നിസാരമല്ല പേവിഷബാധ
Tuesday, May 6, 2025 1:40 AM IST
ഡോ. എ. അല്‍ത്താഫ്
പ്രഫസര്‍, കമ്യൂണിറ്റി മെഡിസിന് വിഭാഗം, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം)
പേവിഷബാധയേറ്റ് കേരളത്തിന്റെ വിവിധ ജില്ലകളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴു പേരാണ് മരിച്ചത്. തെരുവുനായയുടെ കടിയേറ്റാണ് ഇവരില്‍ മിക്കവര്‍ക്കും രോഗം വന്നത്. പ്രതിരോധ കുത്തിവയ്പെടുത്തിട്ടും രോഗം വന്നത് ഏവരിലും ആശങ്ക ഉളവാക്കി.
തെരുവുനായകളില്‍നിന്നു മാത്രം കേരളത്തില്‍ ഒന്നരലക്ഷം പേര്‍ക്കാണ് ഓരോ വര്‍ഷവും കടിയേല്‍ക്കുന്നത്. രോഗം ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നു. കഴിഞ്ഞ വര്‍ഷം ആകെ 26 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇതേവരെ 14 പേര്‍ക്കാണ് രോഗബാധയുണ്ടായത്. എല്ലാം സാധാരണക്കാര്‍. ഏറെയും കുട്ടികളും ചെറുപ്പക്കാരും.
നൂറുശതമാനം മരണസാധ്യതയുള്ള രോഗമെങ്കിലും രോഗപ്രതിരോധത്തിന് ഏറെ ഫലപ്രദമെന്ന് കരുതുന്ന പ്രതിരോധ കുത്തിവയ്പെടുത്തിട്ടും രോഗബാധയുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ട തുണ്ട്. മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണു തലച്ചോറില്‍ എത്തുമ്പോഴാണ് പേവിഷ ബാധയുണ്ടാകുന്നത്.
തലയിലോ നാഡീഞരമ്പുകളിലോ കടിയേറ്റാല്‍ വാക്സിന് പ്രവര്‍ത്തനക്ഷമമാകുന്നതിനു മുന്‍പുതന്നെ രോഗാണു തലച്ചോറിലെത്തി രോഗബാധയുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിലും ശരിയായ പ്രാഥമിക ശുശ്രൂഷ ലഭിക്കാത്തവരിലുമാണ് ചിലപ്പോഴെല്ലാം റാബീസ് വാക്സിന് ചിലപ്പോഴെല്ലാം ഫലപ്രദമാകാതെ വരുന്നത്.
രോഗവാഹകരായ നായകള്‍ നമ്മുടെ തെരുവുകളെ കീഴടക്കുന്നതെന്തുകൊണ്ടെന്നത് ഗൗരവതരമായി ചിന്തിക്കണം. തെരുവുനായകളെ നിയന്ത്രിക്കേണ്ടതിന്റെയും വീടുകളില്‍ നായ വളര്‍ത്താന്‍ ലൈസന്‍സ് നല്‍കേണ്ടതിന്റെയും നായകടിയേല്ക്കുന്ന മനുഷ്യര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിന്റെയും ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. തദ്ദേശ സ്ഥാപനങ്ങള്‍ അവയുടെ ഇത്തരം ഉത്തരവാദിത്തങ്ങള്‍ ഗൗരവതരമായി നിര്‍വഹിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
മൃഗങ്ങളുടെ കടിയേറ്റാല്‍ കടിയേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് മുറിവിന്റെ വ്യാപ്തി അനുസരിച്ച് പതിനഞ്ചോ ഇരുപതോ മിനിറ്റ് നേരമെങ്കിലും കഴുകുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നതിലൂടെ, മുറിവിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള റാബീസ് വൈറസുകളില്‍ ഏതാണ്ട് 90 ശതമാനം വരെ നശിപ്പിക്കപ്പെടുന്നു. ഈ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വേണം പേവിഷ പ്രതിരോധ കുത്തിവയ്പെടുക്കാന്‍.
2008-09 കാലഘട്ടത്തിലായിരുന്നു തൊലിക്കിടയിലുള്ള റാബീസ് പ്രതിരോധ കുത്തിവയ്പ് (ഇന്‍ഡ്രാ ഡെര്മെല് റാബിസ് വാക്സിനേഷന്) കേരളത്തില്‍ നടപ്പാക്കിയത്. ഇത്തരത്തില്‍ വാക്സിനേഷന് നടപ്പാക്കിയ രണ്ടാമത് സംസ്ഥാനമായിരുന്നു കേരളം. ഇതിനു മുന്‍പ് ഇന്‍ട്രാ മസ്കുലര്‍ വാക്സിനേഷനായിരുന്നു പിന്തുടര്ന്നിരുന്നത്. അതിനേക്കാള്‍ വളരെ ചെറിയ ചെലവ് മാത്രമാണ് ഇപ്പോഴുള്ള വാക്സിനേഷന് രീതിക്കുള്ളത്. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ഈ വാക്സിനേഷന് നല്‍കുകയും ചെയ്യുന്നു.
2008നു മുന്‍പ് കേരളത്തില്‍ ഏതാണ് മുന്നൂറോളം പേര് പേവിഷബാധയേറ്റു മരിച്ചിരുന്നു. പുതിയ വാക്സിനേഷന് രീതി സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളിലൂടെ നടപ്പാക്കിയതിലൂടെ ഇപ്പോള്‍ അത് 20-25 പേരിലേക്ക് കുറയ്ക്കുന്നതിനു സാധിച്ചിട്ടുണ്ട്. ആദ്യ ദിവസത്തിനുശേഷം മൂന്ന്, ഏഴ്, 28 ദിവസങ്ങളില്‍ വാക്സിന് എടുക്കണം.
മുറിവിന്റെ സ്വഭാവമനുസരിച്ച് ചിലപ്പോള്‍ റാബീസ് ഇമ്യൂണോ ഗ്ലോബുലിന്‍ കുത്തിവയ്പ്പ് കൂടി നല്‍കേണ്ടി വന്നേക്കാം. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള റാബീസ് കേസുകളില്‍ നാലില്‍ മൂന്നു പേരും യാതൊരുവിധ പ്രതിരോധ കുത്തിവയ്പും സ്വീകരിക്കാത്തവരാണ്. കുത്തിവയ്പെടുത്തിട്ടും രോഗബാധയുണ്ടായവരില്‍ മിക്കവരുടെയും രോഗബാധയ്ക്കു കാരണം ശരിയായ പ്രഥമ ശുശ്രൂഷ ലഭിക്കാത്തതോ തലയിലോ കഴുത്തിലോ ഉള്ള ആഴത്തിലുള്ള മുറിവുകളോ ആകാം.
ഇപ്പോഴുള്ള റാബീസ് കേസുകളില്‍ മിക്കതും തെരുവുനായ്ക്കള്‍ കടിച്ചതിലൂടെയാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിനു തെരുവുനായ്ക്കളാണ് മനുഷ്യജീവന് ഭീഷണിയായി കേരളത്തിന്റെ തെരുവുകള്‍ അടക്കി വാഴുന്നത്. തെരുവുനായ്ക്കളുടെ ശല്യം കേരളത്തില്‍ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്.
നിലവിലുള്ള അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പരിപാടി അര്‍ഥവത്തായ ഫലങ്ങള്‍ നല്കുന്നില്ലെങ്കില് തെരുവുനായ്ക്കളുടെ പുനരധിവാസമോ അവയുടെ എണ്ണം കുറയ്ക്കലോ ഉള്‍പ്പെടെയുള്ള കൂടുതല്‍ ഫലപ്രദമായ നടപടികള്‍ അടിയന്തരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. എല്ലാ നിയമങ്ങളും ആദ്യം മനുഷ്യര്‍ക്ക് വേണ്ടി തന്നെയാകണം. പേവിഷബാധയ്ക്കെതിരേ നിഷ്ക്രിയത്വം ഒരിക്കലും പ്രതിരോധ മാര്‍ഗമല്ല.
എന്താണ് പേവിഷബാധ
തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് പേവിഷബാധ. വൈറസാണ് രോഗകാരി. സസ്തനികളിലാണ് ഈ വൈറസ് ജീവിക്കുന്നത്. ഇന്ത്യയില്‍ 97 ശതമാനവും നായകളില്‍ നിന്നാണ് രോഗപ്പകര്‍ച്ച സംഭവിക്കുന്നത്. മൂന്നു ശതമാനം പൂച്ചകളില്‍നിന്നു പകരുന്നു.
മറ്റ് വന്യമൃഗങ്ങളില്‍ നിന്ന് ഒരുശതമാനം രോഗബാധ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഉമിനീരില്നിന്നാണ് രോഗം പകരുന്നത്. വൈറസ് ബാധയേറ്റ മൃഗം കടിക്കുമ്പോഴോ മാന്തുമ്പോഴോ നക്കുമ്പോഴോ രോഗപ്പകര്ച്ചയുണ്ടാകുന്നു. സാധാരണ മനുഷ്യരിലേക്ക് വൈറസെത്തുന്നത് ഈ രീതികള്‍ വഴിയാണ്. വൈറസ് ശരീരത്തില്‍ എത്തിയാല്‍ ആഴ്ചകള്‍ക്കുള്ളിലോ മൂന്നു മാസത്തിനു ശേഷമോ ഒരു വര്‍ഷം വരെയോ കാലയളവിനുള്ളില്‍ രോഗം പ്രത്യക്ഷപ്പെടാം.
പനി, കടിയേറ്റ ഭാഗത്ത് തരിപ്പ് എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. പിന്നാലെ ഗുരുതരമായ മറ്റ് ലക്ഷണങ്ങളും പ്രത്യക്ഷപ്പെടും. ആക്രമണസ്വഭാവം, അമിതമായ വികാരപ്രകടനങ്ങള്‍, വെള്ളത്തെ പേടി, ശരീരഭാഗങ്ങള്‍ ചലിപ്പിക്കാന്‍ കഴിയാതെവരിക, മനോവിഭ്രമം, ചിന്താനഷ്ടം, അബോധാവസ്ഥ എന്നിവയുണ്ടാകാം. ഒടുവില്‍ രോഗി മരണത്തിനു കീഴടങ്ങും. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ചികിത്സകൊണ്ട് ഫലമില്ല. കടിയേറ്റതിനു ശേഷം വൈറസ് കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് എത്തിച്ചേരുന്ന സമയമനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.