അനുകന്പയില്ലാത്ത സമൂഹം പരാജയപ്പെടും
കർദിനാൾ തിമോത്തി റാഡ്ക്ലിഫ് ഒ.പി.
Monday, April 28, 2025 12:29 AM IST
യേശുവിന്റെ കുരിശാരോഹണത്തിന്റെ തലേന്നാൾ അന്ത്യ അത്താഴവേളയിൽ, എങ്ങനെ പ്രത്യാശ നഷ്ടപ്പെട്ടുവെന്ന് എല്ലാ ഈസ്റ്ററിനും ക്രൈസ്തവർ ഓർക്കുന്നു. യേശുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഭൂരിഭാഗവും അവനെ തള്ളിപ്പറയാനും ഉപേക്ഷിക്കാനും ഒരുങ്ങുകയായിരുന്നു. മുന്നിലുള്ളത് പീഡനവും ഭയാനകമായ മരണവുമായിരുന്നു.
എന്നാൽ, നിരാശയുടെ ഈ നിമിഷത്തിൽ, ശിഷ്യന്മാർക്ക് അപ്പം നൽകി, “ഇത് നിങ്ങൾക്കായി നൽകപ്പെടുന്ന എന്റെ ശരീരമാണ്” എന്നു പറഞ്ഞുകൊണ്ട് യേശു എല്ലാവർക്കും വേണ്ടിയുള്ള സമ്മാനമായി സ്വയം സമർപ്പിച്ചു. മരണത്തിനുമേൽ ജീവിതം, വിദ്വേഷത്തിനുമേൽ സ്നേഹം, മനുഷ്യന്റെ പിടിപ്പുകേടിനുമേൽ ദൈവികദാനം എന്നിവ വിജയിച്ച ഈസ്റ്റർ പ്രഭാതം വരെ പ്രത്യാശയുടെ ഈ പ്രവൃത്തി നീണ്ടുനിന്നു.
കാരുണ്യപ്രവൃത്തികളുടെ ഫലം
ഫ്രാൻസിസ് പാപ്പായുടെ വിയോഗത്തിൽ നമ്മൾ ദുഃഖിക്കുന്പോൾ, ഈസ്റ്റർ ഞായറിൽനിന്നു തുടരുന്ന നമ്മുടെ പ്രത്യാശ ഏറ്റവും ചെറിയ കാരുണ്യ പ്രവൃത്തികൾക്കുപോലും നമ്മുടെ സങ്കൽപ്പത്തിനപ്പുറമുള്ള ഫലം പുറപ്പെടുവിക്കാൻ കഴിയുമെന്നതാണ്. വിശക്കുന്ന അയ്യായിരത്തോളംപേരെ അഭിമുഖീകരിച്ചപ്പോൾ, ശിഷ്യർക്ക് ശേഖരിക്കാൻ കഴിഞ്ഞത് അഞ്ചപ്പവും രണ്ട് മീനും മാത്രമായിരുന്നു എന്നു നമുക്കോർമിക്കാം. എന്നാൽ, വിളവെടുപ്പിന്റെ നാഥന്റെ അനുഗ്രഹത്താൽ എല്ലാവർക്കും ഭക്ഷണം നൽകാൻ അതു മതിയായിരുന്നു.
യുദ്ധാനന്തര ആഗോളക്രമം തകർച്ചയുടെ വക്കിലെത്തിയ സമയത്ത് നമ്മുടെ ലോകം ദാരിദ്ര്യത്താലും അക്രമത്താലും - പരിഹരിക്കാൻ പ്രയാസമെന്നു തോന്നുന്ന പ്രശ്നങ്ങൾ - വലയുകയായിരുന്നു. കാത്തലിക് റിലീഫ് സർവീസസ്, വേൾഡ് വിഷൻ, സമരിറ്റൻസ് പഴ്സ്, ജസ്യൂട്ട് റെഫ്യൂജി സർവീസ് തുടങ്ങി നിരവധി ക്രിസ്ത്യൻ കാരുണ്യസംഘങ്ങൾ ഈ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിൽ പ്രശംസനീയമായ പങ്കു വഹിച്ചു. ഇത്രയധികം ആളുകൾക്ക് ഭാവിയെക്കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാത്തപ്പോൾ, അമേരിക്കയിലും ആഗോളതലത്തിലുമുണ്ടായ ഈ കാരുണ്യസംഘങ്ങളുടെ ശ്രമങ്ങൾ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്.
പ്രധാന സന്പദ്വ്യവസ്ഥകൾ വിദേശസഹായ ബജറ്റ് വെട്ടിക്കുറച്ച് ദൈവത്തിന്റെ പ്രതിച്ഛായയിലുള്ള ദുർബലരായ ആളുകൾക്ക് ആഴത്തിലുള്ള നാശനഷ്ടം വരുത്തിവയ്ക്കുന്നതിനാൽ വരുംവർഷങ്ങളിൽ ആ പങ്ക് കൂടുതൽ പ്രാധാന്യമേറിയതാകും. ബോസ്റ്റൺ സർവകലാശാലയുടെ പുതിയ ഡിജിറ്റൽ ട്രാക്കിംഗ് സംരംഭത്തിന്റെ കണക്കനുസരിച്ച്, ജനുവരി മുതൽ യുഎസ് വിദേശ ധനസഹായത്തിലും പദ്ധതികളിലും ഏതാണ്ട് മൊത്തത്തിലുണ്ടായ മരവിപ്പിക്കൽ ഇതിനകം 68,000ത്തിലധികം മുതിർന്നവരുടെയും 1,42,000ത്തിലധികം കുട്ടികളുടെയും മരണത്തിന് കാരണമായിട്ടുണ്ട്.
ദാനധർമം വിശ്വാസജീവിതത്തിന് അത്യന്താപേക്ഷിതം
വിശ്വാസജീവിതത്തിന് ദാനധർമം ഒരു ഐച്ഛിക അധികഘടകമല്ല, മറിച്ച് അത്യന്താപേക്ഷിതമാണെന്ന് യഹൂദമതവും ഇസ്ലാമും ഊന്നിപ്പറയുന്നു. ‘ദാനധർമം’ എന്ന വാക്ക് ലാറ്റിൻ പദം ‘കാരിത്താസി’ൽനിന്നാണ് വന്നത്, അതിനർഥം ‘സ്നേഹം’ എന്നാണ്. ആ അർഥത്തിൽ, ദാനധർമങ്ങൾ നമ്മുടെ മാനുഷിക അന്തസിന്റെ അടിസ്ഥാനമാണ് പ്രകടിപ്പിക്കുന്നത്; സ്വതന്ത്രമായി നൽകാനും ലജ്ജയില്ലാതെ സമ്മാനങ്ങൾ സ്വീകരിക്കാനുമുള്ള കഴിവ്.
ചില സഹായങ്ങൾ മനുഷ്യരെ രക്ഷാധികാരത്തിന്റെ കീഴിൽ അപമാനിക്കുന്നതാകാം എന്നത് ശരിയാണ്. അതുപോലെ ചിലത് ആശ്രിതത്വത്തിന്റെ തടവറയിലാക്കുന്നതുമാകാം. എന്നാൽ, ഈ കാരുണ്യപദ്ധതികളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് ഇങ്ങനെയല്ല. പകരം, നമ്മുടെയിടയിൽ ഏറ്റവും ദുർബലരും തകർന്നവരുമായവർ മനുഷ്യാന്തസിന്റെ, പലപ്പോഴും മറന്നുപോയ വശങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നുണ്ടെന്ന് അവർ തിരിച്ചറിയുന്നു; സഹിഷ്ണുത, ഐക്യദാർഢ്യം, പരസ്പരാശ്രയത്വം, ദൈവത്തിലും പരസ്പരവുമുള്ള വിശ്വാസം, കൃതജ്ഞത എന്നിങ്ങനെ. “ഇവരിൽ ഏറ്റവും ചെറിയവരിൽ ഒരുത്തനി”ലേക്കെത്തുന്നവർ അവനു നൽകുന്നുവെന്ന് യേശു പറയുന്നു.
ദരിദ്രരിൽനിന്ന് അകന്നുനിൽക്കുക എന്നത് ദൈവത്തെ നിരസിക്കുകയാണ്. എല്ലാറ്റിനുമുപരി, സഹായം കുടുംബജീവിതത്തെ നിലനിർത്തുന്നു. പ്രത്യേകിച്ച്, ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാത്ത സ്ത്രീകളെയും കുട്ടികളെയും. റഷ്യൻ അസ്തിത്വവാദ തത്ത്വചിന്തകനായ നിക്കോളായ് ബെർദയേവ് എഴുതി, “അവരവർക്കുവേണ്ടിയുള്ള അപ്പം ഒരു ഭൗതിക കാര്യമാണ്; അയൽക്കാരനുള്ള അപ്പം ആത്മീയ കാര്യവും.” എന്ന്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദാനം എന്നതിന്റെ അങ്ങേയറ്റം ക്രിസ്തു കുരിശിൽ തന്റെ രക്തം ചൊരിയുന്നതിൽ വ്യക്തമാണ്. മതപരമോ അല്ലാത്തതോ ആവട്ടെ, നമുക്കെല്ലാവർക്കും ദാനം എന്നത് ജീവൻ നൽകുന്ന രക്തമാണ്. അത് സമൂഹത്തിന്റെ ശരീരത്തിൽ പ്രവഹിക്കുകയും അതിന്റെ ദയയാൽ ജീവിതത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു.
പുതിയ റിപ്പോർട്ടുകൾ ആശങ്കാജനകം
ഇതു കണക്കിലെടുക്കുന്പോൾ, യുഎസ് സർക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്ന് റോയിട്ടേഴ്സ്, ബ്ലൂംബെർഗ്, ന്യൂയോർക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ് എന്നിവയിൽ അടുത്തിടെ വന്ന റിപ്പോർട്ടുകൾ വളരെയധികം ആശങ്കാജനകമാണ്. ജീവകാരുണ്യ സംഘടനകൾക്കും ധനസഹായം നൽകുന്നവർക്കും അമേരിക്കയിലും ആഗോളതലത്തിലും തടസമില്ലാതെ പ്രവർത്തിക്കാനും പിന്തുണ നല്കാനുമുള്ള അവസരം സഹായത്തിന്റെ പ്രയോജനം നേടുന്നവർക്കു മാത്രമല്ല, അതു നല്കുന്നവർക്കും വളരെ പ്രധാനമാണ്. ജീവകാരുണ്യപ്രവർത്തനങ്ങൾ മനഃപൂർവം പരിമിതപ്പെടുത്തുന്ന ഒരു സമൂഹം സാന്പത്തികമായും ധാർമികമായും ദാരിദ്ര്യത്തിലേക്കാണു നയിക്കപ്പെടുക.
ദരിദ്രരെ സേവിക്കുന്നതിനും അനീതിക്കെതിരേ പോരാടുന്നതിനുമായി ഫ്രാൻസിസ് മാർപാപ്പ തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ അവസാന ഈസ്റ്റർ ‘ഉർബി എത്ത് ഓർബി’ സന്ദേശം അങ്ങേയറ്റം പ്രധാനപ്പെട്ടതാണ്: “നമ്മുടെ ലോകത്തിലെ സുപ്രധാന രാഷ്ട്രീയ ഉത്തരവാദിത്വം വഹിക്കുന്ന എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നത് ഒറ്റപ്പെടലിലേക്കു നയിക്കുന്ന ഭയത്തിന്റെ യുക്തിക്ക് വഴങ്ങരുതെന്നാണ്. പകരം, ലഭ്യമായ വിഭവങ്ങൾ ദരിദ്രരെ സഹായിക്കാനും വിശപ്പിനെതിരെ പോരാടാനും വികസനത്തെ സഹായിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കണമെന്നാണ്.”
പ്രത്യാശ, വിശ്വാസം, ജീവകാരുണ്യം എന്നിവയാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനഗുണങ്ങൾ. ഈ ഈസ്റ്ററിൽ നമ്മളിൽ പലരും പ്രത്യാശ നഷ്ടപ്പെട്ടവരായിരുന്നെങ്കിലും, നമ്മുടെ വിശ്വാസം ശക്തമായി തുടരുന്നു, ജീവകാരുണ്യത്തോടുള്ള നമ്മുടെ പൊതുവായ പ്രതിബദ്ധതയും അങ്ങനെതന്നെ.