മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കത്തോലിക്കാ വിശ്വാസവും റോമൻ കൂട്ടായ്മയും
ഡോ. ജെയിംസ് പുലിയുറുന്പിൽ
Thursday, July 3, 2025 12:10 AM IST
തോമാശ്ലീഹായുടെ കാലം മുതൽ 15-ാം നൂറ്റാണ്ടു വരെ ഭാരതത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ പുലർത്തിയിരുന്ന വിശ്വാസത്തെയും ബാബിലോണിലെ കൽദായ പാത്രിയാർക്കീസുമായി അവർക്കുണ്ടായിരുന്ന കൂട്ടായ്മയെയും 16-ാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ പോർച്ചുഗീസുകാരും അവരിലൂടെ പല യൂറോപ്യൻ എഴുത്തുകാരും വ്യത്യസ്തമായാണ് മനസിലാക്കിയത്. ഭാരത ക്രൈസ്തവരുടെ വിശ്വാസത്തെയും കൂട്ടായ്മയെയുംകുറിച്ചുള്ള തെറ്റിദ്ധാരണകൾ യൂറോപ്പിൽ പ്രചരിക്കാൻ കാരണം പാശ്ചാത്യ മിഷനറിമാർക്ക് ഇവിടത്തെ സഭയെ ശരിയായി മനസിലാക്കാൻ സാധിക്കാതിരുന്നതാണ്. അവരുടെ അഭിപ്രായത്തിൽ, ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് അപ്പസ്തോലനായ തോമസിൽനിന്നു വിശ്വാസം ലഭിച്ചു. എന്നാൽ അവർ പിന്നീട് കൽദായ സഭയുമായുള്ള ബന്ധത്തിൽ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് നെസ്തോറിയൻ പാഷണ്ഡത സ്വീകരിച്ചു. അങ്ങനെ അവർ റോമൻ പാപ്പായുമായുള്ള കൂട്ടായ്മയിൽനിന്ന് പുറത്തായി. എന്നാൽ, 1599ലെ ഉദയംപേരൂർ സൂനഹദോസ് വഴി ഗോവൻ മെത്രാപ്പോലീത്താ അലക്സിസ് മെനേസിസ് അവരെ കത്തോലിക്കാ വിശ്വാസത്തിലേക്കും റോമിലെ മാർപാപ്പയുടെ അനുസരണത്തിൻകീഴിലേക്കും തിരികെ കൊണ്ടുവന്നു.
ഉദയംപേരൂർ സൂനഹദോസിനെത്തുടർന്ന്, പോർച്ചുഗീസ് ചരിത്രകാരനായ അന്തോണിയോ ഗുവയ പ്രസിദ്ധീകരിച്ച ‘ജൊർണാദ’ (Journada) എന്ന ഗ്രന്ഥമാണ് ഭാരതക്രൈസ്തവരെക്കുറിച്ച് ഇവ്വിധമായ തെറ്റായ ഒരു ചരിത്രം യൂറോപ്പിൽ പ്രസിദ്ധമാക്കുന്നത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും യൂറോപ്യൻ ഭാഷകളിലെ അതിന്റെ വിവർത്തനവും വിതരണവും പാശ്ചാത്യരാജ്യങ്ങളിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ ഉദയംപേരൂർ സൂനഹദേസിനു മുന്പ് കത്തോലിക്കാ വിശ്വാസം നഷ്ടപ്പെട്ടവരും അക്കാരണത്താൽതന്നെ റോമിലെ മാർപാപ്പയോടുള്ള കൂട്ടായ്മ നഷ്ടപ്പെട്ടവരുമാണ് എന്നുള്ള തെറ്റായതും വസ്തുതാവിരുദ്ധവുമായ ആശയം യൂറോപ്പിൽ പ്രചരിക്കാൻ കാരണമായി. 1498ൽ വാസ്കോ ഡി ഗാമയുടെ ആഗമനത്തെത്തുടർന്ന് 1500ൽ കബ്രാളിന്റെ കൂടെ കേരളത്തിലെത്തിയ ഫ്രാൻസിസ്കൻ വൈദികരാണ് ഇവിടെ മിഷൻ പ്രവർത്തനവും ലത്തീൻ കത്തോലിക്കാ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ആരംഭിക്കുന്നത്. പോർച്ചുഗീസ് രാഷ്ട്രീയാധിപത്യത്തോടും വാണിജ്യതാത്പര്യങ്ങളോടുമൊപ്പം പാശ്ചാത്യ ലത്തീൻ സഭയും ഇവിടെ വളരാൻ തുടങ്ങി. 1530ൽ ഗോവ ഇന്ത്യയിലെ പോർച്ചുഗീസ് തലസ്ഥാനവും 1538ൽ ഗോവ ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് രൂപതയുമായി. 1558ൽ ഗോവ അതിരൂപതയും കൊച്ചി ഗോവയുടെ സാമന്ത രൂപതയുമായി. ഇന്ത്യയിൽ പോർച്ചുഗീസ് ആധിപത്യം വർധിച്ചുവരുന്നതോടൊപ്പം മാർത്തോമ്മാ ക്രിസ്ത്യാനികളുടെമേൽ നെസ്തോറിയൻ പാഷണ്ഡതാരോപണം വർധിപ്പിക്കുകയും അവരെ ഭരിച്ചിരുന്ന പേർഷ്യയിൽനിന്നുള്ള കൽദായ മെത്രാന്മാരെ ഇവിടെനിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു.
1597ൽ അവസാനത്തെ പേർഷ്യൻ മെത്രാനായ മാർ ഏബ്രഹാമിന്റെ മരണത്തെത്തുടർന്നാണ് 1599 ജൂണിൽ ഉദയംപേരൂർ സൂനഹദോസ് നടത്തുന്നതും നെസ്തോറിയൻ ആരോപണങ്ങൾ ശക്തിപ്പെടുത്തുകയും കൽദായ പാത്രിയാർക്കീസുമായുള്ള ബന്ധം നിർബന്ധപൂർവം വിച്ഛേദിക്കുകയും ചെയ്യുന്നതും അങ്കമാലിയെ മാർത്തോമ്മാ ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള പോർച്ചുഗീസ് രൂപതയാക്കുന്നതും ഫ്രാൻസിസ് റോസിനെ അങ്കമാലിയുടെ ആദ്യ ലത്തീൻ മെത്രാനായി വാഴിക്കുന്നതും. അങ്ങനെ കേരള സഭ കൽദായ മെത്രാന്മാരുടെ ഭരണത്തിൽനിന്നു പോർച്ചുഗീസ് ലത്തീൻ മെത്രാന്മാരുടെ ഭരണത്തിൻകീഴിലായി. വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളിൽ ചില മാറ്റങ്ങൾ വന്നു എന്നല്ലാതെ അവർ അതുവരെ പുലർത്തിയിരുന്ന കത്തോലിക്കാ വിശ്വാസത്തിന് മാറ്റമൊന്നും വന്നില്ല. അവർ കത്തോലിക്കാ വിശ്വാസം നഷ്ടപ്പെട്ടവരായിരുന്നെങ്കിൽ പിന്നെ എന്ത് അധികാരം ഉപയോഗിച്ചാണ് മെനേസിസ് മെത്രാപ്പോലീത്താ അവരുടെ സഭയിൽ ഒരു സൂനഹദോസ് വിളിച്ചുകൂട്ടിയതും, എന്ത് അവകാശത്താലാണ് അവരുടെ നിരവധി ഇടവകകൾ സന്ദർശിച്ചതും, ആ സഭയിലെ അനേകം വൈദികവിദ്യാർഥികൾക്ക് പൗരോഹിത്യപട്ടം നല്കിയതും എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു. കത്തോലിക്കാ വിശ്വാസ സംഹിതയുടെ ഒരു ഫോർമുലയും സൂനഹദോസിൽ വിശ്വാസികളെ പഠിപ്പിക്കുന്നതായി കാനോനകളിൽ കാണുന്നില്ല. ഉദയംപേരൂർ സൂനഹദോസ് വിളിച്ചുചേർത്തതിന് സഭാപരം എന്നതിനേക്കാൾ രാഷ്ട്രീയവും സാന്പത്തികവും സാമൂഹികവും വാണിജ്യപരവുമായ കാരണങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തെ വർധിച്ചുവന്നിരുന്ന കൊളോണിയൽ മനഃസ്ഥിതിയും യൂറോപ്യൻ കോളനി രാജ്യങ്ങളുടെ ഇടയിലെ മാത്സര്യവും കാരണങ്ങളാണ്.
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ യഥാർഥ കത്തോലിക്കാ വിശ്വാസം
തോമാശ്ലീഹായിൽനിന്നു വിശ്വാസം സ്വീകരിച്ച് വളർന്നുവന്ന ഭാരതസഭ ഒരു സ്വതന്ത്ര സഭയായിരുന്നു; അല്ലാതെ പേർഷ്യൻ സഭയുടെ ഒരു ശാഖയോ പുത്രീസഭയോ ആയിരുന്നില്ല. ഇവിടത്തെ ക്രൈസ്തവരുടെ വിശ്വാസം തോമാശ്ലീഹായിൽനിന്നു നേരിട്ടു ലഭിച്ചതാണ്. വർഷങ്ങൾക്കു ശേഷമാണ് അവർ പേർഷ്യൻ സഭയെ ആശ്രയിക്കുന്നത്; അതും മെത്രാന്മാരെ ലഭിക്കുന്നതിനുവേണ്ടി, അവർ ഇവിടെ വന്ന് ഇവിടത്തെ വിശ്വാസം സംരക്ഷിക്കുകയായിരുന്നു; അല്ലാതെ അവരുടെ വിശ്വാസം ഇവിടെ പ്രചരിപ്പിക്കുകയല്ലായിരുന്നു; അതിന്റെ ആവശ്യമില്ലായിരുന്നുതാനും. കാരണം, പേർഷ്യൻ സാമ്രാജ്യത്തിലെ എദേസാ സഭയും സെലൂഷ്യ-ക്റ്റെസിഫോണ് സഭയും തോമാശ്ലീഹായുടെ ശിഷ്യരായ അദ്ദായി, മാറി എന്നിവരിൽനിന്ന് വിശ്വാസം സ്വീകരിച്ച സഭകളാണ്.
അവിടത്തെ സഭകൾ തോമാശ്ലീഹായാൽ സ്ഥാപിതമായ ഭാരതത്തിലെ സഭയെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത് എന്ന് വിശുദ്ധ അപ്രേമിന്റെ കൃതികൾ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ഭാരതസഭ ഒരിക്കലും പേർഷ്യൻ സഭയുടെ അവിഭാജ്യഘടകമായിരുന്നില്ല; നേരേമറിച്ചും. ആധ്യാത്മികകാര്യങ്ങളുടെ നേതൃത്വം പേർഷ്യയിൽനിന്ന് വരുന്ന മെത്രാപ്പോലീത്താമാർക്കായിരുന്നു എങ്കിലും മറ്റെല്ലാ കാര്യങ്ങളിലും - ലെജിസ്ലേറ്റീവ്, ജുഡീഷൽ, അഡ്മിനിസ്ട്രേറ്റീവ്- ഉത്തരവാദിത്വവും മേൽനോട്ടവും ആർച്ച്ഡീക്കനായിരുന്നു. അതും ആർച്ച്ഡീക്കൻ തനിച്ചല്ല, പള്ളി യോഗത്തിന്റെ സഹായത്താലായിരുന്നു. ഭാരതസഭയുടെ മധ്യകാലത്തിലെ ഭരണക്രമത്തെ ‘a metropolitan- archdeacon combination rule’ എന്ന ഒരു വളരെ പ്രത്യേക സംവിധാനമായിട്ടാണ് യൂറോപ്യൻ എഴുത്തുകാർ വിശേഷിപ്പിച്ചിരുന്നത്. തോമാശ്ലീഹായിൽനിന്ന് പാരന്പര്യമായി ലഭിച്ച കത്തോലിക്കാ വിശ്വാസവും ആത്മീയ പൈതൃകവും അവർ കാത്തുസൂക്ഷിക്കുകയും തലമുറകൾക്ക് വിശ്വസ്തതാപൂർവം കൈമാറുകയും ചെയ്തിരുന്നു.
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസപരമായ നിലപാടും ദൈവശാസ്ത്രദർശനവും എപ്പോഴും കൽദായ സഭയുടെ നിലപാടുകളും കാഴ്ചപ്പാടുകളുമായി പൂർണമായും താദാത്മ്യപ്പെടുത്താനാവില്ല. ഭാരത ക്രൈസ്തവർ എപ്പോഴും കത്തോലിക്കാ വിശ്വാസമാണ് പുലർത്തിയിരുന്നത് എന്ന് പല യൂറോപ്യൻ എഴുത്തുകാരും അംഗീകരിക്കുന്നുണ്ട്; വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ചില കത്തുകൾ ഇത് വ്യക്തമാക്കുന്നുണ്ട്. കൊച്ചിയിലെ ഈശോസഭാ സെമിനാരിയുടെ റെക്ടറായിരുന്ന ഫാ. ഫ്രാൻസിസ് ഡയനീഷ്യോയുടെ 1678ലെ കത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസം കത്തോലിക്കാ സഭയുടേതുതന്നെ ആയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘കിഴക്കിന്റെ സഭ’ അഥവാ കൽദായ സഭയുടെ (ഈ സഭ ബാബിലോണിയൻ, അസീറിയൻ, നെസ്തോറിയൻ, പേർഷ്യൻ എന്നീ പേരുകളിലും വിവിധ കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്നു) പാത്രിയാർക്കീസായിരുന്നു ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സഭയുടെ കാനോനിക തലവൻ. എന്നാൽ, അദ്ദേഹം സഭയുടെ ഭരണത്തിൽ ഇടപെടുകയോ നിയമപരമായ അധികാരം പ്രയോഗിക്കുകയോ ചെയ്തിരുന്നില്ല. ഇന്ത്യയിലെ സഭയ്ക്കു മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു വാഴിച്ച് അയയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കർത്തവ്യം. മറ്റ് സഭകളുമായുള്ള കൂട്ടായ്മയിൽ ഭാരതസഭയെ പ്രതിനിധീകരിച്ചിരുന്നതും അദ്ദേഹമായിരുന്നു. ഭാരതസഭയുടെ സ്വത്വത്തെയും സ്വയംഭരണത്തെയും പാരന്പര്യങ്ങളെയും കൽദായ പാത്രിയാർക്കീസ് ബഹുമാനിച്ചിരുന്നു. ഇന്ത്യയിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെമേലുള്ള കൽദായ പാത്രിയാർക്കീസിന്റെ അധികാരം അവരുടെ വ്യക്തവും കൃത്യവുമായ ആചാരങ്ങളുടെയും പാരന്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഏതാണ്ട് പത്തു നൂറ്റാണ്ടുകൾ അഥവാ മധ്യകാലഘട്ടം മുഴുവൻ നീണ്ടുനിന്നു. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആഗമനംവരെ ഭാരതത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഈ സഭയ്ക്ക് പ്രാദേശിക പരിമിതികളോ അധികാര പരിധികളുടെ പേരിലുള്ള സംഘർഷത്തിന് സാധ്യതയോ ഇല്ലായിരുന്നു. മറ്റു സഭകളുടെ കാര്യത്തിലെന്നപോലെ, ഈ കാലഘട്ടത്തിൽ കൽദായ പാത്രിയാർക്കീസിന്റെ അധികാരപരിധിയെക്കുറിച്ച് തർക്കമോ സംശയമോ ഇല്ലാതിരുന്നതിനാൽ, ഈ ചോദ്യം ഒരിക്കലും കൗണ്സിലുകളുടെയോ റോമാ മാർപാപ്പാമാരുടെയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
1553 ഫെബ്രുവരി 15ന് ജൂലിയസ് മൂന്നാമൻ മാർപാപ്പ ജോണ് സൈമണ് സൂലാക്കയെ കൽദായ പാത്രിയാർക്കീസായി സ്ഥിരീകരിച്ച സമയത്ത് പാത്രിയാർക്കീസ് നടത്തിയ വിശ്വാസപ്രഖ്യാപനത്തിൽ ‘ഇന്ത്യ മുഴുവന്റെയും അധികാരപരിധി ഉണ്ടായിരുന്ന പാത്രിയാർക്കീസ് സൈമണ് ബാർ മാമയുടെ പിൻഗാമി’യായി അദ്ദേഹം സ്വയം അവതരിപ്പിക്കുന്നുണ്ട്. ‘ഡിവീന ഡിസ്പൊണന്തെ ക്ലമെൻസിയ’ എന്ന റോമൻ രേഖ വഴി ജൂലിയസ് മൂന്നാമൻ മാർപാപ്പ കൽദായ പാത്രിയാർക്കീസിന്റെ കത്തോലിക്കാ വിശ്വാസവും ഇന്ത്യയിലെ സഭയുടെമേലുള്ള അധികാരവും അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ മാർപാപ്പതന്നെ സൂലാക്കാ പാത്രിയാർക്കീസിന് 1553 ഏപ്രിൽ 28ന് പാലിയം കൊടുത്തപ്പോഴും ‘കും നോസ് നൂപ്പർ’ എന്ന തിരുവെഴുത്തുവഴി ഇക്കാര്യം വീണ്ടും അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. സൂലാക്കയുടെ പിൻഗാമിയായ പാത്രിയാർക്കീസ് മാർ അബ്ദീശോയും (1555-1567) 1562 മാർച്ചിൽ റോമിൽ വച്ച് പീയൂസ് നാലാമൻ മാർപാപ്പയെ സന്ദർശിച്ച് ഇക്കാര്യങ്ങൾക്ക് സ്ഥിരീകരണം നടത്തുന്നുണ്ട്. അദ്ദേഹം നടത്തിയ വിശ്വാസപ്രഖ്യാപനത്തിൽ വായിക്കുന്നു: “കിഴക്കൻ അസീറിയായിലെ മൊസൂൾ നഗരത്തിലെ പാത്രിയാർക്കീസ്... അദ്ദേഹത്തിന്റെ അധികാരത്തിൻ പരിധിയിൽ നിരവധി മെത്രാപ്പോലീത്താമാരും മെത്രാന്മാരും ഉൾപ്പെടുന്നു... ഓട്ടോമൻ സാമ്രാജ്യത്തിലെയും പേർഷ്യയിലെയും അതിരൂപതകളും രൂപതകളും ഇന്ത്യയിലെ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലുള്ള പ്രദേശങ്ങളായ കൊച്ചി, കണ്ണൂർ, കോഴിക്കോട്, കൊടുങ്ങല്ലൂർ, ഗോവ എന്നിവയും.”
ഭാരത ക്രൈസ്തവർ പേർഷ്യയിൽനിന്നു വന്നിരുന്ന കൽദായ മെത്രാപ്പോലീത്താമാരെ ‘സ്വന്തം റീത്തുകാരനും രാജ്യക്കാരനു’മായാണ് കണ്ടിരുന്നത്. മെത്രാപ്പോലീത്താ അവരുടെ ഒരു ആത്മീയ തലവൻ മാത്രമായിരുന്നു. സന്യാസജീവിതം നയിച്ചിരുന്ന അവർ ഭാരതത്തിലെ സഭയുടെ ഭൗതികകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഇടപെടാറില്ലായിരുന്നു. അവരുടെ കത്തോലിക്കാ വിശ്വാസം പല പോർച്ചുഗീസ് രേഖകളിലും കാണാം. 1557 നവംബർ 20ന് അന്തോണിയോ ദെ പോർത്തോ എന്ന വൈദികൻ പോർച്ചുഗീസ് രാജാവിന് അയച്ച കത്തിൽ ഇവിടത്തെ ക്രൈസ്തവരുടെ കത്തോലിക്കാ വിശ്വാസത്തെയും അവരെ ഭരിച്ചിരുന്ന കൽദായ മെത്രാന്മാരുടെ മാതൃകാപരമായ ആത്മീയജീവിതത്തെയും അവരുടെ ജീവിതം പോർച്ചുഗീസുകാർക്ക് പ്രചോദനമാകുന്നതിനെക്കുറിച്ചും എഴുതുന്നുണ്ട് (ഈ കത്ത് Beltrami, La Chiesa Chaldea nel Secolo dell’ Unione, Roma 1933, pp. 40-43ൽ കാണാം).
റോമുമായുള്ള കൂട്ടായ്മ
മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നും കത്തോലിക്കാ സഭയുമായി പൂർണമായ കൂട്ടായ്മയിലായിരുന്നു. റോമാ സഭയുടെ ഭാഗത്തുനിന്ന് ഒരിക്കലും മാർത്തോമ്മാ ക്രിസ്ത്യാനികളെ പുറത്താക്കിയതായി ഒരു രേഖയുമില്ല; അതുപോലെതന്നെ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുത്തിയതായും രേഖയില്ല. അതിനർഥം ഭാരതത്തിലെ ക്രൈസ്തവർ മധ്യകാലഘട്ടത്തിൽ ഒരിക്കലും പുറത്താക്കപ്പെട്ടിട്ടില്ല; കൂട്ടായ്മയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിട്ടുമില്ല. എന്നാൽ രാഷ്ട്രീയ, ഭൂമിശാസ്ത്ര, സഭാപരമായ കാരണങ്ങളാൽ ആ ഐക്യം എപ്പോഴും പ്രകടമാക്കാൻ കഴിയുമായിരുന്നില്ല. റോമുമായുള്ള അക്കാലത്തെ കൂട്ടായ്മയെ ആശയവിനിമയമായി കാണാൻ പാടില്ല. കൂട്ടായ്മ അഥവാ ബന്ധം എപ്പോഴും ആശയവിനിമയത്തിലൂടെ അഥവാ വാക്കുകളിലൂടെ പ്രകടിപ്പിക്കേണ്ട ആവശ്യവുമില്ല.
‘Nemo tenetur ad impossible’ (സാധ്യമല്ലാത്ത ഒന്ന് ആവശ്യപ്പെടാനാവില്ല) എന്ന ഒരു ലത്തീൻ തത്വമുണ്ട്. അതനുസരിച്ച്, പരസ്പര കത്തുകളിലൂടെയോ മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെയോ കൂട്ടായ്മ പ്രകടിപ്പിക്കാൻ അന്ന് മാർത്തോമ്മാ ക്രിസ്ത്യാനികൾ ബാധ്യസ്ഥരല്ലായിരുന്നു; അവ അസാധ്യമായിരുന്നിടത്തോളം. മാർത്തോമ്മാ ക്രിസ്ത്യാനികൾ കത്തോലിക്കർ മാത്രമല്ല, റോമൻ കത്തോലിക്കർതന്നെ ആയിരുന്നു എന്നാണ് ‘തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ’ എന്ന ചരിത്രഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്. ആ ഗ്രന്ഥത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികളെ ആർസിഎസ്സി (റോമൻ കാത്തലിക് സിറിയൻ ക്രിസ്ത്യൻ) എന്നും ലത്തീൻ ക്രിസ്ത്യാനികളെ ആർസിഎൽസി (റോമൻ കാത്തലിക് ലാറ്റിൻ ക്രിസ്ത്യൻ) എന്നുമാണ് വിളിക്കുന്നത്.
പാശ്ചാത്യ മിഷനറിമാർ മാർത്തോമ്മാ ക്രിസ്ത്യാനികൾക്കെതിരേ ഉന്നയിച്ച ആരോപണം കേരളത്തിൽ കണ്ടെത്തിയ ചില സുറിയാനി പുസ്തകങ്ങളിൽ ചില തെറ്റുകൾ ഉണ്ടായിരുന്നു എന്നാണ്. എന്നാൽ, ഈ സുറിയാനി പുസ്തകങ്ങൾ അവരുടേതല്ലായിരുന്നു. ആരാധനയ്ക്ക് ഉപയോഗിക്കുന്ന ഇത്തരം പുസ്തകങ്ങൾ പേർഷ്യയിൽനിന്നുള്ള മെത്രാന്മാർ കൊണ്ടുവന്നിരുന്നതായിരുന്നു. അതിനാൽ ഈ പുസ്തകങ്ങൾ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതോ നിർണയിക്കുന്നതോ ആയിരുന്നില്ല. മാത്രവുമല്ല, അതിലെ തെറ്റുകൾ എന്താണ് എന്ന് പാശ്ചാത്യർക്ക് വ്യക്തമാക്കാൻ സാധിച്ചുമില്ല; കാരണം, സുറിയാനിയിലായിരുന്നതുകൊണ്ട് അവർക്ക് അത് ഗ്രാഹ്യമല്ലായിരുന്നു, പല സുറിയാനി, ഗ്രീക്ക് വാക്കുകളുടെ വിവർത്തനവും അർഥവും ലത്തീനിൽ വ്യത്യസ്തവുമായിരുന്നു. ‘മാതാവിനെ ദൈവമാതാവ്’ എന്ന് വിളിച്ചിരുന്നില്ല എന്ന ആരോപണം തെറ്റാണ് എന്നതിന് നല്ല തെളിവാണ് കുറവിലങ്ങാട് മർത്ത് മറിയം പള്ളിയിലെ പുരാതന മണിയുടെ പുറത്ത് എഴുതിയിരുന്ന ‘എമ്മേദ് ആലാഹാ’ (ദൈവത്തിന്റെ അമ്മ) എന്ന വാക്കുകൾ.
മധ്യകാലഘട്ടത്തെതുടർന്ന് ആധുനിക കാലത്തിന്റെ ആരംഭത്തിലെ പാശ്ചാത്യസഭയുടെ സഭാശാസ്ത്രം ‘ലത്തീൻ, അഥവാ റോമൻ അഥവ പാശ്ചാത്യം മാത്രമായിരുന്നു ശരി’ എന്ന ചിന്തയിൽനിന്ന് രൂപപ്പെട്ടതായിരുന്നു. അതിനാൽ, യഥാർഥ സഭ അഥവാ കത്തോലിക്കാ സഭ ലത്തീൻ സഭ ആണെന്നും യഥാർഥ ആചാരരീതികൾ ലത്തീൻ അഥവാ റോമൻ രീതികൾ ആണെന്നും ശരിയായ അധികാരം റോമിന്റേത് മാത്രമാണെന്നുമുള്ള ചിന്ത പല പാശ്ചാത്യ മിഷനറിമാരും എഴുത്തുകാരും പുലർത്താൻ കാരണമായി. ലത്തീനിൽനിന്നു വ്യത്യസ്തമായതൊന്നും പല പാശ്ചാത്യർക്കും സ്വീകാര്യമല്ലാതായി തോന്നിയിട്ടുണ്ടാകാം. ലത്തീൻ അഥവാ റോമൻ എന്നത് ‘കത്തോലിക’മാണെന്നും റോമനല്ലാത്തതെല്ലാം സംശയിക്കേണ്ടതാണെന്നോ പാഷണ്ഡതയാണെന്നോയുള്ള ചിന്ത ട്രെന്റ് കൗണ്സിലിനെത്തുടർന്ന് യൂറോപ്പിൽ ഉണ്ടായതാണ് ഇതിന് പശ്ചാത്തലമായി ഭവിച്ചത്.