ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും എന്തുകൊണ്ട് പരാജയപ്പെടുന്നു?
Monday, May 5, 2025 11:43 PM IST
നവസംരംഭങ്ങളും സംരംഭകത്വവും-2/ ഡോ. ജോബ് കുര്യൻ നേര്യംപറമ്പിൽ
ആഗോളതലത്തിൽ ഏകദേശം 15 കോടി സ്റ്റാർട്ടപ്പുകൾ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, അതില്‍ വിജയിച്ചവയുടെ എണ്ണം വളരെ കുറവാണ്. ഏജൻസി റിപ്പോർട്ടുകൾപ്രകാരം, 80,000ത്തിലധികം സുസ്ഥാപിതമായ സ്റ്റാർട്ടപ്പുകളുമായി യുഎസ്എ ഒന്നാം സ്ഥാനത്തും 17,000 സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ, വളരെ പിന്നിലായി, രണ്ടാം സ്ഥാനത്തുമാണ്. 2024ന്റെ ഒരു പാദത്തിലെ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിംഗ് ഏകദേശം 65 ബില്യൺ ഡോളറാണ്. ഓരോ വർഷവും ഏകദേശം അഞ്ചു കോടി സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയും സ്ഥാപിതമായി ഒരു വർഷത്തിനുള്ളിൽ ഇവയില്‍ 10 ശതമാനം സ്റ്റാർട്ടപ്പുകൾ പരാജയപ്പെടുകയും ചെയ്യുന്നു. അതേസമയം, 70 ശതമാനം സ്റ്റാർട്ടപ്പുകൾ രണ്ടാം വർഷത്തിനും അഞ്ചാം വർഷത്തിനും ഇടയിലാണ് പരാജയം രുചിക്കുന്നത്.
കാലക്രമത്തിൽ സ്റ്റാർട്ടപ്പുകളുടെ പരാജയനിരക്ക് വർധിക്കുന്നതായാണ് കാണുന്നത്. വ്യവസായമേഖലയിലുടനീളം സ്ഥാപിതമായി പത്ത് വർഷത്തിനുള്ളിൽതന്നെ ഭൂരിഭാഗം ബിസിനസുകളും പരാജയം ഏറ്റുവാങ്ങുന്നു. അതായത്, ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോള്‍, 90 ശതമാനംസ്റ്റാർട്ടപ്പുകളും പരാജയപ്പെടുന്നു എന്നു കാണാനാവും; 10 സ്റ്റാർട്ടപ്പുകളിൽ ഒന്നുമാത്രമേ അതിജീവിക്കാൻ സാധ്യതയുള്ളൂ എന്നര്‍ഥം. മുകളിൽ സൂചിപ്പിച്ചതുപോലെ, ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും ആത്യന്തികമായി പരാജയപ്പെടുമ്പോൾ, അങ്ങനെയല്ലാത്തവയുമുണ്ട്. രാജ്യത്തെ രണ്ടു സ്ഥാപനങ്ങളിലെ ഇൻകുബേഷനുമായി ബന്ധപ്പെട്ട് ലേഖകന്റെ നിരീക്ഷണത്തിൽനിന്ന്, ഒരു സ്റ്റാർട്ടപ്പ് വിജയിക്കാൻ ചില ഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ് എന്നാണു മനസിലാക്കാന്‍ കഴിഞ്ഞത്.
പ്രൊമോട്ടർമാരുടെ കൂട്ടായ പരിശ്രമം
പുതുസംരംഭത്തിന്റെ അടിസ്ഥാന ആശയത്തോടുള്ള പ്രൊമോട്ടർമാരുടെ ആത്മാര്‍ഥമായ താത്പര്യത്തിനാണ് ഇതില്‍ പ്രാഥമികവും നിർണായകവുമായ പ്രാധാന്യം. പ്രസ്തുത ആശയത്തോട് തീവ്രമായ അർപ്പണബോധം, ഉത്സാഹം എന്നിവ പ്രോമോട്ടര്ക്ക് ഉണ്ടായിരിക്കണം. പ്രൊമോട്ടർ ടീം സംരംഭത്തിനു പിന്നിലുള്ള ആശയത്തെ പിന്തുണയ്ക്കാൻ പരമാവധി പ്രയത്നിക്കാൻ തയാറല്ലെങ്കിൽ, ഒരു മികച്ച ആശയത്തിനുപോലും പരാജയം സംഭവിച്ചേക്കാം. മേഖലയിലുള്ള വൈദഗ്ധ്യവും അതോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നു. തങ്ങള്‍ പ്രവർത്തിക്കുന്ന മേഖലയെ സ്ഥാപകർ സമ്പൂര്‍ണമായി അറിഞ്ഞിരിക്കണം.
ഇതിനു പുറമെ, പരിധിയില്ലാത്ത പ്രവൃത്തിസമയവും നീക്കുപോക്കില്ലാത്ത പ്രവര്‍ത്തനപദ്ധതികളും സ്റ്റാർട്ടപ്പ് ടീമിന് അനിവാര്യമാണ്. പ്രവൃത്തിദിനങ്ങളിൽ 12 മണിക്കൂറിൽ കൂടുതൽ ഷെഡ്യൂളുകൾ ഉണ്ടായേക്കാം. ഒരു ആശയം വിജയിപ്പിക്കാൻ ടീം അവരുടെ ഭൂരിഭാഗം പ്രവൃത്തിസമയവും നീക്കിവയ്ക്കാൻ തയാറല്ലെങ്കിൽ, അതു വളര്‍ത്തിയെടുക്കാന്‍ പാടുപെടേണ്ടി വന്നേക്കാം. ഒരു സ്റ്റാർട്ടപ്പിന്റെ വിപണിയുടെ വലുപ്പം അതിന്റെ സാധ്യതകളുടെ വ്യാപ്തിയെ നിർണയിക്കുന്നു എന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ ചെറിയ വിപണിസാഹചര്യങ്ങൾ, അതിജീവിക്കാൻ കഴിയാത്തത്ര ദുഷ്കരമായ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിച്ചേക്കാം.
മോശം ആസൂത്രണം
വിശ്വാസ്യതയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഉൾപ്പെടെ സ്റ്റാർട്ടപ്പ് പരാജയങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും മോശം ആസൂത്രണം, വിപണി ആവശ്യകതയുടെ അഭാവം, സാമ്പത്തിക സ്ഥിരതയില്ലായ്മ എന്നിവയാണ് സ്റ്റാർട്ടപ്പ് പരാജയങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഉത്പന്നത്തിനോ സേവനത്തിനോ യഥാർഥ ഡിമാൻഡ് ഇല്ല എന്ന ലളിതമായ കാരണമാണ് സ്റ്റാര്‍ട്ടപ്പ് പരാജയകാരണങ്ങളില്‍ പ്രധാനം. പരിമിതമായ ആവശ്യകതയുള്ളതോ ആവശ്യമില്ലാത്തതോ ആയ എന്തെങ്കിലും നിര്‍മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതുകൊണ്ടാണ് 42 ശതമാനം സ്റ്റാർട്ടപ്പുകളും പരാജയപ്പെടുന്നത്. ഒരു സ്റ്റാർട്ടപ്പിന് വിപണിജ്ഞാനവും ഉപഭോക്തൃ മൂല്യനിർണയവും ഒഴിച്ചുകൂടാനാവാത്തതാണ്.
മൂലധനത്തിന്റെ അഭാവം
സ്റ്റാർട്ടപ്പുകൾ പരാജയപ്പെടുന്നതിനുള്ള മറ്റൊരു പ്രധാന കാരണമാണ് മൂലധനത്തിന്റെ അഭാവം. 38 ശതമാനം സ്റ്റാർട്ടപ്പുകളും സാമ്പത്തിക പരാധീനതകൾ കാരണമാണ് അടച്ചുപൂട്ടുന്നത്. ധനസ്വരൂപണം അടിസ്ഥാനശിലയാണെങ്കിലും, പണത്തിന്റെ അനുചിതമായ വിന്യാസം വിനാശകരമായേക്കാം. സാകല്യസ്വഭാവിയായതും വികസിപ്പിക്കാൻ കഴിയുന്നതുമായ ബിസിനസ് മോഡലിന്റെ അഭാവം സ്റ്റാർട്ടപ്പ് പരാജയത്തിന്റെ മറ്റൊരു കാരണമാണ്. പാളിച്ചകളുള്ള ബിസിനസ് മോഡലും അതുപോലെ വിനാശകരമാണ്.
വിപണിയിലെ മത്സരം
അനുയോജ്യമായ ഘട്ടത്തിൽ മാത്രം പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നത് പ്രധാനമാണ്. കൃത്യമായ ഉത്പന്നവിപണി ചേര്‍ച്ചയും ശ്രദ്ധയര്‍ഹിക്കുന്നു. 74 ശതമാനം പരാജയപ്പെട്ട സ്റ്റാർട്ടപ്പുകളും തങ്ങളുടെ ഉത്പന്നം ഉപഭോക്താക്കളുടെ ആവശ്യങ്ങളോടും താത്പര്യങ്ങളോടും സംവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനു മുമ്പുതന്നെ വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി വിശ്വസനീയമായ പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിപണിയിലെ മത്സരം പരാജയത്തിന്റെ മറ്റൊരു കാരണമാണ്. 19 ശതമാനം സ്റ്റാർട്ടപ്പുകളും മത്സരത്തിൽ പിന്നാക്കമായതിനാൽ പരാജയപ്പെട്ടവയാണ്.
ശക്തമായ മത്സരത്തെ അതിജീവിച്ച സ്റ്റാർട്ടപ്പുകൾ ഒന്നുകിൽ തികച്ചും അതുല്യമായ ഒരു ഉത്പന്നം വിപണിയിലെത്തിച്ചവയോ മികച്ച ബ്രാൻഡിംഗ് തന്ത്രങ്ങള്‍ ഉപയോഗിച്ചവയോ പ്രാരംഭദശയില്‍തന്നെ ഒരു പ്രത്യേക വിപണിയിൽ ആധിപത്യം സ്ഥാപിച്ചവയോ ആയിരുന്നു. ഏറ്റവും പ്രധാനമായി, ഒരു സ്റ്റാർട്ടപ്പിന്റെ വിജയം അതിന്റെ സ്ഥാപകരുടെ സാമര്‍ഥ്യത്തെയും കൂട്ടായ്മയെയും വളരെയധികം ആശ്രയിച്ചിരിക്കുന്നു. 23 ശതമാനം സ്റ്റാർട്ടപ്പ് പരാജയങ്ങളും നേതൃപരവും ടീം സംബന്ധവുമായ പ്രശ്നങ്ങൾമൂലമാണെന്നാണ് യാഥാർഥ്യബോധത്തോടെയുള്ള പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പല സ്റ്റാർട്ടപ്പുകളും പരാജയപ്പെടുന്നത് അവരുടെ ആശയം മോശമായതുകൊണ്ടല്ല, അവരുടെ ടീമിന് കഴിവുകൾ, പരിചയം, നേതൃത്വം എന്നിവയുടെ യുക്തിയുക്തമായ സമന്വയം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്.
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ ചരിത്രം
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഇന്ന് സ്റ്റാർട്ടപ്പുകളുടെ ഒരു പ്രധാന കേന്ദ്രമാണ്. ഇവിടെ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2016ൽ ഏകദേശം 500 ആയിരുന്നതില്‍നിന്നും 2024 ആയപ്പോഴേക്കും 1.7 ലക്ഷത്തിലധികമായി ഉയർന്നു. ഒരു ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകളുടെ (യൂണികോൺ) എണ്ണം 2016നു മുമ്പ് 10ൽ താഴെയായിരുന്നത് ഇന്ന് 110 ആയി ഉയർന്നു. മറ്റു സാമ്പത്തികനേട്ടങ്ങൾക്കു പുറമെ, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 1700 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി കണക്കാക്കപ്പെടുന്നു.
വ്യവസായവിപ്ലവാനന്തര കാലത്തെ കോളനിരാജ്യങ്ങളിലെ സംരംഭകത്വത്തിന്റെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയുടെ അതേ രീതിയിലാണ് ഇന്ത്യയിലെയും സംരംഭകത്വത്തിന്റെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയെന്ന് കാണാൻ സാധിക്കും. കവാസ്ജി ഡോവറിന്റെ കോട്ടൺ മിൽ (1854), ജംഷഡ്ജി ടാറ്റ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ് (1868) എന്നിവ ഈ നിരീക്ഷണത്തെ ശരിവയ്ക്കുന്നു. അവ വലിയ കോർപറേഷനുകളായി വളർന്നത് അന്നത്തെ സ്വാഭാവിക വളർച്ചാരീതി അനുസരിച്ചായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പുതിയ വ്യവസായ നയം (1956), ബ്രിട്ടീഷ് സർക്കാർ നിശ്ചയിച്ചിരുന്നതും വ്യവസായ വികസനത്തിന് ഏറ്റവും വലിയ തടസമായിരുന്നതുമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലഘൂകരിച്ചു.
സംരംഭകത്വത്തിന്റെ പരിവർത്തനം
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ വ്യവസായങ്ങൾക്ക് കാര്യമായ വളർച്ചയുണ്ടായെങ്കിലും, റഷ്യൻ മാതൃകകളെ അടിസ്ഥാനമാക്കിയുള്ള നെഹ്റുവിയൻ നയങ്ങൾ സംരംഭകർക്ക് നൽകിയ പിന്തുണ ഉദാരമായിരുന്നില്ല. 1980കളുടെ മധ്യത്തിൽ കംപ്യൂട്ടർ വ്യവസായത്തിന്റെ ഉദാരവത്കരണം അവതരിപ്പിച്ചതോടെയാണ് സംരംഭകത്വത്തിന്റെ പ്രധാന പരിവർത്തനം ആരംഭിച്ചതെന്നു പറയാം. ഇത് ഇന്ത്യയിലെ ഡിജിറ്റൽ മേഖലയെ അദ്ഭുതാവഹമായ വളർച്ചയിലേക്കു നയിച്ചു.
1991ല്‍ ഇന്ത്യൻ സമ്പദ്വ്യവസ്ഥയില് അവതരിപ്പിക്കപ്പെട്ട ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം (എൽപിജി) എന്നീ നയങ്ങള്‍ വ്യവസായങ്ങൾക്കു കൂടുതൽ ഉത്തേജനം നൽകി. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയ ഇന്ത്യൻ ഐടി ഭീമന്മാരുടെ പ്രവർത്തനങ്ങൾക്ക് വലിയ ഉത്തേജനം ലഭിച്ചു. ഈ കമ്പനികൾ ഇന്ത്യയിലെ ഐടി വ്യവസായത്തിന്റെ വളർച്ചയ്ക്കു മാത്രമല്ല വഴിയൊരുക്കിയത്, പിന്നീട് സ്റ്റാർട്ടപ്പ് സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പരിചയസമ്പന്നരും ആത്മവിശ്വാസമുള്ളവരുമായ സംരംഭകരുടെയും എക്സിക്യൂട്ടീവുകളുടെയും ഒരു കൂട്ടായ്മ പരോക്ഷമായി സൃഷ്ടിക്കുകയും ചെയ്തു. ഐടി വ്യവസായങ്ങൾക്ക് പുറമെ വാഹനനിര്‍മാണം, ടെലികോം, ബാങ്കിംഗ്, ഉത്പാദനം തുടങ്ങിയ മറ്റു മേഖലകളും ഗണ്യമായി വളർന്നു. വലിയ മൾട്ടിനാഷണൽ കമ്പനികൾ വ്യത്യസ്ത മേഖലകളില്‍ രാജ്യത്തുടനീളം അവരുടെ ഉത്പാദന, വികസന കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇന്ത്യൻ പ്രഫഷണലുകളുടെ കഴിവുകൾ ആഗോളതലത്തിൽ ശ്രദ്ധേയമായിത്തീര്ന്നതായിരുന്നു ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്; ഇന്ത്യൻ ഐടി, ഐടിഎസ് വ്യവസായങ്ങളുടെ ആഗോളവത്കരണത്തോടെ ഇതു കൂടുതൽ പ്രകടമായി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ എൽപിജി ആധിപത്യത്തിനുശേഷം ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ രാജ്യം ഒരു സാമ്പത്തികശക്തിയായി അംഗീകരിക്കപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകംവരെ പുതിയ, ചെറുകിട സ്റ്റാർട്ടപ്പുകൾക്ക് വളരാൻ പരിമിതമായ ഉത്തേജനം മാത്രമേ ലഭിച്ചുള്ളൂ എന്നതാണ് ഉദാരവത്കരണത്തിനുശേഷമുള്ള സാമ്പത്തികനയത്തിന്റെ പ്രധാന പരിമിതികളിലൊന്ന്.
കേന്ദ്രസർക്കാർ പദ്ധതികൾ
കഴിഞ്ഞ ദശകത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നിരവധി പദ്ധതികൾ ഇന്ത്യയിൽ വലിയ സ്റ്റാർട്ടപ്പ് വളർച്ചയ്ക്കു കാരണമായി. സാമ്പത്തികവളർച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്റ്റാർട്ടപ്പുകളുടെ നിർണായക പങ്ക് തിരിച്ചറിഞ്ഞ സർക്കാർ, നൂതനത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആരംഭിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, അടൽ ഇന്നൊവേഷൻ മിഷൻ തുടങ്ങിയ പ്രോഗ്രാമുകൾ വളരുന്ന കമ്പനികൾക്ക് ധനസഹായം, ഉപദേശം, നികുതി ആനുകൂല്യങ്ങൾ തുടങ്ങിയ സുപ്രധാന പിന്തുണകൾ നൽകുന്നു. 2016ൽ നവസംരംഭങ്ങളുടെ വികസനത്തിനും വളർച്ചയ്ക്കും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഫണ്ട് ഓഫ് ഫണ്ട്സിന് 10,000 കോടി രൂപയുടെ മൂലധനമുണ്ട്. സർക്കാർ പിന്തുണയും ജനസംഖ്യയുടെ 66 ശതമാനത്തോളം വരുന്ന 35 വയസിനു താഴെയുള്ള മാനവവിഭവശേഷിയും ഗണ്യമായ എണ്ണം STEM ബിരുദധാരികളും ഉള്ളതിനാൽ, ആഗോളതലത്തിൽ തങ്ങളുടെ എതിരാളികളേക്കാൾ അനുകൂലസാഹചര്യങ്ങൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുണ്ട്.
ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വര്‍ത്തമാനസാഹചര്യം വളരെ ആകർഷകവും വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്നതുമാണ്. ഡൽഹിയിൽ അടുത്തിടെ നടന്ന സ്റ്റാർട്ടപ്പുകളുടെ മഹാകുംഭമേളയിൽ കേന്ദ്ര കാബിനറ്റ് മന്ത്രി, ഇന്ത്യൻ സംരംഭകർ റോബോട്ടിക്സ്, ഓട്ടോമേഷൻ, മെഷീൻ ലേണിംഗ് തുടങ്ങിയ ഡീപ് ടെക്നോളജികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിലവിലെ ഫുഡ് ഡെലിവറി ആപ്പുകൾ, ഹൈപ്പർഫാസ്റ്റ് ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലേക്കു ചുരുങ്ങുന്ന പ്രവണതയില്‍നിന്നു മുന്നോട്ടു പോകണമെന്നും നല്ല ഉദ്ദേശ്യത്തോടെ നിര്‍ദേശിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായി. ലോകത്തിലെ ഏറ്റവും വലിയ റെസ്റ്ററന്റ് ശൃംഖലയായ മക്ഡൊണാൾഡ്സുപോലും പരിമിതികളില്‍നിന്നാണ് ആരംഭിച്ചതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. 1940ൽ കലിഫോർണിയയിലെ സാൻ ബെർണാർഡിനോയിൽ തുറന്ന ഈ റെസ്റ്ററന്റിന്റെ വിജയം, ഉടമകളെ അവരുടെ റെസ്റ്ററന്റ് ആശയം ഫ്രാഞ്ചൈസ് ചെയ്യാൻ പ്രേരിപ്പിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലായി 36,000ത്തിലധികം ഔട്ട്ലെറ്റുകളാണ് മക്ഡൊണാൾഡ്സിനുള്ളത്. അതിനാൽ, പ്രവർത്തന മേഖലയുടെ വലുപ്പ-ചെറുപ്പങ്ങളെക്കാൾ, സംരംഭങ്ങളുടെ പ്രാരംഭകാലത്തുള്ള ഊർജവും അതിനോടുള്ള അഭിനിവേശവും നിലനിർത്തുക എന്നതാണ് പ്രധാനം.
(തുടരും)