കരിയുന്ന കുട്ടനാട്
ഫാ. മോഹൻ മുടന്താഞ്ഞിലിൽ
Monday, May 5, 2025 12:38 AM IST
സമുദ്രനിരപ്പിന് താഴെ നെൽകൃഷി ചെയ്യുന്ന കുട്ടനാട് ഏകദേശം 900 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. കുത്തിയെടുത്ത 5,000 ഹെക്ടറിലധികം തണ്ണീർതടങ്ങൾ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.
എന്നാൽ, ഈ മേഖലയിലെ കാർഷികരംഗം ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, ഓരുജലത്തിന്റെ സാന്നിധ്യം എന്നിവകൂടതെ നെല്ലിന്റെ കയറ്റിറക്കിന് കർഷകർ ഭാരിച്ച തുക നൽകേണ്ടതും മില്ലുടമകൾ നെല്ലിന്റെ വിലയിടിക്കുന്നതും ഇപ്പോൾ ഉയർന്നുവന്ന പ്രതിസന്ധിയാണ്. നെല്ല് കയറ്റിയിറക്കാൻ സർക്കാർ കൂലി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ പതിന്മടങ്ങ് കൂലിയാണ് കർഷകർ നൽകേണ്ടിവരുന്നത്.
നെല്ല് ഉത്പാദന, വിതരണത്തിലെ നിർണായകമായ ഘട്ടമാണ് കയറ്റിറക്ക്. കൊയ്ത്തിനുശേഷം സംഭരിച്ച നെല്ല് വള്ളത്തിലുടെയോ ട്രക്കുകളിലൂടെയോ മില്ലുകളിലേക്കോ സർക്കാർ ഗോഡൗണുകളിലേക്കോ കൊണ്ടുപോകുന്നു. ഇതിൽ പല ഘട്ടങ്ങളിലും മനുഷ്യാധ്വാനത്തിന്റെ ആവശ്യമുണ്ട്. കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് റെഗുലേറ്ററി കമ്മീഷൻ നെല്ല് ക്വിന്റലിന് 12 രൂപ എന്ന സ്ഥിരനിരക്ക് 2002 മുതൽ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതല്ല കുട്ടനാട്ടിലെ സ്ഥിതി. ഒരു ക്വിന്റൽ നെല്ലിന് 140 രുപ മുതൽ 180 രൂപ വരെയാണ് പലയിടത്തും കർഷകരോട് തൊഴിലാളികൾ വാങ്ങുന്നത്.
പാടങ്ങളിൽനിന്ന് നെല്ല് റോഡുകളിലേക്കു കൊണ്ടുപോകാൻ വള്ളങ്ങളെ ആശ്രയിക്കുന്ന മേഖലകൾ ഇന്നും കുട്ടനാട്ടിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഇവിടത്തെ കർഷകരുടെ അവസ്ഥയാണ് ഏറെ പരിതാപകരം. ആദ്യം വള്ളത്തിലേക്കും പിന്നെ ലോറികളിലേക്കും രണ്ടു തവണ നെല്ല് കയറ്റിയിറക്കേണ്ടി വരുന്നു. ചെറുകിട കർഷകരെയാണ് ഇത് ഏറെ ബാധിക്കുന്നത്.
പ്രധാന വെല്ലുവിളികൾ
കുട്ടനാടിന്റെ ഭൂഘടന, തൊഴിൽ രീതികൾ, പ്രകൃതി ദുരന്തങ്ങളാൽ തകർക്കപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങൾ, നിലനിൽക്കുന്ന പാരമ്പര്യങ്ങൾ, സാമൂഹ്യസംഘടന എന്നിവയുടെ അപൂർവമായ ഇടപെടലാണ് കുട്ടനാടിന്റെ കയറ്റിറക്ക് പ്രക്രിയയെ രൂപപ്പെടുത്തുന്നത്. ഈ ഇടപെടലുകൾ തന്നെയാണ് യഥാർഥത്തിൽ ലോജിസ്റ്റിക് പ്രക്രിയ നേരിടുന്ന വെല്ലുവിളികളും.
എന്നാൽ ഇത് ആയിരക്കണക്കിന് ആളുകളുടെ ഉപജീവനത്തിനും കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും നിർണായകമാണ്. കുട്ടനാട്ടിലെ ലോജിസ്റ്റിക് തടസങ്ങൾ പരിഹരിക്കാൻ അടിസ്ഥാന സൗകര്യങ്ങളിൽ തുടർച്ചയായ നിക്ഷേപവും നവീനമായ ജലനിരപ്പ് സംരക്ഷണവും കർഷകരുടെയും തൊഴിലാളികളുടെയും മിൽ ഉടമകളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന നയങ്ങളും ആവശ്യമാണ്. അല്ലാത്ത പക്ഷം കുട്ടനാട്ടിലെ നെൽകർഷകർക്ക് യഥാർഥ ചെലവിന്റെ മുഴുവൻ ഭാരവും ഏറ്റെടുക്കേണ്ടി വരുന്നത് അവരുടെ വാർഷിക വരുമാനത്തെ സാരമായി ബാധിക്കുന്നു.
നിരക്ക് ഘടനയുടെ പ്രശ്നങ്ങൾ
കുട്ടനാട്ടിലെ കൃഷിമേഖലയിലെ വലിയ പ്രശ്നങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് നെല്ല് ട്രാൻസ്പോർട്ടിനുള്ള നിരക്കുകൾ. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ നെല്ല് കയറ്റിയിറക്കിനുള്ള യഥാർഥ ചെലവുകൾ വളരെയധികം ഉയർന്നിട്ടും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു. ഇതു കർഷകർക്ക് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നു.
ഒരു താരതമ്യ നിരീക്ഷണം
കുട്ടനാട്ടിലെ നെല്ല് കയറ്റിറക്ക് കൂലി സിമന്റ്, സ്റ്റീൽ പോലുള്ള മറ്റ് ചരക്കുകളുടെ കയറ്റിറക്ക് നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യക്തമായ വ്യത്യാസങ്ങൾ കാണാൻ കഴിയും. സിമന്റ്, (50 കിലോ ബാഗ്) 9.82 രൂപയും സ്റ്റീൽ (ടൺ) 383.25 രൂപയും ടൈൽസ് (ടൺ)1226.98 രൂപയുമാണ് കയറ്റിറക്ക് കൂലി.
പരിഹാര മാർഗങ്ങൾ
കുട്ടനാട്ടിലെ നെല്ല് കയറ്റിറക്ക് ചെലവ് കുറയ്ക്കാൻ സംയോജിത സമീപനമാണ് അനിവാര്യം.
1. യന്ത്രവത്കരണം: ഹൈഡ്രോളിക് ലോഡറുകൾ, കൺവെയർ ബെൽറ്റ് സംവിധാനങ്ങൾ: മാനുവൽ ലോഡിംഗിനു പകരം ഒരു ടൺ നെല്ല് 10 മിനിറ്റിനുള്ളിൽ വള്ളത്തിൽനിന്ന് ട്രക്കിലേക്ക് മാറ്റാനുള്ള ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ പ്രവർത്തനക്ഷമമാക്കണം.
2. ഏകീകൃത ലോജിസ്റ്റിക്സ് നെറ്റ്വർക്ക്: പാടശേഖരങ്ങളും മില്ലുകളും ഗോഡൗണുകളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന ട്രാൻസ്പോർട്ടേഷൻ പ്ലാറ്റ്ഫോമുകൾ രൂപീകരിക്കണം.
3. റിയൽടൈം സംഭരണ ഫസിലിറ്റി ഡാറ്റ: ഓൺലൈൻ പോർട്ടലിലൂടെ സംഭരണ ഫസിലിറ്റി ഡാറ്റ ലഭ്യമാക്കി കർഷകർക്ക് ലോഡിംഗ് തകരാറുകൾ ഒഴിവാക്കാം.
4. സർക്കാർ മില്ലുകൾ: നിലവിലുള്ള സ്വകാര്യമേഖലയിലെ മില്ലുകൾക്കു പകരം സർക്കാർ നേരിട്ടോ, സപ്ലൈകോ വഴിയോ റൈസ് മില്ലുകൾ കുട്ടനാട്ടിൽ ആരംഭിക്കണം.
5. ആവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുക: കർഷകർക്ക് സബ്സിഡി ഇനത്തിലോ അല്ലാതെയോ സാമ്പത്തിക പിന്തുണ നൽകുക. കയറ്റിറക്ക് ചെലവിന്റെ പകുതി നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നൽകിയാൽ ഹെക്ടറിന് 25,000 രൂപ വരെ ലാഭമുണ്ടാകും. ക്രെഡിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് മെക്കനൈസേഷൻ സാങ്കേതികവിദ്യക്കായുള്ള കടത്തിന് നാലു ശതമാനം പലിശയിളവും അഞ്ചു വർഷത്തെ തിരിച്ചടവ് കാലാവധിയും നൽകാം.
6. നിയന്ത്രണ സംവിധാനങ്ങൾ: നെല്ലിന്റെ കയറ്റിറക്ക് നിരക്ക് ക്വിന്റലിന് 45-60 രൂപയാക്കി പുനഃക്രമീകരിക്കുക. ജില്ലാ കളക്ടർ ചെയർമാനായി നിരക്ക് പരിശോധനയ്ക്ക് സെൽ രൂപീകരിക്കുക.
ഈ നടപടികൾ സംയോജിപ്പിച്ചാൽ 35-40 ശതമാനംവരെ ലോഡിംഗ് ചെലവ് കുറയ്ക്കാനാകും. അടുത്ത മാർച്ചിൽ നടപ്പാക്കേണ്ട പുതിയ കൃഷി നയത്തിൽ ഈ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
മില്ലുടമകളുടെ വിലയിടിക്കൽ തന്ത്രം
കേരളത്തിലെ നെൽകർഷകർക്ക് ഇപ്പോൾ മുന്നിലുള്ള മറ്റൊരു ഗുരുതരമായ പ്രശ്നം, നിലവാരമില്ലെന്നു പറഞ്ഞ് കർഷകരുടെ നെല്ലിന്റെ വില ഇടിക്കുന്ന പ്രവണതയാണ്. ‘കിഴിവ്’ എന്ന ഓമനപ്പേരിൽ ഇത് അറിയപ്പെടുന്നു. പ്രത്യേകിച്ച് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ, നെല്ലിന് ലഭിക്കുന്ന ഗുണനിലവാര റേറ്റിംഗ് ക്രമാതീതമായി കുറച്ചുകാണിക്കുന്നതോടെ 15-20 ശതമാനം വരെ വിലകുറച്ചു കൊടുക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ഈ പ്രവണത കർഷകരുടെ യഥാർഥ വരുമാനത്തിൽ 25-30 ശതമാനംവരെ കുറവുണ്ടാക്കുന്നു.
ഒരു ക്വിന്റൽ നെല്ലിന് യഥാർഥ നഷ്ടം 12 കിലോഗ്രാമാണെങ്കിലും, മിൽ ഉടമകൾ നനവ്, ഗുണനിലവാരക്കുറവ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് 10-20 കിലോ ഇടിക്കുന്നു. കർഷകർക്ക് ക്വിന്റലിന് 200-400 രൂപവരെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. കാലാവസ്ഥാ മാറ്റങ്ങൾ മൂലം ഈർപ്പം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ, വിലയിടിക്കുന്ന പ്രവണത വർധിക്കുന്നു. സർക്കാർ നിശ്ചയിച്ച ഗുണനിലവാര മാനദണ്ഡങ്ങൾക്ക് പുറത്തുള്ള ഈ വിലയിടിക്കൽ കാർഷിക സുരക്ഷാ നിയമങ്ങളുടെ ലംഘനമായി കണക്കാക്കണം.
തിരുവാർപ്പു പാടത്തെപ്പോലെ ഏറ്റവും ഗുണമേന്മയുള്ള എ ക്ലാസ് നെല്ല് ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ പോലും ഈ വർഷം ആദ്യമായി രണ്ടു ശതമാനം വിലയിടിച്ചാണ് നെല്ല് സംഭരിച്ചത്. ഗുണനിലവാരത്തിന്റെ പേരിൽ മില്ലുകൾ വിലയിടിക്കുമ്പോൾ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്.
50 കിലോഗ്രാം നെല്ല് കൊള്ളുന്ന ചാക്കാണ് സാധാരണയായി നെല്ല് തൂക്കാൻ ഉപയോഗിക്കുന്നത്. ഈ ചാക്കിൽ നെല്ല് നിറച്ചാൽ 45 കിലോ വരെ തൂങ്ങുന്നുണ്ട് എങ്കിൽ എങ്ങനെയാണ് അത് നിലവാരം ഇല്ലാത്ത നെല്ലാണെന്ന് പറയാൻ കഴിയുക.
സപ്ലൈകോ നേരിട്ട് ഓരോ പാടശേഖരത്തിലെയും നെല്ല് സംഭരിക്കാൻ ഓരോ മില്ലുകളെ ഏർപ്പെടുത്തുന്നതാണ് സാധാരണ ചെയ്തുവരുന്നത്. എന്നാൽ മില്ലുകാർ കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ട ശേഷമാണ് നെല്ല് സംഭരിക്കാൻ വരുന്നത്. ഈ സമയംകൊണ്ട് നെല്ലിന്റെ ഈർപ്പം 18-20 ശതമാനംവരെ ഉയരാറുണ്ട്.
കാർഷികവകുപ്പ് അന്വേഷണങ്ങൾ ആവശ്യപ്പെട്ടിട്ടും, മില്ലുകൾക്ക് അനുകൂലമായി 68 ശതമാനം ‘Outturn ratio’ പോലുള്ള തീരുമാനങ്ങൾ എടുക്കുന്നു. ഇത് മില്ലുകളുടെ ഗുണനിലവാര ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നു. ഗുണനിലവാരം മെച്ചപ്പെടുത്താൻ കർഷകർക്ക് സാങ്കേതിക പിന്തുണയുടെ അഭാവം ആരും ശ്രദ്ധിക്കാറില്ല.

ഓരോ കർഷകനും നെല്ലിന് ഇൻഷ്വറൻസ് എടുക്കുന്നുണ്ട്. അതുകൊണ്ട് ഇൻഷ്വറൻസ് പരിരക്ഷ നെല്ലിന്റെ ഗുണനിലവാരത്തിനും ഒപ്പം വിലയിടിവിനും നൽകണം. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ മൗനം തുടരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാരും മിൽ ഉടമകളും കർഷകരും തമ്മിൽ ചർച്ചകൾ ആവശ്യമാണ്. നെല്ലിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ വ്യക്തമാക്കുകയും കിഴിവ് നിയന്ത്രിക്കുന്ന റെഗുലേറ്ററി മെക്കാനിസം രൂപവത്കരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നിർദേശങ്ങൾ
1. കേരളത്തിന്റെ കാർഷിക ലോജിസ്റ്റിക്സിലെ, പ്രത്യേകിച്ച് കുട്ടനാടിന്റെ നെല്ല് വിതരണ ശൃംഖലയിലെ വ്യവസ്ഥാപരമായ കാര്യക്ഷമതയില്ലായ്മ പരിഹരിക്കപ്പെടണം.
2. കേരളത്തിന്റെ കാർഷിക വികസന നയം (നയം 93) സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകളിലൂടെയും കൺവെയർ ബെൽറ്റുകൾക്കുള്ള സബ്സിഡികൾ വഴിയും യന്ത്രവത്കരണം നിർദേശിക്കുന്നു, പക്ഷേ നടപ്പാക്കൽ വൈകുന്നു.
3. നെല്ല് കൈകാര്യം ചെയ്യുന്നത് ‘ഷെഡ്യൂൾഡ് തൊഴിൽ’ ആയി ഉൾപ്പെടുത്തുന്നതിനായി ഹെഡ്ലോഡ് വർക്കേഴ്സ് ആക്ട് പരിഷ്കരിച്ച് നിർമാണ മേഖലകളുമായി യോജിച്ച് ഓരോ രണ്ട് വർഷത്തിലും നിരക്ക് പരിഷ്കരണം നിർബന്ധമാക്കണം.
4. കർഷകർ, മിൽ ഉടമകൾ, തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ നീതിപൂർവ ലോഡിംഗ് നിരക്കും കിഴിവ് ശതമാനവും നിർണയിക്കണം.
5. പാടത്തുതന്നെ ഈർപ്പം, ഗുണനിലവാരം പരിശോധിക്കാൻ മൊബൈൽ ലാബുകൾ കൊണ്ടുവരാൻ കൃഷി ഭവൻ മുൻകൈയെടുക്കണം. കൂടാതെ, ഗുണനിലവാര പരിശോധനാ സൗകര്യങ്ങൾ (ഡിജിറ്റൽ മോയ്സ്ചർ മീറ്റർ) കർഷകർക്ക് ലഭ്യമാക്കണം.
6. നെല്ലെടുക്കുമ്പോൾ കിഴിവ് നിശ്ചയിച്ചിരിക്കുന്ന തൂക്കത്തിന്റെ ലോഡിംഗ് ചാർജ് മില്ലുകാർ വഹിക്കണം. ഇത് കർഷകരിൽനിന്ന് ഈടാക്കരുത്.
7. ഇൻഷ്വറൻസ് പരിരക്ഷ നെല്ലിന്റെ ഗുണനിലവാരത്തിനും ഒപ്പം കിഴിവിനും നൽകണം.
കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സൂചിപ്പിച്ചതുപോലെ, “തുല്യമായ ലോജിസ്റ്റിക്സ് കേരളത്തിലെ കർഷകർക്ക് ഒരു പദവിയല്ല, മറിച്ച് ഒരു അവകാശമാണ്.” അടിസ്ഥാന യാഥാർഥ്യങ്ങളുമായി നയങ്ങൾ യോജിപ്പിച്ചുകൊണ്ട്, കാലാവസ്ഥാ പ്രതിരോധശേഷിയും സാമൂഹിക തുല്യതയും വളർത്തിയെടുക്കുന്നതിനൊപ്പം കേരളത്തിന്റെ നെല്ലറ എന്ന പദവി കേരളത്തിന് വീണ്ടെടുക്കാൻ കഴിയും.
(ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് ഒട്ടോണമസ് കോളജ്
സോഷ്യോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)