വത്തിക്കാന്‍ ബസിലിക്കയും പരിശുദ്ധ സിംഹാസനവും
റവ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍
Saturday, May 3, 2025 11:44 PM IST
പരിശുദ്ധ സിംഹാസനം അഥവാ ഹോളി സീ എന്നത് പരിശുദ്ധ പിതാവിന്റെ അധികാരത്തെ സൂചിപ്പിക്കുന്ന പദം മാത്രമല്ല; ആ അധികാരം വഹിക്കുന്ന പരിശുദ്ധ പിതാവായ റോമിലെ പാപ്പാ എന്ന വ്യക്തിയെക്കൂടി സൂചിപ്പിക്കുന്ന പദമാണ്. ഇപ്പോള്‍ പരിശുദ്ധ സിംഹാസനം ശൂന്യമാണ്. ‘സേദേ വെക്കാന്തെ’ എന്നത് പരിശുദ്ധ പാപ്പാ മരിക്കുന്നതോ സ്ഥാനത്യാഗം ചെയ്യുന്നതോ ആയ സമയം മുതല്‍ പുതിയ പാപ്പാ തെരഞ്ഞെടുക്കപ്പെടുന്നതുവരെയുള്ള കാലഘട്ടമാണ്. ഇന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ആ പരിശുദ്ധ സിംഹാസനത്തിന്റെ നിറവിനായി പരിശുദ്ധാത്മാവ് കര്ദിനാള്മാരിലൂടെ ആരെയാണ് നിയമിക്കുന്നത് എന്നറിയാനാണ്.
വിശുദ്ധ പത്രോസിന്റെ ബസിലിക്ക
റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക ആഗോള കത്തോലിക്കാ സഭയുടെ സിംഹാസനപ്പള്ളികൂടിയാണ്. അത് നിര്‍മിച്ചിരിക്കുന്നത് വിശുദ്ധ പത്രോസ് ക്രൂരപീഡനങ്ങള്‍ക്ക് വിധേയനായി കൊല്ലപ്പെടുകയും അടക്കം ചെയ്യപ്പെടുകയും ചെയ്ത വത്തിക്കാന്‍ നെക്രോപോളിസിന്റെ മുകളിലാണ്. ഈ മഹാദേവാലയത്തിനടിയില് ബൃഹത്തായ പഴയകാല ബസിലിക്കയുണ്ടായിരുന്നു എന്ന തിരിച്ചറിവിലേക്ക് ആധുനികലോകം എത്തിച്ചേര്‍ന്നത് സമീപകാലത്തുമാത്രമാണ്.
1939 ഫെബ്രുവരിയില്‍ കാലം ചെയ്ത പതിനൊന്നാം പീയൂസ് മാർപാപ്പയുടെ മൃതസംസ്കാര കര്‍മത്തിനു ശേഷമാണ് മഹാദേവാലയത്തിന്റെ അടിയിലെ നിലവറ ഉപയോഗയോഗ്യമാക്കണം എന്ന നിര്‍ദേശം വന്നത്. പുരാതന ദേവാലയത്തിന്റെ ഭാഗമായ ഈ നിലവറയിലാണ് പരമ്പരാഗതമായി പരിശുദ്ധ പിതാക്കന്മാരെ സംസ്കരിച്ചുപോന്നിരുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാർപാപ്പയെ അവിടെയാണ് സംസ്കരിച്ചത്. പിന്നീട് ആ ഭൗതികശരീരം ബസിലിക്കയിലേക്ക് മാറ്റുകയായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പയെയും അവിടെയാണ് സംസ്കരിച്ചത്. മരിയ മജോറെ ബസിലിക്കയില്‍ സംസ്കരിക്കണമെന്ന് എഴുതിവച്ചിരുന്നില്ലെങ്കില് ഫ്രാന്‍സിസ് മാർപാപ്പയെയും ബസിലിക്കയ്ക്കടിയിലുള്ള ഈ നിലവറയില്‍ തന്നെയായിരുന്നു സംസ്കരിക്കേണ്ടിയിരുന്നത്.
കുറച്ചുപേര്‍ക്ക് ഒരുമിച്ചുകൂടി ബലിയര്‍പ്പണം സാധ്യമാകുന്നവിധം ആ സ്ഥലം ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിട്ട ഏറ്റവും വലിയ അസൗകര്യം എട്ടടി മാത്രം ഉയരമുള്ള നിലവറയുടെ ഉയരക്കുറവ് തന്നെയായിരുന്നു. പരമ്പരാഗതമായി വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പ് വണങ്ങിപ്പോന്നിരുന്ന വിശുദ്ധ പത്രോസിന്റെ കല്ലറയോട് ചേര്‍ന്ന ആ ഇടം ബസിലിക്കയുടെ അടിയിലായതിനാല്‍ മുകളിലേക്ക് ഉയരം കൂട്ടാന്‍ സാധ്യമല്ലല്ലോ. പിന്നെയുണ്ടായിരുന്ന ഏക സാധ്യത തറനിരപ്പ് താഴ്ത്തുക എന്നതായിരുന്നു. അങ്ങനെ തറനിരപ്പ് താഴ്ത്തുന്ന ജോലി തുടങ്ങിയപ്പോഴാണ് അതിനടിയിലേക്ക് നിഗൂഢമായ ഏതോ ലോകത്തേക്ക് നയിക്കുന്ന ചില ഇടനാഴികളുടെ സാന്നിധ്യം പണിക്കാര് തിരിച്ചറിഞ്ഞത്. അവിടെ പ്രാചീനകാലത്തെ ശിലാനിര്‍മിതമായ ചില ശവപ്പെട്ടികള്‍ അവര്‍ കണ്ടെത്തി. പിന്നീട് വത്തിക്കാന്‍ ബസിലിക്കയുടെ അന്നത്തെ കാര്യനിര്വാഹകന് മോണ്‍. ലുഡ്വിക് കാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉദ്ഖനനങ്ങള്‍ ബസിലിക്കയുടെ നിലവറയ്ക്കും താഴെ ഉണ്ടായിരുന്ന പുരാതനമായ പഴയ ബസിലിക്കയുടെ അവശിഷ്ടങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നിട്ടു. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ആ ഉദ്ഖനനങ്ങളുടെ ഭാഗമായി 2016ല്‍ കുറച്ച് മാസങ്ങള്‍ പഠനാവശ്യങ്ങള്‍ക്കായി അവിടെ ചെലവഴിക്കാന്‍ ഈ ലേഖകന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.
വത്തിക്കാന്‍ ഒരു ചതുപ്പുനിലം
വിശുദ്ധ പത്രോസിന്റെ പേരിലുള്ള ഈ പ്രാചീന ദേവാലയത്തിന്റെ പ്രാധാന്യം അറിയണമെങ്കില്‍ സഭാപീഡനകാലത്തോളം പുറകോട്ട് സഞ്ചരിക്കേണ്ടിവരും. ടൈബര്‍ നദിക്കും ജനിക്കുളം കുന്നിനുമിടയിലുള്ള വത്തിക്കാന്‍ എന്ന ചതുപ്പുനിലം, ജര്മാനിക്കൂസിന്റെ ഭാര്യയും കലിഗുളയുടെ അമ്മയുമായ അഗ്രിപ്പീനയുടെ പച്ചക്കറിത്തോട്ടമായിരുന്നു. ആ സ്ഥലം മൃഗസാഹസിക പ്രകടനത്തിനും കുതിരയോട്ടത്തിനുമുള്ള ഒരു കളിസ്ഥലമാക്കി കലിഗുള മാറ്റിയെടുത്തു.
പുതിയൊരു തലസ്ഥാന നഗരം പണിയാന്‍ ആഗ്രഹിക്കുകയും അതിന് സൗകര്യപ്രദമാകുന്ന വിധം ക്രിസ്തുവര്‍ഷം 64ല്‍ റോമിലുണ്ടായ മഹാ അഗ്നിബാധയുടെ കാരണക്കാരനാണെന്ന് ചരിത്രം വിധിക്കുകയും ചെയ്യുന്ന നീറോ ചക്രവര്‍ത്തിയുടെ കാലമായപ്പോഴേക്കും ക്രൈസ്തവമത വിശ്വാസം പ്രഖ്യാപിക്കുന്നവരെ പീഡിപ്പിക്കുന്നതിനും അതുകണ്ട് ആനന്ദിക്കുന്നതിനുമുള്ള വിനോദകേന്ദ്രമായി അതുമാറി. അവിടെവച്ച് ക്രിസ്തുവര്‍ഷം 67ല്‍ വിശുദ്ധ പത്രോസ് കുരിശിലേറ്റി വധിക്കപ്പെട്ടു എന്നാണ് ചരിത്രം. പത്രോസിന്റെ ഭൗതിക ശരീരം തൊട്ടടുത്തുള്ള പൊതുശ്മശാനത്തില്‍ അടക്കാനും ആ കുഴിമാടം ശത്രുക്കളുടെ ശ്രദ്ധയില്‍നിന്നു പരമാവധി ഒളിപ്പിച്ച് അതിനെ എന്നും പരിപൂജ്യമായി വണങ്ങിപ്പോരാനും ആദിമക്രൈസ്തവര്‍ക്കു സാധിച്ചു.
പത്രോസിന്റെ മരണം സൂചിപ്പിക്കുന്ന ഏറ്റവും പ്രാചീനമായ ലിഖിതം, ആ മരണത്തിന് മുപ്പതു കൊല്ലത്തിനുശേഷം എഫേസൂസില്‍വച്ച് വിശുദ്ധ യോഹന്നാന് രചിച്ച സുവിശേഷം ഇരുപത്തൊന്നാം അധ്യായം 18 ഉം 19 ഉം വാക്യങ്ങളായിരിക്കും. ഈശോ പത്രോസിനോട് വ്യക്തമായി പറഞ്ഞു: “പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന് നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്ക് നിന്നെ കൊണ്ടുപോവുകയും ചെയ്യും.” ഒരുമിച്ച് ജീവിച്ച സഹപ്രവര്‍ത്തകനായ യോഹന്നാന് അവിടെ അടിവരയിട്ട് ഓര്‍മിപ്പിച്ചു; “ഇത് അവന് പറഞ്ഞത് ഏതു തരത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തുമെന്നു സൂചിപ്പിക്കാനാണ്.” കൈകള്‍ നീട്ടുക എന്നാല്‍ കുരിശില്‍ കിടന്നുള്ള കൈവിരിക്കല് എന്നുതന്നെയാണ് അര്‍ഥം.

ഗായിയൂസിന്റെ വിജയസ്മാരകം
നാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ കേസറിയായിലെ എവുസേബിയൂസ് ക്രിസ്തുവര്‍ഷം 200നടുത്ത് റോമില്‍ ജീവിച്ചിരുന്ന ഗായിയൂസ് എന്ന സഭാംഗം പ്രോക്ലാസ് എന്ന സഭാവിരുദ്ധനെ വെല്ലുവിളിക്കുന്നതായി രേഖപ്പെടുത്തുന്നുണ്ട്. ഗായിയൂസ് പറയുന്നുന്നത് “നിങ്ങള്‍ക്ക് ഞാന്‍ അപ്പസ്തോലന്മാരുടെ ട്രോഫി അഥവാ വിജയസ്മാരകങ്ങള് കാണിച്ചുതരാം” എന്നാണ്. വത്തിക്കാനിലേക്കോ ഓസ്തിയന്‍ വഴിയിലേക്കോ പോയാല്‍ സഭയ്ക്ക് അടിത്തറയിട്ടവരുടെ വിജയസ്മാരകങ്ങള് കാണാനാകുമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. അക്കാലം മുതല്‍ ഗായിയൂസിന്റെ ട്രോഫി അഥവാ ഗായിയൂസിന്റെ വിജയസ്മാരകം എന്നാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ കല്ലറയോടു ചേര്‍ന്നുള്ള ലളിതമായ സ്മൃതിമണ്ഡപം അറിയപ്പെട്ടിരുന്നത്. അതിനു മുകളിലാണ് ഇന്നത്തെ വത്തിക്കാന്‍ ബസിലിക്കയിലെ പേപ്പല്‍ അള്‍ത്താരയും അതിനു നേരേ താഴെയുള്ള നിലവറയിലെ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പും സ്ഥിതി ചെയ്യുന്നത്.
1506 ഏപ്രില്‍ 18ന് ജൂലിയസ് രണ്ടാമന് പാപ്പാ തറക്കല്ലിട്ട ആധുനിക ബസിലിക്കയുടെ ആദ്യശില്പി ദൊണാത്തോ ബ്രമാന്തേ ആയിരുന്നു. അതേത്തുടര്‍ന്ന് അന്തോണിയോ സാന്ഗല്ലോ ജോലി ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ മൈക്കിള്‍ ആഞ്ചലോയെയും പാപ്പാ ക്ഷണിച്ചെങ്കിലും സാന്ഗല്ലോയുടെ മരണശേഷം 1546ല്‍ പോള്‍ മൂന്നാമന് പാപ്പായുടെ കാലത്താണ് മൈക്കിള്‍ ആഞ്ചലോ വത്തിക്കാന്‍ ബസിലിക്കയുടെ നിര്‍മാണത്തിന് നേതൃത്വം ഏറ്റെടുത്തത്. ‘അള്‍ത്താര ദെല്ല കൊണ്ഫസിയോണെ’ അഥവാ വിശ്വാസ പ്രഖ്യാപന അള്‍ത്താര എന്ന ബസിലിക്കയ്ക്കകത്തെ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പ് സ്ഥിതി ചെയ്യുന്ന പുണ്യസ്ഥലത്തിനു മുകളിലുള്ള പേപ്പല്‍ അള്‍ത്താരയ്ക്കു മുകളില്‍ ആധുനിക ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം വത്തിക്കാന്‍ ബസിലിക്കയ്ക്ക് സമ്മാനിച്ചത് മൈക്കിള്‍ ആഞ്ചലോയാണ്.
കമനീയമായ താഴികക്കുടം

കത്തോലിക്കാ സഭ ഏറ്റവും പുണ്യമായി കരുതുന്ന തിരുശേഷിപ്പുകളെല്ലാംതന്നെ ഈ മഹാദേവാലയത്തിലെ പത്രോസിന്റെ തിരുശേഷിപ്പിന് ചുറ്റുമായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മൈക്കിള്‍ ആഞ്ചലോയുടെ കമനീയമായ താഴികക്കുടത്തെ താങ്ങിനിര്‍ത്തുന്ന ബൃഹത്തായ നാല് തൂണുകള്‍ക്ക് മുകളിലാണ് അവയുടെ സ്ഥാനം. ബസിലിക്കയുടെ തറനിരപ്പില്‍ ഭീമാകാരങ്ങളായ തൂണുകളില്‍ കൊത്തിവച്ചിരിക്കുന്ന രൂപങ്ങള്‍ക്കു മുകളില്‍ അഴിയിട്ടൊരുക്കിയിരിക്കുന്ന സ്ഥലങ്ങളിലാണ് അവയുള്ളത്.
കോണ്സ്റ്റന്റൈന് ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞിയുടെ രൂപത്തിനു മുകളില്‍ കര്‍ത്താവ് മരിച്ച വിശുദ്ധ കുരിശിന്റെയും കര്‍ത്താവിനെ തറച്ച ആണികളുടെയും തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്നു. വിശുദ്ധ അന്ത്രയോസിന്റെ രൂപത്തിനു മുകളില്‍ അദ്ദേഹത്തിന്റെ തലയോടിന്റെ തിരുശേഷിപ്പുണ്ട്. കുന്തമേന്തി നില്ക്കുന്ന ലൊങ്കിനോസിന്റെ രൂപത്തിനു മുകളിലാണ് കര്‍ത്താവിന്റെ തിരുവിലാവില്‍ കുത്തിയ കുന്തത്തിന്റെ തിരുശേഷിപ്പ്. വെറോനിക്കയുടെ രൂപത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത് കുരിശിന്റെ വഴിയില്‍ കര്‍ത്താവിന്റെ തിരുമുഖം തുടയ്ക്കാന്‍ വെറോനിക്ക ഉപയോഗിച്ച തൂവാലയുടെ തിരുശേഷിപ്പാണ്.
മഹാ സിംഹാസനം
ബസിലിക്കയുടെ പ്രധാന അള്‍ത്താരയെ മഹാസിംഹാസനത്തിന്റെ ന്യായാസനമായി രൂപകല്‍പ്പന ചെയ്തത് ജാന്‍ ലൊറേന്‍സോ ബെര്ണീനിയാണ്. 1657 മാര്‍ച്ച് മൂന്നിന് തുടങ്ങിയ നിര്‍മാണം 1666 ജനുവരി 16ന് പൂര്‍ത്തീകരിച്ചു. നമുക്ക് ആദ്യം കാണാന്‍ സാധിക്കുന്നത് പുരാതന കോണ്സ്റ്റന്റൈന് ബസിലിക്കയില്‍നിന്നു കൊണ്ടുവന്ന രണ്ട് ആഫ്രിക്കന്‍ മാര്‍ബിള്‍ തൂണുകള്‍ക്കു നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ഭീമാകാരന്‍ സിംഹാസനമാണ്. അതിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഏഴു മീറ്ററോളം ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത പെട്ടിക്കകത്ത് ആനക്കൊമ്പിനാല്‍ അലംകൃതമായ ഓക്കുമരത്തില്‍ തീര്‍ത്ത ഒരു കസേരയാണുള്ളത്. പുരാതന പാരമ്പര്യം പറയുന്നത് വിശുദ്ധ പത്രോസ് ആ കസേരയിലിരുന്നാണ് പഠിപ്പിച്ചിരുന്നത് എന്നാണ്.
ആ സിംഹാസനത്തെ താങ്ങിനിര്‍ത്തിയിരിക്കുന്നത് സഭാപിതാക്കന്മാരുടെ നാല് വെങ്കലരൂപങ്ങളാണ്. മുന്നില്‍ നില്‍ക്കുന്നത് ലാറ്റിന്‍ സഭാ പിതാക്കന്മാരായ വിശുദ്ധ അംബ്രോസും വിശുദ്ധ അഗസ്റ്റിനോസും. പുറകിലായി ഗ്രീക്ക് സഭാ പിതാക്കന്മാരായ വിശുദ്ധ അത്തനേഷ്യസും വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമും. പരിശുദ്ധ സിംഹാസനത്തെ താങ്ങിനിര്‍ത്തിയിരിക്കുന്നത് പാശ്ചാത്യ-പൗരസ്ത്യ സഭകള്‍ ഏകമനസോടെ ഒരുമിച്ചാണെന്ന് ദ്യോദിപ്പിക്കുന്നതാണ് ബെര്‍ണീനിയുടെ ഈ ചിത്രീകരണം. ഇതിനു പിന്നില്‍ മുകളിലായി ദൈവികതയുടെ ദീപപ്രഭപോലെ ചില്ലുപാളികളിൽ തീര്‍ത്ത പരിശുദ്ധാത്മാവിന്റെ ചിത്രം ആരെയും പെട്ടെന്നാകര്ഷിക്കുന്നതാണ്. ആ പരിശുദ്ധ സിംഹാസനത്തിലിരുന്ന് സഭയെ നയിക്കാനുള്ള പരിശുദ്ധ പിതാവിനെ കണ്ടെത്താന്‍ പരിശുദ്ധാത്മാവ് തന്നെ കര്‍ദിനാള്‍മാരെ പ്രചോദിപ്പിക്കട്ടെ എന്ന പ്രാര്‍ഥനയിലാണ് ക്രൈസ്തവലോകം മുഴുവന്‍.