വേണം, ഒരു പാരിസ്ഥിതിക മാനസാന്തരം
ടി. ദേവപ്രസാദ്
Sunday, April 27, 2025 12:20 AM IST
ലോകത്തിന്റെ മാനസാന്തരത്തിനുവേണ്ടി പ്രാർഥിച്ചവരാകണം കത്തോലിക്കാസഭയുടെ 265 മാർപാപ്പമാരും. എന്നാൽ, ഇവരിൽനിന്നു വ്യത്യസ്തമായി ലോകത്തിന് പാരിസ്ഥിതിക മാനസാന്തരം ഉണ്ടാകാൻ പ്രാർഥിക്കുകയും യത്നിക്കുകയും ചെയ്തുവെന്നതാണ് 266-ാമത് മാർപാപ്പയായ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേകത. അതിനായി അദ്ദേഹം രണ്ടു പ്രബോധനങ്ങൾതന്നെ തയാറാക്കി. 2015ൽ ലൗദാത്തോ സി; 2023ൽ ലൗദാത്തോ ദേവു. ശക്തമായ നിലപാടുകളുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ട അദ്ദേഹം ഇക്കാര്യത്തിലും വല്ലാതെ കുറ്റാരോപിതനായി.
കത്തോലിക്കാ സഭയിൽനിന്നുപോലും തനിക്കു നേരിടേണ്ടിവരുന്ന യുക്തിരഹിതവും നിരാസാപൂർണവുമായ അഭിപ്രായങ്ങൾക്കു നടുവിലും വളരെ പ്രകടമായ ഈ സത്യങ്ങൾ പറയേണ്ടത് കടമയാണെന്നു താൻ കരുതുന്നുവെന്ന് പാപ്പാ പറഞ്ഞിട്ടുണ്ട്. ഈ അപകടകരമായ മാറ്റങ്ങളുടെ കാരണം രണ്ടു നൂറ്റാണ്ടായി പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തിയ അനിയന്ത്രിതമായ കടന്നുകയറ്റങ്ങളുമായി ബന്ധപ്പെട്ട അസംഖ്യമായ നൂതന രീതികളാണെന്ന് രണ്ടാമത്തെ ലേഖനത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു.
മനുഷ്യന്റെ സ്വാർഥപരമായ ചൂഷണംകൊണ്ട് അതിജീവനയോഗ്യമല്ലാതാകുന്ന പ്രപഞ്ചം, ഉറ്റവരെയും ഉടയവരെയും എല്ലാം ഉപേക്ഷിച്ചു കുറേക്കൂടി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കായി പലായനം ചെയ്യേണ്ടിവരുന്നവർ, യാത്രയ്ക്കിടയിലും ചെന്നെത്തുന്ന രാജ്യങ്ങളിലും അവർ നേരിടുന്ന മഹാദുരിതങ്ങൾ, കടലിൽതന്നെ നിത്യവിശ്രമം പ്രാപിക്കുന്നവർ, സമൂഹത്തിൽ ഏറെ പാർശ്വവത്കരിക്കപ്പെടുന്ന സ്വവർഗാനുരാഗികൾ, സിനഡൽ സ്വഭാവം ചോർന്നുപോയ സഭ, ഏറ്റവും വിലകൂടിയ കാറും ഫോണും അടക്കം എല്ലാത്തരം ആർഭാടങ്ങളിലും രമിക്കുന്ന സഭാ ശുശ്രൂഷകർ, ദൈവത്തെപ്പോലെ കണ്ട വൈദികരാൽ ദുരുപയോഗം ചെയ്യപ്പെട്ട പാവങ്ങൾ, മനുഷ്യക്കടത്തു നടത്തുന്നവർ, ആയുധവ്യാപാരികൾ വലിയപിതാവിന്റെ ഒരുവ്യാഴവട്ടക്കാലത്തെ മുൾമെത്തയാക്കി മാറ്റിയ യഥാർഥ്യങ്ങൾ നിരവധിയായിരുന്നു.
അധിവാസ യോഗ്യമല്ലാതാകുന്ന ഭൂമി
മനുഷ്യന് അധിവാസയോഗ്യമല്ലാതായി മാറുകയാണോ ഈ പ്രപഞ്ചം എന്ന സന്ദേഹം അദ്ദേഹം തുറന്നുപറഞ്ഞു. 1958 മുതൽ ദിവസവും കാർബണ് ഡയോക്സൈഡിന്റെ അളവ്എടുക്കുന്ന മൗനലോവയെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു; അന്പതുവർഷമായി ഭൂമിയിൽ കാർബണ് ഡയോക്സൈഡിന്റെ അളവ് വല്ലാതെ കൂടുകയാണ്. 2015ൽ അത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവിലായിരുന്നു. പത്തു ലക്ഷത്തിന് 400 എന്നതായിരുന്നു അളവ്. 2023ൽ അത് 423 ആയി. ഈ വാതകത്തിൽ 42 ശതമാനവും ഉയർന്നത് 1850നും 1990നും ഇടയിലാണ്. അമേരിക്കയിലെ വ്യക്തിഗത ബഹിർഗമനം ചൈനയിൽ ജീവിക്കുന്നവരുടേക്കാൾ രണ്ടു മടങ്ങും ദരിദ്രരാജ്യങ്ങളുടെ ശരാശരിയേക്കാൾ ഏഴുമടങ്ങും അധികമാണെന്ന് അദ്ദേഹം ചണ്ടിക്കാണിച്ചു.
50 വർഷംകൊണ്ട് ചൂട് ഒരിക്കലും ഇല്ലാത്തതുപോലെ കൂടി. രണ്ടായിരം വർഷത്തെ ഏറ്റവും ഉയർന്ന അളവിലെത്തി. 1850 മുതൽ ആഗോള താപം 1.1 ഡിഗ്രി സെൽഷസ് വച്ച് കൂടി. ഇന്നത്തെ നിരക്കിൽ പത്തു വർഷത്തിനകം പരമാവധി ആഗോളപരിധിയായ 1.5 ഡിഗ്രിയിൽ എത്തും. ഭൂമിയുടെ ഉപരിതലത്തിൽ മാത്രമല്ല, അന്തരീക്ഷത്തിൽ നിരവധി കിലോമീറ്റർ ഉയരത്തിലും ഉണ്ടാകും. സമുദ്രങ്ങളുടെ ഉപരിതലത്തിലും അവയുടെ നൂറകണക്കിന് മീറ്ററുകൾ അടിയിലും ഉണ്ടാകും.
സമുദ്രങ്ങളുടെ അമ്ലീകരണം വർധിക്കും, ഓക്സിജൻ കുറയും, മഞ്ഞുപാളികൾ അപ്രത്യക്ഷമാവും. സമുദ്രനിരപ്പ് സ്ഥിരമായി ഉയരും. ഇത്തരം പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ഏതാനും നൂറ്റാണ്ടുകൾകൊണ്ടുപോലും തിരിച്ചുപിടിക്കാനാവില്ല. മാർപാപ്പ ഓർമിപ്പിച്ചു.
ശേഷിയുള്ളവൻ ശേഷിച്ചാൽ മതി എന്ന ആഗോളീകരണത്തിന്റെ അഹന്തയും സ്വാർഥതയും നിറഞ്ഞ മനോഭാവത്തോടെ, മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും പൊതുഭവനമായ ഈ പ്രപഞ്ചത്തെ കുത്തിക്കവർന്നുകൊണ്ടിരുന്നവർ എല്ലാം വ്യർഥമാവുകയാണോ എന്ന ഭീതിയോടെ പകച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് 19 ഉണ്ടാക്കിയ ആരോഗ്യ പ്രതിസന്ധി, പ്രപഞ്ചത്തിന്റെ ആകെ ക്ഷണികതയെക്കുറിച്ച് മാത്രമല്ല പ്രപഞ്ചത്തിന്റെ ദുരുപയോഗം ഉണ്ടാക്കുന്ന സാമൂഹികവും മാനുഷികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഉള്ള മുന്നറിയിപ്പായി. മനുഷ്യകുലത്തിന് ഒരു പാരിസ്ഥിതിക മാനസാന്തരം അനിവാര്യമായിരിക്കുന്നു എന്ന് ബോധ്യം വന്നവർ ഇന്ന് ഏറെയായിട്ടുണ്ട്.
രൂപരഹിതമായിരുന്ന പ്രപഞ്ചം
പ്രപഞ്ചം ആദിയിൽ രൂപരഹിതവും ശൂന്യവുമായിരുന്നെന്നും ദൈവത്തിന്റെ ചൈതന്യം അതിേന്മേൽ ചലിച്ചുകൊണ്ടിരുന്നു ’’ (ഉത്പ1:1) എന്നും ബൈബിൾ പഠിപ്പിക്കുന്നു. പ്രപഞ്ചോത്പത്തിയെക്കുറിച്ച് മഹാവിസ്ഫോടന തിയറി അടക്കം പല തിയറികളും പറയുന്നവരും പ്രപഞ്ചം രൂപരഹിതവും ശൂന്യവുമായിരുന്ന കാലത്തെക്കുറിച്ച് സമ്മതിക്കുന്നു. ഇക്കാലം എത്രയെന്ന് ആർക്കും അറിയില്ല. ബൈബിളും പറയുന്നില്ല. ഇക്കാലത്ത് ദൈവചൈതന്യം പ്രപഞ്ചത്തിേന്മേൽ ആവസിച്ചതുകൊണ്ടാണ് പ്രപഞ്ചത്തിന് രൂപവും ഭാവവും കൈവന്നതെന്ന് ബൈബിൾ പറഞ്ഞുതരുന്നു.
പ്രപഞ്ചത്തിന്റെ ആധിപത്യം ദൈവം മനുഷ്യന് കൈമാറിയതുകൊണ്ട് ഇനി ഇക്കാര്യത്തിൽ ഇടപെടുന്നതിന് ദൈവത്തിനുപോലും പരിമിതികളായി. ഈ ലോകം എങ്ങനെയാവണം എന്ന് നിശ്ചയിക്കാൻ മനുഷ്യനാണ് അധികാരം. ദൈവത്തിനാവുക ഏതാണ് സ്വികരിക്കേണ്ട വഴി എന്ന് പ്രവാചകരിലൂടെ മുന്നറിയിപ്പു നല്കുകയും ആ ദിശയിൽ പ്രവർത്തിക്കുന്നതിന് സന്നദ്ധനായാൽ മനുഷ്യനെ സഹായിക്കുകയുമാണ്.
ദൈവം നൽകുന്ന അധികാരങ്ങൾ അവിടന്നു പിൻവലിക്കുന്നില്ല എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. മനുഷ്യനാകട്ടെ അങ്ങനെ ലഭിച്ച അധികാരം ദുരുപയോഗിച്ചതു മൂലം പ്രപഞ്ചത്തിൽ ദൈവം ഉണ്ടാക്കിയ ലയവും ക്രമവും നശിപ്പിക്കുകയായി.
പരിസ്ഥിതി മലിനീകരണം എല്ലാ പരിധികൾക്കും അപ്പുറമായി. ലോകത്തിലെ ഏറ്റവും മലിനമായ വായു, ഭാരത തലസ്ഥാനമായ ഡൽഹിയിലേതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വിലയിരുത്തൽ നാം കേട്ടു. അത് അപ്പാടെ സത്യമല്ലെങ്കിൽപോലും ഡൽഹിയിലെ മലിനീകരണ പ്രശ്നങ്ങൾ അറിയാത്തവരുണ്ടാവില്ല. വലിച്ചെറിയൽ സംസ്കാരവും പുനഃചംക്രമണ രീതിയുടെ അഭാവവും മാലിന്യപ്രശ്നത്തെ വല്ലാതെ രൂക്ഷമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും അമിത താപനവും ഇന്ന് അയൽപക്കത്തെ കഥയല്ല. നമ്മുടെ മേടമാസത്തിന്റെ കുളിരും മീനത്തിന്റെ ചൂടും ഓർമകളാവുകയാണ്. ആർക്കും മോഷ്ടിക്കാനാവാത്ത മിഥുനത്തിലെ ഞാറ്റുവേലയ്ക്കും താളംതെറ്റി. കടലിൽ മീൻ ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങൾ ഇല്ലാതാകുന്നു. ഭൂവിഭവങ്ങളും വനങ്ങളും കൊള്ളയടിക്കപ്പെടുന്നതുകൊണ്ട് ഉപകാരപ്രദമായ നിരവധി ജീവികൾക്കു വരെ വംശനാശമായി. ഭൂമിയുടെ ശ്വാസകോശങ്ങളായ നദീതടങ്ങൾ വല്ലാതെ നശിപ്പിക്കപ്പെടുന്നു.
കന്പോളസംസ്കാരവും ലാഭക്കൊതിയും കുത്തകക്കന്പനികളുടെ നിയന്ത്രണമില്ലാത്ത ചൂഷണങ്ങളും എല്ലാം കൂടിച്ചേർന്ന് ഉണ്ടാക്കുന്ന അപായത്തെക്കുറിച്ച് പ്രപഞ്ചം പലപ്പോഴും മുന്നറിയിപ്പുകൾ നൽകാറുമുണ്ട്. മനുഷ്യന് പ്രകൃതിയിലൂടെ ഒരിക്കിയിട്ടുള്ള സംരക്ഷണ കവചങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ വലിയ ദുരന്തത്തിലേക്കാവും നാം നടന്നടുക്കുക. ഈ തിരിച്ചറിവ് ലോകത്തിനുണ്ട്.
1992ൽ ഐക്യരാഷ്ട്ര സഭ റിയോ ഡി ജനീറോയിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നടത്തിയ സമ്മേളനത്തെത്തുടർന്ന് ഇതിനായി 190 രാജ്യങ്ങൾ അംഗങ്ങളായ കോൺഫറൻസ് ഓഫ് പ്രോപ്പർട്ടീസ് എല്ലാ വർഷവും സമ്മേളിച്ച് ചർച്ച നടത്തുന്നുണ്ട്.
പക്ഷേ കാര്യമായി ഒന്നും നടക്കുന്നില്ല, 1997ലെ ടോക്കിയോ സമ്മേളനം പോലെ ചിലത് ധീരമായ തീരുമാനമെടുക്കും; നടപ്പാക്കാനാകുന്നില്ല. 2015ൽ പാരീസിൽ നടന്ന സമ്മേളനത്തിലും ചില നല്ല തീരുമാനങ്ങൾ എടുത്തു, പക്ഷേ ലക്ഷ്യം കണ്ടില്ല. ഫ്രാൻസിസ് പാപ്പാ പറഞ്ഞു:
ലോകത്തിലെ ഏറ്റവും വലിയ ഏകാധിപതി ആകാനുള്ള അതേ നിസംഗതയാണ്, സ്വാർഥതയാണ്, ആർത്തിയാണ്, അഹങ്കാരമാണ് ഒരു വശത്ത് പ്രകൃതി വിഭവങ്ങളെ നശിപ്പിക്കാനും കവർച്ചചെയ്യാനും മറുവശത്ത് ദുരിതം ചൂഷണം ചെയ്യാനും സ്ത്രീകളുടെയും കുട്ടികളുടെയും അധ്വാനത്തെ ദുരുപയോഗിക്കാനും കുടുംബഘടകത്തിന്റെ നിയമങ്ങൾ തകർക്കാനും മനുഷ്യജീവന്റെ സ്വഭാവികമായ ഉത്ഭവം മുതൽ അന്ത്യംവരെയുള്ള അവകാശത്തെ ആദരിക്കാതിരിക്കാനും മനുഷ്യവ്യക്തികളെ നയിക്കുന്നത്.
അതുകൊണ്ട് പുത്തൻ മനുഷ്യവ്യക്തി ഉണ്ടാകാതെ പ്രകൃതിയുമായി പുതിയ ബന്ധം സാധ്യമല്ല. അതുകൊണ്ട് മനുഷ്യഹൃദയങ്ങളെ സൗഖ്യപ്പെടുത്തുന്നതിലൂടെയാണ് ലോകത്തെ ഇന്നനുഭവിക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ അസ്വസ്ഥതയിൽനിന്നു രക്ഷിക്കാനാകുക.
അറിവുള്ള അജ്ഞാനികൾ
ഈ തിരിച്ചറിവുകളിലേക്ക് താൻ എത്തിയ യാത്രയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പറയുന്നു, ""2007ൽ ലാറ്റിൻ അമേരിക്കയിലെ മെത്രാന്മാരുടെ സമ്മേളനം നടന്നത് ബ്രസീലിലെ അപ്പാരെസിഡായിലായിരുന്നു.
അന്തിമരേഖ തയാറാക്കുന്നതിനുള്ള സംഘത്തിൽ ഞാനും ഉണ്ടായിരുന്നു. ആമസോണിയയെക്കുറിച്ചുള്ള നിർദേശങ്ങളും രേഖയിൽ ഉണ്ടായിരുന്നു. ഈ ബ്രസീലുകാർ അമസോണിയയുടെ കാര്യത്തിൽ എന്താണ് കാണിക്കുക.സുവിശേഷവത്കരണവും ആമസോണിയായുമായി എന്തു ബന്ധം? ഞാൻ ചോദിച്ചു. 2007ൽ അതായിരുന്നു ഞാൻ. പാരിസ്ഥിതിക വിഷയങ്ങളിലുള്ള തിരിച്ചറിവിന്റെ മാനസാന്തരത്തിന്റെ ഒരു യാത്ര ഞാൻ നടത്തി. അങ്ങനെ 2015ൽ ലൗദാത്തോ സി പ്രസിദ്ധീകരിച്ചു.
2007ൽ അപ്പാരെസിഡായിലെ ഒന്നും അറിയായ്മയിൽനിന്നും ഈ ചാക്രികലേഖനത്തിലേക്ക് എത്തി. എല്ലാവർക്കും പാരിസ്ഥിതിക മാനസാന്തരത്തിലേക്കുള്ള ഈ യാത്ര ഉണ്ടാകുന്നതിനായുള്ള ദൗത്യം നാം ഏറ്റെടുക്കണം. അതു നമ്മുടെ വിളിയാണ്, പ്രാർഥനാ നിയോഗവും.’’ പ്രപഞ്ചത്തിനു വേണ്ടി കരയുക എന്നതാണ് ഫ്രാൻസിസ് പാപ്പാ ലോകത്തിനു മുന്നിൽ വച്ച ഏറ്റവും വലിയ വെല്ലുവിളി.