ജീവിതത്തിലേക്ക് ആവേശിക്കുന്ന നവതരംഗ സിനിമകൾ
തോംസണ് ആന്റണി
Saturday, May 3, 2025 2:10 AM IST
കലയ്ക്കു പല നിർവചനങ്ങളുണ്ട്. അതിൽ പലതും സിനിമയ്ക്കും ബാധകമാണ്. കാലത്തിന്റെ കണ്ണാടിയായാണ് ഒരു നിർവചനം കലയെ വാഴ്ത്തുന്നത്. കണ്ണാടിയിൽ സ്വന്തം പ്രതിബിംബവും കാണും.
സമകാലിക ഇന്ത്യൻ അവസ്ഥയിൽ അക്രമവാസന അഥവാ ‘വയലൻസ്’ ഓരോ അണുവിലുമുണ്ട്. അടുത്തിടെ ചെറുപ്പക്കാർ പങ്കാളിയായ നിരവധി ചോരക്കഥകൾ കേരളത്തിൽ വാർത്തകളായി സമൂഹത്തെ ഞെട്ടിച്ചു. അപ്പോൾ പലയിടത്തുനിന്നും ഉയർന്നുവന്ന വാദങ്ങളിൽ ഒന്ന് വയലൻസിന്റെ പ്രഭവകേന്ദ്രം സിനിമയാണെന്നതായിരുന്നു. സിനിമയിലെ വയലൻസ് ചെറുപ്പക്കാരും യുവതലമുറയും പകർത്തുന്നുവെന്നതാണ് ആക്ഷേപത്തിന്റെ കാതൽ. അത് സത്യമാണോ?
‘വയലൻസി’ന്റെ പിടിയിൽ?
വർത്തമാന ഹിന്ദി സിനിമയും മലയാള സിനിമയും ‘വയലൻസി’ന്റെ പിടിയിലാണെന്നത് സത്യമാണ്. 2024 ഡിസംബർ 20നാണ് ‘മാർക്കോ’ തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും വയലന്റായ സിനിമ എന്ന ടാഗ്ലൈനോടെയാണ് ചിത്രം അവതരിപ്പിക്കപ്പെട്ടത്. സിനിമ സ്വാഭാവികമായും ഹിറ്റായി. ‘മാർക്കോ’ ഒരു യാദൃച്ഛികതയല്ല. കൊലയുടെ ആഘോഷത്തിന് ആക്കംകൂട്ടിയ ചിത്രങ്ങൾ ഹിന്ദിയിലും ഇറങ്ങി.
2023 ഡിസംബർ ഒന്നിനാണ് ‘ആനിമൽ’ പുറത്തുവരുന്നത്. 2024ൽ ബോളിവുഡിനെ നിലനിർത്തിയ സിനിമകളിൽ ഒന്നായിരുന്നു അത്. കൊലപാതകങ്ങൾ വെള്ളിത്തിരയിലൂടെ ആടിത്തിമിർത്ത സിനിമയെന്ന് അതിനെ വിശേഷിപ്പിക്കാം. രണ്ബീർ കപൂർ നായകനായ ‘ആനിമൽ’ സൂപ്പർഹിറ്റായിരുന്നു. അതുപോലെ ‘കിൽ’ എന്ന ഹിന്ദി ചിത്രവും. ഒരു ട്രെയിനിൽ നടക്കുന്ന കൊലപാതക പരന്പരയായിരുന്നു ചിത്രത്തിനാധാരം.
തമിഴിൽ ‘സുബ്രഹ്മണ്യപുരം’ (2008) മുതൽ പ്രതികാരത്താൽ കഴുത്തറത്തുമാറ്റുന്നതിന്റെ ഭീകരതയെ ആനന്ദമാക്കി പ്രസരിപ്പിക്കുന്ന എത്രയോ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. 2011ൽ ദക്ഷിണകൊറിയയിൽനിന്നു ‘പിയാത്ത’യിലൂടെ കിം കി ഡുക് സൃഷ്ടിച്ച തരംഗം 2013ൽ ‘മൊബിയൂസിൽ’ എത്തി. 2019ൽ മികച്ച സിനിമയ്ക്കുള്ള ഓസ്കർ അവാർഡ് നേടിയ ‘പാരസൈറ്റ്’ മനുഷ്യരെ കൊന്നുതള്ളുന്നതിൽ കാട്ടിയ അച്ചടക്കത്തിന് നിഗൂഢമായ ഒരുദ്ദേശ്യമുള്ളതായി ആ ചിത്രം കണ്ടപ്പോൾ തോന്നിയിട്ടുണ്ട്. വയലൻസിന്റെ ഈ സ്വീകാര്യത ലഹരിയായി മാറുന്നിടത്താണ്, അതിന്റെ വേരിലാണ് കാര്യം.
സ്വാധീനം ഉറപ്പ്
ചോരപുരണ്ട ഇത്തരം സിനിമകൾ സ്വാഭാവികമായും നമ്മളിൽ ഒരു ചോദ്യം ജനിപ്പിക്കുന്നു: സിനിമയാണോ, സിനിമയെയാണോ വയലൻസ് സ്വാധീനിച്ചിരിക്കുന്നത്? സിനിമയുടെ നായകർ കാഴ്ചക്കാരെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ല. അതിലെ അതിമാനുഷിക കഥാപാത്രങ്ങൾ കൊന്നരിയുന്പോഴും അടിച്ചുതകർക്കുന്പോഴും അതേ വയലൻസിനൊപ്പമാണ് കാഴ്ചക്കാരും സഞ്ചരിക്കുന്നത്, സ്വാധീനം ഉറപ്പ്. മലയാളത്തിലെ പുതുതലമുറയുടെ വയലൻസിൽ സിനിമയ്ക്ക് പങ്കില്ലെന്നു പറഞ്ഞ് ഒഴിയുകവയ്യ.
മുന്പും സ്റ്റണ്ട്, ആക്രമണങ്ങൾ എന്നീ രംഗങ്ങൾ ഉണ്ടെങ്കിലും അതിനെ മഹത്വവത്കരിക്കുന്നില്ല (ഉദാ: ഷോലെ). കുട്ടികൾ ജീവിതത്തിൽ പകർത്തുന്ന രീതിയിൽ അത്ര മനോഹരമായാണ് വയലൻസ് രംഗങ്ങൾ ഇന്നത്തെ ചില ചിത്രങ്ങളിൽ കാണുന്നത്. പഴയകാല നായകന്മാർ നന്മയിലും മൂല്യങ്ങളിലും അടിയുറച്ചു പ്രവർത്തിക്കുന്നവരാണ്. തിന്മ വില്ലൻകഥാപാത്രങ്ങളിൽ നിലകൊണ്ടിരുന്നു. ഇപ്പോൾ നന്മയും തിന്മയും കൂടിക്കലർന്നവരാണ് മിക്ക നായക കഥാപാത്രങ്ങളും. ലഹരി, മദ്യപാനം എന്നിവയിൽ ആണ്ടുകിടക്കുന്നവരായിരുന്നില്ല പഴയകാല നായക കഥാപാത്രങ്ങൾ.
മദ്യപാനം, ലഹരി ഇവ മോശമാണ്, തെറ്റാണെന്ന് പ്രേക്ഷകർക്ക് വെളിവാക്കിയ കഥാപാത്രങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ, ഇപ്പോൾ ലഹരിയും മദ്യപാനവും നല്ലതാണെന്ന് ഭൂരിഭാഗം സിനിമയിലും വിളംബരം ചെയ്യുന്നു. മുതിർന്നവരിൽ മദ്യപാനമെന്നത് തികഞ്ഞ മാന്യതയുടെ ലക്ഷണമായി കാണുന്നു.
ഒപ്പം യുവതലമുറയിലെ മിക്ക കുട്ടികളിലും മദ്യംപോലെയോ അതിനേക്കാൾ അധികമായോ മാരക ലഹരിവസ്തുക്കളും ഉത്തമമായി പരിഗണിക്കുന്നു. പുതിയകാല സിനിമയുടെ പ്രവണത അതിനെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്നു. ഇതെല്ലാം പുതിയകാലത്തെ അക്രമവാസനയ്ക്ക് വളംവയ്ക്കുന്നു. സമീപകാലത്തെ പല സിനിമകളും ആക്രമണം, മദ്യപാനം, ലഹരി എന്നതിനെ നല്ലതായി കണക്കാക്കി വിദ്യാർഥികളെ വഴിതെറ്റിക്കാൻ പ്രേരിപ്പിക്കുന്നു.
അതുപോലെ, പുതിയകാല സിനിമകൾ കുടുംബം, സ്നേഹബന്ധങ്ങൾ എന്നിവയെ അവഗണിക്കുന്നു. കുട്ടികളും മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയുമായുള്ള ബന്ധങ്ങൾ അപ്രസക്തമാക്കുന്നു. അങ്ങനെ വൈകാരികബന്ധങ്ങളെ നിഷേധിക്കുന്നതിലുടെ മൂല്യച്യുതിക്ക് ഇടയാക്കുന്നു. എന്നാൽ, അടുത്തകാലത്ത് ഇറങ്ങിയ ചില സിനിമകൾ ഇതിന് അപവാദമാണ്. ഉദാ: ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, ക്രിസ്റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’, ലിജോ ജോസ് പെല്ലിശേരിയുടെ ‘ഈ മ യൗ’, കലാധരന്റെ ‘ഗ്രാനി’, അനിൽ ദേവിന്റെ ‘ഉറ്റവർ’ എന്നിവ.
കുടുംബചിത്രം
കുടുംബങ്ങളെക്കുറിച്ചു പ്രതിപാദിച്ചവയായിരുന്നു മുൻതലമുറയിലെ കെ.എസ്. സേതുമാധവൻ, പി. ഭാസ്കരൻ, എം. കൃഷ്ണൻ നായർ, ശശികുമാർ, എ.ബി. രാജ്, എ. വിൻസെന്റ്, തോപ്പിൽ ഭാസി തുടങ്ങിയവരുടെ ചിത്രങ്ങൾ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലത്തെ കാര്യമെടുത്താൽ കുടുംബചിത്രമെന്ന വിശേഷണം മലയാളി മിക്കവാറും ചേർത്തുവയ്ക്കാറുള്ളത് ‘വാത്സല്യം’ എന്ന മമ്മൂട്ടി ചിത്രത്തിലാണ്. 1993ലാണ് വാത്സല്യം ഇറങ്ങിയത്. വല്യേട്ടനായിരുന്ന രാഘവൻ നായരുടെ സ്നേഹത്തെയും കരുതലിനെയും അനാവരണം ചെയ്യുന്നതാണ് കഥ.
‘വാത്സല്യ’ത്തിനും ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞാണ് ‘തന്മാത്ര’ എന്ന ചിത്രമിറങ്ങുന്നത്. അപ്പോഴേക്കും കുടുംബമെന്ന വ്യവസ്ഥിതിക്കു സിനിമകളിൽ കാര്യമായ പുനർനിർമാണം സംഭവിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, അണുകുടുംബത്തിലേക്കുള്ള കാഴ്ചകളിലേക്ക് നീങ്ങിയപ്പോഴും കൂട്ടുകുടുംബത്തിന്റെ മഹാത്മ്യത്തെ പൂർണമായും കൈയൊഴിയാനും മലയാള സിനിമ തയാറായിരുന്നില്ല. ‘തന്മാത്ര’യിലെ രമേശൻ നായരുടെ കുടുംബംതന്നെ ഉദാഹരണം. കുടുംബബന്ധങ്ങളുടെ തീവ്രത കാണിക്കാൻ രണ്ട് സിനിമകൾ എടുത്തു പറഞ്ഞു എന്നുമാത്രം. ഇതുപോലുള്ള സിനിമകൾ അക്കാലങ്ങളിൽ നിരവധിയുണ്ടായിരുന്നു.
കാലത്തിന്റെ കേവല ചിത്രീകരണമല്ല കല. സമൂഹത്തിലെ തിന്മകൾ പകർത്തിവയ്ക്കലുമല്ല. കലയിൽ ആവിഷ്കരിക്കപ്പെടുന്ന ഹിംസ കാഴ്ചക്കാരിൽ ഹിംസയ്ക്കെതിരായ ചിന്ത ഉയർത്തിവിടുകയാണു വേണ്ടത്. അല്ലാതെ ഹിംസയിലേക്ക് സമൂഹത്തെ വലിച്ചിഴയ്ക്കുകയല്ല. ദൗർഭാഗ്യമെന്ന് പറയാം, നമ്മുടെ വർത്തമാന ഹിംസാ പടങ്ങളുടെ ദൗത്യം രണ്ടാമത്തേതാണ്.
അടുത്ത പ്രശ്നം വരുന്നത്, സമൂഹത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തലാണ്. വയലൻസിനെ അമിതമായി ഒരു സമൂഹം ഇഷ്ടപ്പെടുന്നുവെങ്കിൽ ആ സമൂഹത്തിന് കാര്യമായ തകരാറുണ്ട്. അത് തിരുത്തപ്പെടണം. ഹിംസയല്ല പരിഷ്കൃത സമൂഹത്തിന്റെ മുഖമുദ്ര. സിനിമയിലെ ഈ വയലൻസ് നായകർ ശരിക്കും വില്ലന്മാരാണെന്നു തിരിച്ചറിയുകയാണ് വേണ്ടത്.
നമുക്കു വേണ്ടത് ശരിക്കും മാനസികസ്വാസ്ഥ്യമുള്ള സമൂഹമാണ്. സിനിമ കലയാണ്. അവിടേക്ക് എത്തണമെങ്കിൽ എളുപ്പവഴിയില്ല. ഹിംസ ഹിംസയാണ് എന്ന് വിളിച്ചു പറയുകയാണ് വേണ്ടത്. അതിനൊപ്പം വയലൻസിനെതിരേ ബദൽ സിനിമയും ബദൽ കലയും ബദൽ കാഴ്ചപ്പാടും ഉയർത്തിക്കൊണ്ടു വന്നേ മതിയാകു.