കണ്ണീർ
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, July 9, 2025 12:51 AM IST
“കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി പയ്യൻ ചിരിച്ചു” എന്ന് ‘പയ്യൻ കഥകളി’ലൊന്നിൽ വി.കെ.എൻ. എഴുതിയിട്ടുണ്ട്. തീയിൽ വിരൽതൊട്ടപ്പോഴെന്നപോലെയാണ് എനിക്കാ വാക്യം അനുഭവപ്പെട്ടത്. ഒരുതരം വീർപ്പുമുട്ടൽ. അന്തർസംഘർഷം. ഉള്ളിലെന്തോ എരിഞ്ഞമരുമ്പോഴുള്ള വിങ്ങൽ. ഈ കണ്ണീര് അടക്കിവച്ചുകൊണ്ടാണ് ബുദ്ധൻ ചിരിച്ചത്.

ഗാന്ധിജിയും സോക്രട്ടീസും ചിരിച്ചത്. അങ്ങനെ ചിരിച്ചവരെ ഞാനോർത്തുനോക്കി. അധികംപേരില്ല. ഗദാധരനിൽനിന്നു യാത്രതിരിച്ച് പരമഹംസരിലെത്തിയശേഷം ചൊരിഞ്ഞ കണ്ണീര് ഒരു ചിരിയിൽ അടക്കിവയ്ക്കാനായില്ല. ജീവന്മുക്തരിൽ അതു കണ്ടെത്താനാവില്ല. സഹസ്രനാമത്തിൽ അതിനെക്കുറിച്ച് ആഴമേറിയൊരു നേരുണ്ട്. അതു സ്വപ്നസദൃശമോ ക്ഷണികമോ അല്ല. നമുക്കജ്ഞാതമായ ഏതോ സാങ്കല്പികാനുഭൂതിയാണത്.
ഒരിക്കൽ ഞാനിത് യതിഗുരുവിനോട് ചോദിച്ചു. അദ്ദേഹം ഞങ്ങളെ സന്ധ്യാംബരം എരിഞ്ഞമരുന്നതു കാണിക്കാൻ കൊണ്ടുപോയി. ദൂരെ ചമതപോലെരിയുന്ന ചക്രവാളം. അതു പതിയെ അണഞ്ഞുകെടുമ്പോൾ, അതിൽനിന്നു പടരുന്ന തീനാമ്പുകൾ മേഘങ്ങൾ വാരിയണിയുന്നു. ചുറ്റിലും അഗ്നി പടർത്തിയശേഷം സങ്കടം പുറത്തുവരാതിരിക്കാൻ ആ തേജോഗോളം അവസാനമായി പുഞ്ചിരിക്കുന്നു. പിന്നെ അനന്തതയിൽ അലിയുന്നു. യതിഗുരു ഒന്നും പറഞ്ഞില്ല.
ആ നിശബ്ദതയിൽ വനജ്യോത്സ്ന പൂത്തുനിൽക്കുന്നതുപോലെ തോന്നി. എല്ലാം എരിഞ്ഞടങ്ങുംമുൻപും സാരമായ ചില മുന്തിയ നിമിഷങ്ങളുണ്ടാകും. ആ നിമിഷങ്ങളിലാകണം കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി നാം ചിരിക്കുന്നത്; അറിയില്ല.
കരയുന്ന പുരുഷന്മാരെ ഞാനധികം കണ്ടിട്ടില്ല. ഒരിക്കൽ ഓച്ചിറ പടനിലത്തുവച്ച് ഒരു ചെറുപ്പക്കാരൻ പൊട്ടിക്കരയുന്നതു കണ്ടിട്ടുണ്ട്. ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ചുള്ള സങ്കടമായിരിക്കുമെന്നാണ് എനിക്കാദ്യം തോന്നിയത്. പിന്നീടുതോന്നി അതു പ്രണയഭംഗത്താലുണ്ടായ സങ്കടപ്പെയ്ത്തായിരിക്കുമെന്ന്. പക്ഷേ, അതൊന്നുമായിരുന്നില്ല എന്ന് പിന്നീടാണു ബോദ്ധ്യപ്പെട്ടത്. അത് അമ്മ നഷ്ടപ്പെട്ടതിന്റെ തീരാവ്യഥയായിരുന്നു. അമ്മ നഷ്ടപ്പെട്ടവർക്ക് ഒരിക്കലും പഴയതുപോലെ ചിരിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കണ്ണീര് പുറത്തുവരാതിരിക്കാനാണ് അവർ ചിരിക്കുന്നതെന്നും, അവരെ നിശബ്ദരാക്കാൻ അമ്മയെക്കുറിച്ചു പറഞ്ഞാൽ മതിയെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അവരുടെ ചിരിയിലെങ്ങോ ഘനീഭൂതബാഷ്പത്തിന്റെ ഒരു നനവു പടർന്നുകിടപ്പുണ്ട്. “കണ്ണുനീർക്കുത്തിൽ ചിരിയുടെ വെള്ളിമീൻചാട്ടം തേടുന്നു” എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. അതു വായിക്കുമ്പോൾ ഉള്ളിലെ കടലുകളെല്ലാം വറ്റി ഒടുവിൽ ഉപ്പുപരലുകൾ മാത്രമായി ശേഷിക്കുന്ന ഒരനുഭവം ഉണ്ടാകുന്നു. ഒടുവിൽ മഴത്തുള്ളികളായി പുനർജനിക്കുംവരെ ആ മഹാവ്യഥ ഘനീഭൂതമായി നിൽക്കും. അതുവരെയും ആ കനം ഉള്ളിൽ ചുമന്നേ മതിയാകൂ.
ഉള്ളിലെ സങ്കടങ്ങളെല്ലാം കരഞ്ഞുതീർത്തിട്ട് ഒരു മന്ദസ്മിതത്തോടെ മൃതലോകത്തേക്ക് പോകുന്ന പൂവുകളെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ഓരോ പൂവിലും സൂര്യചന്ദ്രന്മാർ പ്രകാശിക്കുന്നുവെന്നൊരു കബീർവാണിയുണ്ട്. എന്നാൽ, നമ്മുടെ നഗ്നനേത്രങ്ങളാൽ അതു കാണാനാകുന്നില്ല എന്നേയുള്ളൂ. നമ്മൾ പൂവുകളിൽ കാണുന്നതു പ്രകാശത്തിന്റെ ഒരു തുള്ളിയാണ്.
എന്നാൽ, ആ തുള്ളികളുടെ അനന്തകോടി അടരുകൾക്കുള്ളിൽ ഒരു കണ്ണീർത്തുള്ളിയുണ്ട്. ആ കണ്ണീർത്തുള്ളിയിൽ പ്രകാശം തൊടുമ്പോഴാണ് അതു മന്ദഹസിക്കുന്നതായി നമുക്ക് തോന്നുന്നത്. ആ ചാരുസ്മിതത്തിൽ എല്ലാമുണ്ട്. ജഗദ്ഭക്ഷകനായ കാലത്തിന്റെ വരവിൽ പിടയ്ക്കുന്ന നീൾമിഴിയിതളുകളുണ്ട്. കാണക്കാണെ തിടംവച്ചുണരുന്ന തീക്ഷ്ണസൗരഭ്യമുണ്ട്. മണ്ണിൽ വേരുകളാഴ്ത്തി നിൽക്കുമ്പോഴുള്ള ആദിമമായ അഭിമാനബോധമുണ്ട്. എല്ലാമുണ്ട്.
എത്ര സങ്കടം വന്നാലും കരയാത്ത ചിലരുണ്ട്. സ്ഥിതപ്രജ്ഞർ. ഓളപ്പാത്തിയിൽവീണ ഒരാലിലപോലെയാണ് അവർ. സങ്കടം വരുമ്പോൾ കരയുകയോ സന്തോഷം വരുമ്പോൾ ചിരിക്കുകയോ ചെയ്യാത്തവർ. അവർ അവരിൽത്തന്നെയാണു രമിക്കുന്നതും മദിക്കുന്നതും എരിഞ്ഞടങ്ങുന്നതും. എല്ലാ പുഴയും സമുദ്രോന്മുഖമായി ഒഴുകുന്നതുപോലെ അവരും ഒടുവിൽ അനന്തമായ ജലരാശിയിലെത്തും.
പക്ഷേ, അതിലവർക്കു വ്യഥയില്ല. കാരണം, അവർ ശരീരം മാത്രമാണ് ജലധിയിൽ അലിയിച്ചുകളയുന്നത്. മരണത്തിൽ മാത്രമല്ല, പ്രണയത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മനോജ്ഞമാണ് ഈ അനുഭവം. പക്ഷേ, ദുർബലരും ഭോഗതത്പരരും ആനന്ദവാദികളുമായ നമുക്കെങ്ങനെ ഇതനുഭവിക്കാനാകും. നമുക്കു കാവ്യാത്മകമായ ഒരു ജീവിതമല്ല ഉള്ളത്. നമ്മുടെ ജീവിതം രഹസ്യാത്മകമാണ്. എല്ലാ രഹസ്യങ്ങൾക്കുള്ളിലും ഒരു മഹാസങ്കടം ഒളിഞ്ഞിരിപ്പുണ്ട്. അതൊളിപ്പിച്ചുവച്ചു ചിരിച്ചാൽ മാത്രമേ കപടലോകത്ത് ജീവിക്കാനാകൂ. നെഞ്ചുകീറി നേരിനെ കാട്ടുമ്പോഴും നമുക്ക് ചിരിച്ചേ മതിയാകൂ. കാരണം നമുക്കുള്ളത് ആത്മാർഥമായൊരു ഹൃദയമാണ്.