപ്രദേശത്തിന്റെ കാഴ്ചകൾ മറയ്ക്കാൻ കൂറ്റൻ മതിൽ കെട്ടുന്നതിന്റെ വാർത്തയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്. ഇന്ദിരാ ബ്രിഡ്ജിനടുത്ത സരാനിയ വാസ് എന്ന ചേരിപ്രദേശമാണു മറയ്ക്കുന്നത്. 400 മീറ്റർ നീളത്തിൽ ഒരാൾപ്പൊക്കമുള്ള മതിലാണു പണിയുന്നത്. മതിൽ നിർമാണത്തിന് 150 തൊഴിലാളികൾ പകലും രാത്രിയും പണിയെടുക്കുന്നു.
മുമ്പ് ഇതുവഴി വിവിഐപികൾ കടന്നുപോകുമ്പോൾ പച്ച കർട്ടനിട്ടു മറയ്ക്കുകയായിരുന്നു പതിവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുരക്ഷാകാരണങ്ങളാലാണു മതിൽ കെട്ടുന്നത് എന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. എന്നാൽ, ചേരി മറയ്ക്കുകയാണു ലക്ഷ്യമെന്നു കരാറുകാരനാണു മാധ്യമങ്ങളോടു പറഞ്ഞത്.
സബർമതിയിലേക്കു റോഡ്ഷോ
അഹമ്മദാബാദ് വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം ട്രംപും പ്രഥമ വനിത മെലാനിയയും നരേന്ദ്ര മോദിയും സബർമതി ആശ്രമത്തിലേക്കു റോഡ്ഷോ നടത്തുമെന്നാണു കരുതുന്നത്.
ഈ പത്തു കിലോമീറ്റർ അടക്കമുള്ള 22 കിലോമീറ്റർ റോഡ് ഷോ ലോകശ്രദ്ധയാകർഷിക്കുന്നതാകണമെന്നു മോദി ആഗ്രഹിക്കുന്നു. റോഡ് ഷോ കാണാൻ മാത്രം അമ്പതിനായിരം ആളുകൾ വഴിയോരങ്ങളിൽ ഉണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും ഗാന്ധിജിയുടെ ജീവിതത്തിലും അതീവ പ്രാധാന്യമുള്ള സബർമതി ആശ്രമത്തിലെ സന്ദർശനത്തിനു ട്രംപ് പ്രത്യേക താത്പര്യംകാട്ടിയെന്നാണു റിപ്പോർട്ടുകൾ. ആശ്രമത്തിനുള്ളിൽ ഗാന്ധിജി താമസിച്ചിരുന്ന വീടായ ഹൃദയ്കുഞ്ജിൽ ചർക്ക തിരിച്ച് ട്രംപ് ഗാന്ധിജിക്കു പ്രണാമമർപ്പിക്കുമെന്നും പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ഇഷ്ടഗാനമായ "വൈഷ്ണവ ജന തോ...’ആലപിക്കപ്പെടുമെന്നുമാണു ലഭ്യമായ വിവരം. സബർമതി സന്ദർശനത്തിനു ശേഷമായിരിക്കും മൊട്ടേറ സ്റ്റേഡിയത്തിലേക്കു വിവിഐപികൾ പോവുക.
ഒരു ലക്ഷം പേർക്കായി ഒരുക്കം
ഹൂസ്റ്റണിൽ നടത്തിയ "ഹൗഡി മോദി’മോഡലിൽ മൊട്ടേറ സ്റ്റേഡിയത്തിൽ ഒന്നേകാൽ ലക്ഷത്തോളം പേരെ അണിനിരത്തിയുള്ള മെഗാ ഇവന്റാണ് ഒരുക്കുന്നത്. പരിപാടിക്ക് പ്രാദേശികഭാഷയിൽ "കെം ചോ ട്രംപ് ’എന്നായിരുന്നു പേരിട്ടത്. എന്നാൽ, ലോകശ്രദ്ധയാകർഷിക്കുന്ന ഇവന്റായതിനാൽ"നമസ്തേ പ്രസിഡന്റ് ട്രംപ്’ എന്നാക്കണം പേരെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ നിർദേശിക്കുകയായിരുന്നു. നമസ്തേ എന്നത് ഇന്ത്യൻ ആതിഥ്യമര്യാദയുടെ പര്യായമായാണ് ലോകം കാണുന്നത്.
സ്റ്റേഡിയത്തിന്റെ ശേഷി 1.10 ലക്ഷം കാണികളായതിനാൽ 15,000 പേരെ സ്റ്റേജിനു മുന്നിൽ പ്രത്യേകം ഇരിപ്പിടങ്ങളിട്ട് ഇരുത്തും. വ്യവസായികളും വിവിഐപികളുമടക്കം രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ക്ഷണിക്കപ്പെട്ടിരിക്കുന്നവർ ചടങ്ങിൽ പങ്കെടുക്കും. ഹൂസ്റ്റണിലെ "ഹൗഡി മോദി’ യിൽ അമ്പതിനായിരത്തോളം പേരായിരുന്നു പങ്കെടുത്തത്. ട്രംപിന്റെ സന്ദർശനത്തിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. എൻഎസ്ജി കമാൻഡോകളും എസ്പിജി സംഘവും നഗരത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. 25 ഐപിഎസുകാർ, 65 അസിസ്റ്റന്റ് കമ്മീഷണർമാർ, 200 ഇൻസ്പെക്ടർമാർ, 800 എസ്ഐമാർ എന്നിവരുടെ മേൽനോട്ടത്തിൽ പതിനായിരം പോലീസുകാരെയാണ് വിന്യസിക്കുന്നത്.
പൊടിക്കുന്നത് 100 കോടി
24ന് ഉച്ചയ്ക്കാണ് ട്രംപ് അഹമ്മദാബാദിലെത്തുക. മൂന്നരയോടെ ഡൽഹിക്കു മടങ്ങും. മൂന്നര മണിക്കൂറാണ് ട്രംപ് അഹമ്മദാബാദിലുണ്ടാവുക എന്നാണ് കണക്കാക്കുന്നത്. വരവേൽപ്പിനും ആഘോഷങ്ങൾക്കുമായി നൂറു കോടി രൂപയാണ് ചെലവഴിക്കുന്നത്. റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമാണ് 80 കോടി മുടക്കുന്നത്. സുരക്ഷയ്ക്ക് 12 കോടി രൂപയും സ്റ്റേഡിയത്തിലെത്തുന്ന ഒന്നേകാൽ ലക്ഷം പേരുടെ ചെലവിനായി ഏഴുകോടി രൂപയും ചെലവഴിക്കും.
സന്ദർശനത്തിന്റെ രണ്ടാം ദിനമായ 25ന് ഡൽഹിയിലാണ് ഔദ്യോഗിക ചർച്ചകൾ നടത്തുന്നതും കരാറുകൾ ഒപ്പിടുന്നതും. വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരുടെ പിന്തുണ നേടുക എന്നത് ട്രംപിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഈ സന്ദർശനം അതിനുപകരിക്കുമെന്നാണ് ട്രംപ് കരുതുന്നത്.
ഇന്ത്യ ട്രംപിനു പരവതാനി വിരിക്കുന്നതു വലിയ മോഹങ്ങളുമായാണ്. അവയൊക്കെ സാക്ഷാത്കരിക്കപ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മൊട്ടേറയിലെ മുട്ടൻ സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായാണു മൊട്ടേറയിലുള്ള സർദാർ വല്ലഭഭായിപട്ടേൽ സ്റ്റേഡിയത്തെ പടുത്തുയർത്തിയിരിക്കുന്നത്. ട്രംപും മോദിയും ചേർന്നാകും ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക. സർദാർ പട്ടേൽ സ്റ്റേഡിയം പുതുക്കിപ്പണിതാണ് ഇപ്പോൾ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയിരിക്കുന്നത്. നിലവിൽ 95,000 പേർക്കിരിക്കാവുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മെൽബൺ സ്റ്റേഡിയത്തെ കവച്ചുവയ്ക്കുന്നതാണ് മൊട്ടേറ സ്റ്റേഡിയം. 1.10 ലക്ഷം കാണികളെ ഉൾക്കൊള്ളാനുള്ളശേഷിയുണ്ട്. 800 കോടി രൂപ ചെലവഴിച്ചാണു നിർമാണം.
ഒരു പ്രധാന ക്രിക്കറ്റ് ഗ്രൗണ്ട്, രണ്ട് ചെറിയ ക്രിക്കറ്റ് ഗ്രൗണ്ട്, നാല് ലോക്കർ റൂമുകൾ, 75 ശീതീകരിച്ച കോർപറേറ്റ് ബോക്സുകൾ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങൾക്കായുള്ള ക്ലബ് ഹൗസ് എന്നിവ ഇവിടെയുണ്ട്. കൂടാതെ 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്ററന്റ്, വലിയ സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, പാർട്ടി ഏരിയ എന്നിവയും സ്റ്റേഡിയത്തിലുണ്ട്. 3,000 കാറുകളും 10,000 ടൂവീലറുകളും പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് ഏരിയയും മൊട്ടേറ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്.
നിലവില് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡന് ഗാര്ഡന്സിൽ 62,000 പേരെയാണ് ഉൾക്കൊള്ളുക. മെല്ബണ് ക്രിക്കറ്റ് ഗ്രൗണ്ട് നിര്മിച്ച ഓസ്ട്രേലിയന് കമ്പനി തന്നെയാണ് മൊട്ടേറ സ്റ്റേഡിയവും നിർമിക്കുന്നത്. ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങളുടെ മുഖ്യ വേദിയായി മൊട്ടേറ മാറുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞദിവസം ട്രംപ് ഈ സ്റ്റേഡിയത്തെക്കുറിച്ച് പുകഴ്ത്തിപ്പറഞ്ഞിരുന്നു.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ