വിഴിഞ്ഞം ആരുടെ സംഭാവന?
അനന്തപുരി /ദ്വിജൻ
Saturday, May 3, 2025 11:40 PM IST
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമായി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2015 ഡിസംബർ അഞ്ചിന് തറക്കല്ലിട്ട തുറമുഖനിർമാണം കോവിഡ് മഹാമാരി, ഓഖി, മഹാപ്രളയം തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ഇടതുമുന്നണിയുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം സർക്കാരിന്റെ കാലത്ത് പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഉദ്ഘാടനചടങ്ങിൽ ബിജെപിക്കാരനായ പ്രധാനമന്ത്രിയായി പ്രധാന കാർമികൻ.
ജനാധിപത്യമുന്നണിയിലെ പ്രമുഖ നേതാക്കാന്മാരുടെ സാന്നിധ്യം ഇല്ലാതെയാണ് ഉദ്ഘാടനച്ചടങ്ങ് നടത്തപ്പെട്ടത്. പക്ഷേ ഒന്നുണ്ട്, “പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും” എന്ന ചൊല്ലുപോലെയായി കാര്യങ്ങൾ. വിഴിഞ്ഞം ഉദ്ഘാടനം കേന്ദ്രത്തിന്റെ കണ്ണിൽ വികസിത ഭാരത് 2047ന്റെ പദ്ധതിയാണ്. കേന്ദ്രസർക്കാർ നല്കിയ പരസ്യങ്ങളിൽ പ്രധാനമന്ത്രി മാത്രം. പദ്ധതിച്ചെലവിന്റെ 60 ശതമാനവും വഹിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ചിത്രം പോലുമില്ല. ഇതാണ് വിഴിഞ്ഞം തുറമുഖം ആരുടെ സംഭാവനയാണെന്ന ചോദ്യം സജീവമാക്കിയത്.
ആരുടെ സംഭാവന?
പ്രകൃതിദത്തമായ വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര തുറമുഖമായി വികസിപ്പിക്കണം എന്ന മുറവിളിക്ക് തലമുറകളുടെ പഴക്കമുണ്ട്. ഇവിടെ അന്താരാഷ്ട്ര തുറമുഖം സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി ആദ്യമായി പ്രഖ്യാപിച്ചത് 1991ലെ കരുണാകരൻ സർക്കാരിന്റെ കാലത്ത് തുറമുഖമന്ത്രിയായിരുന്ന എം.വി. രാഘവനാണ്. ബിഒടി മോഡലിൽ നിർമിക്കാനായിരുന്നു പരിപാടി. 1995ൽ കുമാർ ഗ്രൂപ്പുമായി ഇതുസംബന്ധിച്ച എംഒയു കരുണാകരൻ ഒപ്പുവച്ചു. തുടർന്നു വന്ന നായനാർ, ആന്റണി, ഉമ്മൻ ചാണ്ടി, അച്യുതാനന്ദൻ സർക്കാരുകൾ പദ്ധതിക്കാര്യത്തിൽ താത്പര്യം കാണിച്ചെങ്കിലും പല തടസങ്ങൾ ഉയർന്നു.
എം.വി.ആർ. തുടങ്ങിവച്ച പ്രവർത്തനങ്ങൾ നിരവധി കടന്പകൾ കടന്ന് ഔദ്യോഗികമായ തീരുമാനമായത് കെ. ബാബു തുറമുഖമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2015ലാണ്. 2015 ജൂണ് 10ന് തുറമുഖം നിർമിക്കാൻ കാബിനറ്റ് തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതിന് മുന്നോട്ടു വരാൻ പലരും അറച്ചുനിന്നപ്പോൾ ഗൗതം അദാനി തയാറായി. അദ്ദേഹത്തിന്റെ ബിജെപി ബന്ധം കണക്കിലെടുത്ത് കോണ്ഗ്രസ് ഹൈക്കമാൻഡ് പോലും ഉമ്മൻ ചാണ്ടിയെ നിരുത്സാഹപ്പെടുത്തിയതാണ്. പക്ഷേ, കേരളത്തിന്റെ താത്പര്യം കണക്കിലെടുത്ത് 2015 ഓഗസ്റ്റ് 17ന് സർക്കാർ അദാനിയുമായി കരാർ ഒപ്പിട്ടു. കേന്ദ്രം ഭരിച്ച യുപിഎ സർക്കാർ, പ്രധാനമന്ത്രി മൻമോഹൻ സിംഗ്, തന്റെ മന്ത്രിസഭയിലെ അംഗങ്ങളായ കെ.എം. മാണി, കെ. ബാബു എന്നിവരുടെ സഹായങ്ങളെ ഡിസംബർ അഞ്ചിനു നടന്ന തറക്കല്ലിടൽചടങ്ങിൽ ഉമ്മൻചാണ്ടി പേരെടുത്തു പരാമർശിച്ചു.
അദാനി
തുറമുഖനിർമാണത്തിൽ ആരും വലിയ താത്പര്യം കാണിക്കാതിരുന്ന കാലത്ത് വളരെ ഉദാരമായ വ്യവസ്ഥകൾ സമ്മതിച്ചാണ് അദാനിയുമായി 2015ൽ കേരളം കരാർ ഒപ്പുവച്ചത്. അന്ന് പദ്ധതിയുടെ ആകെ മുടക്കുമുതൽ 7,525 കോടി രൂപയായിരുന്നു. അതിൽ 4,750 കോടിയും കേരളം മുടക്കും. 818 കോടി കേന്ദ്രവും 2,454 കോടി അദാനിയും. അദാനിയുടെ വിഹിതം സർക്കാർ നൽകുന്ന 331 ഏക്കർ ഭൂമി പണയംവച്ച് അദാനി ബാങ്കുകളിൽനിന്നു സമാഹരിക്കും. 66 ഹെക്ടർ കടൽ നികത്താനടക്കമാണ് കന്പനിക്ക് അനുവാദം. സർക്കാർ ഏറ്റെടുത്തു കൊടുക്കുന്ന 219 ഏക്കറും കടൽ നികത്തിയെടുക്കുന്ന 165 ഏക്കറും അടക്കം 384 ഏക്കർ അദാനിക്കു കിട്ടുമെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2015 ഡിസംബർ അഞ്ചിന് നിർമാണം ആരംഭിച്ചു.
2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നു. കരാറനുസരിച്ച് 2019ൽ തുറമുഖ നിർമാണം പൂർത്തിയായില്ല. അദാനിയിൽനിന്നു കരാറനുസരിച്ചുള്ള നഷ്ടപരിഹാരം ഈടാക്കാൻ തുനിയാതെ പിണറായി സർക്കാർ അവരുമായുള്ള കരാർ പുതുക്കി. അത് അദാനിക്ക് അനുകൂലവുമായി.
തറക്കല്ലിട്ടതുകൊണ്ട് ഉദ്ഘാടനം നടക്കില്ല
തറക്കല്ലിട്ടതുകൊണ്ട് ഉദ്ഘാടനം നടക്കില്ല എന്ന് തുറമുഖമന്ത്രി വി.എൻ. വാസവൻ പറഞ്ഞതു സത്യമാണ്. പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യം ആർക്കും നിഷേധിക്കാനാവില്ല. തുറമുഖത്തിനെതിരേ സമരം ചെയ്തതിന് തിരുവനന്തപുരം ആർച്ച്ബിഷപ്പിനെതിരേ വരെ ജാമ്യം കിട്ടാത്ത വകുപ്പിട്ട് കേസെടുത്താണ് അദ്ദേഹം അതു പ്രകടിപ്പിച്ചത്. എന്നാൽ, തുറമുഖം സംബന്ധിച്ച് ഉമ്മൻ ചാണ്ടി തീരുമാനമെടുക്കുന്പോൾ 6,000 കോടിയുടെ കടൽക്കൊള്ള എന്നാണ് സിപിഎം അതിനെ വിളിച്ചത്.
അതേക്കുറിച്ച് അന്വേഷിക്കാൻ ഒരു ജുഡീഷൽ കമ്മീഷനെ നിയോഗിച്ചു. സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതിയിൽ കെ. മോഹൻദാസും പി.ജെ. മാത്യുവും ഉണ്ടായിരുന്നു. കരാറിൽ ഒരു കുറ്റവും അവർക്കു കാണാനായില്ല. ഇത്തരം വികസനവിരുദ്ധ സമീപനം എന്നും അവർ സ്വീകരിച്ചിട്ടുമുണ്ട്. സിപിഎം ഭരണകാലത്ത് എന്തു വികസനം എന്ന് ചോദിക്കത്തക്കവിധം ഇത്തരം വലിയ പദ്ധതികളൊന്നും അവരുടെ കാലത്ത് വരാറില്ല.
തറക്കല്ലിട്ടതുകൊണ്ട് ഉദ്ഘാടനം നടക്കില്ല എന്നത് എല്ലാ വികസനനീക്കങ്ങളെയും എതിർത്ത് തടസമുണ്ടാക്കുന്ന വാസവന്റെ പാർട്ടിക്ക് ശരിക്കറിയുന്ന സത്യമാണ്. നെടുന്പാശേരി വിമാനത്താവളത്തിൽ ആദ്യവിമാനം ഇറങ്ങുന്നത് തന്റെ നെഞ്ചത്തുകൂടി ആവും എന്നുപറഞ്ഞു സമരം ചെയത സിപിഎം നേതാവ് ശർമ പിന്നീട് വിമാനത്താവള ഭരണസമിതി അംഗമായി.
ഗെയിൽ ഗ്യാസ് പദ്ധതിയെ കൊച്ചിയുടെ അടിയിലൂടെ തീ ബോംബ് എന്നു പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തിയ സിപിഎം നേതാവ് പി. രാജീവ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി. അവർ നടപ്പാക്കിയ വികസന പദ്ധതികളിൽ ഗെയിലാണ് മുന്നിൽ. ദേശീയപാതാ വികസനത്തിന് കൊടി കുത്തി സമരം ചെയ്തവർ കൊടി മടക്കി പാത പണിതു.
ഇതെല്ലാം പിണറായി ഭരിച്ചതുകൊണ്ടാണ്. അല്ലെങ്കിൽ അവർ സമരവുമായി വരുമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരിക്കുന്ന ഈ നയവ്യതിയാനത്തെ പ്രധാനമന്ത്രി മോദിതന്നെ ഉദ്ഘാടനപ്രസംഗത്തിൽ പരാമർശിച്ചു: “കമ്യൂണിസ്റ്റുകാരനായ മന്ത്രിതന്നെ അദാനിയെ തങ്ങളുടെ പങ്കാളി എന്ന് വിളിച്ചത് നല്ല അടയാളമായി”എന്ന് പ്രധാനമന്ത്രി ചിത്രീകരിച്ചു.
7,876 കുടുംബങ്ങൾ
വിഴിഞ്ഞം പദ്ധതി വലിയവേളി മുതൽ പനത്തുറ വരെയുള്ള 7,876 കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പദ്ധതിക്കു തുടക്കംകുറിച്ച് ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ പഠനം കണ്ടെത്തിയിരുന്നു. നാടിന്റെ വികസനത്തിനു വേണ്ടി കിടപ്പാടംവരെ നഷ്ടപ്പെടുന്നവർക്ക് ആകർഷകമായ പാക്കേജ് നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്താണ് 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ അദാനി ഗ്രൂപ്പുമായി തുറമുഖ കരാർ ഒപ്പിട്ടത്.
തുറമുഖംനിർമാണം ആരംഭിക്കുന്നതു മുതൽ അഞ്ചു വർഷത്തേക്ക് ഉണ്ടാകാവുന്ന പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടങ്ങൾ നികത്തുന്നതിനായി സർക്കാർ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. തുറമുഖ നിർമാണം ആരംഭിക്കുന്പോൾ ഉണ്ടായേക്കാവുന്ന തീരശോഷണം അടക്കമുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിനാണ് സർക്കാർ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്.
സ്ഥലം ഏറ്റെടുക്കലിനും വീടുനിർമാണത്തിനായി 350 കോടിയും ജീവനോപാധികൾക്കായി 59 കോടിയുമാണ് ഉമ്മൻ ചാണ്ടി സർക്കാർ നീക്കിവച്ചത്. വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ കപ്പൽ എത്തുന്പോഴും ആ പദ്ധതി കടലാസിൽ ഉറങ്ങുകയാണ്. ഒന്നും നടപ്പായിട്ടില്ലെന്ന് സമരസമിതി നേതാവ് ഫാ. യൂജിൻ പെരേര ഉദ്ഘാടനദിവസവും പറഞ്ഞു. “ഇതുസംബന്ധിച്ച് 128 മത്സ്യത്തൊഴിലാളികൾ കൊടുത്ത പരാതി ഹൈക്കോടതിയിലുണ്ട്. ഞങ്ങൾ കോടതിയിലാണ് ശരണപ്പെടുന്നത്” -അദ്ദേഹം പറഞ്ഞു.