നവസംരംഭങ്ങളും സംരംഭകത്വവും
ഡോ. ജോബ് കുര്യൻ നേര്യംപറമ്പിൽ
Monday, May 5, 2025 12:40 AM IST
അടുത്തിടെ ന്യൂഡൽഹിയിൽ ‘സ്റ്റാർട്ടപ്പ് മഹാകുംഭ്’ എന്ന മെഗാ ഇവന്റ് സമാപിച്ചതിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്ത് സമീപകാലങ്ങളില്‍ പരിചിതമായിക്കൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പ് സംസ്കാരത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദം മുതൽ സ്റ്റാർട്ടപ്പുകൾ എന്നത് ഇന്ത്യയിൽ വളരെ പ്രചാരമുള്ള വാക്കുകളിലൊന്നാണ്. ഈ സംസ്കാരത്തിന്, ആഗോളതലത്തിൽ പുതിയ രീതികളും സാങ്കേതികവിദ്യകളും അവതരിപ്പിക്കാനും ഫാക്ടറികളുടെയും മില്ലുകളുടെയും ഉടമസ്ഥരായ സംരംഭകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും സാഹചര്യമൊരുക്കിയ വ്യവസായ വിപ്ലവത്തിന്റെ (18, 19 നൂറ്റാണ്ടുകൾ) കാലത്തോളം പഴക്കമുണ്ട്.
ഈ സംരംഭങ്ങള്‍ ഉത്പാദനവര്ധനവിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയിലും ആഗോള വിപണിയിലും വലിയ സ്വാധീനം ചെലുത്തി. ഇവയില്‍ പലതും ഇന്ന് വ്യവസായമേഖലകളെത്തന്നെ നിയന്ത്രിക്കുന്ന വലിയ കോർപറേഷനുകളായി വളർന്നു. ഇരുപതാം നൂറ്റാണ്ടിലെ വ്യവസായസ്ഥാപനങ്ങള്‍ക്ക് പരമ്പരാഗത കോർപറേറ്റ് ഘടനയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അത് മേല്‍കീഴ് സമീപനത്തില്‍ അധിഷ്ഠിതമായ, ബൃഹത്തും ശ്രേണീബദ്ധവുമായ മാനേജ്മെന്റ് എന്ന ഘടനയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇതിനു മാറ്റംവന്നു. പുതിയ മൂല്യങ്ങളും ആദർശങ്ങളുമായി സംരംഭകരുടെ ഒരു പുതിയ തലമുറ ഉയർന്നുവന്നു. നിലവിലുള്ള കോർപറേറ്റ് ഘടനയെ പിന്തുടരാന് ശ്രമിക്കുന്നതിനുപകരം, അവര്‍ അതിനെ ചോദ്യംചെയ്യാൻ ശ്രമിച്ചു.
സ്റ്റാർട്ടപ്പ് സംസ്കാരത്തിന്റെ തുടക്കം
നൂതനത്വത്തെ അടിസ്ഥാന മൂല്യമാക്കിയ ഈ പുതുസംരംഭങ്ങൾ നിലവിലുള്ള ഉത്പന്നങ്ങളുടെ പോരായ്മകൾ പരിഹരിക്കാനും പരമ്പരാഗത ചിന്താഗതികളെയും വ്യാപാരരീതികളെയും ഒഴിവാക്കി ഉത്പാദനത്തിന്റെയും സേവനങ്ങളുടെയും പുതിയ മേഖലകള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു. ഈ നവ സംരംഭകർ വെല്ലുവിളികളെയും നഷ്ടംവരാനുള്ള സാധ്യതകളെയും മടികൂടാതെ ഏറ്റെടുത്ത് പുതുമയും നവീനതയും അവതരിപ്പിക്കാന്‍ ശ്രമിച്ചു.
ഇന്നത്തെ സ്റ്റാർട്ടപ്പ് സംസ്കാരത്തിന്റെ തുടക്കം ഇതായിരുന്നു. അതിനാൽ സ്റ്റാർട്ടപ്പുകളെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദവും അത്യന്താപേക്ഷിതവുമായ പുതിയ ഉത്പന്നമോ സേവനമോ വികസിപ്പിക്കാനും അതു വിപണിയിലെത്തിക്കാനുംവേണ്ടി സ്ഥാപിക്കപ്പെടുന്ന യുവ കമ്പനികള്‍ എന്നു വിശേഷിപ്പിക്കാം.
നൂതനത്വം, പ്രശ്നപരിഹാരസ്വഭാവം, ഉടച്ചുവാര്ക്കല്പ്രവണത, വേഗം, വിപുലീകരണസാധ്യത തുടങ്ങിയവ ഒരു ആധുനിക സ്റ്റാർട്ടപ്പിന്റെ പ്രധാന സ്വഭാവസവിശേഷതകളാണ്. ബിസിനസ് പാരമ്പര്യമോ പരിചയമോ ഇല്ലാത്ത തത്പരരായവര്ക്കുപോലും ഒരു പുതിയ ബിസിനസ് ആരംഭിക്കാം എന്ന ആശയമാണ് സ്റ്റാര്‍ട്ടപ്പുകളിലേക്ക് പുതുസംരംഭകരുടെ തലമുറയെ ആകർഷിച്ചത്. നിലവിലുള്ള കോർപറേറ്റ് ഘടനകളില്‍ ഇടമില്ലാത്തവർക്കും ബിസിനസ് ലോകത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇതവസരം നൽകി.
സാങ്കേതികവിദ്യയുടെ സഹായം
സ്റ്റാർട്ടപ്പ് സംസ്കാരത്തിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച ഒരു ഘടകം സാങ്കേതികവിദ്യയാണ്. കംപ്യൂട്ടറുകളും സോഫ്റ്റ്വേറുകളും സംരംഭകർക്ക് നവീനമായ ഉത്പന്നങ്ങളും സേവനങ്ങളും നിര്‍മിക്കുന്ന പ്രക്രിയ എളുപ്പമാക്കി. സാങ്കേതികവിദ്യയുടെ സഹായത്തോടെ മുന്‍പത്തേതിലും കൂടുതല്‍ വേഗത്തിലും കുറഞ്ഞ ചെലവിലും സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരമുണ്ടായതോടെ കൂടുതല്‍ യുവാക്കള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ആകൃഷ്ടരായി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദം മുതൽ, സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാനും വികസിപ്പിക്കാനും അനുയോജ്യമായ സാങ്കേതികവും സാങ്കേതികേതരവുമായ സാഹചര്യങ്ങളും പ്രോത്സാഹനങ്ങളും നല്കിയ സിലിക്കൺവാലി സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായി മാറി.
സ്റ്റാർട്ടപ്പുകൾക്ക് ലോകമെമ്പാടുമുള്ള ഉപയോക്താക്കളിലേക്ക് എത്താൻ ഇന്റർനെറ്റ് വേദിയൊരുക്കുകയുംകൂടി ചെയ്തതോടെ പുതിയൊരു യുഗപ്പിറവിയാണുണ്ടായത്. പരമ്പരാഗത മാർക്കറ്റിംഗ് സെയിൽസ് ചാനലുകളെ ആശ്രയിക്കാതെതന്നെ ഇതു യുവസംരംഭകർക്ക് വിജയം എളുപ്പമാക്കിത്തീര്‍ത്തു. ഡിജിറ്റൽ ടൂളുകളുടെ ഉപയോഗത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് മുൻകാലങ്ങളേക്കാള്‍ വേഗത്തില്‍ ആഗോളത്തില്‍ വിജയം നേടാനും കഴിഞ്ഞു.
ആധുനിക സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം
നിക്ഷേപകർ, സംരംഭകർ, ഉപദേഷ്ടാക്കൾ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, സാങ്കേതികവിദ്യാ ദാതാക്കൾ തുടങ്ങിയവര്‍ ഉള്‍കൊള്ളുന്ന സങ്കീർണവും പരസ്പരബന്ധിതവുമായ ശൃംഖലയാണ് ആധുനിക സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം. ഇതിന്, നവ സംരംഭങ്ങളുടെ രൂപീകരണത്തെയും വളർച്ചയെയും പിന്തുണയ്ക്കുന്ന വ്യക്തികൾ, വിഭവങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുള്‍പ്പെടുന്ന ചലനാത്മകവും സദാ പരിണാമിയുമായ ഒരു ഘടനയാണുള്ളത്.
വിദ്യാഭ്യാസഗവേഷണ സ്ഥാപനങ്ങൾ ഈ ഇക്കോസിസ്റ്റത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മികച്ച ക്ലാസ്റൂമുകളിൽനിന്നും ഗവേഷണ ലബോറട്ടറികളിൽനിന്നും വരുന്ന, പരിമിത സാഹചര്യങ്ങളിലും ജ്വലിക്കുന്ന പ്രതീക്ഷകളും ധൈഷണികാശയങ്ങളുമുള്ള വിദ്യാർഥികളും യുവഗവേഷകരും അവരുടെ വിശ്വസ്ത സൗഹൃദവലയങ്ങളും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനു മുതല്‍ക്കൂട്ടാണ്. സ്റ്റാൻഫോർഡിൽനിന്നുള്ള ഗൂഗിളും ഹാർവഡിൽനിന്നുള്ള മൈക്രോസോഫ്റ്റും സര്‍വകലാശാലകളിൽനിന്ന് വളർന്നുവന്ന സ്റ്റാർട്ടപ്പുകൾക്ക് രണ്ട് പ്രശസ്തമായ ഉദാഹരണങ്ങളാണ്.
വെഞ്ച്വർ കാപിറ്റൽ സ്ഥാപനങ്ങളും എയ്ഞ്ചൽ ഇൻവെസ്റ്റർമാരും
ആധുനിക സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ കേന്ദ്രത്തില്‍ വെഞ്ച്വർ കാപിറ്റൽ (വിസി) ആണുള്ളത്. ഉയർന്ന വളർച്ചാസാധ്യതയുള്ള സ്റ്റാർട്ടപ്പുകൾക്ക് ആദ്യഘട്ട ധനസഹായം നൽകുന്നവയാണ് വിസി സ്ഥാപനങ്ങൾ. ബിസിനസ് ആശയങ്ങൾ വികസിപ്പിക്കാൻവേണ്ട മാർഗനിർദേശവും ഉപദേശവും അവർ സംരംഭകർക്ക് നൽകുന്നു. വിസികളെക്കൂടാതെ, ആധുനിക സ്റ്റാർട്ടപ്പ് ശൃംഖലയുടെ മറ്റൊരു പ്രധാന ഘടകമാണ് എയ്ഞ്ചൽ ഇൻവെസ്റ്റർമാർ. സംരംഭകർക്ക് ആദ്യഘട്ട ധനസഹായവും ഉപദേശവും മാർഗനിർദേശവും നൽകുന്ന വ്യക്തികളാണിവർ.
നിക്ഷേപത്തിനുള്ള ആകർഷകമായ അവസരങ്ങൾ തെരയുന്ന സമ്പന്നരായ വ്യക്തികളാണ് പൊതുവെ, എയ്ഞ്ചൽ ഇൻവെസ്റ്റർമാർ. അടുത്തകാലത്തായി സംരംഭകർക്ക് പിന്തുണ നൽകുന്ന ധാരാളം സംഘടനകളും ഉയർന്നുവന്നിട്ടുണ്ട്. ഇവയില്‍ ഇൻകുബേറ്ററുകൾ തൊഴിലിടവും ഉപദേഷ്ടാക്കളിലേക്കുള്ള പ്രവേശനവും നവസംരംഭകര്‍ക്ക് വാഗ്ദാനം ചെയ്യുമ്പോള്‍ ആക്സിലറേറ്ററുകൾ ആദ്യഘട്ട ധനസഹായവും വിഭവങ്ങളും നൽകുന്നു. ഈ സംഘടനകൾ സംരംഭകരെ സാധ്യതയുള്ള നിക്ഷേപകർ, പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരുമായി ബന്ധിപ്പിക്കാനും അവരുടെ ബിസിനസ് ആശയങ്ങൾ വികസിപ്പിക്കുന്നതിനുള്ള മാർഗനിര്‍ദേശം നൽകാനും സഹായിക്കുന്നു.
ആധുനിക സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ആമസോണ്‍ വെബ് സര്‍വീസസ് പോലുള്ള കമ്പനികൾ നൽകുന്ന ക്ലൗഡ് കംപ്യൂട്ടിംഗ് സേവനങ്ങൾ വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്താതെതന്നെ അവരുടെ പ്രവർത്തനങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നു. ഫേസ്ബുക്ക് എക്സ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സ്റ്റാർട്ടപ്പുകളെ സാധ്യതയുള്ള ഉപയോക്താക്കളുമായി ബന്ധിപ്പിക്കാനും അവരുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയുംകുറിച്ച് വേഗത്തിലും കുറഞ്ഞ ചെലവിലും അവബോധം നല്‍കാനും സാഹചര്യമൊരുക്കുന്നു.
വൈവിധ്യവത്കരണം
ഇന്നത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ആരോഗ്യ സംരക്ഷണം, ഫിൻടെക്, എഡ്ടെക്, അഗ്രിടെക്, ക്ലീൻടെക് തുടങ്ങിയ നവീന മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളുടെ ആവിര്‍ഭാവത്തിനും വളര്‍ച്ചയ്ക്കും സാക്ഷ്യം വഹിക്കുന്നു. ഈ വൈവിധ്യവത്കരണം സ്റ്റാർട്ടപ്പുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും കൂടുതൽ നിക്ഷേപകരെയും വിദഗ്ധരെയും ഈ ഇക്കോസിസ്റ്റത്തിലേക്ക് ആകർഷിക്കാനും സഹായിച്ചിട്ടുണ്ട്. ഏത് മേഖലയിലുമെന്നപോലെ, ഒരു അവസരം കണ്ടെത്തുക, വെല്ലുവിളികള്‍ ഏറ്റെടുക്കുക, പുതിയ ആരംഭത്തിനായി വിഭവങ്ങൾ നിക്ഷേപിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ ഇവിടെയും ബാധകമാണ്. ഏതു രൂപത്തിലായാലും, സ്റ്റാർട്ടപ്പുകൾ ചരിത്രത്തിലുടനീളം സാമ്പത്തിക വികസനത്തിന് അത്യന്താപേക്ഷിതമായിരുന്നു; ഭാവിയില്‍ അതു തുടരുകയും ചെയ്യും.
(തുടരും)