സാന്പത്തിക അസമത്വത്തിനു പരിഹാരം ഗ്രാമസ്വരാജ്?
എസ്. ജയകൃഷ്ണൻ
Monday, July 7, 2025 12:45 AM IST
ഇന്ത്യയിലെ വരുമാന അസമത്വം ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തേക്കാൾ മോശമായ നിലയിലെത്തി എന്ന ഞെട്ടിക്കുന്ന വസ്തുത വിവിധ ദേശീയ മാധ്യമങ്ങളിൽ സജീവ ചർച്ചയായിരിക്കുന്നു. രാജ്യത്തെ അതിസമ്പന്നരായ ഒരു ശതമാനം പേർ മൊത്തം സമ്പത്തിന്റെ 40.1 ശതമാനം കൈവശം വയ്ക്കുമ്പോൾ, താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങൾക്ക് മൊത്തം സമ്പത്തിന്റെ വെറും 6.4 ശതമാനം മാത്രമാണുള്ളതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.
ഹാർദിക് ജോഷി എന്ന സാമ്പത്തിക വിശകലന വിദഗ്ധനാണ് ഈ ആശങ്ക ‘ലിങ്ക്ഡ് ഇന്’ എന്ന പ്രഫഷണൽ നെറ്റ്വർക്കിംഗ് സൈറ്റിലൂടെ പങ്കുവച്ചത്. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന ഓക്സ്ഫാം ഇന്റർനാഷണൽ സമ്മേളനത്തിൽ അവതരിപ്പിച്ച പഠനത്തെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
“നമ്മുടെ രാജ്യത്തിന് അതിവേഗം സമ്പത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്നുണ്ട്, പക്ഷേ അത് നീതിയുക്തമായി പങ്കുവയ്ക്കുന്നതിൽ നാം പരാജയപ്പെടുന്നു’’-അദ്ദേഹം പറയുന്നു. നിലവിലെ നികുതിനയങ്ങളും സമ്പന്നരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ ഇടപെടലുകളും ഈ അസമത്വത്തിനു പ്രധാന കാരണങ്ങളാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ഇന്ത്യയിലെ സാമ്പത്തിക അസമത്വം കൊളോണിയൽ കാലത്തേക്കാൾ രൂക്ഷമാണെന്ന വാദം രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെയും വളർച്ചാ മാതൃകയെയും കുറിച്ച് ഗൗരവമായ ചർച്ചകളിലേക്ക് വഴിതുറക്കേണ്ടതുണ്ട്.
അതേസമയം, ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം, ഇന്ത്യയുടെ ജിനി സൂചിക 25.5 ആണ്. ഇതനുസരിച്ച് സ്ലോവാക് റിപ്പബ്ലിക്, സ്ലൊവേനിയ, ബെലാറസ് എന്നീ രാജ്യങ്ങൾക്ക് പിന്നിലായി സാമ്പത്തിക സമത്വത്തിൽ ഇന്ത്യ ലോകത്ത് നാലാംസ്ഥാനത്താണ്. ചൈനയുടെയും (35.7) അമേരിക്കയുടെയും (41.8) ജിനി സൂചികയെക്കാളും മെച്ചപ്പെട്ടതാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഈ റിപ്പോർട്ട് പറയുന്നു. ജി7, ജി20 രാജ്യങ്ങളേക്കാളും ഇന്ത്യ മുന്നിലാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഒരു ജനസംഖ്യയിലുടനീളം വരുമാന വിതരണത്തിന്റെ അളവുകോലാണ് ജിനി സൂചിക. ഉയർന്ന ജിനി സൂചിക ഉയർന്ന അസമത്വത്തെ സൂചിപ്പിക്കുന്നു.
ഹാർദിക് ജോഷിയുടെ വിശകലനത്തിനു വിരുദ്ധമായ ചിത്രമാണ് ഇത് നൽകുന്നത്. അതേസമയം, ജിനി സൂചിക വരുമാന സമത്വത്തെയാണ് പ്രധാനമായും അളക്കുന്നതെന്നതും സമ്പത്ത് കേന്ദ്രീകരണം എന്ന വസ്തുതയുമായി ഇതിനു വലിയ വ്യത്യാസമുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
‘പണക്കാരൻ കൂടുതൽ പണക്കാരനും ദരിദ്രൻ കൂടുതൽ ദരിദ്രനുമാകുന്ന അവസ്ഥ’ എന്നത് രാഷ്ട്രീയവേദികളിലും സാന്പത്തികഫോറങ്ങളിലും നിരന്തരം ഉയർന്നുകേൾക്കുന്ന ക്ലീഷേയാണ്. എങ്കിലും യാഥാർഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന പ്രസ്താവനതന്നെയാണിത്.
ദാരിദ്ര്യവും സാമൂഹിക അനീതിയും ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന സ്വതന്ത്ര എൻജിഒയായ ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ സാമ്പത്തിക അസമത്വം ഭയാനകമായ നിലയിലാണ്. ഇതനുസരിച്ച്, രാജ്യത്തെ മൊത്തം സമ്പത്തിന്റ 40 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം ആളുകളുടെ കൈവശമാണ്. അതേസമയം, ജനസംഖ്യയുടെ പകുതിയോളം പേർ (ഏകദേശം 70 കോടിയിലധികം ആളുകൾ) പങ്കിടുന്നത് ആകെ സമ്പത്തിന്റെ മൂന്നു ശതമാനം മാത്രം. കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം 102ൽനിന്ന് 166 ആയി വർധിച്ചു.
കോവിഡ് മഹാമാരി തുടങ്ങിയശേഷം ഈ ശതകോടീശ്വരന്മാരുടെ സ്വത്ത് 121 ശതമാനമാണ് കൂടിയത്. ഇവരുടെ ആസ്തിയിൽ ദിവസേന ശരാശരി 3608 കോടി രൂപയുടെ വർധന.
1998ൽ സാന്പത്തികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയിട്ടുള്ള ഇന്ത്യൻ സാന്പത്തിക ശാസ്ത്രജ്ഞനായ ഡോ. അമർത്യ സെൻ സാമ്പത്തിക അസമത്വം എന്ന വിഷയത്തിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്.
‘ശേഷികളുടെ അഭാവം’ (Capability Deprivation) എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അദ്ദേഹത്തിന്റെ പ്രധാന കാഴ്ചപ്പാടുകൾ. വരുമാനക്കുറവിനു പുറമേ വിദ്യാഭ്യാസം, ആരോഗ്യം, അവസരങ്ങൾ എന്നിവയ്ക്കുള്ള സാധ്യത തുടങ്ങിയ അടിസ്ഥാനപരമായ ശേഷികളുടെ അഭാവവും ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദാരിദ്ര്യം വരുമാനത്തിനപ്പുറം
ദാരിദ്ര്യം എന്നത് കേവലം കുറഞ്ഞ വരുമാനം മാത്രമല്ലെന്ന് സെൻ വാദിക്കുന്നു. ഒരാൾക്ക് നല്ല ജീവിതം നയിക്കാൻ ആവശ്യമായ അടിസ്ഥാനപരമായ ‘ശേഷികൾ’ (capabilities) ഇല്ലാത്ത അവസ്ഥയാണ് ദാരിദ്ര്യം. ഇതിൽ നല്ല ആരോഗ്യം, വിദ്യാഭ്യാസം, രാഷ്ട്രീയ സ്വാതന്ത്ര്യം, സാമൂഹിക അവസരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇന്ത്യയിൽ ഈ ശേഷികളുടെ വിതരണത്തിലുള്ള അസമത്വം ദാരിദ്ര്യത്തെ കൂടുതൽ രൂക്ഷമാക്കുന്നു എന്നും അദ്ദേഹം വാദിക്കുന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലുമുള്ള കുറഞ്ഞ നിക്ഷേപം വരുമാന അസമത്വത്തിനു കാരണമാകുന്നു. വിദ്യാസമ്പന്നരും ആരോഗ്യവാന്മാരുമായ ആളുകൾക്ക് വളരുന്ന സമ്പദ്വ്യവസ്ഥയിൽ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും കൂടുതൽ വരുമാനം നേടാനും സാധിക്കുമ്പോൾ, വിദ്യാഭ്യാസമില്ലാത്തവരും രോഗികളുമായ ആളുകൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻപോലും ബുദ്ധിമുട്ടേണ്ടിവരുന്നു.
“ഇന്ത്യ നിരക്ഷരരും അനാരോഗ്യവാന്മാരുമായ തൊഴിലാളികളോടുകൂടി ഒരു വ്യാവസായിക ഭീമനാകാൻ ശ്രമിക്കുന്ന ആദ്യ രാജ്യമാണ്. ഇത് സാധ്യമല്ലെന്ന് ഞാൻ കരുതുന്നു” എന്ന് അമർത്യ സെൻ പറഞ്ഞിട്ടുണ്ട്.
സാമ്പത്തികവളർച്ച സാമൂഹികനീതിക്കു വിലങ്ങുതടിയാകരുതെന്ന് സെൻ വാദിക്കുന്നു. സാമ്പത്തിക തീരുമാനങ്ങൾ ധാർമികമായ പരിഗണനകളിലൂന്നിയായിരിക്കണം. സമ്പത്ത് പുനർവിതരണം വേണം. എന്നാൽ, ശേഷികളിലും അവസരങ്ങളിലും നിക്ഷേപം നടത്തുന്നതിലൂടെയും അസമത്വം പരിഹരിക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു.
ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൽ ജനാധിപത്യ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ട്. പൊതുവായ ചർച്ചകളും സംവാദങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങളാണെന്ന് എല്ലാവരും ഊന്നിപ്പറയാറുള്ളതാണ്.
സാമ്പത്തിക അസമത്വത്തിന്റെ കാരണങ്ങൾ
1991ൽ ആരംഭിച്ച സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്ക് വലിയ സംഭാവന നൽകിയെങ്കിലും, വരുമാന വിതരണത്തിലെ അസമത്വം വർധിപ്പിച്ചു. ധനികർക്ക് അനുകൂലമായ നയങ്ങൾ, നികുതി ഇളവുകൾ, കോർപറേറ്റ് മേഖലയ്ക്ക് നൽകുന്ന മുൻഗണന എന്നിവ ഇതിന് ആക്കംകൂട്ടി. ധനികരുടെ മേലുള്ള നികുതിയിൽ വൻ കുറവ് വരുത്തി. സ്വത്ത് നികുതി, കോർപറേറ്റ് നികുതി തുടങ്ങിയവ കുറയ്ക്കുന്നത് ധനികരെ കൂടുതൽ സമ്പത്ത് നേടാൻ സഹായിക്കുന്നു.
മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വരുമാനവും ദാരിദ്ര്യം വർധിപ്പിക്കുന്നു. ഇതും വരുമാനവിടവ് വർധിപ്പിക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടാത്ത വിഭാഗങ്ങൾക്കു സാമ്പത്തികമായി മുന്നോട്ടു വരാനുള്ള അവസരമുണ്ടാകുന്നില്ല. ഇതു ദാരിദ്ര്യത്തെ തലമുറകളിലേക്കു കൈമാറുന്നു. ഉയർന്ന ചികിത്സാച്ചെലവുകൾ, ഭൂമി വിതരണത്തിലെ അസമത്വം, അഴിമതിയും കള്ളപ്പണവും എന്നിവയും അസമത്വത്തിനു വളംവയ്ക്കുന്നു.
പ്രത്യാഘാതങ്ങൾ
അസമത്വം സാമൂഹിക സംഘർഷങ്ങളിലേക്കും അസ്വസ്ഥതകളിലേക്കും നയിച്ചേക്കാം. കുറ്റകൃത്യങ്ങൾ വർധിക്കും. കൂടാതെ ദാരിദ്ര്യം, പോഷകാഹാരക്കുറവ്, രോഗങ്ങൾ, മോശം ജീവിത സാഹചര്യങ്ങൾ എന്നിവയിലേക്കും നയിക്കും. ദരിദ്രരായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ കുറയും. ജനങ്ങളുടെ വാങ്ങൽശേഷി കുറയുന്നതു സാമ്പത്തികവളർച്ചയെ പ്രതികൂലമായി ബാധിക്കും.
പരിഹാരങ്ങൾ
ഇന്ത്യയിലെ സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് സാന്പത്തിക വിദഗ്ധർ നിരവധി കാര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. അതിസമ്പന്നർക്ക് ഉയർന്ന നികുതി ചുമത്തുന്നതാണ് അതിലൊന്ന് (ഉദാഹരണത്തിന്, 10 കോടിക്ക് മുകളിൽ സ്വത്തുള്ളവർക്ക് രണ്ടു ശതമാനം വാർഷിക സ്വത്ത് നികുതി, 33% പിന്തുടർച്ചാ നികുതി).
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പോലുള്ള പദ്ധതികൾ ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്നു. ഇത്തരം പദ്ധതികൾ കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിചരണവും ലഭ്യമാക്കണം. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പിന്തുണ നൽകി തൊഴിലവസരം കൂട്ടുക. കാർഷികമേഖലയെ പരിപോഷിപ്പിക്കുക. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക.
ഇക്കാര്യങ്ങളെല്ലാം നിരന്തരം കേട്ടുകേട്ട് ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്നതാണ് വാസ്തവം. സർക്കാർ സന്പന്നർക്കൊപ്പമാണെന്ന ധാരണയും, ഒന്നും ശരിയാകില്ലെന്ന നിരാശയും രാജ്യത്ത് പ്രബലമാണ്.
സാമ്പത്തികവളർച്ചയുണ്ടായിട്ടും മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നത് യുവാക്കളെ അങ്ങേയറ്റം അസ്വസ്ഥരാക്കുന്നു. തൊഴിലാളി യൂണിയനുകളെ ദുർബലപ്പെടുത്തുന്നതും തൊഴിലുടമകൾക്ക് തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും എളുപ്പമാക്കുന്നതുമായ തൊഴിൽ നിയമ പരിഷ്കാരങ്ങൾ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്നുവെന്ന് പ്രതിപക്ഷവും തൊഴിലാളി സംഘടനകളും ഒരുപോലെ വിമർശിക്കുന്നുണ്ട്.
കാർഷികവിളകൾക്കു ന്യായവില ലഭിക്കാത്തതും കടക്കെണി വർധിക്കുന്നതും കർഷകരെ ആത്മഹത്യയിലേക്കു നയിക്കുകയാണ്. ഇറക്കുമതി താരിഫിന്റെ കാര്യത്തിൽ സന്പന്നരാജ്യങ്ങൾക്കു മുന്നിൽ മുട്ടുമടക്കുന്നതും കാർഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നു. കർഷകരെ കോർപറേറ്റുകളുടെ അടിമകളാക്കുന്ന നയങ്ങൾ കൃഷിയെത്തന്നെ ഇല്ലാതാക്കുമെന്ന ഭയം അലയടിക്കുന്നു.
സാമ്പത്തിക ഡാറ്റയിലെ കൃത്രിമം
ജിഡിപി വളർച്ചാനിരക്ക്, തൊഴിലില്ലായ്മ കണക്കുകൾ എന്നിങ്ങനെയുള്ള സാമ്പത്തിക ഡാറ്റയുടെ വിശ്വാസ്യതയെക്കുറിച്ച് ചില സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷ നേതാക്കളും ആശങ്കകൾ ഉന്നയിക്കുന്നുണ്ട്. സർക്കാർ ഡാറ്റകളിൽ കൃത്രിമം കാണിക്കുന്നു എന്നാണ് ആരോപണം. ചില നിർണായക സാമ്പത്തിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം വരുത്തുന്നതും അവയുടെ ഉള്ളടക്കത്തിൽ മാറ്റംവരുത്തുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഗ്രാമസ്വരാജ് ?
ആഗോളവത്കരണം കടന്ന് ‘അയൽപക്കത്താണ് സന്തോഷം’ എന്ന ആശയത്തിലേക്കെത്തിനിൽക്കുകയാണ് ഇന്നു നാം. എന്നുവച്ചാൽ ഗാന്ധിജിയുടെ സാമ്പത്തിക ദർശനത്തിന്റെ അടിസ്ഥാനമായ ‘ഗ്രാമസ്വരാജ്’ എന്ന ആശയത്തിലേക്കുള്ള മടക്കം. സ്വയംപര്യാപ്തമായ ഗ്രാമങ്ങളെക്കുറിച്ച് ലോകമെങ്ങും ചിന്തകൾ ഉയരുന്നുണ്ട്.
ഗ്രാമങ്ങൾ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുകയും പ്രാദേശികമായി തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ഒരു വികേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയാണ് ഗാന്ധിജി വിഭാവന ചെയ്തത്. സമ്പന്നരായ ആളുകൾ തങ്ങളുടെ സമ്പത്തിന്റെ ഉടമകളല്ലെന്നും, മറിച്ച് സമൂഹത്തിന്റെ പൊതുസ്വത്തിന്റെ സൂക്ഷിപ്പുകാർ (ട്രസ്റ്റിമാർ) മാത്രമാണെന്ന ധാർമികതയിലൂന്നിയതായിരുന്നു അദ്ദേഹത്തിന്റെ സാന്പത്തികശാസ്ത്രം.
ലളിതജീവിതത്തിലും കുറഞ്ഞ ഉപഭോഗത്തിലുമൂന്നി, ആവശ്യങ്ങളെ പരിമിതപ്പെടുത്തി, ചൂഷണരഹിതവും അഹിംസാത്മകവുമായ സന്പദ്വ്യവസ്ഥയെന്ന ഗാന്ധിയൻ മാർഗത്തിലേക്കുള്ള തിരിച്ചുപോക്കാണോ ഇന്ത്യയുടെയും ലോകത്തിന്റെയും രക്ഷാമാർഗം? സാന്പത്തിക, സാമൂഹിക വിദഗ്ധർ മറുപടി പറയട്ടെ.
< b>കൊളോണിയൽ ചൂഷണം
ഏകദേശം 1757 മുതൽ 1947 വരെയുള്ള കാലഘട്ടത്തിൽ 45 ട്രില്യൺ ഡോളറിന് (നാല്പത്തിയഞ്ച് ലക്ഷം കോടി ഡോളർ) തുല്യമായ സമ്പത്ത് ഇന്ത്യയിൽനിന്ന് ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുപോയി എന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഉത്സ പട്നായിക് നടത്തിയ പഠനത്തിൽ പറയുന്നത്.
1700ൽ ലോക ജിഡിപിയുടെ 27% ഇന്ത്യയുടെ സംഭാവനയായിരുന്നെങ്കിൽ, ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തോടെ അത് മൂന്നു ശതമാനം ആയി ചുരുങ്ങി.
ബ്രിട്ടീഷുകാർ നടപ്പാക്കിയ ഉയർന്ന നികുതി സമ്പ്രദായങ്ങൾ, പ്രത്യേകിച്ച് കാർഷിക മേഖലയിൽ, കർഷകരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും വ്യവസായങ്ങളെ നശിപ്പിക്കുകയും ചെയ്തു. ഇത് ക്ഷാമങ്ങൾക്കും ദാരിദ്ര്യത്തിനും കാരണമായി.
ബ്രിട്ടന്റെ വ്യാവസായിക വിപ്ലവത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽനിന്ന് ശേഖരിക്കുകയും, ഉത്പാദിപ്പിച്ച സാധനങ്ങൾ ഇന്ത്യയിൽ വിൽക്കുകയും ചെയ്തു. ഇത് ഇന്ത്യയിലെ പരമ്പരാഗത കൈത്തൊഴിലുകളെയും ചെറുകിട വ്യവസായങ്ങളെയും തകർത്തു. ഉദാഹരണത്തിന്, ലോകത്ത് തുണി വ്യവസായത്തിൽ മുന്നിട്ടുനിന്നിരുന്ന ഇന്ത്യ, ബ്രിട്ടീഷ് നയങ്ങൾ കാരണം പിന്നോട്ടുപോയി.
ലിംഗസമത്വ സൂചിക (Global Gender Gap Index)
ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 2025ലെ ലിംഗസമത്വ സൂചികയിൽ 148 രാജ്യങ്ങളിൽ 131-ാം സ്ഥാനത്താണ് ഇന്ത്യ. 2023ൽ 126-ാം സ്ഥാനത്തും 2024ൽ 129-ാം സ്ഥാനത്തും.
അയൽരാജ്യങ്ങളായ ബംഗ്ലാദേശ് (24), ഭൂട്ടാൻ (119), നേപ്പാൾ (125), ശ്രീലങ്ക (130) എന്നിവയേക്കാൾ ഇന്ത്യ പിന്നിലാണ്.
2019ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സ്ത്രീസാക്ഷരത ലോക ശരാശരിയേക്കാൾ 22 ശതമാനം താഴെയാണ് (ഏകദേശം 60%).
സ്ത്രീ-പുരുഷ സാക്ഷരതയിൽ 20 ശതമാനത്തിന്റെ വ്യത്യാസമുണ്ട്.
ഇന്ത്യയിലെ ശതകോടീശ്വരന്മാർ
യുബിഎസ് ബില്യണർ അംബിഷൻസ് റിപ്പോർട്ട് (ഡിസംബർ 2024-ലെ കണക്കുകൾ)
• ഇന്ത്യയിൽ 185 ശതകോടീശ്വരന്മാർ.
• ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യം. അമേരിക്ക (835), ചൈന (427) എന്നിവയാണ് ഇന്ത്യക്ക് മുന്നിൽ.
• ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 90,560 കോടി ഡോളറാണ്. കഴിഞ്ഞ വർഷത്തേക്കാൾ 42.1% വർധന.
• ഒരു വർഷത്തിനിടെ 32 പുതിയ ശതകോടീശ്വരന്മാർ കൂടി പട്ടികയിൽ ഇടംപിടിച്ചു.
2015 മുതലുള്ള കണക്ക് പരിശോധിച്ചാൽ, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 123% വർധിച്ചു.
ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് (മാർച്ച് 2025-ലെ കണക്കുകൾ)
•ഹുറൂൺ റിപ്പോർട്ട് അനുസരിച്ച്, 2025ൽ ഇന്ത്യയിൽ 284 ശതകോടീശ്വരന്മാരുണ്ട്.
ഇതനുസരിച്ച്, ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും (870) ചൈനയും (823) മാത്രമാണ് ഇന്ത്യക്ക് മുന്നിൽ.
•10 വർഷത്തിനിടെ (2014 മുതൽ 2025 വരെ) ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ഏകദേശം നാലിരട്ടി വർധിച്ചു (2014-ൽ 70 ആയിരുന്നു).
•ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് ഒരു ട്രില്യൺ ഡോളർ (ഏകദേശം 98 ലക്ഷം കോടി രൂപ) കവിഞ്ഞു.
• മുംബൈയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ (90 പേർ) താമസിക്കുന്ന നഗരം.
• ആരോഗ്യം, കൺസ്യൂമർ ഗുഡ്സ്, വ്യാവസായിക ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളാണ് ശതകോടീശ്വരന്മാരുടെ വളർച്ചയ്ക്ക് പ്രധാന കാരണം.
ഈ പട്ടികയിൽ 22 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.