ഫ്രാൻസിസ് മാർപാപ്പ എങ്ങനെ മൂന്നാം ക്രിസ്തുവായി?
ഫാ. ജോസഫ് ആലഞ്ചേരിൽ, വൈസ് പ്രിൻസിപ്പൽ മാർ ആഗസ്തിനോസ് കോളജ്, രാമപുരം
Monday, April 28, 2025 12:27 AM IST
“പ്രിയ സ്നേഹിതരേ, അറിഞ്ഞോ അറിയാതെയോ തിന്മയുടെ അടിമത്തത്തിലേക്ക് ആഴ്ന്നുപോയ ഓരോ പുരുഷനോടും സ്ത്രീയോടും നമുക്കു പറയാൻ സാധിക്കണം, നിനക്ക് എഴുന്നേൽക്കാം... നിവർന്നു നിൽക്കാം, അത് എത്രയധികം ബുദ്ധിമുട്ടുള്ളതാണെങ്കിലും. ഇതാ വിരിച്ചുപിടിച്ച കൈകളുമായി ഞങ്ങൾ വരുന്നു... നിങ്ങൾ ഒരിക്കലും തനിച്ചല്ല. സഭയും ധാരാളം ആളുകളും നിങ്ങളുടെ കൂടെയുണ്ട്. ആത്മവിശ്വാസത്തോടെ മുന്പോട്ടു പോകൂ’’.
ഫ്രാൻസിസ് അസീസിയുടെ പേരിലുള്ള ബ്രസീലിലെ റിയോ ഡി ഷനേറോയിലെ ആശുപത്രിയിൽവച്ച് തന്റെ കൂടെവന്ന കത്തോലിക്കാ സുഹൃത്തുക്കളോട് ഫ്രാൻസിസ് പാപ്പാ ഇതു പറഞ്ഞപ്പോൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവർ പാപ്പായുടെ പിന്നിൽനിന്ന് വിങ്ങിക്കരയുകയായിരുന്നു. അധാർമികത മുറ്റിനിന്ന ഇരുണ്ട കാലത്ത് പ്രത്യാശയുടെ പുത്തൻ തേജസായി ഫ്രാൻസിസ് പാപ്പാ ഉദിച്ചുയരുകയായിരുന്നു. കത്തോലിക്കാ സഭയ്ക്കെതിരേ ഉയർന്ന സർവ ആരോപണശരങ്ങളുടെയും മുനയൊടിച്ചു കളയാൻ പോന്ന വ്യക്തിപ്രഭാവമാണ് കുറഞ്ഞ കാലയളവിനുള്ളിൽ പാപ്പാ സൃഷ്ടിച്ചത്. സഭയെ പ്രതിക്കൂട്ടിലാക്കിയേക്കാമെന്നു കരുതി ഇറങ്ങിപ്പുറപ്പെടുന്നവർപോലും പാപ്പായുടെ ശൈലിക്കു മുന്നിൽ പഴുതുകളൊന്നുമില്ലാതെ പകച്ചുനിൽക്കുന്ന കാഴ്ചയാണ് അന്നു ലോകം കണ്ടത്.
വിസ്മയാവഹമായ പരിവർത്തനം
കുറഞ്ഞ സമയത്തിനുള്ളിൽ പാപ്പാ കൊണ്ടുവന്ന പരിവർത്തനം വിസ്മയാവഹമായിരുന്നു. അസീസിയിലെ നിസ്വന്റെ പേരു സ്വീകരിച്ചതുതന്നെ വലിയ വിപ്ലവമായിരുന്നു. സാൻ ദാമിയോനോയിലെ പള്ളിയുടെ പരിസരത്തുനിന്ന് “നിങ്ങൾ എനിക്കൊരു കല്ലു തരാമോ? നമുക്ക് ഈ പള്ളിയെ പുതുക്കിപ്പണിയാം” എന്നു വിലപിച്ച അസീസിയിലെ ആ മഹാവിശുദ്ധന്റെ ചൈതന്യത്തിൽനിന്ന് പോപ്പ് ഫ്രാൻസിസും പറഞ്ഞു: “സഭ ഒരു പ്രസ്ഥാനമല്ല, ഇതൊരു ചൈതന്യമാണ്. കെട്ടിടങ്ങളുടെ ബലംകൊണ്ട് സഭയെ പ്രതിരോധിച്ചു നിർത്താമെന്നു കരുതേണ്ട. ക്രിസ്തുവിലുള്ള സ്നേഹത്താൽ ജ്വലിക്കുന്ന അനേകായിരങ്ങളുടെ ആത്മാവിലെ ചൈതന്യമാണ് സഭയുടെ ബലം.”
“ളോവയും ശിരോവസ്ത്രവുമില്ലാത്ത വിശുദ്ധരെ നമുക്ക് ആവശ്യമുണ്ട്” എന്നു പറഞ്ഞ് ബ്രസീലിലെ ലോക യുവജനസമ്മേളനത്തിൽ പാപ്പാ നടത്തിയ പ്രസംഗം പതിനായിരക്കണക്കിന് യുവജനങ്ങൾക്കാണ് ആവേശം നൽകിയത്. “പാട്ടു പാടുന്ന, നൃത്തം ചവിട്ടുന്ന, ചാരിത്ര്യശുദ്ധിയോടെ പ്രണയിക്കുന്ന യുവജനങ്ങളെ സഭയ്ക്കു വേണം” എന്നു പറഞ്ഞ പാപ്പാ ചതുപ്പുനിലത്തിനു നടുവിൽ അനായാസം ഒരു താമര നടുന്നതുപോലെ ആത്മീയതയെ കാലഘട്ടത്തിനു ചേർന്നവിധം ലളിതസുന്ദരമാക്കുന്നതു കണ്ട് യുവലോകം അത്ഭുതംകൂറി നിന്നു.
ദൈവത്തെ തേടുന്ന മനസാണ് പ്രധാനമെന്ന് ലോകത്തോട് ഫ്രാൻസിസ് മാർപാപ്പ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ദേവാലയത്തിൽ പ്രവേശിക്കാൻ തയാറായി വരുന്നവന്റെ ആത്മീയതയെ നിയമവും ചട്ടങ്ങളുമുപയോഗിച്ച് അളന്നുനോക്കാനിരിക്കുന്ന സകലർക്കും ഫ്രാൻസിസ് പാപ്പാ വെല്ലുവിളിയായിരുന്നു. “കൂദാശകൾ സ്വീകരിക്കാൻ വരുന്നവരുടെ മുന്പിൽ ബ്യൂറോക്രാറ്റിക് സമീപനങ്ങൾ പാടില്ല” എന്ന് പാപ്പാ കർശനമായി നിർദേശിച്ചു. അനുതപിക്കുന്ന ഹൃദയത്തെ എല്ലാം മറന്ന് ആശ്ലേഷിക്കുന്ന യഥാർഥ ക്രിസ്തുചൈതന്യത്തിലേക്കുള്ള തിരിച്ചുപോക്കിനാണ് പാപ്പാ സഭയെ ക്ഷണിച്ചത്.
പാപ്പായുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ട നിരവധിയായ സന്നിഗ്ധാവസ്ഥകളോട് പാപ്പാ കൊടുത്ത മറുപടി നിയതമായ ധർമപ്രമാണങ്ങളുടെമേൽ വീഴ്ത്തിയ നിഴൽ ചെറുതല്ല. “കൂദാശകൾ പൂർണരാക്കപ്പെട്ടവർക്കു നൽകുന്ന സമ്മാനമല്ല, മറിച്ച് ഇത് ബലഹീനരായവർക്കുള്ള ശക്തിയേറിയ മരുന്നും പോഷണവുമാണ്” എന്നു പറയുന്പോൾ ആരാണ് ഞെട്ടാത്തത്? “അവൻ വിവാദ വിഷയമായ ഒരടയാളമായിരിക്കും” എന്നാണല്ലോ ഈശോമിശിഹായെകുറിച്ച് പ്രവചിക്കപ്പെട്ടത്.
“പോപ്പ് ഫ്രാൻസിസ് പിശാചോ അതോ മാലാഖയോ?” എന്ന ചോദ്യത്തോടെ നിരവധി മാസികകൾ പ്രസിദ്ധീകൃതമായി. ടൈം മാഗസിൻ ഒരിക്കൽ റിപ്പോർട്ട് ചെയ്ത ചില കത്തോലിക്കാ ബ്ലോഗുകളിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾ ഇങ്ങനെയാണ്. “ഇതുപോലുള്ള കമന്റുകൾ പാപ്പാ നിറുത്തണം. വായ തുറക്കുന്നതിനു മുന്പേ മണിക്കൂറുകൾ ധ്യാനിക്കണം. മാധ്യമങ്ങൾക്ക് തെറ്റായ ആശയങ്ങൾ കിട്ടാത്തവിധം ഓരോ വാക്കും ശ്രദ്ധാപൂർവം മെനഞ്ഞെടുക്കണം.”
അത്ഭുതപ്പെടുത്തിയ ആത്മീയ അടിത്തറ
കത്തോലിക്കാ സഭയുടെ ആത്മീയ അടിത്തറകളെ ഫ്രാൻസിസ് പാപ്പാ തകർത്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്ന യാഥാസ്ഥിതികരോട് പാപ്പാ പറഞ്ഞത് ഇങ്ങനെയായിരുന്നു: “സുരക്ഷിതത്വങ്ങളോട് പറ്റിച്ചേർന്നിരിക്കുന്ന സഭ അനാരോഗ്യയായ സഭയാണ്. ഞാൻ പക്ഷേ ഇഷ്ടപ്പെടുന്നത് തെരുവുകളിലേക്കിറങ്ങിയതിനാൽ ചെളി പറ്റുകയും മുറിവേൽക്കുകയും ചെയ്യുന്ന സഭയാണ്.” എല്ലാ വാഗ്വാദങ്ങൾക്കു നടുവിലും പാപ്പായുടെ ബോധ്യങ്ങളുടെ ശക്തമായ ആത്മീയാടിത്തറ ലോകത്തെ അദ്ഭുതപ്പെടുത്തുകയും അന്പരപ്പിക്കുകയും ചെയ്തിരുന്നു.
കത്തോലിക്കാ സഭയുടെ 266-ാമത്തെ തലവന് പ്രത്യാശയുടെ വലിയ പ്രകാശഗോപുരമായിരുന്നു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മനുഷ്യനായി ഫ്രാൻസിസ് പാപ്പായെ തെരഞ്ഞെടുത്ത്, ജനങ്ങളുടെ പാപ്പാ എന്ന തലക്കെട്ടോടെ ടൈം മാഗസിൻ എഴുതി, “ലോകത്തിന്റെ എല്ലാ മൂലകളിലും അദ്ദേഹം വലിയ പ്രതീക്ഷയുണർത്തുന്നു. കോടിക്കണക്കിനു മനുഷ്യരുടെ ഭാവനകളിലേക്ക് അദ്ദേഹം ചിറകടിച്ചുയർന്നു.” സഭയുടെ സൗഖ്യപ്പെടുത്തുന്ന ദൗത്യത്തെ പീഠത്തിൽ ഉയർത്തി സ്ഥാപിച്ചാണ് അദ്ദേഹം പ്രതീക്ഷ നൽകിയത്.
വിധിപ്രസ്താവനാദൗത്യത്തെ രണ്ടാമതായി നിറുത്തി അനേകായിരങ്ങൾക്ക് സൗഖ്യം പകരുന്ന സഭയുടെ യഥാർഥ ദൗത്യത്തെ അദ്ദേഹം ഒന്നാമതായി പ്രതിഷ്ഠിച്ചു. ഇറ്റലിയിലെ നിരീശ്വരന്മാരുടെ പത്രമായ ലാ റെപ്പുബ്ലിക്കായുടെ സ്ഥാപകൻ സ്കൾഫാരിക്കുപോലും പാപ്പായുടെ അഭിമുഖത്തിനിടയിൽ ചോദിക്കേണ്ടിവന്നു: “അങ്ങ് എന്നെ മാനസാന്തരപ്പെടുത്താൻ ശ്രമിക്കുകയാണോ?” ആർക്കും പാപ്പായുടെ ധാർമികശബ്ദത്തെ അവഗണിക്കാനായില്ല. എൻബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ അതുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ഒബാമ പറഞ്ഞത്: “പോപ്പ് എന്റെ അടിസ്ഥാനപരമായ കടമകളെ ഓർമപ്പെടുത്തുന്നു. അസാധാരണമായ ചിന്താശക്തിയുള്ള, സമാധാനത്തിന്റെയും നീതിയുടെയും സന്ദേശവാഹകനാണ് അദ്ദേഹം.’’ പാപ്പായുടെ അപ്പസ്തോലിക പ്രബോധനത്തിൽനിന്ന് ഒരു വാക്യം കടമെടുത്താണ് ഒരിക്കൽ ബറാക് ഒബാമ രാഷ്ട്രത്തോടു സംസാരിച്ചത്: “ഭവനരഹിതനായ വൃദ്ധനായ ഒരു മനുഷ്യൻ തെരുവിൽ കിടന്നു മരിക്കുന്നതു വാർത്തയല്ലാതാവുകയും സ്റ്റോക്ക് മാർക്കറ്റ് ഒരു പോയിന്റ് താഴുന്നതു വാർത്തയാവുകയും ചെയ്യുന്നതെങ്ങനെ?”
സഭയുടെ ശക്തമായ പടച്ചട്ട
കത്തോലിക്കാ സഭയുടെ ശക്തമായ പടച്ചട്ടകൂടിയായിരുന്നു ഫ്രാൻസിസ് പാപ്പാ. ലോകമാസകലം പാപ്പാ ചെലുത്തിയ സ്വാധീനത്തിന് മങ്ങലേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാവണം യുഎൻ അനാവശ്യമായും അനവസരത്തിലും കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളിൽ വത്തിക്കാൻ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കടുത്ത വിമർശനം നടത്തിയത്. യുഎന്നിന്റെ വിമർശനത്തിന് കനത്ത തിരിച്ചടിയാണ് പാപ്പാ നൽകിയത്. “യുഎൻ അതിന്റെ അതിർവരന്പുകൾ ലംഘിക്കുന്നു” എന്നു പറയാൻ പാപ്പാ മടിച്ചില്ല.
ഒരു പടികൂടി കടന്ന് പാപ്പാ പറഞ്ഞ അടുത്ത മറുപടിക്ക് ഒരു വെല്ലുവിളിയുടെ സ്വരം കൂടിയുണ്ടായിരുന്നു. “ശിശുപീഡനം ഇല്ലാതാക്കാൻ കത്തോലിക്കാ സഭയോളം എന്തെങ്കിലും ചെയ്ത ഒരു പ്രസ്ഥാനവുമില്ല.” അനാവശ്യ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മുന്നിൽ ശിരസു നമിച്ചുനിൽക്കും എന്നു കരുതേണ്ട എന്ന വ്യക്തമായ സൂചനയാണ് പാപ്പാ നൽകിയത്.
ലോകത്തിലെ ഏറ്റവും ശക്തമായ ധാർമികപ്രസ്ഥാനത്തെ മറ്റു പല തലങ്ങളിലുമുള്ള അപചയങ്ങൾക്ക് തിരുത്തൽ നടത്താൻ ശ്രമിക്കാതെ അനാവശ്യമായി ധാർമികത പഠിപ്പിക്കാൻ ശ്രമിക്കേണ്ട എന്ന് പാപ്പ പറയാതെ പറയുകയായിരുന്നു. ഇറ്റാലിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പാപ്പാ സ്വരം കൂടുതൽ കടുപ്പിച്ചു. “ഈ വിഷയങ്ങളിൽ ഇത്രമാത്രം സുതാര്യമായും ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിച്ച ഒരേയൊരു പൊതുസ്ഥാപനം കത്തോലിക്കാ സഭ മാത്രമാണ്. ആരും സഭയോളം ഒന്നും ചെയ്തിട്ടില്ല. മഹാഭൂരിപക്ഷം സംഭവങ്ങളും നടക്കുന്നത് വീടുകളിലും അയൽപക്കങ്ങളിലുമാണെന്ന് നിങ്ങൾ മറക്കരുത്” എന്ന ഓർമപ്പെടുത്തൽ കൂടിയായപ്പോൾ എല്ലാം പൂർത്തിയായി.
സഭയ്ക്കുള്ളിൽ പരിവർത്തനത്തിന്റെ സന്ദേശം
ചുരുക്കത്തിൽ, കത്തോലിക്കാ സഭയ്ക്ക് നഷ്ടപ്പെട്ടുപോയ ധാർമികശബ്ദത്തെ ഫ്രാൻസിസ് പാപ്പ വീണ്ടെടുത്തു. സങ്കീർണതകളുടെ ലോകത്ത് പ്രവാചകശബ്ദത്തിനായി റോമിലേക്കു ശ്രദ്ധ തിരിക്കാൻ ഭൗതികലോകം നിർബന്ധിതമായി. എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള ദൈവാംശത്തിന്റെ മുങ്ങിപ്പോയ പ്രഭയെ അദ്ദേഹം പൊക്കിയെടുത്തു. കത്തോലിക്കാ സഭയ്ക്കുള്ളിൽ പരിവർത്തനത്തിന്റെ ശക്തമായ സന്ദേശം പാപ്പാ പ്രചരിപ്പിച്ചു. കാരുണ്യത്തിന്റെ മനസാണ് അജപാലനശുശ്രൂഷയ്ക്ക് ആവശ്യം എന്ന് പാപ്പാ പഠിപ്പിച്ചു. അധികാരബിംബങ്ങളെ അദ്ദേഹം നിസാരവത്കരിച്ചു. സിംഹാസനങ്ങളിൽനിന്ന് മൺവഴികളിലേക്ക് അദ്ദേഹം സഭയെ നടത്തി.
ശീലിച്ചു സുരക്ഷിതമാക്കിയ മാർഗങ്ങളെ തകർത്ത് പരിചിതമല്ലാത്ത, എന്നാൽ സുവിശേഷത്തിന്റെ ചൈതന്യം വീണുകിടക്കുന്ന വഴികളിലേക്ക് സഭയെ പാപ്പ ഇറക്കിക്കൊണ്ടുവന്നു. എതിർത്തു നിന്നവർക്ക് സഭയിലേക്ക് തിരിച്ചുവരണമെന്ന തോന്നലുണ്ടാക്കി. പരസ്പരം സ്നേഹിക്കുന്ന വിശ്വാസീസമൂഹത്തിന്റെ കെട്ടുറപ്പാണ് യഥാർഥ വളർച്ചയെന്ന ബോധ്യത്തിലേക്ക് സഭയെ തിരികെകൊണ്ടുവന്നു. അസീസിക്കുശേഷം ലോകം കണ്ട മറ്റൊരു ക്രിസ്തുവായിരുന്നു ഫ്രാൻസിസ് പാപ്പാ.