എഴുത്തിലെ ചന്ദനസുഗന്ധം; ഡോ. സാമുവൽ ചന്ദനപ്പള്ളി മണ്മറഞ്ഞിട്ട് കാൽ നൂറ്റാണ്ട്
ഡോ. പോൾ മണലിൽ
Thursday, July 3, 2025 10:58 PM IST
സാഹിത്യചരിത്രങ്ങൾ എഴുതിയെങ്കിലും സാഹിത്യചരിത്രത്തിൽ ഇടംകിട്ടാതെപോയ എഴുത്തുകാരനാണ് ഡോ. സാമുവൽ ചന്ദനപ്പള്ളി. മിഷനറി മലയാളത്തിന്റെ മഹത്വവും മാഹാത്മ്യവും മലയാളികളെ അറിയിച്ച ഡോ. സാമുവൽ ചന്ദനപ്പള്ളി സാഹിത്യ ഗവേഷകൻ, അധ്യാപകൻ, പ്രഭാഷകൻ, ജീവചരിത്രകാരൻ, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു. അദ്ദേഹം മണ്മറഞ്ഞിട്ട് കാൽ നൂറ്റാണ്ടായിരിക്കുന്നു.
മഹാകവി പുത്തൻകാവ് മാത്തൻ തരകന്റെ ശിഷ്യനായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽനിന്നു മലയാളം ബിരുദം നേടിയശേഷം എറണാകുളം മഹാരാജാസ് കോളജിൽ ബിരുദാനന്തര ബിരുദ പഠനകാലത്ത് ഗുരുവായ പ്രഫ. സി.എൽ. ആന്റണിയാണ് ഡോ. ചന്ദനപ്പള്ളിയെ മിഷനറി മലയാളത്തിന്റെ നെല്ലും പതിരും പഠിക്കാൻ നിയോഗിച്ചത്. മലയാള സാഹിത്യചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ മിഷനറിമാരുടെ സാഹിത്യ സംഭാവനകൾ അങ്ങനെയാണ് ഡോ. ചന്ദനപ്പള്ളി അനാവരണം ചെയ്തുതുടങ്ങിയത്. ‘ആശ്ചര്യ ചൂഡാമണി’യുടെ കർത്താവായ ശക്തിഭദ്രന്റെ ജന്മനാടിനു സമീപം പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളിയിൽ ജനിച്ച സി.ഡി. സാമുവൽ എന്ന സാമുവൽ ചന്ദനപ്പള്ളി വിദ്യാഭ്യാസകാലം മുതൽ പ്രഭാഷണകലയിലാണ് പേരും പെരുമയും നേടിയെടുത്തത്. പ്രഭാഷണത്തിന്റെ മുന്നൊരുക്കത്തിനായി നടത്തിയ വായനയാണ് അദ്ദേഹത്തെ സാഹിത്യത്തിന്റെ കാണാപ്പാഠങ്ങൾ കണ്ടെത്താനുള്ള ഉദ്യമത്തിൽ എത്തിച്ചത്. അതിന് ആദ്യം വഴിതുറന്നതു മഹാകവി പുത്തൻകാവ് മാത്തൻ തരകൻ തന്നെയായിരുന്നു.
ഡോ. ചന്ദനപ്പള്ളി മിഷനറിമാരുടെ സാഹിത്യ സപര്യകളെപ്പറ്റി പഠിക്കാൻ തുടങ്ങുന്പോൾ അതേപ്പറ്റിയുള്ള പഠനങ്ങൾ വിരലിലെണ്ണാവുന്നതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോ. പി.ജെ. തോമസ് എഴുതിയ ‘മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന പുസ്തകത്തിൽ മിഷനറിമാരുടെ സാഹിത്യ സംഭാവനകളും ചർച്ച ചെയ്തിട്ടുണ്ടായിരുന്നു. ഈ പുസ്തകവും വഴികാട്ടിയായി. തുടർന്ന് ചന്ദനപ്പള്ളി ആദ്യം പഠിച്ചതു മിഷനറി മലയാളം ഗദ്യമാതൃകകൾ കണ്ടെത്താനുള്ള മേഖലയായിരുന്നു. അതിനു പൗളീനോസ് പാതിരി, പിയാനിയസ്, ജരാർദ്, ഗുണ്ടർട്ട്, ബെയ്ലി തുടങ്ങിയ മിഷനറിമാരുടെ ജീവിതവും പ്രവർത്തനങ്ങളും പഠിച്ചു. പത്തൊന്പതാം നൂറ്റാണ്ടിലാണ് മലയാളത്തിൽ നവീനഗദ്യത്തിന്റെ ഉദയമെന്നു സമർഥിക്കുന്നുണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടു മുതൽ മിഷനറിമാർ ഭാഷാശാസ്ത്രം, വിവർത്തനം, വേദവ്യാഖ്യാനം, ചരിത്രം, വേദശാസ്ത്രം എന്നിങ്ങനെയുള്ള മേഖലകളിൽ നടത്തിയിട്ടുള്ള സംഭാവനകളിലൂടെ മലയാളം തമിഴിന്റെയും സംസ്കൃതത്തിന്റെയും പിടിയിൽനിന്നു മോചനം പ്രാപിച്ചതായി ഡോ. ചന്ദനപ്പള്ളി സമർഥിച്ചു. മലയാളഭാഷയുടെ ആധുനികഘട്ടം യഥാർഥത്തിൽ തുടങ്ങുന്നതു പതിനാറാം നൂറ്റാണ്ടിൽ മിഷനറിമാരുടെ സാഹിത്യ പരിശ്രമങ്ങളിലൂടെയാണെന്നു കണ്ടെത്തിയ ചന്ദനപ്പള്ളി തന്റെ നിരീക്ഷണങ്ങൾ തന്റെ കൃതികളിലൂടെ അവതരിപ്പിച്ചു. അവയിൽ എടുത്തുപറയേണ്ടതാണ് മിഷനറി മലയാളം ഗദ്യമാതൃകകൾ. മലയാള ഗദ്യത്തിന്റെ വളർച്ചയും വികാസവും മിഷനറിമാരുടെ ഭാഷാസപര്യയിലൂടെയാണെന്നുള്ള പാഠങ്ങൾ സഹിതം വിശദീകരിക്കുന്ന പുസ്തകമായിരുന്നു ‘മിഷനറി മലയാളം ഗദ്യമാതൃകകൾ’.
തുടർന്നു ഡോ. ചന്ദനപ്പള്ളി കൈവച്ചത് തദ്ദേശീയ മിഷനറിമാരുടെ സാഹിത്യ സംഭാവനകൾ സംബന്ധിച്ചായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ ഡോ. പി.വി. വേലായുധൻ പിള്ളയുടെ കീഴിൽ അദ്ദേഹം ഗവേഷണം നടത്തിയതു പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ ‘വർത്തമാനപ്പുസ്തക’ത്തെപ്പറ്റിയായിരുന്നു. 1785ൽ എഴുതപ്പെട്ട വർത്തമാനപ്പുസ്തകത്തിലെ ഗദ്യത്തെ മുൻനിർത്തിയായിരുന്നു ഈ ഗവേഷണം. പതിനെട്ടാം നൂറ്റാണ്ടിൽ അനേകം വിദേശപദങ്ങളും ആശയചിന്തകളും മലയാളഭാഷയിലേക്കു സംക്രമിപ്പിച്ചുകൊണ്ടു മലയാളഗദ്യത്തെ ഭാസുരമാക്കാൻ പാറേമ്മാക്കൽ തോമ്മാ കത്തനാർക്കു കഴിഞ്ഞതായി ഡോ. ചന്ദനപ്പള്ളി തന്റെ പഠനത്തിൽ ചൂണ്ടിക്കാട്ടി. വർത്തമാനപ്പുസ്തകത്തെപ്പറ്റി മലയാളത്തിൽ നടത്തിയ ആദ്യത്തെ പഠനവും ഡോ. സാമുവൽ ചന്ദനപ്പള്ളിയുടേതായിരുന്നു. അതുപോലെ, മലയാളത്തിൽ ആദ്യമായി ഉദയംപേരൂർ സൂനഹദോസിലെ (1599) കാനോനകളെപ്പറ്റി പഠനം നടത്തിയതും ഇദ്ദേഹമായിരുന്നു.
പതിനാറാം നൂറ്റാണ്ടിൽ സ്വതന്ത്രമായ മലയാള ഗദ്യത്തിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്നതാണ് ഇതേപ്പറ്റി എഴുതിയ ‘ഉദയംപേരൂർ സുന്നഹദോസിന്റെ കാനോനാകൾ’. പത്തൊന്പതാം നൂറ്റാണ്ടിലെ നവീനഗദ്യത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന റവ. ജോർജ് മാത്തനെപ്പറ്റിയുള്ള പഠനം ഡോ. ചന്ദനപ്പള്ളിക്കു കേരള യൂണിവേഴ്സിറ്റിയിൽനിന്ന് ഡി ലിറ്റ് നേടിക്കൊടുത്തു. കേരള യൂണിവേഴ്സിറ്റിയിൽ അതിനുമുന്പ് ഡോ. വി.എസ്. ശർമയ്ക്കു മാത്രമേ മലയാളത്തിൽ ഡി ലിറ്റ് നൽകിയിട്ടുള്ളൂ. ജോർജ് മാത്തന്റെ രചനകളുടെ സന്പൂർണ സമാഹാരം പഠനത്തോടെ അദ്ദേഹം തയാറാക്കി.
ഡോ. ചന്ദനപ്പള്ളി തയാറാക്കിയ രണ്ടു വിശിഷ്ട കൃതികൾ മലങ്കര സഭാപിതാക്കന്മാർ, പവിത്ര രചനകൾ എന്നിവയാണ്. മലയാള സാഹിത്യത്തിൽ തദ്ദേശീയ സഭാപിതാക്കൻമാരുടെ വേദശാസ്ത്രദർശനം എന്ന പഠനശാഖയ്ക്ക് അദ്ദേഹം തുടക്കംകുറിച്ചെന്നു പറയുന്നതിൽ തെറ്റില്ല. മലങ്കര സഭയിലെ പിതാക്കന്മാരായ വട്ടശേരിൽ തിരുമേനി, പൗലോസ് മാർ ഗ്രിഗോറിയോസ്, ഗീവറുഗീസ് മാർ ഒസ്താത്തിയോസ്, തോമ്മാ മാർ ദീവന്നാസ്യോസ്, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ തുടങ്ങിയവരുടെ വേദശാസ്ത്ര ചിന്തകളും ഇടയലേഖനങ്ങളും കല്പനകളും സമാഹരിച്ച് ആമുഖപഠനത്തോടെ തയാറാക്കിയതാണ് ‘മലങ്കര സഭാ പിതാക്കന്മാർ’. മലയാള സാഹിത്യത്തിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസിന്റെ സാഹിത്യ സംഭാവനകൾ അരക്കിട്ടുറപ്പിക്കുന്ന ഗ്രന്ഥമാണ് ‘പവിത്ര രചനകൾ’. പരുമലത്തിരുമേനിയെന്ന് അറിയപ്പെടുന്ന പിതാവിന്റെ സ്വകാര്യ കത്തുകളും കല്പനകളും ഇടയലേഖനങ്ങളും ഡോ. ചന്ദനപ്പള്ളി ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ പാഠപുസ്തകമായി ‘പവിത്രരചനകൾ’ സിലബസിൽ ഉൾപ്പെടുത്തിയത് ഇതിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു. തുടർന്ന് അലക്സിയോസ് മാർ തേവോദോസിയോസ്, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ, പത്രോസ് മാർ ഒസ്താത്തിയോസ് എന്നിവരുടെ ജീവചരിത്രങ്ങളും അവരുടെ വേദശാസ്ത്ര സംഭാവനകൾ വിവരിക്കുന്ന ഗ്രന്ഥങ്ങളും ചന്ദനപ്പള്ളി രചിച്ചു.
മികച്ച അധ്യാപകൻ, ഉജ്വല വാഗ്മി എന്നീ നിലകളിൽ ഡോ. ചന്ദനപ്പള്ളിയെ അടയാളപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം സന്പാദിച്ചവരും ഏറെ ഉണ്ടെന്നുള്ളത് അദ്ദേഹത്തിന്റെ നിസ്തന്ദ്രമായ പാണ്ഡിത്യത്തെയും ഭാഷാ പരിജ്ഞാനത്തെയും സൂചിപ്പിക്കുന്നു. അനർഗളമായി ഒഴുകുന്ന വാക്കുകളും ആശയങ്ങളും മാത്രമല്ല ഡോ. ചന്ദനപ്പള്ളിയെ ഉജ്വല വാഗ്മി എന്നു വിശേഷിപ്പിക്കാൻ ഇടയാക്കുന്നത്.
പ്രഭാഷണകലയിൽ ചന്ദനപ്പള്ളിക്കു ചന്ദനസുഗന്ധം പകരുന്ന ശൈലിയുണ്ടെന്ന് സുകുമാർ അഴീക്കോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പ്രഭാഷണകലയിൽ അദ്ദേഹം ആർജിച്ച സിദ്ധി ഉപന്യാസരചനയിലും പ്രകാശിപ്പിക്കപ്പെട്ടിരുന്നു. ഹൃദയത്തിന്റെ ഭാഷയിൽ ഉപന്യാസങ്ങൾ ചമയ്ക്കാൻ അദ്ദേഹത്തിനു വ്യതിരിക്തമായ ഒരു ശൈലിയുണ്ടായിരുന്നു. ചന്ദനപ്പള്ളിയുടെ വിശിഷ്ടമായ ഒരു ഉപന്യാസ സമാഹാരമാണ് ‘ചന്ദനവും പള്ളിയും’. എഴുത്തിലും പ്രഭാഷണത്തിലും മാത്രമല്ല, ജീവിതത്തിലും ചന്ദനത്തിന്റെ സുഗന്ധം പരത്തിയ മനുഷ്യനായിരുന്നു ഡോ. സാമുവൽ ചന്ദനപ്പള്ളി.