ഓപ്പറേഷൻ സിന്ദൂർ
സീനോ സാജു
Thursday, May 8, 2025 4:34 AM IST
ന്യൂഡൽഹി: ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിനു സമീപം കണ്ണീർ വറ്റിയ കണ്ണുകളോടെ ഇരിക്കുന്ന ഹിമാൻഷി നർവാളിന്റെ ചിത്രമായിരുന്നു പഹൽഗാമിൽ ഭീകരാക്രമണമുണ്ടായ ദിവസം ആദ്യം പുറത്തുവന്ന ചിത്രങ്ങളിലൊന്ന്. നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളുമായി വിവാഹം നടന്ന് ഒരാഴ്ച തികയുന്നതിനുമുന്പേ ഹിമാൻഷിയുടെ സിന്ദൂരം മാഞ്ഞു.
ഭീകരവാദവും തീവ്രവാദവും ബാക്കിയാക്കുന്ന വിധവകളുടെയും അനാഥരുടെയും പ്രതീകമായിരുന്നു ഭർത്താവിന്റെ മൃതദേഹത്തിനരികിൽ തളർന്നിരിക്കുന്ന ഹിമാൻഷി നർവാളിന്റെ ആ ചിത്രം. ഇന്ത്യക്കെതിരേയുള്ള ഭീകരവാദത്തിന്റെ പതിറ്റാണ്ടുകളോളം നീളുന്ന ചരിത്രത്തിൽ സ്നേഹിതർ തനിച്ചാക്കിപ്പോയ നൂറോളം ഹിമാൻഷിമാർ ഇന്ത്യയിലുണ്ട്. അവരുടെയെല്ലാം കണ്ണീരിനുള്ള പ്രതികാരവും ബൈസരൻ താഴ്വരയിൽ പുരുഷന്മാരെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ മതതീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ കനത്ത മറുപടിയുമാണ് "ഓപ്പറേഷൻ സിന്ദൂർ’.

അച്ഛനെ നഷ്ടപ്പെട്ട പെണ്കുട്ടികളും ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളും സഹോദരന്മാരെ നഷ്ടപ്പെട്ട സഹോദരിമാരും ഏപ്രിൽ 22നു രാജ്യത്തിന്റെ കണ്ണുനീരായപ്പോൾ പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് "ഓപറേഷൻ സിന്ദൂർ’ എന്ന് പേരിട്ടതിലൂടെ ഇന്ത്യ പ്രതീകാത്മകമായും പ്രത്യക്ഷമായും പഹൽഗാം താഴ്വരയിൽ സ്ത്രീകളുടെ കണ്ണീർ വീണതിനു പകരം ചോദിക്കുകയായിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരു നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു റിപ്പോർട്ടുകളുണ്ട്.
അർധരാത്രിയിലെ തിരിച്ചടിക്ക് ശേഷം ഇന്ത്യൻ ആർമി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ "ഓപ്പറേഷൻ സിന്ദൂർ’ എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിടത്തു "ഛ' യുടെ സ്ഥാനത്തു സിന്ദൂരമടങ്ങിയ ഒരു പാത്രത്തിന്റെ ചിത്രവുമുണ്ട്. ഭർത്താവിന്റെ ആയുരാരോഗ്യത്തിനുള്ളതും വിവാഹജീവിതത്തിലെ ഐശ്വര്യത്തിന്റെയും പ്രതീകമായ സിന്ദൂരക്കുറി തന്നെ ഭീകരവാദത്തിനെതിരെയുള്ള ശക്തമായ തിരിച്ചടിക്കു പ്രതീകമായി തെരഞ്ഞെടുത്തതിലൂടെ പഹൽഗാമിലെ വിധവകൾക്കും അമ്മമാർക്കും രാജ്യത്തെ സ്ത്രീകൾക്കുതന്നെയും ഇന്ത്യ ആദരമർപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാന സൈനിക നടപടിയെക്കുറിച്ചുള്ള ഔദ്യോഗിക വാർത്താസമ്മേളനത്തിന് രണ്ടു വനിതാ ഓഫീസർമാർ നേതൃത്വം നൽകിയതിലൂടെ രാജ്യം ലോകത്തിനോട് നൽകുന്ന പ്രസ്താവനയും വ്യക്തമാണ് - ഈ രാജ്യത്തു വീഴുന്ന സ്ത്രീകളുടെ കണ്ണീരിനു ഞങ്ങൾ പകരം ചോദിക്കുകതന്നെ ചെയ്യും.