സുമനസുകൾ തന്ന പണം എവിടെ?
അനന്തപുരി / ദ്വിജൻ
Saturday, July 5, 2025 11:30 PM IST
പ്രകൃതിദുരന്തങ്ങളിൽ ഇരയായവരെ സഹായിക്കാൻ സുമനസുകൾ തന്ന പണം എവിടെ? ചൂരൽമലയിലെ ദുരന്തത്തിന് ഇരയായവർ ഒന്നും കിട്ടാതായപ്പോൾ ഈ ചോദ്യം ചോദിച്ചു. പോലീസ് കേസെടുത്തു. യൂത്ത് കോണ്ഗ്രസ് സമാഹരിച്ച തുക വകമാറ്റി എന്ന ആരോപണവും കൂടിയായപ്പോൾ ഈ ചോദ്യം ഏറെ പ്രസക്തമായി.
2024 ജൂലൈ 30നായിരുന്നു ദുരന്തം. ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ പുനരധിവാസപ്രവർത്തനങ്ങൾ ആയില്ല. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ 770.77 കോടി രൂപ സംസ്ഥാന സർക്കാരിനു കിട്ടിയതായി സർക്കാർ വെബ്സൈറ്റ് പറയുന്നു. 2025ലെ ബജറ്റിൽ ഇതിനായി 750 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സുമനസുകൾതന്ന പണമെങ്കിലും എവിടെ എന്നു സമൂഹത്തോടു പറയാൻ സർക്കാരിനു ബാധ്യതയുണ്ട്. 30 വീട് പണിതുകൊടുക്കാനായി യൂത്ത് കോണ്ഗ്രസ് സമാഹരിച്ച 84 ലക്ഷം രൂപ ബാങ്കിൽ ഉണ്ടെന്നും വീടുവയ്ക്കാൻ സർക്കാർ സ്ഥലംകൊടുത്താൽ ഉടൻ വീട് നിർമിക്കുമെന്നും യൂത്ത് കോണ്ഗ്രസ് വെളിപ്പെടുത്തി. ജനം സർക്കാരിനെ ഏൽപ്പിച്ച 770 കോടി എന്തു ചെയ്തു എന്ന് ഇതുപോലെ സർക്കാരും പറയണം. പണം കിട്ടിയിട്ട് വർഷം ഒന്നായി.
ഹാരിസ് ഡോക്ടറുടെ വിലാപം
തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കൽ സമൂഹമാധ്യമത്തിലൂടെ നടത്തിയ വിലാപം കേരളം ഏറ്റെടുത്തു. കോപിച്ചതു മുഖ്യമന്ത്രി മാത്രം. ഒരിക്കൽ പത്രപ്രവർത്തകയായിരുന്ന ആരോഗ്യമന്ത്രിയും ഹാരിസ് പറഞ്ഞതിൽ പതിരില്ലെന്നു സമ്മതിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. രോഗികളുടെ ബന്ധുക്കളെക്കൊണ്ട് ഉപകരണംവരെ വരുത്തി ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കുന്നവർ ആയുധമാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വാ തുറന്നതോടെ പാർട്ടി സെക്രട്ടറി ഗോവിന്ദനും വാ തുറന്നു. ഡോക്ടറെ കുറ്റപ്പെടുത്തി. ഏഴു ക്ഷാമബത്ത കുടിശിക ഉണ്ടായിട്ടും വാ തുറക്കാത്ത ഇടതുസംഘടനകൾ മെഡിക്കൽകോളജ് ആശുപത്രിക്ക് ചുറ്റും സംരക്ഷണമതിൽ ഉണ്ടാക്കി.
അമേരിക്കയിൽ ചികിത്സയ്ക്കുപോകുന്ന മുഖ്യമന്ത്രിക്ക് ഇവിടത്തെ പാവങ്ങളുടെ സ്ഥിതി വല്ലതും അറിയാമോ? അമേരിക്കയിലെ മയോ ക്ലിനിക്കിലെ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കേരളം ചെലവാക്കിയത് 72.09 ലക്ഷം രൂപയാണ്. ഇവർക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ട്. ഇത്തരം അവകാശങ്ങൾ ഒന്നും ഇല്ലാത്ത സാധാരണക്കാർക്കുള്ള അഭയമാണ് മെഡിക്കൽ കോളജുകൾ.
രവാഡ ചന്ദ്രശേഖറുടെ വിജയങ്ങൾ
കേരളത്തിലെ പോലീസ് മേധാവിയായി നിയമിക്കപ്പെട്ട മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രവാഡ എ. ചന്ദ്രശേഖർ ഒരിക്കൽകൂടി സിപിഎം കെണിയിൽനിന്നു രക്ഷപ്പെട്ടതു കടുത്ത സിപിഎമ്മുകാർക്കെങ്കിലും അപമാനമായി മാറുന്നു. മൂന്നംഗ ലിസ്റ്റിൽനിന്ന് രവാഡയെ തെരഞ്ഞെടുക്കാൻ തമ്മിൽ ഭേദം തൊമ്മൻ എന്ന പ്രമാണമാണ് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്നാണു വാർത്ത. ബെഹ്റ മുതൽ രവാഡ വരെ പ്രധാനമന്ത്രി മോദിയുടെ പ്രിയപ്പെട്ടവരാണ് കേരളത്തിലെ ഡിജിപിമാരാകുന്നത് എന്ന് കോണ്ഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ കൈകളിൽനിന്ന് അത്യത്ഭുതകരമായി രക്ഷപ്പെടുന്ന പോലീസ് ഓഫീസറാണ് രവാഡ ചന്ദ്രശേഖർ. അദ്ദേഹത്തെ കുടുക്കാൻ അവർ പഠിച്ചപണി എല്ലാം നോക്കിയെങ്കിലും നടന്നില്ല. രവാഡ ചന്ദ്രശേഖർ, നിതിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തയാറാക്കിയ ലിസ്റ്റിൽ ഉണ്ടായിരുന്നത്. മൂന്നു പേരും പല കാരണങ്ങളാൽ സിപിഎമ്മിന് അനഭിമതരാണ്. കൂത്തുപറന്പ് വെടിവയ്പ് പ്രശ്നമാണ് രവാഡയ്ക്കു തടസം ഉണ്ടാക്കിയത്. കേന്ദ്രം അംഗീകരിച്ച ലിസ്റ്റിൽ ഇഷ്ടമില്ലാത്ത മൂന്നുപേർ വന്നപ്പോൾ അവരിൽ ഒരാളെ നിയമിച്ചു. ഇവരിൽ നിന്നല്ലാതെ ആക്ടിംഗ് തലവനെ നിയമിക്കാൻ ആലോചന നടന്നതാണ്. പല സംസ്ഥാനത്തും അങ്ങനെ നടത്തിയിട്ടുമുണ്ട്. എന്നാൽ, അതിനായി മനസിലുള്ള അജിത്കൂമാറിനെ നിയമിച്ചാൽ സിപിഐ എതിർക്കും. മാത്രവുമല്ല പി.വി. അൻവർ ഹൈക്കോടതിയെ സമീപിക്കാനും ഇടയുണ്ട്. ഹൈക്കോടതി വല്ലതും പറഞ്ഞാൽ തെരഞ്ഞെടുപ്പു വർഷങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ടാവും. അതുകൊണ്ട് രവാഡ രക്ഷപ്പെട്ടു.
നിതിൻ അഗർവാളും യോഗേഷും
1989 ബാച്ചുകാരനായ റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗർവാളാണ് ലിസ്റ്റിലെ സീനിയർമോസ്റ്റ്. 2026 ജൂണ് വരെ സർവീസുണ്ട്. 2023 ജൂണ് 12 മുതൽ 2024 ജൂലൈ 31 വരെ ബിഎസ്എഫ് മേധാവിയായിരുന്നു. അതിർത്തിവഴിയുള്ള പാക്കിസ്ഥാൻ കടന്നുകയറ്റം തടയുന്നതിൽ പരാജയപ്പെട്ടതു കൊണ്ടാണ് നിതിൻ അഗർവാളിനെ കേരളത്തിലേക്കു മടക്കിയതെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ഉടക്കിയാണ് അഗർവാൾ പദവി തെറിപ്പിച്ചത് എന്നാണ് സംസാരം. നിതിൻ അഗർവാളിനെ പരിഗണിക്കരുതെന്നു മാർക്സിസ്റ്റ് പാർട്ടി തന്നെ പരാതി കൊടുത്തതായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. അദ്ദേഹം തലശേരി എഎസ്പി ആയിരിക്കേ സിപിഎം-ആർഎസ്എസ് സംഘട്ടനകാലത്ത് ഇപ്പോഴത്തെ സിപിഎം കൂത്തുപറന്പ് ഏരിയ സെക്രട്ടറി എം. സുകുമാരനെ ലോക്കപ്പിൽ മർദിച്ചെന്നതാണ് കാരണമായി പറയുന്നത്. എന്നാൽ, 1994ൽ വിഷമദ്യക്കേസിലെ പ്രതി മണിച്ചന്റെ മാസപ്പടി ലിസ്റ്റ് അന്വേഷിച്ചപ്പോൾ സിപിഎം നേതാക്കളെ കുടുക്കുന്നതിന് നിതിൻ അഗർവാൾ കാണിച്ച ആവേശമാണ് അതിലും വലിയ വിഷയം.
മൂന്നാമൻ 1993 ബാച്ചുകാരനായ ഇപ്പോഴത്തെ അഗ്നിശമനസേന വിഭാഗം തലവൻ യോഗേഷ് ഗുപ്തയ്ക്ക് 2030 വരെ സർവീസുണ്ട്. ഇഡി ചീഫ് ആക്കാൻ കേന്ദ്രസർക്കാർ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. അദ്ദേഹത്തിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ 2025 ഏപ്രിൽ 24ന് കേന്ദ്രം ആവശ്യപ്പെട്ടതാണ്. ഗുപ്ത എല്ലാ വാതിലും മുട്ടി. ക്ലിയറൻസ് കൊടുത്തില്ല. ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ക്ലിയറൻസ് കൊടുക്കാൻ ഇടയില്ലെന്നാണ് സംസാരം. അദ്ദേഹം ഇഡി തലവനായാൽ പിണറായിക്കുതന്നെ ആപത്താകില്ലേ എന്ന ഭീതിയും ഉണ്ടാകാം. മുഖ്യമന്ത്രിയുടെ മാനസപുത്രൻ അജിത്കുമാറിനെ ഡിജിപി ആക്കാൻ മറ്റു മാർഗം ഇല്ലാത്തതുകൊണ്ട് ചെയ്തേക്കുമോ എന്നുമാത്രമാണ് സംശയം. അടുത്തകാലംവരെ സർക്കാരിന്റെ നല്ല കുട്ടിയായിരുന്ന അദ്ദേഹം വിജിലൻസ് ഡയറക്ടറായതാണ് ദുര്യോഗമായത്. അക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിന്റെ രേഖകൾ സർക്കാർ അറിയാതെ ഹൈക്കോടതിക്ക് കൈമാറിയതടക്കം പല അനിഷ്ടങ്ങളുമുണ്ട്. അങ്ങനെ യോഗേഷും അനഭിമതനായി. പിണറായിക്കു മൂന്നാം ഊഴം കിട്ടുന്നില്ലെങ്കിൽ യോഗേഷിന് ഇനിയും സാധ്യതയുണ്ട്.
സഖാക്കളുടെ സങ്കടം
പിണറായിക്ക് ഒരു മാർഗമേയുണ്ടായിരുന്നുള്ളൂ, രവാഡയെ നിയമിക്കുക. കൂത്തുപറന്പിലെ സഖാക്കളുടെ ഹൃദയവികാരം അറിയുന്ന പി. ജയരാജൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ജയരാജന്റെ വാക്കുകൾക്കു പിന്തുണ ഉണ്ടാകാൻ ഇടയുണ്ടെന്നു കണ്ട പിണറായി ഉണർന്നു. പാർട്ടി സർക്കാരിന് അനുകൂലമായി രംഗത്തുവന്നു. എം.വി. ഗോവിന്ദൻ സർക്കാരിനെ പിന്താങ്ങി. പി. ജയരാജൻ സർക്കാരിനെതിരായ വിമർശനമല്ല നടത്തിയതെന്നും ഗോവിന്ദൻ വ്യാഖ്യാനിച്ചു. ഒരു ദിവസംകൂടി കഴിഞ്ഞ് ജയരാജനും അത്തരം ഒരു വിശദീകരണം നല്കി. പോലീസ് മേധാവിയുടെ നിയമനത്തിൽ സിപിഎമ്മിൽ അസ്വസ്ഥത ഉണ്ട്. അപമാനിതരായതിന്റെ നൊന്പരവും ഉണ്ട്.
മലയാളി മേധാവി ഇല്ല
ഇതോടെ പിണറായിയുടെ ഭരണകാലത്ത് ഒരു മലയാളി പോലീസ് മേധാവി ഉണ്ടാകില്ലെന്ന് ഏതാണ്ട് തീർച്ചയായി. ഉണ്ടായിരുന്ന മലയാളിയായ സെൻകുമാറിനെ അടിച്ചിറക്കാനും പിണറായി വല്ലാതെ കളിച്ചു; പക്ഷേ, കോടതിയിൽ തോറ്റു. ഇനി ഒരു പോലീസ് തലവനെ നിയമിക്കാൻ സാധിക്കണമെങ്കിൽ പിണറായിക്കു മൂന്നാമൂഴം കിട്ടണം.
2021ൽ അനിൽ കാന്തിനെ ഉന്നതപദവിക്കു തെരഞ്ഞെടുക്കുന്പോൾ യുപിഎസ്സി അംഗീകരിച്ച പട്ടികയിൽ മലയാളിയായ വനിതാ ഓഫീസർ ബി. സന്ധ്യ ഉണ്ടായിരുന്നു. ഡോ. ഷേക്ക് ദർവേഷ് സാഹിബിനെ തെരഞ്ഞെടുക്കുന്പോൾ മലയാളിയായ പത്മകുമാറും ഉണ്ടായിരുന്നു. രണ്ടുപേരും പിണറായിക്കു സ്വീകാര്യരായില്ല.