പുതിയ മാർപാപ്പ, പുതിയ ദൗത്യം
Friday, May 9, 2025 1:29 AM IST
മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചു. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് തെരഞ്ഞെടുപ്പ് സ്വീകരിക്കുകയും ലെയോ പതിനാലാമൻ എന്ന പേര് തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടയാൾ കർദിനാളാണെങ്കിൽ ഇതാണ് നൂറ്റാണ്ടുകളായി തുടരുന്ന പാരന്പര്യം. പുതിയ പാപ്പായുടെ കാര്യത്തിലുംതുതന്നെ സംഭവിച്ചു. കർദിനാളല്ലാത്ത ഒരാൾ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത് അവസാനം 1378ലാണ് - ആറാം ഊർബൻ പാപ്പ.
പുതിയ പാപ്പാ, മാർപാപ്പായുടെ ഔദ്യോഗിക വസ്ത്രങ്ങൾ അണിയുകയും വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽനിന്ന് വിശ്വാസികളെ ആശീർവദിക്കുകയും വേണം. പുതിയ പാപ്പാ യും അതുതന്നെ ചെയ്തു. ഫ്രാൻസിസ് പാപ്പാ എല്ലാവർക്കും ഗുഡ് ഈവനിംഗ് പറഞ്ഞുകൊണ്ടാണ് തന്റെ ആദ്യ ആശീർവാദം ആരംഭിച്ചത്.
ബനഡിക്ട് പതിനാറാമൻ പാപ്പാ, പ്രിയ സഹോദരീ സഹോദരന്മാരേ എന്നും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്നും പറഞ്ഞു. പുതിയ പാപ്പാ “ല പാച്ചെ കോൺ വോയി’’ അതായത്, “സമാധാനം നിങ്ങളോടുകൂടെ” എന്നാണ് ആശംസിച്ചത്. പേപ്പൽ മൊസെത്ത (ചെമന്ന മേൽവസ്ത്രം) ധരിച്ചാണ് പുതിയ പാപ്പാ ബാൽക്കണിയിൽ വന്നത്. ഫ്രാൻസിസ് പാപ്പാ അത് ധരിക്കാതെയാണു ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടത്.
താമസസ്ഥലം
എവിടെയാണ് താമസിക്കേണ്ടതെന്നു പുതിയ പാപ്പാ തീരുമാനിക്കേണ്ടതുണ്ട്. ഫ്രാൻസിസ് താമസസ്ഥലമായി തെരഞ്ഞെടുത്തത് സാന്താ മാർത്താ ഗസ്റ്റ് ഹൗസാണ്. അതുവരെ മാർപാപ്പ താമസിച്ചിരുന്നത് അപ്പസ്തോലിക മന്ദിരങ്ങളിലായിരുന്നല്ലോ. ഇക്കാര്യത്തിലെ തെരഞ്ഞെടുപ്പും വളരെ പ്രതീകാത്മകമാണ്. ആരെ തന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കും എന്നതും ഒരു പ്രധാന കാര്യമാണ്. ഫ്രാൻസിസ് നിശ്ചിതകാലം പാപ്പാ കഴിഞ്ഞാൽ സെക്രട്ടറിമാരെ മാറ്റിയിരുന്നു.
സ്ഥാനാരോഹണത്തിന്റെ തീയതിയും നിശ്ചയിക്കേണ്ടതുണ്ട്. തുടർന്ന് ലാറ്ററൻ ബസിലിക്കയിലെത്തി റോമാ രൂപതയുടെ അധ്യക്ഷസ്ഥാനവും ഏറ്റെടുക്കണം. ആൽബൻ മലകളിലുള്ള കസ്തേൻ ഗണ്ടോൾഫോ മാർപാപ്പമാരുടെ വേനൽക്കാല വസതിയാണല്ലോ. അങ്ങോട്ട് പുതിയ പാപ്പാ പോകുമോ എന്ന് അറിഞ്ഞുകൂടാ. ഫ്രാൻസിസ് പാപ്പാ അങ്ങോട്ടു പോയിട്ടില്ല. അതൊരു മ്യൂസിയമായി സൂക്ഷിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ഇക്കാര്യങ്ങളൊക്കെ തീരുമാനമായാൽ ഭരണപരമായ ഉത്തരവാദിത്വങ്ങളിലേക്കു കടക്കണം. മാർപാപ്പയുടെ നിര്യാണത്തോടെ മിക്കവാറും എല്ലാ കൂരിയ തസ്തികകളും ഒഴിയുന്നതായാണു കണക്കാക്കുന്നത്. പുതിയ പാപ്പാ അവരുടെ ഭാവി നിർണയിക്കണം. കൂരിയായിലെ പ്രധാന കാര്യാലയങ്ങളിലെ തലവന്മാരെ അദ്ദേഹത്തിന് സ്ഥിരപ്പെടുത്തുകയോ പുതിയ ആളുകളെ നിയമിക്കുകയോ അല്ലെങ്കിൽ മാറ്റുകയോ ചെയ്യാം.
വിശുദ്ധ വത്സരം
2025 വിശുദ്ധ വത്സരമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നിരവധി പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മേയ് 10, 11 തീയതികളിൽ സംഗീതജ്ഞരുടെ ജൂബിലി, 16 -18 തീയതികളിൽ വിവിധ സംഘടനകളുടെ ജൂബിലി, 25ന് കുട്ടികളുടെ ജൂബിലി എന്നിവയുണ്ട്. വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ വിശുദ്ധ പ്രഖ്യാപനത്തിന്റെ പുതിയ തീയതി കണ്ടെത്തുകയും വേണം.
സിനഡൽ പ്രക്രിയ
ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച സിനഡൽ പ്രക്രിയ തുടർന്നുകൊണ്ടു പോകുന്നതിനെക്കുറിച്ചു ചിന്തിക്കണം. 2025ലെ വലിയ സിനഡ് സമ്മേളനം ധാരാളം ഹോംവർക്ക് ആവശ്യമുള്ളതാണ്. പുതിയ പാപ്പാ ഈ സിനഡൽ പ്രക്രിയയെപ്പറ്റി എന്തു ചിന്തിക്കുന്നു എന്നത് പ്രധാനമാണ്. അതിനെ ആശ്രയിച്ചായിരിക്കും ഈ പ്രക്രിയയുടെ ഭാവി. അതിന്റെ രൂപഭാവങ്ങൾ മാറാനും മതി.
റോമൻ കൂരിയ
കൂരിയയിലെ പല പ്രധാന തലവന്മാരും 75 വയസ് കഴിഞ്ഞവരാണ്. കർദിനാൾമാരായ ചേർണി, ബാഗിയോ, സെമരാരോ, ഫാറെൽ, റോച്ച്, കോഹ് മുതലായവർ. സിറിയ, യുഎസ്എ, ഇസ്രയേൽ, പലസ്തീൻ രാജ്യങ്ങളിലെ നുൺഷ്യോമാരും പ്രായപരിധിയിൽ എത്തിയവരാണ്. ഈ നിയമനങ്ങൾക്കൊക്കെ പുതിയ പാപ്പാ ഉചിതരായ വ്യക്തികളെ കണ്ടെത്തേണ്ടതുണ്ട്.
ആരെ നിയമിക്കണം?
ഫ്രാൻസിസ് മാർപാപ്പാ വിവിധ കാര്യാലയങ്ങളിൽ അല്മായരായ സ്ത്രീ -പുരുഷന്മാരെയും കന്യാസ്ത്രീകളെയും നിയമിച്ചിരുന്നു. സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടായി ഇറ്റലിക്കാരിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് പാപ്പാ നിയമിക്കുകയുണ്ടായി.
എന്നാൽ, ഒരു കർദിനാളിനെ (ഏഞ്ചൽ ഫെർണാണ്ടസ് ആർത്തിമെ) പ്രോ-പ്രീഫെക്ടായും നിയമിച്ചു. പുതിയ പാപ്പാ, ഫ്രാൻസിസ് പാപ്പായുടെ നയം തുടരുമോ എന്ന ആകാംക്ഷ നിലവിലുണ്ട്. പുതിയ മാർപാപ്പ വിവിധ ലോകരാജ്യങ്ങളിൽ ഒഴിവായിക്കിടക്കുന്ന രൂപതകളിൽ മെത്രാന്മാരെ നിയമിക്കേണ്ടതുണ്ട്. ജർമനിയിലെ മ്യൂൺസ്റ്ററും ഓസ്ട്രിയയിലെ വിയന്നയും ഉൾപ്പെടെ നിരവധി രൂപതകൾ അധ്യക്ഷന്മാരെ കാത്തിരിക്കുകയാണ്.
യാത്രകൾ...
പുതിയ പാപ്പാ അപ്പസ്തോലിക യാത്രകൾക്കു സമയം കണ്ടെത്തുമോ എന്ന ചോദ്യവുമുണ്ട്. അത്യാവശ്യമുള്ള ഹ്രസ്വയാത്രകളിലേക്ക് അദ്ദേഹം സന്ദർശനങ്ങൾ ചുരുക്കുമോ അതോ വിദൂരരാജ്യങ്ങൾ പോലും സന്ദർശിക്കാൻ തയാറാകുമോ എന്ന ചോദ്യം.
പുരാതന നിഖ്യായിലേക്കു (തുർക്കി) യാത്ര ചെയ്യാനും കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമ്യായോടൊപ്പം നിഖ്യാ സൂനഹദോസിന്റെ 1700-ാമത് വാർഷികം ആചരിക്കാനും താത്പര്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.