ഭീതിയിലാണ് സിറിയയിലെ ക്രൈസ്തവര്‍
ഡോ. ജോര്‍ജുകുട്ടി ഫിലിപ്പ്
Saturday, May 3, 2025 2:18 AM IST
അര നൂറ്റാണ്ടിലേറെ നീണ്ട അസാദ് കുടുംബത്തിന്റെ ഭരണത്തിനുശേഷം കഴിഞ്ഞ ഡിസംബറില്‍ ഇസ്ലാമിസ്റ്റുകള്‍ ഭരണം പിടിച്ചെടുത്തെങ്കിലും സിറിയയില്‍ ആഭ്യന്തര സമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷ ജനിപ്പിക്കാന്‍ പുതിയ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയാക്ക് കഴിഞ്ഞിരുന്നു. പാശ്ചാത്യരാജ്യങ്ങളുടെ ഭീകരവാദിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ് അദ്ദേഹം.
പുതിയ ഭരണകൂടത്തില്‍ ഒരു ക്രൈസ്തവ വനിതയെ ഉള്‍പ്പെടുത്തുകയും ന്യൂനപക്ഷങ്ങള്‍ക്കു ഭയം വേണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും സുന്നി മേധാവിത്വമുള്ള തീവ്ര ഇസ്ലാമിക രാജ്യമായി സിറിയ മാറുകയാണോ എന്ന സംശയമാണ് ഉണ്ടായിരുന്നത്. മാര്‍ച്ച് ആദ്യവാരത്തില്‍ ന്യൂനപക്ഷമായ (സിറിയന്‍ ജനസംഖ്യയില്‍ ഏതാണ്ട് 10 ശതമാനം) അലാവീത്തര്ക്കു നേരേയും ഈയാഴ്ചയാദ്യം ദ്രൂസുകൾക്കു നേരേയും നടന്ന ആക്രമണമാണ് അതിനു കാരണം.
നാലായിരം അലാവീത്തര് വരെ കൊല്ലപ്പെട്ടിരിക്കാമെന്നാണു നിരീക്ഷകര്‍ കരുതുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച ദ്രൂസുകൾക്കുനേരേ നടന്ന ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയുണ്ടായി. ആക്രമണം പിറ്റേന്നും തുടർന്നു. ദ്രൂസുകളെ രക്ഷിക്കാനെന്ന പേരിൽ ഇസ്രയേൽ അഷ്റാഫിയാത്ത് സനായ പട്ടണത്തിൽ വ്യോമാക്രമണം നടത്തി. കുറെ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് ഭരണകൂടം പറഞ്ഞെങ്കിലും “നീതീകരിക്കാനാവാത്ത വംശഹത്യ” എന്നാണ് ദ്രൂസുകളുടെ ആത്മീയാചാര്യന് ഷേക്ക് ഹിക്മത്-അൽ ഹിജ്റി കുറ്റപ്പെടുത്തിയത്. തീവ്രവാദികളുടെ അടുത്ത ഇര ആരായിരിക്കും എന്നതാണ് ചോദ്യം.
ന്യൂനപക്ഷങ്ങള്‍ക്കു മരണം
ഷിയാ മുസ്ലിംകളില്നിന്ന് ഒന്‍പതാം നൂറ്റാണ്ടില്‍ വേര്‍പിരിഞ്ഞ് പ്രത്യേക വിഭാഗമായവരാണ് അലാവീത്തര് (Alawites). എണ്പതു ശതമാനത്തോളം സുന്നികളുള്ള സിറിയയില്‍ അലാവീത്തരിൽപെടുന്ന ഹാഫെസ് അല്‍ അസാദ് അധികാരം പിടിച്ചതുമുതല്‍ പുകഞ്ഞുകൊണ്ടിരുന്ന വംശീയ വിദ്വേഷം ഇപ്പോള്‍ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അസാദ് കുടുംബത്തിന്റെ സില്ബന്തികള് സിറിയന്‍ സേനാംഗങ്ങളെ ആക്രമിച്ചതാണ് കൊലപാതക പരമ്പരയുടെ തുടക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, അത് തികച്ചും ശരിയാണെന്നു തോന്നുന്നില്ല.
അസാദിന്റെ കൂട്ടാളികളെ കൊല്ലുക എന്ന മുദ്രാവാക്യവുമായി വന്ന തീവ്രവാദികള്‍ പിന്നീടു മുഴക്കിയ മുദ്രാവാക്യം “അലാവീത്തര്ക്കു മരണം” എന്നാണ്. അലാവീത്തര്ക്കു മേല്‍ക്കൈയുള്ള സിറിയയുടെ പടിഞ്ഞാറുഭാഗത്തെ തീരദേശ പ്രവിശ്യയായ ലതാക്കിയയിലെ മുഖ്യനഗരമായ ലതാക്കിയയിലും 21 ഗ്രാമങ്ങളിലും കൂട്ടക്കൊലകള്‍ അരങ്ങേറി. ഏകദേശം 30,000 അലാവീത്തര് ലെബനോനിലേക്കു പലായനം ചെയ്തു. സിറിയയില്‍നിന്ന് അലാവീത്തരെ മുഴുവന്‍ നാടുകടത്തി വംശശുദ്ധീകരണം നടത്താനാണ് സര്‍ക്കാര്‍ ഉദ്യമിക്കുന്നതെന്നാണ് ആരോപണം.
ലതാക്കിയയിലെ നരഹത്യകളെ പ്രസിഡന്റ് നിസാരവത്കരിച്ചു സംസാരിച്ചത് രാജ്യത്തെ ഇതര ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അനൗദ്യോഗിക കണക്കനുസരിച്ച് മൊത്തം ജനസംഖ്യയുടെ പത്തു ശതമാനത്തോളം കുര്‍ദുകളാണ്. കുര്‍ദുകളില്‍ മുസ്ലിംകളും ഇതര മതസ്ഥരുമുണ്ട്. ക്രൈസ്തവരുടെ എണ്ണം രണ്ടര ശതമാനത്തില്‍ കൂടുതലില്ല. ദ്രൂസുകള്‍ മൂന്നു ശതമാനമുണ്ട്. ഇക്കൂട്ടര്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന അറബ് വംശജരാണ്. ന്യൂനപക്ഷങ്ങളിലെ ഏറ്റവും ശക്തമായ വിഭാഗമാണ് അലാവീത്തര്. അവരെ ഒതുക്കിയാല്‍ താരതമ്യേന ദുര്‍ബലരായ ക്രൈസ്തവര്‍, കുര്‍ദുകള്‍, ദ്രൂസുകള്‍ എന്നിവരെയും പിന്നീടു ലക്ഷ്യമാക്കാന്‍ കഴിയും. സിറിയയില്‍ അവശേഷിക്കുന്ന അലാവീത്തരും വലിയ ഭയപ്പാടിലാണ്.
‘ക്രിസ്ത്യന്‍ ഓറിയന്റ് ഇനിഷ്യേറ്റീവ്’ എന്ന സന്നദ്ധ സംഘടനയുടെ കോ-ഓര്‍ഡിനേറ്ററായ സ്റ്റെഫാന്‍ മയര്‍ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശ്രദ്ധേയമാണ്. തകര്‍ന്നുകിടക്കുന്ന ലബനനിലേക്കു പലായനം ചെയ്യാന്‍ ക്രൈസ്തവര്‍ക്കു താത്പര്യമില്ല. തിരിച്ചുവരാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമില്ല. ഇക്കഴിഞ്ഞ കൂട്ടക്കൊലയില്‍ ക്രൈസ്തവരെ തെരഞ്ഞുപിടിച്ചു കൊന്നിട്ടില്ല. പക്ഷേ, അവരുടെ വസ്തുവകകളും കൊള്ളയടിക്കപ്പെട്ടു. ആയുധങ്ങള്‍ക്ക് യാതൊരു ക്ഷാമവുമില്ല. അസാദിന്റെ പതനത്തോടെ സൈനിക താവളങ്ങളില്‍നിന്നു പട്ടാളക്കാര്‍ ഓടിപ്പോയി. അലാവീത്തരായിരുന്നു അവരില്‍ ഏറെയും. അതോടെ അസാദ് വിരുദ്ധരായ ഇസ്ലാമിസ്റ്റുകള്‍ ആയുധപ്പുരകള്‍ കൈയേറി, ആയുധങ്ങള്‍ തട്ടിയെടുത്തു. ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണ് സിറിയന്‍ തീവ്രവാദികളോടൊപ്പം ചെച്ചെന്‍, അഫ്ഗാന്, ഐഎസ് ഭീകരവാദികള്‍ ഒന്നിച്ച് അലാവീത്തര്ക്കെതിരേ നീങ്ങിയത്. അലാവീത്തരെക്കാള് എണ്ണത്തില്‍ കുറഞ്ഞ കുര്‍ദുകളും ക്രൈസ്തവരും നവസിറിയയില് തങ്ങള്‍ക്കു സ്ഥാനമില്ലെന്ന തിരിച്ചറിവില്‍ ഭയചകിതരാണ്. ഇടക്കാല ഭരണഘടനയും ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് ഉറപ്പുനല്‍കുന്നില്ല.
എന്തുകൊണ്ടു ഭയം?
സിറിയയുടെ പുതിയ ഭരണഘടന പ്രകാരം ഒരു മുസ്ലിമിനു മാത്രമേ സിറിയയുടെ പ്രസിഡന്റാകാന്‍ കഴിയൂ. അലാവീത്തരും ക്രൈസ്തവരും കുര്‍ദുകളും ദ്രൂസുകളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ഭരണഘടനാപരമായിത്തന്നെ വിവേചനത്തിന്റെ ഇരയാകുകയാണ്. ശരിയത്ത് നിയമം ഇപ്പോള്‍തന്നെ രാജ്യത്തിന്റെ പൊതുനിയമമായി മാറിക്കൊണ്ടിരിക്കുകയാണ്. അസാദ് കാലഘട്ടത്തില്‍ ക്രൈസ്തവര്‍ ഒട്ടൊക്കെ സുരക്ഷിതരായിരുന്നു.
അറബ് രാജ്യങ്ങളിലെ ഏറ്റവും സുരക്ഷിതരായിരുന്ന ക്രൈസ്തവര്‍ സിറിയയിലായിരുന്നു. അസാദിന്റെ സേനയില്‍ നിരവധി ക്രൈസ്തവരുണ്ടായിരുന്നു. അവരില്‍ പലരും ഉന്നത സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തു. തീവ്രവാദികള്‍ ഇതു വ്യാഖ്യാനിക്കുന്നത് മറ്റൊരു വിധത്തിലാണ്: അസാദിന്റെ ഭരണത്തെ താങ്ങിനിര്ത്തിയിരുന്നതു ക്രൈസ്തവരാണ്. അദ്ദേഹത്തിനുവേണ്ടി യുദ്ധം ചെയ്തവരാണ് അവര്‍. അതുകൊണ്ടാണ് അസാദ് അവരെ സംരക്ഷിച്ചത്. ഇസ്ലാമികരാജ്യമായ സിറിയയില്‍ ഇത്തരക്കാര്‍ക്കു സ്ഥാനമില്ല.
അസാദ് ക്രൈസ്തവരെ സംരക്ഷിച്ചു എന്നു പറയുന്നതു വാസ്തവമാണ്. 2013 സെപ്റ്റംബറില്‍ അല്‍-നുസ്റ എന്ന തീവ്രവാദി ഗ്രൂപ്പ് ഡമാസ്കസിനു വടക്കുള്ള മാഅലുല എന്ന ക്രൈസ്തവഗ്രാമം കീഴടക്കി. ക്രൈസ്തവരെ കൊല്ലുകയും പള്ളികള്‍ തകര്‍ക്കുകയും ചെയ്തു. അസാദിന്റെ സൈനികര്‍ 2014 ഏപ്രിലില്‍ ഗ്രാമം തിരിച്ചുപിടിച്ചു. അസാദിന്റെ പതനത്തിനുശേഷമാണ് അല്‍ നുസ്റാ ഭീകരവാദികള്‍ ഗ്രാമത്തില്‍ തങ്ങളുടെ പ്രതികാരം നടപ്പാക്കിയത്. അറാമായ ഭാഷ സംസാരിക്കുന്ന സിറിയയിലെ അപൂര്‍വം ഗ്രാമങ്ങളിലൊന്നായതുകൊണ്ട് വിശ്വപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്.
ഭരണ നേതൃത്വം ക്രൈസ്തവര്‍ക്കെതിരേ ഒന്നും സംസാരിച്ചിട്ടില്ല എന്നതും അവരുടെ ഭയം ശമിപ്പിച്ചിട്ടില്ല. കാരണം, എന്തിനും തയാറായി നില്ക്കുന്ന മത തീവ്രവാദികള്‍ രാഷ്ട്രീയ നേതൃത്വം പറയുന്നതു കേള്‍ക്കാറില്ല. അസംതൃപ്തരും കുറ്റവാളികളും മാത്രമല്ല, ഇതരരാജ്യങ്ങളില്നിന്നു കടന്നുവന്നിട്ടുള്ള ഭീകരവാദികളുമാണ് തദ്ദേശീയരായ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്.
അസ്ഥിരമായ ഭരണകൂടവും നിഷ്ഫലമായ രാഷ്ട്രീയ ഇടപെടലുകളുമാണ് അവരെ ഇരകളാക്കുന്നത്. പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധംമൂലം അത്യാവശ്യ മരുന്നുകള്‍ക്കുപോലും രാജ്യത്തു ക്ഷാമമാണ്. നാണയപ്പെരുപ്പം കുതിച്ചുയരുന്നു. മരുന്നുകള്‍ക്ക് ക്രൈസ്തവര്‍ മൂന്നിരട്ടി വില നല്‍കണം, മുസ്ലിംകളെക്കാള്. ക്രൈസ്തവര്‍ നാടുവിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതില്‍ അദ്ഭുതമില്ല.
ന്യൂനപക്ഷങ്ങളുടെ ഭാവി
സാമ്പത്തിക ഉപരോധം പിന്‍വലിച്ചാല്‍ സാധാരണക്കാരുടെ ജീവിതത്തിനുതന്നെ ഗുണപരമായ മാറ്റമുണ്ടാകും. വിദ്യാലയങ്ങള്‍ പ്രവര്‍ത്തനക്ഷമമായാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നു ക്രൈസ്തവര്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, പുതിയ ഭരണഘടന വെല്ലുവിളികള്‍ ഉയര്‍ത്തുന്നതു കാണാതിരുന്നുകൂടാ. ശരിയത്ത് അംഗീകരിക്കുന്ന ക്രൈസ്തവനാണോ നിങ്ങള്‍? എന്നാല്‍, നിങ്ങള്‍ക്ക് ഈ ഇസ്ലാമിക രാജ്യത്തു ജീവിക്കാം. സ്ത്രീകളുടെ സ്ഥാനം അംഗീകരിക്കാം; എന്നാല്‍, ശരിയത്ത് വിഭാവനം ചെയ്യുന്നതുപോലെ മാത്രം. ക്രൈസ്തവര്‍ക്കു മാത്രമല്ല, വിശാലമായി ചിന്തിക്കുന്ന മുസ്ലിംകള്ക്കും അചിന്ത്യമാണ് ഇത്തരം വ്യവസ്ഥകള്‍. 2012ല്‍ അല്‍-നുസ്റ ഭീകരര്‍ വിളിച്ച മുദ്രാവാക്യത്തിന്റെ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല: “ക്രിസ്ത്യാനികള്‍ ബെയ്റൂട്ടിലേക്ക്, അലാവീത്തര് ഖബറുകളിലേക്ക്.” അക്കാലത്ത് സിറിയയിലെ മോസ്കുകളില്നിന്നു മുഴങ്ങിയ ഈ ഭീഷണി ഇപ്പോഴും സജീവമാണ്.
അല്‍-ഷറാ ഭരണമേറ്റശേഷം ശമ്പളവും പെന്‍ഷനും മുടങ്ങിയതിനും തീവ്രവാദികളുടെ തട്ടിക്കൊണ്ടുപോകല്‍-വധഭീഷണിക്കും എതിരേ ലതാക്കിയയിലും താര്‍തസ് പട്ടണത്തിലും അലാവീത്തര് നടത്തിയ പ്രതിഷേധമാണ് മാര്‍ച്ചിലെ കൂട്ടക്കൊലകള്‍ക്കു കാരണമായത്.
അലെപ്പോ, ഇദ്ലീബ്, ഹാമാ, ഹോംസ് പട്ടങ്ങളില്നിന്നുള്ള ഭീകരരോടൊപ്പം ഡമാസ്കസില്‍നിന്നുള്ള പട്ടാളക്കാരുംകൂടിയാണ് ആ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. ഈ ഭീകരര്‍തന്നെ തങ്ങള്‍ നടത്തിയ പൈശാചികകൃത്യങ്ങളുടെ വീഡിയോകള്‍ ചിത്രീകരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിറിയയിലെ സംഭവവികാസങ്ങളില്‍ ലോകരാജ്യങ്ങള്‍ പുലര്‍ത്തുന്ന നിസംഗത അവസാനിപ്പിക്കേണ്ട സമയമായി. പശ്ചിമേഷ്യയിലെ പ്രധാനപ്പെട്ട രാജ്യമാണ് സിറിയ. അയല്‍രാജ്യങ്ങളും മറ്റു തത്പര രാജ്യങ്ങളും 2011 മുതല്‍ സിറിയയില്‍ ധാരാളമായി ഇടപെട്ടിട്ടുണ്ട്. അസാദിനെ സംശയിച്ചുകൊണ്ടിരുന്ന റഷ്യക്ക് ഇപ്പോഴും സിറിയയില്‍ രണ്ടു വ്യോമതാവളങ്ങളുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇസ്രയേല്‍, തുര്‍ക്കി, ഇറാന്, അമേരിക്ക, ചൈന എന്നിവർക്കെല്ലാം സിറിയയില്‍ താത്പര്യങ്ങളുണ്ട്. കുര്‍ദുകള്‍ക്കെതിരേ സിറിയ നീങ്ങിയാല്‍ തുര്‍ക്കിയും ഇറാനും അതിനെ പിന്തുണയ്ക്കും. ആ രാജ്യങ്ങളിലുമുണ്ട് കുര്‍ദുകളുടെ സാന്നിധ്യം. അമേരിക്കയും മിണ്ടാതിരുന്നാല്‍ കുര്‍ദുകളുടെ കാര്യം അവതാളത്തിലാകും. ഉപരോധം നീക്കാന്‍ അല്‍-ഷറാ ആവശ്യപ്പെടുന്നതും രാഷ്ട്രനന്മയോ സാമ്പത്തിക ലാഭമോ പ്രതീക്ഷിച്ചല്ല, സിറിയയുടെ പ്രസ്റ്റീജിനുവേണ്ടി മാത്രമാണ് എന്നാണു വിമര്‍ശനം. പണം ഖത്തറും സൈനികസഹായം തുര്‍ക്കിയും നല്കുമല്ലോ!
ഇപ്പോള്‍ സിറിയയില്‍ എത്ര ക്രൈസ്തവരുണ്ടെന്ന് ആര്‍ക്കും അറിയില്ല എന്നതാണു സത്യം. 1960ലാണ് അവസാനമായി സെന്‍സസ് നടന്നത്. 2011ല്‍ 15 ലക്ഷമായിരുന്നു അവരുടെ സംഖ്യ.
2024ല്‍ ബഷാര്‍ അല്‍-അസാദിന്റെ ഭരണം അവസാനിപ്പിക്കുമ്പോള്‍ അത് ഒന്നര ലക്ഷമായി ചുരുങ്ങിയിരുന്നു. പലായനം ചെയ്തവരും കൊല്ലപ്പെട്ടവരും എത്രയെന്ന് ആര്‍ക്കും നിശ്ചയമില്ല. ഇപ്പോള്‍ ഏകദേശം മുക്കാല്‍ ലക്ഷം പേര് കണ്ടേക്കാം. അവര്‍ ഇനിയും എത്രനാള്‍?