അച്ഛൻ
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, May 7, 2025 12:15 AM IST
അച്ഛന് 91 വയസായി. ഓർമയുടെ 91 ശതമാനവും ചെയ്തുതീർന്നിരിക്കുന്നു. ഇനി ബാക്കിയുള്ളത് ഓർമയ്ക്കും മറവിക്കുമിടയ്ക്കുള്ള ചില വഴിയന്പലങ്ങൾ മാത്രമാണ്. അവിടെ ചിലരെ അച്ഛൻ ഓർമിക്കുന്നുണ്ട്.
മത്സ്യം ഇടയ്ക്കിടെ ജലോപരിയിൽ പൊന്തിവന്ന് ശ്വസിക്കുംപോലെ. മഹാകവി വൈലോപ്പിള്ളിയെ, കൃഷ്ണപിള്ളയെ, പൊന്നപ്പൻ മാമനെ, നടൻ സത്യനെ, വയലാറിനെ അങ്ങനെ ചിലരെ. ഇവരെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണ് അച്ഛൻ പറയുന്നത്. ആദ്യമൊക്കെ ഞങ്ങളതു തിരുത്താൻ ശ്രമിച്ചിരുന്നു. പിന്നെപ്പിന്നെ അച്ഛൻ ഞങ്ങളോട് തർക്കിക്കാൻ തുടങ്ങി. വേദനാജനകമായ മൃതിയെ നേരിടാൻ അവർക്ക് കരുത്തുണ്ടായിരിക്കുമെന്നും അവർ ചിരഞ്ജീവികളായി ഇപ്പോഴും തന്റെ ചുറ്റുമുണ്ടെന്നും അച്ഛൻ വല്ലാതെ വിശ്വസിച്ചിരുന്നു.
അച്ഛന് വലിയ പഠിപ്പുണ്ടായിരുന്നില്ല. കൂട്ടക്ഷരത്തിൽനിന്ന് എഴുത്തച്ഛനിലേക്കുള്ള ഒറ്റവഴിയേ നടന്ന ഒരാളായിരുന്നു അച്ഛൻ. ആ ദൂരം അച്ഛനു മനഃപാഠമായിരുന്നു. എന്റെ ഓർമകൾ തുടങ്ങുന്ന കാലത്ത് കാണുന്ന കാഴ്ച കൈയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പും പുസ്തകങ്ങളുമായി വരുന്ന അച്ഛനെയായിരുന്നു. അച്ഛൻ നല്ലൊരു വായനക്കാരനായിരുന്നു. കിട്ടുന്നതെന്തും വായിക്കും. ഒരു നോവൽ വായിക്കുന്നതുപോലെ നിഘണ്ടുക്കൾ മറിച്ചുനോക്കി പോകുന്നത് കണ്ടിട്ടുണ്ട്.
പഴകി നിറംമങ്ങി മഞ്ഞച്ച ഒരു ശബ്ദതാരാവലി അച്ഛൻ ഏറെനാൾ സൂക്ഷിച്ചിരുന്നു. അതിന്റെ താളുകളിൽ വരലുകളാൽ ഉഴുതിട്ട പാടുകളുണ്ടായിരുന്നു. കുട്ടിക്കാലത്ത് പാവങ്ങളൊക്കെ വായിച്ച് കരഞ്ഞതൊക്കെ ഓർമയുണ്ടെന്ന് പറയും. അച്ഛനിൽനിന്നാണ് ഒരു റൊട്ടി മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട ഴാങ് വാൽ വഴാങിലേക്കും സീന്വെയിലെ ബിഷപ്പിലേക്കും പിന്നീട് നോത്രദാം പള്ളിയിലെ മണിക്കാരനായ ക്വിസിമൊദോ എന്ന കുള്ളനിലേക്കുമൊക്കെ ഞാൻ നടന്നത്. “ഏതു രാജ്യത്തും നമുക്കു പോയിവരാം; ഒരു പുസ്തകം വായിച്ചാൽ മതി” അച്ഛൻ പറയും. അങ്ങനെ അച്ഛൻ കണ്ടുവന്ന രാജ്യങ്ങളത്രെ, ഭാഷകളത്രെ, സംസ്കാരങ്ങളത്രെ, ജീവിതങ്ങളത്രെ.
ഒരുപാട് വായിച്ചുകൂട്ടിയതിന്റെ ക്രമമായിരുന്നു അച്ഛന്റെ ജീവിതം. അത് വൃത്തിയായി തുന്നിക്കെട്ടി ഒരു ജീവിതപുസ്തകമായി അച്ഛൻ കൊണ്ടുനടന്നു. തന്റെ വഴിയേ മക്കൾ നടക്കണമെന്ന് ഒരിക്കലും അച്ഛൻ ശഠിച്ചില്ല. പക്ഷേ, ഞങ്ങൾ അച്ഛന്റെ നിഴലിൽ ചവിട്ടിനടക്കാൻ മത്സരിക്കുകയായിരുന്നു. ആ നടത്തത്തിന് ഒരു ഗിരിപ്രഭാഷണത്തിന്റെ ശുദ്ധിയുണ്ടായിരുന്നു. “ഓർമകൾക്കപ്പുറം ചെറുമിഴി മിഴിച്ച നാൾ തൊട്ടേ പകച്ചു നടന്നേൻ” എന്നു കക്കാട് എഴുതിയിട്ടുണ്ട്. അമ്മയുടെ കനിവുറ്റ മിഴികളും അച്ഛന്റെ തെളിവുറ്റ മൊഴികളുമാണ് ഞങ്ങളെ വഴിനടത്തിയത്. അതിനാൽ ആ നടത്തത്തിന് മതിഭ്രമങ്ങളുടെ ആലസ്യമില്ലായിരുന്നു. അത് അന്തിച്ചമയങ്ങൾപോലെ ഭംഗിയുള്ളതായിരുന്നു. അച്ഛൻ മുൻപേ മുൻപേ നടന്നു. ഞങ്ങൾ വെയ്ലൊളിയേറ്റും തൊടിയിലെ തളിർത്ത പൂവ് നുള്ളിയും പിൻപേ പിൻപേ നടന്നു.
സൈക്കിളിൽ എന്നെയിരുത്തി അച്ഛൻ ചവിട്ടിയ ദൂരങ്ങളെ ഞാനിപ്പോൾ ഓർത്തുപോവുകയാണ്. ആ യാത്രകളധികവും സായാഹ്നങ്ങളിലായിരുന്നു. സായാഹ്നങ്ങളിൽ അച്ഛൻ ഏറെ ഉന്മേഷവാനായി കാണപ്പെട്ടു. ആ യാത്രകൾ വരുംകാലത്തേക്ക് ഓർമിച്ചുവയ്ക്കണമെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. അതിനാൽ പലതും പതിരായിപ്പോയി. എന്നാൽ, ചിലത് നക്ഷത്രങ്ങൾപോലെ തെളിഞ്ഞുനിൽപ്പുണ്ട്. അതിലൊന്ന് മുറ്റത്ത് ഭിക്ഷയ്ക്കു വന്ന ജടാധാരിയായ ഒരാളെ അച്ഛൻ ക്ഷണിച്ച് വീട്ടിനുള്ളിലേക്കു കൊണ്ടുവന്നതാണ്. അമ്മയും ഞങ്ങളും വല്ലാതെ ഭയന്നു. അച്ഛന്റെ സതീർഥ്യനും കളിക്കൂട്ടുകാരനുമായിരുന്നു അയാൾ. മതിഭ്രമം ബാധിച്ച അയാൾക്ക് അച്ഛനെ തീരെ മനസിലായിരുന്നില്ല. അയാൾ അയാളുടെ ലോകത്തായിരുന്നു.
അച്ഛൻ പലമട്ടിൽ അയാളിൽ ഓർമ പുതുക്കാൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. ഒടുവിലയാൾ കൂക്കിവിളിച്ചുകൊണ്ട് ഓടിപ്പോയി. അയാൾ പോയപ്പോൾ ഞങ്ങളിലാർക്കാണ് ഭ്രാന്ത് എന്ന് അച്ഛൻ ചോദിച്ചു. ഓടിപ്പോയ അവനോ ഓടിപ്പോകാത്ത എനിക്കോ? അച്ഛൻ ചിരിച്ചു. അച്ഛന്റെ ചോദ്യത്തിനുത്തരം ഇന്നുവരെ എനിക്കു കിട്ടിയിട്ടില്ല. ചില ചോദ്യങ്ങൾ മരുഭൂമിപോലെ നമുക്കിടയിലേക്ക് വളർന്നുവരും. അവ നമ്മെ മണൽകൊണ്ടു മൂടും.
അച്ഛന്റെ കവി വൈലോപ്പിള്ളിയായിരുന്നു. തൃശൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് പലതവണ വൈലോപ്പിള്ളി മാഷിനെ കണ്ട് സംസാരിച്ചിരുന്നു എന്നു പറഞ്ഞിട്ടുണ്ട്. അരയന്നഭംഗിയുള്ള മാഷിന്റെ കൈയ്യൊപ്പ് ഈ അടുത്തകാലംവരെ ഡയറിയിൽ അച്ഛൻ സൂക്ഷിച്ചിരുന്നു. എന്തുകൊണ്ട് വൈലോപ്പിള്ളി എന്നു ഞാനൊരിക്കൽ ചോദിച്ചിരുന്നു. അച്ഛനൊന്നും പറഞ്ഞില്ല. എനിക്കിഷ്ടമാണ് എന്നു മാത്രം പറഞ്ഞു.
ആ ഇഷ്ടം കവിയിൽനിന്ന് കവിതയിലേക്ക് വ്യാപിച്ചിട്ടുണ്ടാകാമെന്ന് എനിക്കു തോന്നുന്നു. അച്ഛന് ‘കണ്ണീർപ്പാടം’ പാതിയിലേറെ വരികൾ മനഃപാഠമായിരുന്നു. ലളിതസഹസ്രനാമം ഉരുവിടുംപോലെ മലയാളത്തിലെ പല കവിതകളും ചൊല്ലിനടക്കുന്നതു കണ്ടിട്ടുണ്ട്. ‘ചുണ്ടും നാവും വരളരുത്’ അതിന് കവിത ചൊല്ലി നടക്കണമെന്ന് അച്ഛൻ പറയുമായിരുന്നു. അച്ഛന് എല്ലാക്കാര്യത്തിലും തന്റേതായി നിലപാടുണ്ടായിരുന്നു. കൂപ്പിയ കൈകൾക്കുള്ളിൽ കൈത്തോക്ക് ഒളിപ്പിച്ചുവച്ച ഗോഡ്സയെ അച്ഛന് ഒരിക്കലും ഇഷ്ടമായിരുന്നില്ല.
അച്ഛന് രാഷ്ട്രീയമുണ്ടായിരുന്നോ എന്നറിയില്ല. ഒരിക്കൽപോലും വീട്ടിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. ഗാന്ധിജിയോടു വല്ലാത്തൊരു ആരാധന ഉള്ളതായി തോന്നിയിട്ടുണ്ട്. ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന പ്യാരിലാൽ എഴുതിയ The Last Face of Gandhi എന്ന പുസ്തകത്തെക്കുറിച്ച് അച്ഛൻ ഇടയ്ക്കിടെ പറയുമായിരുന്നു. അവസാനകാലങ്ങളിൽ ഗാന്ധിജി കടുത്ത നിരാശനും ദുഃഖിതനുമായിരുന്നുവെന്ന് ആ പുസ്തകത്തിൽ പറയുന്നുണ്ടെന്ന് പറയുമായിരുന്നു.
ലെനിനെയും സ്റ്റാലിനെയുംകാൾ അച്ഛന് ഇഷ്ടമുണ്ടായിരുന്നത് ലിയോൺ ട്രോട്സ്കിയോടായിരുന്നു. ട്രോട്സ്കിയുടെ ജീവചരിത്രം ലൈബ്രറിയിൽനിന്ന് കൊണ്ടുവന്ന് വായിക്കാൻ തന്നത് ഓർമയുണ്ട്. ട്രോട്സ്കിയെക്കുറിച്ച് എഴുതണമെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. അപ്പോഴേക്കും ഞാനതിൽനിന്നെല്ലാം ഒഴിഞ്ഞുമാറി നടന്നു. റാസ്പുട്ടിനെക്കുറിച്ച് ഒരു പുസ്തകമെഴുതിയപ്പോൾ അതു വായിച്ചിട്ട് അച്ഛൻ പറഞ്ഞു: “ഇനി ട്രോട്സ്കിയെക്കുറിച്ച് നീ എഴുതേണ്ട. റാസ്പുട്ടിന് പിന്നാലെ വരേണ്ട ആളല്ല ട്രോട്സ്കി.”
എന്റെ ആദ്യ കവിതാസമാഹരങ്ങളിലൊന്ന് “കരഞ്ഞില്ല സഖാക്കൾ എന്റെ നദിയിൽ മാവോസേതുങ്ങ്” പ്രസിദ്ധീകരിച്ചപ്പോൾ അച്ഛൻ പറഞ്ഞു; ഇതു പ്രകാശിപ്പിക്കുന്നെങ്കിൽ പ്രഫ. ഈച്ചരവാര്യരെക്കൊണ്ട് ചെയ്യിക്കണം. എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് ഇന്നും എനിക്കറിയില്ല. പക്ഷേ എന്തോ ഒരു നാളീബന്ധം ഈ പറച്ചിലിനു പിന്നിലുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. അച്ഛന്റെ ആഗ്രഹപ്രകാരം അടിയന്തരാവസ്ഥ ദിനത്തിൽ ഈച്ചരവാര്യരെക്കൊണ്ട് ഞാനത് പ്രകാശിപ്പിച്ചു. പ്രകാശനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്പോൾ മുതൽ ഞാനോർത്തത് എന്റെ അച്ഛനിൽനിന്ന് ഈച്ചരവാര്യരിലെ അച്ഛനിലേക്കുള്ള ദൂരത്തെക്കുറിച്ചായിരുന്നു. എന്റെ അച്ഛനിൽനിന്ന് കാണാവുന്ന ദൂരത്തായിരുന്നു ഈച്ചരവാര്യരിലെ അച്ഛൻ.
നരച്ച പുരികങ്ങൾക്കു താഴെ വെളുത്ത ചന്ദ്രക്കലകൾ വരഞ്ഞ കണ്ണുകളുയർത്തി ഈച്ചരവാര്യരിലെ അച്ഛൻ എന്നെ നോക്കിയത് ഇപ്പോഴും തെളിഞ്ഞുനിൽപ്പുണ്ട്. ഒരിക്കലും മറക്കാനാകാത്ത നോട്ടം. മൂർത്തവും തീക്ഷ്ണവുമായ നോട്ടം. യജ്ഞശുദ്ധിയാർന്ന നോട്ടം. പിന്നീടെപ്പോഴോ ഞാനെഴുതി, ഓരോ കാത്തിരിപ്പും വേദനയില്ലാത്ത ഓരോ തരം മരണമാണെന്ന്. ആ അച്ഛന്റെ കാത്തിരിപ്പിന് വാഴ്വിനെത്തന്നെ മറയ്ക്കുന്ന ഒരന്ധതയുടെ ആവരണമുണ്ടായിരുന്നു. അവിടെ വന്നുപോയവരിലെല്ലാം ആ അച്ഛൻ രാജനെ തേടിയിട്ടുണ്ടാകണം. പർവതം അതിന്റെ അഗാധതയിൽ ഒരു മാറ്റൊലി സൂക്ഷിക്കുന്നതുപോലെ “മകനേ...” എന്നൊരു വിളി ഒരു തേങ്ങലായി അവിടെ ഘനീഭവിച്ചു കിടപ്പുണ്ടാകും, അറിയില്ല.
രാമായണത്തിൽ ഉത്തമനായ മകൻ മധ്യമനായ മകൻ, എന്നൊക്കെയുള്ള വിശദീകരണങ്ങളുണ്ട്. രാമനെക്കുറിച്ച് പറയുന്ന സന്ദർഭങ്ങളാണിതെല്ലാം. അച്ഛൻ പറയാതെതന്നെ അദ്ദേഹത്തിന്റെ ആഗ്രങ്ങൾ സഫലീകൃതമാക്കുന്നവനാണ് ഉത്തമനായ മകൻ. അച്ഛൻ പറയുന്നത് അനുഷ്ഠിക്കുന്നവനാണ് മധ്യമനായ മകൻ. ഇതെഴുതി നിർത്തുന്പോൾ ഇതിലേതാണ് ഞാൻ എന്ന് എന്നോടുതന്നെ ചോദിച്ചുപോകുന്നു. മറുപടി ഇനിയും വന്നിട്ടില്ല.