ഗുരുതര പ്രതിസന്ധിയിൽ പാക്കിസ്ഥാൻ
Saturday, May 3, 2025 2:16 AM IST
വർഷങ്ങളായി സാന്പത്തിക പ്രതിസന്ധിയുടെ നടുക്കടലിലുള്ള പാക്കിസ്ഥാനിൽ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ മുഖം തിരിച്ചതോടെ പ്രതിസന്ധി രൂക്ഷം. ഇന്ത്യയിൽനിന്ന് അവശ്യമരുന്നുകൾ, രാസവസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, കോഴിത്തീറ്റ, ഉണങ്ങിയ പഴങ്ങൾ എന്നിവയുടെ ഇറക്കുമതി നിലച്ചതിനാൽ ഇവയ്ക്കു കടുത്ത ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയതായാണ് റിപ്പോർട്ട്. ഇതു സാധാരണ പാക്കിസ്ഥാനികളുടെ ദൈനംദിന ജീവിതം കൂടുതൽ വഷളാക്കുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്നുള്ള പാക്കിസ്ഥാന്റെ ഇറക്കുമതി ഏകദേശം 304.93 ദശലക്ഷം ഡോളറിന്റേതായിരുന്നു. ഇറക്കുമതിയിൽ പ്രധാനമായും ജൈവ-രാസവസ്തുക്കളും ഔഷധ ഉത്പന്നങ്ങളുമാണ്. രാജ്യത്ത് മരുന്നുകൾക്ക് വലിയ ക്ഷാമം അനുഭവപ്പെടുന്നതായും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണെന്നും പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തികസ്ഥിതി അതിദയനീയം
യുദ്ധത്തിലൂടെ തിരിച്ചടിക്കുമെന്ന് പറയുമ്പോഴും പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി അതിദയനീയമാണ്. വിദേശനാണ്യ ശേഖരം എക്കാലത്തെയും താഴ്ന്ന നിലയിലാണ്. പുതിയ സാഹചര്യത്തിൽ പാക് ഓഹരിവിപണികളിലെ തകർച്ച ഇന്നലെയും തുടർന്നു. പാക് കറന്‍സിയുടെ മൂല്യം ഓരോ ദിവസം ചെല്ലുന്തോറും ഇടിയുകയാണ്. ഭീകരവാദം തകര്‍ത്ത അഫ്ഗാനിസ്ഥാന്റെ കറന്‍സിയേക്കാള്‍ പിന്നിലാണ് പാക് കറന്‍സിയുടെ മൂല്യം. നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, ഇറാഖ് എന്നീ രാജ്യങ്ങളിലെ കറന്‍സികള്‍ക്കും താഴെയാണ് പാക് കറന്‍സി.
യുഎസ് ഡോളറുമായി പാക്കിസ്ഥാന് കറന്‍സിയുടെ വിനിമയ മൂല്യം 306.33 ആണ്. അതായത്, ഒരു യുഎസ് ഡോളര്‍ വാങ്ങാന്‍ 307 പാക്കിസ്ഥാന് രൂപ കൊടുക്കേണ്ടിവരും. ഇന്ത്യയിലിത് 85 രൂപയാണ്. തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും ആഭ്യന്തരകലാപങ്ങളും പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ പാക്കിസ്ഥാനെ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.
കഴിഞ്ഞ മാർച്ചിൽ അന്താരാഷ്ട്ര നാണയനിധി പാക്കിസ്ഥാന് 200 കോടി ഡോളറിന്റെ വായ്പ അനുവദിച്ചിരുന്നു. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി പണപ്പെരുപ്പം 0.7 ശതമാനം കുറഞ്ഞിരുന്നു. പിടിച്ചുനില്ക്കാന് സാധിക്കുമെന്ന് തോന്നിച്ചിടത്താണ് പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായതും ഇതിൽ പാക് പങ്ക് വ്യക്തമായതോടെ ഇന്ത്യ കടുത്ത നടപടികളിലേക്കു കടന്നതും.
വിലക്കയറ്റം
വിലക്കയറ്റം വീണ്ടും പിടിവിട്ട് ഉയരാന്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. അരി, പച്ചക്കറി, പഴം, ചിക്കന്‍ എന്നിവയുടെ വില അതിവേഗം കുതിക്കുകയാണ്. ഒരു കിലോ അരിയുടെ വില കറാച്ചിയിലെയും ലാഹോറിലെയും മാര്‍ക്കറ്റുകളില്‍ 340 രൂപയ്ക്കു മുകളിലായി. ഒരു കിലോ കോഴിയിറച്ചിക്ക് കൊടുക്കേണ്ടത് 800 രൂപയാണ്.
സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെത്തുടർന്ന് ഇന്ത്യയില്‍നിന്നുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞാൽ കൃഷിയില്‍നിന്നുള്ള വരുമാനവും ഇടിയും. പാക്കിസ്ഥാന് വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ കാര്‍ഷികമേഖലയ്ക്കു വലിയ പങ്കാണുള്ളത്. പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്ന നദീജലത്തിന്റെ അളവ് ഇന്ത്യ കുറച്ചതിനാൽ കാർഷികമേഖലയായ വടക്കൻ പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഈ വർഷം പാക്കിസ്ഥാനിലെ ഒരു കോടിയിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും പട്ടിണിയും നേരിടേണ്ടിവരുമെന്ന് ലോകബാങ്കിന്റെ സമീപകാല റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. പ്രതികൂല കാലാവസ്ഥ നെല്ല്, ചോളം തുടങ്ങിയ പ്രധാന വിളകളുടെ ഉത്പാദനത്തെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ഭരണവിരുദ്ധ വികാരത്തെ ഇന്ത്യാവിരുദ്ധ വികാരംകൊണ്ട് മറികടക്കാൻ സർക്കാർ
വിലക്കയറ്റവും പട്ടിണിയും കാരണം ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ കടുത്ത ഭരണവിരുദ്ധ വികാരം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പഹൽഗാം ഭീകരാക്രമണമുണ്ടാകുന്നതും ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതും. ഈ ഭരണവിരുദ്ധ വികാരത്തെ ഇന്ത്യാവിരുദ്ധ വികാരം മുതലെടുത്ത് മറികടക്കാനാണ് സർക്കാരിന്റെ നീക്കം.
ഇന്ത്യയുമായി ഒരു യുദ്ധത്തിലേക്കു പോകാൻ രാജ്യത്തെ സാന്പത്തികപ്രതിസന്ധി അനുവദിക്കുന്നില്ലെന്ന് സർക്കാരിന് നന്നായി അറിയാമെങ്കിലും അനുദിനം പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയും അണികളെ ഇളക്കിവിട്ടും പാക് മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന സർക്കാർ മുന്നോട്ടു പോകുകയാണ്.