കിംഗ് ആയി മാറുന്ന കിംഗ് മേക്കർ
Tuesday, November 26, 2019 11:14 PM IST
കിംഗ് മേക്കർ ഇനി കിംഗ്. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയൊരു യുഗം പിറക്കുകയാണ്. നാലര പതിറ്റാണ്ട് കിംഗ് മേക്കറായി വാണ ബാൽ താക്കറെയുടെ വഴിയേയായിരുന്നു മകൻ ഉദ്ധവും എന്ന അവസ്ഥയ്ക്കാണു മാറ്റമുണ്ടാകുന്നത്. മുഖ്യമന്ത്രിസ്ഥാനമടക്കം ഉന്നത അധികാരങ്ങൾ പലതും നേടാമായിരുന്നിട്ടും ഒരു കോർപറേഷൻ കൗൺസിൽ സ്ഥാനംപോലും മോഹിക്കാതെയായിരുന്നു ബാൽ താക്കറെ ശിവസേന സ്ഥാപിച്ചതും കെട്ടിപ്പടുത്തതും. ഇതേ പാതയാണ് മകൻ ഉദ്ധവ് താക്കറേയും ഇതുവരെ സ്വീകരിച്ചു പോന്നത്.
എന്നാൽ, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മകൻ ആദിത്യയെ മത്സരിപ്പിച്ചതോടെ ഉദ്ധവിന്റെ മനംമാറ്റം വെളിപ്പെട്ടിരുന്നു. മുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിച്ചപ്പോഴും ഉദ്ധവ് ആ സ്ഥാനം മോഹിക്കുന്നുവെന്ന് ആരും ഉറപ്പിച്ചുപറഞ്ഞിരുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ മഹാനഗരമുൾക്കൊള്ളുന്ന മഹാരാഷ്ട്രയിൽ താക്കറെ കുടുംബത്തിന്റെ അധികാരസ്ഥാനം ആദ്യമായി അടയാളപ്പെടുത്തുകയാണ്.
വൈരുധ്യങ്ങൾ ഏറെയുള്ള മുന്നണിബന്ധം, ഭരണപരിചയത്തിന്റെ അഭാവം, ബിജെപിയുടേയും കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരട്, അധിക്ഷേപങ്ങൾ ഏറെ കേൾപ്പിച്ചിട്ടുള്ള പാർട്ടിയുടെ പൂർവകാലം, വിമതരെ പ്രോത്സാഹിപ്പിക്കാൻ സദാ ജാഗരൂകരായി നിൽക്കുന്ന എതിരാളികൾ ഇങ്ങനെ നിരവധി വെല്ലുവിളികളാണ് ഉദ്ധവിനെ കാത്തിരിക്കുന്നത്. കർണാടകയ്ക്കു സമാനമായ രീതിയിൽ അതിസാഹസികമായി ബിജെപിയെ മുട്ടുകുത്തിച്ചുകൊണ്ടാണ് അധികാരത്തിലെത്തുന്നത് എന്നതും പ്രസക്തമാണ്. മുറിവേറ്റ യദിയൂരപ്പ പകവീട്ടിയതുപോലെ എപ്പോൾ വേണമെങ്കിലും അട്ടിമറികൾ സംഭവിക്കാമെന്നതും നിശ്ചയമാണ്. ഗവർണറും കേന്ദ്രസർക്കാരും ഉറക്കമിളച്ചാണ് ഇരിക്കുന്നത് എന്നതും കാണാതിരുന്നുകൂടാ.
അച്ഛനല്ല മകൻ
അറിയപ്പെടുന്ന കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെ ശിവസേന കെട്ടിപ്പടുത്തത് അവസരങ്ങൾ മുതലെടുത്താണ്. മഹാനഗരമായ മുംബൈയിലേക്കു തൊഴിൽതേടിയെത്തിയിരുന്ന ദക്ഷിണേന്ത്യക്കാരുടെയും ഗുജറാത്തികളുടെയും എണ്ണം ഗണ്യമായി കൂടിയപ്പോൾ മറാത്തികളുടെ അവസരങ്ങൾ മറുനാട്ടുകാർ തട്ടിയെടുക്കുന്നു എന്ന പ്രചാരണം ശക്തമാക്കിയാണ് 1966 ജൂണ് 19 ന് ബാൽ താക്കറെ ശിവസേന സ്ഥാപിച്ചത്. മഹാരാഷ്ട്രയിൽ കോണ്ഗ്രസിനു ശക്തമായ ബദൽ ഇല്ലാത്ത കാലഘട്ടമായിരുന്നു അത്. മണ്ണിന്റെ മക്കൾ വാദമുയർത്തി മറാത്തികളെ സംഘടിപ്പിക്കാൻ കഴിയിയുമെന്നു മനസിലാക്കിയ ബാൽ കേശവ് താക്കറെയെന്ന കൗശലക്കാരനായ രാഷ്ട്രീയ നേതാവിന്റെ ഉദയമായിരുന്നു പിന്നീടുണ്ടായത്.
ആദ്യകാലത്തു രജിസ്ട്രേഷനോ സംഘടനാ സ്വഭാവമോ ഇല്ലാതെയാണ് സേന പ്രവർത്തിച്ചിരുന്നത്. പിന്നീട് സംഘടനാ സംവിധാനമുണ്ടാക്കുകയും രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ രജിസ്ട്രേഷൻ നേടുകയും ചെയ്തു. 2012 നവംബർ 17 ന് മരിക്കുന്നതുവരെ ബാൽ താക്കറെ ശിവസനയുടെ പ്രമുഖ് ആയി തുടർന്നു. ലോകത്ത് ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ഇതെന്നായിരുന്നു ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്. മണ്ണിന്റെ മക്കൾ വാദത്തിൽ സ്വീകരിച്ച തീവ്ര നിലപാടുകൾമൂലം ബാൽ താക്കറെ പലർക്കും പേടിസ്വപ്നമായിരുന്നു. ഗുജറാത്തികൾക്കും മലയാളികളടക്കമുള്ള ദക്ഷിണേന്ത്യക്കാർക്കും മുംബൈയിൽ ജീവിതം സുരക്ഷിതമല്ലാതാക്കിയതുവഴി മഹാരാഷ്ട്രയ്ക്കു പുറത്ത് അദ്ദേഹത്തിനും ശിവസേവനയ്ക്കും മോശം പ്രതിച്ഛായയാണ് ഉണ്ടായത്.
തിരുവായ്ക്ക് എതിർവാ ഇല്ലെന്ന അവസ്ഥയുടെ പാരമ്യമായിരുന്നു ബാൽ താക്കറെ. അനിഷ്ടംതോന്നിയവർക്കൊന്നും പാർട്ടിയിൽ ഇടമുണ്ടായില്ല. 1995ൽ പാർട്ടിക്കു മുഖ്യമന്ത്രിപദം കിട്ടിയപ്പോൾപോലും ബാൽ താക്കറെ അധികാരക്കസേരയിലേക്ക് എത്തിനോക്കിയില്ല. മനോഹർ ജോഷിയെ മുഖ്യമന്ത്രിയാക്കി. തുടർന്ന് നാരായൺ റാണെയും മുഖ്യമന്ത്രിയായി. പിന്നീട് ഇപ്പോഴാണ് സേനയ്ക്ക് അവസരം കൈവരുന്നത്.
ഇപ്പോൾ മുഖ്യമന്ത്രിക്കസേരയിലേക്ക് ഉദ്ധവ് നേരിട്ടെത്തുകയാണ്. ബാൽ താക്കറെയുടെ കാലത്തെ തീവ്രഹിന്ദുത്വ നിലപാടിൽനിന്ന് ഉദ്ധവ് മയപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല പ്രസ്താവനകൾവച്ചു വാദിക്കാം. എന്നാൽ, പാർട്ടിയുടെ മാറ്റം എത്രമാത്രമാണെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
പരിചയക്കുറവ്
ബാൽ താക്കറെയുടെ കരുത്തോ ശരദ് പവാറിന്റെ തന്ത്രങ്ങളോ കൈവശമില്ലാത്ത നേതാവാണ് ഉദ്ധവ് എന്ന വിമർശനത്തിൽ കഴമ്പുണ്ടെന്നതാണു യാഥാർഥ്യം. 2002ൽ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ഏറ്റെടുത്തുകൊണ്ടാണ് ഉദ്ധവ് പാർട്ടിയിൽ സ്ഥാനമുറപ്പിച്ചത്. പാർട്ടിക്ക് മികച്ച വിജയം കിട്ടുകയും ചെയ്തു. തുടർന്ന് 2003ൽ വർക്കിംഗ് പ്രസിഡന്റായ ഉദ്ധവ് പാർട്ടിയെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ബാൽ താക്കറെ വാർധക്യസഹജമായ അസുഖങ്ങളാൽ ക്ഷീണിതനാവുകയും ചെയ്തു.
ബാൽ താക്കറെയുടെ ഇളയ സഹോദരൻ ശ്രീകാന്തിന്റെ മകൻ രാജ് താക്കറെ ഉദ്ധവിനേക്കാൾ പാർട്ടിയിൽ കരുത്തനായിരുന്നു. എന്നാൽ, തന്റെ പിൻഗാമി ഉദ്ധവ് തന്നെയെന്ന ബാൽ താക്കറെയുടെ നിലപാട് വെളിപ്പെട്ടതോടെ രാജ് താക്കറെക്കു പാർട്ടി വിടേണ്ടിവന്നു. 2006ൽ അദ്ദേഹം നവനിർമാൺ സേന എന്ന പാർട്ടിക്കു രൂപം നൽകി. 2009 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ നേടി എംഎൻഎസ് ശിവസേനയെ വിറപ്പിച്ചെങ്കിലും 2014 ൽ ഒരു സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. ഇക്കുറിയും ഒരു സീറ്റിലൊതുങ്ങി. ഉദ്ധവുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് മുൻ മുഖ്യമന്ത്രിയായ നാരായൺ റാണെ 2005ൽ പാർട്ടി വിട്ടത്. ബാൽ താക്കറെയുടെതുപോലുള്ള അധീശത്വം ഉദ്ധവിന് ഇപ്പോഴും പാർട്ടിയില്ലെന്നത് യാഥാർഥ്യമാണ്. ഈ അവസ്ഥ മുതലെടുത്ത് ശിവസേനയെ പിളർത്തി ഭൂരിപക്ഷമുണ്ടാക്കാം എന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, ബിജെപിയുടെ ഈ തന്ത്രത്തെ തത്കാലത്തേക്കെങ്കിലും അതിജീവിക്കാൻ ഉദ്ധവിനായിരിക്കുന്നു.
ഒടുവിൽ പകവീട്ടൽ
ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോഴും മേൽക്കൈ നിലനിർത്താൻ ബാൽ താക്കറെയ്ക്കു കഴിഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കാലശേഷം ബിജെപി ഉദ്ധവിനെ വേണ്ടത്ര പരിഗണിച്ചില്ല. ശിവസേനയ്ക്കുമേൽ വളർന്നുകയറാൻ ബിജെപിക്കു കഴിയുകയും ചെയ്തു. കൂട്ടുകക്ഷിയായി കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം പങ്കിടുമ്പോഴും ഉദ്ധവ് -ബിജെപി കിടമത്സരം ശക്തമായിരുന്നു. കഴിയുന്നത്ര വിലപേശൽ നടത്താൻ ഉദ്ധവ് ശ്രമിച്ചെങ്കിലും ബിജെപി മേൽക്കൈ നേടിക്കൊണ്ടിരുന്നു. സീറ്റ് വിഭജനത്തിലെ തർക്കംമൂലം 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 വർഷത്തെ കൂട്ടുകെട്ട് പിരിഞ്ഞായിരുന്നു മത്സരം. ഒടുവിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ഭരണത്തിലേറുകയും ചെയ്തപ്പോൾ ശിവസേനയ്ക്ക് പിന്തുണയ്ക്കേണ്ടി വന്നു.
തുടർന്നും കിട്ടിയ അവസരങ്ങളിലെല്ലാം കേന്ദ്രഭരണത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവസിനേയും വിമർശിക്കാൻ ഉദ്ധവ് ശ്രദ്ധിച്ചിരുന്നു. നോട്ട്നിരോധനത്തിനെതിരേ പരസ്യമായി പ്രതികരിക്കാനും ശിവസേന മുൻപന്തിയിലുണ്ടായിരുന്നു. പാർട്ടി മുഖപത്രമായ സാംനയിലൂടെ നിരന്തരവിമർശനമാണ് ഉദ്ധവ് നടത്തിയിരുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന എൻഡിഎ വിടുമെന്നു കരുതിയിരുന്നെങ്കിലും അവസാനം ഒത്തുതീർപ്പിലെത്തുകയായിരുന്നു. തുടർന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടർന്നെങ്കിലും മുഖ്യമന്ത്രിപദം പങ്കിടണമെന്ന ആവശ്യത്തിലുറച്ചാണ് സഖ്യം വിട്ടത്. കുറേ വർഷങ്ങളായി അനുഭവിക്കുന്ന അവഗണനയ്ക്കാണ് ഇപ്പോൾ ഉദ്ധവ് പകവീട്ടുന്നത്.
സംസ്ഥാന പര്യടനം/ സി.കെ. കുര്യാച്ചൻ