കുട്ടികൾ സൂംബ കളിക്കുമ്പോൾ
ഡോ. ബിൻസ് എം. മാത്യു
Wednesday, July 9, 2025 12:48 AM IST
നമ്മുടെ കുട്ടികൾക്ക് ആവശ്യത്തിനുള്ള വ്യായാമം കിട്ടുന്നുണ്ടോ? ഇല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2013-14 വർഷത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിൽ ഇന്ത്യയിലെ പകുതിയിലേറെ ആളുകൾക്കും വ്യായാമക്കുറവുകൊണ്ടുള്ള ശാരീരിക പ്രശ്നങ്ങളുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിദ്യാർഥികളിൽ വ്യായാമമില്ലായ്മ പലതരത്തിലുള്ള മാനസിക ശാരീരിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ലോകാരോഗ്യസംഘടനയും ഈ വിഷയത്തിൽ നടത്തിയ പഠനങ്ങൾ ഐഐസിഎംആറിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നുണ്ട്. കോവിഡിനുശേഷം കുട്ടികളുടെ സ്ക്രീൻ ടൈമിൽ ഉണ്ടായിട്ടുള്ള വലിയ വർധന കുട്ടികളിൽ നിരവധി ശാരീരിക മാനസിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഒരു തലമുറയ്ക്കു മുമ്പ് നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന പൊതുകളിസ്ഥലങ്ങൾ പലതും ഇന്നുണ്ടോ? രോഗങ്ങളെ സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ പുതുതായി ചേർത്ത മാനസിക ആരോഗ്യപ്രശ്നമാണ് ഗെയിമിംഗ് ഡിസോഡർ. സൈബർ ഗെയിമുകളിൽ നിരന്തരം വ്യാപരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗെയിം അഡിക്ഷനാണിത്. ഇൻസ്റ്റ പോലെയുള്ള സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ പല ഫിൽറ്ററുകളും ഉപയോഗിക്കാം.
സ്വന്തം മുഖവും ശരീരവും കൂടുതൽ ആകർഷകമാക്കാൻ ഫിൽട്ടറുകൾക്ക് കഴിയും. പതുക്കെ സ്വന്തം ശരീരത്തോടും മുഖത്തോടും തോന്നുന്ന അപകർഷതാബോധമാണ് ബോഡി ഡിസ്മോർഫിക് ഡിസോഡർ. നിരന്തരമായി നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുന്നതും മറ്റുള്ളവരുടെ കമന്റുകൾക്കുവേണ്ടിയുള്ള കാത്തിരിപ്പുമൊക്കെ അമിതമായാൽ അതെല്ലാം മാനസിക പ്രശ്നങ്ങൾക്കു വഴിതെളിക്കാം.
ലൈക്കിനും കമന്റിനുംവേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന കുട്ടികൾ യഥാർഥജീവിതത്തിലും എപ്പോഴും അതു പ്രതീക്ഷിക്കുന്നു. വ്യക്തിപരമായ ശ്രദ്ധ കിട്ടാതെ വരുമ്പോൾ അവർ പെട്ടെന്നു തളർന്നുപോകുന്നു. നിരന്തരമായി സ്ക്രോൾ ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ക്ഷീണം, തുടർച്ചയായി ബ്ലൂലൈറ്റ് കണ്ണിൽ പതിക്കുന്നതുമൂലം ഉണ്ടാകുന്ന ഉറക്കക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ എന്നിവ പുതിയ തലമുറയെ ബാധിക്കുന്ന ഗൗരവമായ പ്രശ്നങ്ങളാണ്.
സ്ലീപ്പിംഗ് ഹൈജിൻ കുട്ടികൾക്ക് കുറയുന്നു. ഇതുകൂടാതെ മയക്കുമരുന്നിന്റെയും രാസലഹരിയുടെയും പ്രശ്നങ്ങൾ മറുവശത്തുമുണ്ട്. ഇതിൽനിന്നൊക്കെ ഒരു മോചനമെന്ന നിലയിലാണ് സ്കൂളുകളിൽ സൂംബ ഡാൻസ് പൊതുവിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ചത്.
ലാറ്റിനമേരിക്കൻ ഡാൻസറും ഫിറ്റ്നസ് ട്രെ യ്നറുമായ ആൽബെർട്ടോ ബെറ്റോ പെറസ് വികസിപ്പിച്ച നൃത്ത വ്യായാമമുറയാണ് സൂംബ. ഡോമിനിക്കൻ റിപബ്ലിക്, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ടായിരുന്ന പല സ്വഭാവമുള്ള നൃത്തരൂപങ്ങളുടെ സമന്വയമാണ് സൂംബ. കലോറി കുറയ്ക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും തലച്ചോറിന്റെയും പേശികളുടെയും ചലനത്തിനും ഇത് ഉത്തമമാണെന്നു ശാസ്ത്രീയ പഠനങ്ങൾ പറയുന്നു.
സൂംബ ഡാൻസ് കുട്ടികളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും എന്ന് അർഥമില്ല. നമ്മുടെ കുട്ടികളുടെ ഉള്ളിലെ ഊർജത്തെ പോസിറ്റീവായ രീതിയിൽ ഇത് വഴിതിരിച്ചുവിടുമെന്ന കാര്യത്തിൽ സംശയമില്ല. സാധാരണ വ്യായാമമുറകളിൽനിന്ന് വ്യത്യസ്തമായി ഇതിനൊരു താളമുണ്ട്. സൂംബയിൽ വിനോദവും വ്യായാമവും സമന്വയിക്കപ്പെടുന്നു.
അലയടിക്കുന്ന താളത്തിന്റെ സൗന്ദര്യവും ചുവടുകളുടെ ഐക്യവുമെല്ലാം കുട്ടികളുടെ കൂട്ടായ്മയെയും പരസ്പര സഹകരണമനോഭാവത്തെയും വർധിപ്പിക്കും. ആത്മവിശ്വാസം വർധിക്കുന്നതിനും ചലനങ്ങൾ ഓർത്തിരിക്കേണ്ടതുകൊണ്ട് ഓർമശക്തിക്കും ഏകാഗ്രതയ്ക്കും താളാത്മക വ്യായാമമുറകൾ നല്ലതാണ്. ഉത്കണ്ഠ, ഭയം, ഏകാഗ്രതയില്ലായ്മ ഇവയെല്ലാം കുറയ്ക്കാനും സാധിക്കും. അക്കാദമിക അന്തരീക്ഷത്തിന്റെ സമ്മർദത്തിൽനിന്നും കുറെ സമയത്തേക്കെങ്കിലും മോചിപ്പിക്കും. ഔട്ട്ഡോർ ഗെയിമുകൾ കുറഞ്ഞ ജെൻ-സി തലമുറയ്ക്കു ശരീരത്തിന്റെ ഫ്ലക്സിബിലിറ്റി വർധിപ്പിക്കാനും സൂംബ പ്രയോജനംചെയ്യും.
പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ സംബന്ധിച്ച് ചില സംഘടനകളിൽനിന്ന് പ്രതിഷേധമുണ്ടായി. വ്യായാമത്തിലെ നൃത്തമാണോ നൃത്തത്തിന്റെ സംഗീതമാണോ വസ്ത്രധാരണമാണോ ഇടകലരലാണോ അവരുടെ പ്രശ്നമെന്നു വ്യക്തമല്ല.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ അവർ ആദ്യം ചെയ്തത് നാട്ടിലെ സംഗീതവും നൃത്തവും നിരോധിക്കലായിരുന്നു. ഇറാനിലും ചലച്ചിത്രത്തിനും സംഗീതത്തിനും നൃത്തത്തിനുമെല്ലാം നിയന്ത്രണങ്ങളുണ്ട്. സൗദി അറേബ്യയിൽ അടുത്തകാലത്ത് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. സംഗീതവും നൃത്തവും അവിശുദ്ധമാണെങ്കിൽ അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന നൽകിയിട്ടുണ്ട്.
സ്കൂളുകളിൽ പിടിഎ ഉൾപ്പെടെയുള്ള ഭരണസമിതിയുണ്ട്. ഓരോ കുട്ടിക്കും പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അനുവാദം നൽകാനും നൽകാതിരിക്കാനുമുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾക്കുമുണ്ട്. ഇത്തരം സ്വാതന്ത്ര്യം നിലനിൽക്കേ ഈ വ്യായാമനൃത്തമുറയ്ക്കെതിരേ മതസംഘടനകൾ വാളെടുക്കുന്നത് എന്തിനാണ്?