അശാന്തമായ തുർക്കി
തോമസ് എം. പോൾ
Monday, May 5, 2025 11:48 PM IST
ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫാ കെമാൽ അത്താതുർക്ക് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയാണ് റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി). തുർക്കിയിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ സിഎച്ച്പിയാണ് മുഖ്യനഗരമായ ഇസ്താംബൂളിലെ നഗരസഭ ഭരിക്കുന്നത്. മേയറായ എക്രെം ഇമാമൊഗ്ലു മാർച്ച് 19ന് അറസ്റ്റിലായി.
അഴിമതിയും കൈക്കൂലിയും ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട അദ്ദേഹത്തെ മാർച്ച് 23നു നടന്ന പാർട്ടിയുടെ സമ്മേളനത്തിൽവച്ച് 2028ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചു. പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗന്റെ വൈരനിര്യാതനബുദ്ധിയും തുടർന്നും അധികാരത്തിൽ തുടരാനുള്ള ആഗ്രഹവുമാണ് അറസ്റ്റിനു പിന്നിലുള്ള കാരണമെന്ന് ജനങ്ങൾ കരുതുന്നു. ഇപ്പോൾ തുർക്കിയിലുള്ള ഏറ്റവും ജനപ്രിയ നേതാവാണ് ഇമാമൊഗ്ലു.
പത്തുവർഷം പ്രധാനമന്ത്രിയും (2003-2014) തുടർന്ന് പ്രസിഡന്റുമായി (2014 മുതൽ) അധികാരസ്ഥാനത്തിരിക്കുന്ന എർദോഗന് പദവി വിട്ടൊഴിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടുതവണ പ്രസിഡന്റ് പദത്തിലിരുന്ന അദ്ദേഹത്തിന് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണഘടനാപരമായ തടസമുണ്ട്. അതു മറികടക്കാൻ മുൻകൂട്ടി തെരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹം തയാറാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ആ തെരഞ്ഞെടുപ്പിൽനിന്ന് ഇമാമൊഗ്ലുവിനെ ഒഴിവാക്കുകയാണ് എർദോഗന്റെ യഥാർഥ ലക്ഷ്യമെന്നു കരുതപ്പെടുന്നു. കഴിഞ്ഞ വർഷം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സിഎച്ച്പി വിജയിച്ചത് എർദോഗനുള്ള മുന്നറിയിപ്പായിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും വന്പൻ പദ്ധതികൾ നടപ്പാക്കാനും എർദോഗനു കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഏകാധിപത്യപ്രവണതകളും ജനാധിപത്യ വിരുദ്ധതയും സാധാരണക്കാർക്കുപോലും അസഹ്യമായിത്തീർന്നിരിക്കുന്നു.
ബഹുജനമുന്നേറ്റമായി പ്രതിഷേധങ്ങൾ
2013ൽ നടന്ന ഗെസി പാർക്ക് പ്രതിഷേധത്തേക്കാൾ വലിയ ബഹുജനമുന്നേറ്റമാണ് ഇമാമൊഗ്ലുവിന്റെ അറസ്റ്റിനെത്തുടർന്ന് ഇപ്പോൾ രാജ്യത്തുണ്ടായിരിക്കുന്നത്. 2013ൽ എർദോഗന്റെ ഏകാധിപത്യമായിരുന്നു പ്രതിഷേധത്തിനു കാരണമായതെങ്കിൽ ഇപ്പോൾ ജനാധിപത്യം സംരക്ഷിക്കാനാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുന്നത്.
മാർച്ച് 19ന് ഇമാമൊഗ്ലുവിന്റെ അറസ്റ്റിനുശേഷം എല്ലാ ബുധനാഴ്ചയും ഇസ്താംബൂളിലും ശനിയാഴ്ചകളിൽ ഓരോ പട്ടണങ്ങളിലും വന്പൻ പ്രതിഷേധപ്രകടനങ്ങളാണു നടന്നുവരുന്നത്. രണ്ടായിരത്തിലേറെപ്പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. യഥാർഥ സംഖ്യ ഇതിലുമെത്രയോ അധികമാണത്രെ. പ്രതിഷേധക്കാരോട് പോലീസ് അതിക്രൂരമായാണു പെരുമാറുന്നത്. സർക്കാർ സംവിധാനങ്ങളെല്ലാം എർദോഗന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മത്സരിക്കുകയാണ്.
മാർച്ച് ആദ്യം ഇസ്താംബൂളിൽ വിമാനമിറങ്ങിയ സ്വീഡിഷ് മാധ്യമപ്രവർത്തകനായ കായ് യൊവാക്കിം മെദിൻ അറസ്റ്റിലായി. സ്വീഡനിൽവച്ച് പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് മെദിൻ ചെയ്ത കുറ്റം. 2023ൽ സ്റ്റോക്ക്ഹോമിൽ നടന്ന പ്രതിഷേധറാലിയിൽ എർദോഗന്റെ ചിത്രം പ്രദർശിപ്പിച്ചത്രെ. റാലിയിൽ താൻ പങ്കെടുത്തില്ലെന്നും അന്നു വിദേശത്തായിരുന്നു എന്നും മെദിൻ പറയുന്നു. ഭീകരവാദത്തെ പിന്തുണച്ചു എന്ന ആരോപണവും മെദിന്റെ പേരിലുണ്ട്. അപകീർത്തിപ്പെടുത്തലിനു ലഭിച്ച പതിനൊന്നു മാസത്തെ തടവുശിക്ഷക്കു പുറമേ ഇനിയും അദ്ദേഹത്തിനു ശിക്ഷ കിട്ടിയേക്കാം.
മതാധിഷ്ഠിതമായ ഒരു പൗരസഞ്ചയമാണ് തുർക്കിയിലുള്ളത്. എങ്കിലും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത ഒരു ഭരണകൂടത്തിനു മതപരമായ പ്രീണിപ്പിക്കൽകൊണ്ടോ വൈകാരികതകൊണ്ടോ ജനകീയ പിന്തുണ നേടാൻ സാധ്യമല്ല. ജനക്കൂട്ടം കേൾക്കെ വായിച്ച ഒരു കത്തിൽ ഇമാമൊഗ്ലു പറഞ്ഞു: “ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ളതുകൊണ്ടാണ് യുവജനങ്ങൾ ഈ ജനമുന്നേറ്റത്തിന്റെ മുന്പിലുള്ളത്. അവർ റെസെപ് തയ്യിപ് എർദോഗനോടു പറയുകയാണ്, ജനങ്ങളെ മാനിക്കുക. രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുകളിക്കരുത്, വഞ്ചന പാടില്ല. നീതിപൂർവം മത്സരിക്കുക. എന്നാൽ, എർദോഗൻ ഈ സ്വരങ്ങളൊന്നും കേൾക്കുന്നില്ല. ഇത് എക്രെം ഇമാമൊഗ്ലുവിനെ സംബന്ധിക്കുന്ന കാര്യമല്ല. ഇതു നമ്മുടെ രാജ്യത്തെ സംബന്ധിക്കുന്ന കാര്യമാണ്”. കത്ത് വായിച്ചുകേട്ടപ്പോൾ ജനം ആർത്തുവിളിച്ചു - “അവകാശങ്ങൾ, നിയമവാഴ്ച, നീതി.”
പ്രതിപക്ഷ നേതാവും സിഎച്ച്പി തലവനുമായ ഒസ്ഗുർ ഓസെൽ പറഞ്ഞത് ശ്രദ്ധേയമാണ്: “എട്ടോ പത്തോ കൊല്ലം ജയിലിൽ കിടക്കാനും ഞാൻ തയാറാണ്. എർദോഗൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിപ്ലവം തടഞ്ഞില്ലെങ്കിൽ അതു ബാലറ്റുപെട്ടിയുടെ അവസാനമായിരിക്കും.” തെരുവുലഹള എന്നു പ്രതിഷേധപ്രകടനങ്ങളെ എർദോഗൻ പരിഹസിച്ചെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമവും വളരെ സജീവമാണ്. തുർക്കിക്കാരായ 13 മാധ്യമപ്രവർത്തകരെ ആദ്യദിവസങ്ങളിൽ തന്നെ അറസ്റ്റ് ചെയ്തു. ഒരു ബിബിസി ലേഖകനെ തിരിച്ചയച്ചു. ഇമാമൊഗ്ലുവിന്റെ വക്കീലിനെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. സ്വീഡിഷ് മാധ്യമപ്രവർത്തകനായ മെദിന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് അദ്ദേഹവും സ്വീഡിഷ് പത്രത്തിന്റെ പത്രാധിപരും പറയുന്നു.
മുൻനിരയിൽ വിദ്യാർഥികളും യുവജനങ്ങളും
വിദ്യാർഥികളും യുവജനങ്ങളുമാണ് പ്രതിഷേധങ്ങളുടെ മുൻനിരയിലുള്ളത്. വിദ്യാർഥികളുടെ ഹോസ്റ്റലുകളിൽ കയറി പ്രതിഷേധക്കാരെ തപ്പുന്നതും തുറുങ്കിലടയ്ക്കുന്നതും പ്രതിഷേധക്കാരെ മർദിക്കുന്നതും നിത്യസംഭവമായിരിക്കുന്നു. ഇമാമൊഗ്ലുവിന്റെ അറസ്റ്റ് മാത്രമല്ല പ്രതിഷേധത്തിനു കാരണം. രാജ്യത്തിന്റെ സാന്പത്തികസ്ഥിതി ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. യുവാക്കളുടെ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. അതായത്, 17 ശതമാനം. സർക്കാർ ജോലികൾ ഭരണകക്ഷിയുടെ അനുകൂലികൾക്കാണ്. നാണയപ്പെരുപ്പത്തിന്റെ തോതും വർധിച്ചിരിക്കുന്നു. നഗരങ്ങളിൽ ഒരു താമസസ്ഥലം കണ്ടെത്തുക അതീവ ദുഷ്കരമാണ്. പത്തിൽ ഏഴു യുവജനങ്ങളും വിദേശത്തു പോകാൻ കാത്തിരിക്കുന്നവരാണെന്ന് ഇസ്താംബൂളിലെ ഇസ്താൻപോൾ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സർവേ കണ്ടെത്തി. സ്വാതന്ത്ര്യനിഷേധം അവർക്ക് അംഗീകരിക്കാനാവില്ല. സുരക്ഷിതത്വവും ക്ഷേമവുമുള്ള ഒരു തുർക്കിയാണ് അവരുടെ സ്വപ്നം.
നിരീക്ഷണ കാമറകളിൽ പതിയാതിരിക്കാൻ യുവാക്കൾ മാസ്ക് ധരിച്ചാണ് പ്രകടനങ്ങളിൽ പങ്കെടുക്കുന്നത്. കാരണം അവരെ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നുണ്ട്. “ഈ രാജ്യത്തെ രക്ഷിക്കാനുള്ള അവസാനത്തെ അവസരമാണിത്” - ഒരു വിദ്യാർഥി പറഞ്ഞു. മറ്റൊരു വിദ്യാർഥിനി പറഞ്ഞു: “ഇതൊന്നു തീർന്നുകിട്ടിയാൽ മതിയായിരുന്നു. ഞാൻ മടുത്തു. എനിക്കു സ്വതന്ത്രമായി ചിന്തിക്കണം. മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യം എനിക്കു വേണം.” യുവാക്കളുടെ മുഴുവൻ വികാരവും പ്രകടിപ്പിക്കുന്ന വാക്കുകൾ. ഒരു വിദ്യാർഥി വിളിച്ചുപറയുന്നു: “പ്രതിഷേധം തുടരട്ടെ. നമ്മൾ പ്രതീക്ഷ കൈവിടുകയില്ല.” പ്രതിഷേധത്തിൽ പങ്കുചേരാൻ പലയിടങ്ങളിൽ കർഷകരുമെത്തി, അവരുടെ ട്രാക്ടറുകൾ നിരനിരയായി ഓടിച്ചുകൊണ്ട്. ഇന്ത്യയിലും ഫ്രാൻസിലും ജർമനിയിലും കണ്ടതുപോലെതന്നെ. വൻ നഗരങ്ങളായ ഇസ്താംബൂളിലും മെർസിനിലും മാത്രമല്ല, കൊച്ചുപട്ടണങ്ങളായ സാംസുൻ, യോസ്ഗാത്ത് എന്നിവിടങ്ങളിലെല്ലാം പ്രകടനങ്ങൾ നടക്കുന്നു.
രാഷ്ട്രീയ വെല്ലുവിളി
എർദോഗനു തന്റെ ഭരണകാലത്തു നേരിടേണ്ടിവന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഈ ബഹുജന മുന്നേറ്റങ്ങൾ. ആഴ്ചകൾ പലതു കഴിഞ്ഞിട്ടും ഇരുവിഭാഗവും ഒട്ടും അയയുന്ന മട്ടിലല്ല. ക്രമേണ ജനങ്ങൾ എല്ലാം മറക്കുമെന്നും സമരങ്ങൾ തനിയെ കെട്ടടങ്ങുമെന്നും എർദോഗൻ കരുതുന്നു. അന്തർദേശീയ സാഹചര്യങ്ങൾ അനുകൂലമാണെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. യൂറോപ്പിന്റെ കുടിയേറ്റവിരുദ്ധ നയങ്ങൾ വിജയിപ്പിക്കാൻ തുർക്കിയുടെ സഹായം ആവശ്യമാണ്. യുക്രെയ്ൻ-റഷ്യൻ യുദ്ധവും ഇസ്രയേൽ-ഗാസ-ലബനൻ സംഘർഷവുമെല്ലാം തുർക്കിക്ക് പ്രാധാന്യം നേടിക്കൊടുത്തിരിക്കുന്നു. നാറ്റോയിലെ പ്രമുഖാംഗമാണ് തുർക്കി. എങ്കിലും വിജയിക്കുംവരെ സമരം എന്നതാണു നിലപാടെന്ന് സിഎച്ച്പി നേതാക്കൾ വ്യക്തമാക്കുന്നു.
ഇമാമൊഗ്ലുവിനെ അറസ്റ്റ് ചെയ്തതിലൂടെ പ്രതിപക്ഷ ഐക്യം തകർക്കാനും എർദോഗൻ ഉദ്ദേശിക്കുന്നു. എർദോഗന്റെ കടുത്ത ശത്രുക്കളായ പികെകെ (കുർദുകളുടെ പാർട്ടി) ഇതുവരെ പ്രതികരിച്ചിട്ടേ ഇല്ല. കുർദുകളുമായി സമാധാനം സ്ഥാപിച്ചുകൊണ്ട് അവരെ തന്റെ പക്ഷത്താക്കാനാണ് എർദോഗന്റെ ശ്രമം. സഹകരിക്കുന്ന പ്രതിപക്ഷ പാർട്ടികളെ സ്നേഹിച്ചു കൊല്ലുക, എതിർക്കുന്നവരെ നശിപ്പിക്കുക - ഇതാണ് എർദോഗന്റെ നയമെന്ന് തുർക്കികാര്യങ്ങളിൽ വിദഗ്ധനായ സലിം സെവിക്ക് പറയുന്നു. തന്റെ ഏകാധിപത്യത്തിനു വിലങ്ങുതടിയായി ഇനി അവശേഷിക്കുന്നത് തെരഞ്ഞെടുപ്പുകളാണ്. അതുകൂടി ഇല്ലാതാക്കാനാണ് എർദോഗന്റെ ശ്രമം. ഇതിനിടയിലും ജനാധിപത്യബോധമുള്ള പൗരജനങ്ങൾ “എർദോഗൻ രാജിവയ്ക്കുക” എന്നാർത്തുവിളിച്ചുകൊണ്ട് തുർക്കിയുടെ നഗരങ്ങളെ പ്രകന്പനം കൊള്ളിക്കുന്നു - “തയ്യിപ് ഇസ്തിഫാ.” അവർ ഒന്നും രണ്ടുമല്ല; ലക്ഷക്കണക്കിനാണ്. പ്രതിഷേധം രാജ്യമാകെയുണ്ട്. അധികാരകേന്ദ്രങ്ങൾ അതിനോടു പ്രതികരിക്കുംവിധമായിരിക്കും തുർക്കിയിലെ ജനാധിപത്യത്തിന്റെ ഭാവി.