ചരിത്രരചനാലോകത്തിലെ അതികായൻ
Sunday, April 27, 2025 12:14 AM IST
ഡോ. പയസ് മലേക്കണ്ടത്തിൽ
(മുൻ പ്രഫസർ, ചരിത്രവിഭാഗം, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂഡൽഹി)
എംജിഎസ് എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന എം.ജി.എസ്. നാരായണൻ ഇന്ത്യൻ ചരിത്രകാരന്മാരിൽ വേറിട്ടുനിന്ന അതികായനാണ്.
1932 ഓഗസ്റ്റ് 20ന് പൊന്നാനിയിൽ ജനിച്ച് കേരള, കാലിക്കട്ട് യൂണിവേഴ്സിറ്റികളിൽ ചരിത്ര അധ്യാപകനായും പിന്നീട് ഡൽഹിയിൽ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായും (2001-03) സേവനമനുഷ്ഠിച്ച എം.ജി.എസിന്റെ ജീവിതം കേരളത്തിന്റെ ഇന്നലെകളുടെ അർഥം തേടിയുള്ള നലംതികഞ്ഞ ചരിത്രാന്വേഷിയുടെ നീണ്ട യാത്രകൂടിയായിരുന്നു. അതിനിടെ വിവിധ ആശയങ്ങളുടെയും നിലപാടുകളുടെയും ലോകത്തിലൂടെയുള്ള സഞ്ചാരംകൂടി ഒപ്പം നടന്നപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം എന്താണെന്നറിയാൻ ചരിത്രസ്നേഹികൾ എന്നും ശ്രദ്ധകൊടുത്തിരുന്നു. ഇടതും വലതും ഓരംപറ്റിയുള്ള യാത്രയായി അതിനെ പല ഘട്ടങ്ങളിൽ വിശേഷിപ്പിക്കപ്പെട്ടപ്പോഴും അതിനിടയിലൂടെ തന്റേതായ പന്ഥാവിലൂടെ ചരിച്ചപ്പോഴും ലേബലിംഗിനു തന്നെത്തന്നെ വിട്ടുകൊടുക്കാതെ ചരിത്രാന്വേഷിയുടെ ആർജവത്തോടെ കേരളത്തിന്റെ ഇന്നലെകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. കേരളചരിത്രത്തിന് വേറിട്ടൊരു വ്യാഖ്യാനം നൽകി ഈ നാടിന്റെ പ്രചീന കാലഘട്ടത്തെ പുനരവതരിപ്പിച്ചപ്പോൾ ഇന്ത്യൻ ചരിത്രലോകം വലിയൊരു വിസ്മയത്തോടെ അതിനെ നോക്കിക്കണ്ടു.
1953ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നു ചരിത്രത്തിൽ എംഎയും 1973ൽ കേരള യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്ഡിയും കരസ്ഥമാക്കിയ അദ്ദേഹം കേരള യൂണിവേഴ്സിറ്റിയുടെ കോഴിക്കോട്ടുള്ള പിജി സെന്ററിൽ യൂണിവേഴ്സിറ്റി അധ്യാപനം ആരംഭിച്ചു. 1968ൽ കാലിക്കട്ട് യൂണിവേഴ്സിറ്റി ആരംഭിച്ചപ്പോൾ മുതൽ അതിലെ ചരിത്ര അധ്യാപകനായ എം.ജി.എസ് 1970 മുതൽ 1992ൽ വിരമിക്കുന്നതുവരെ ചരിത്രവകുപ്പിന്റെ തലവനായിരുന്നു.
എഡി 800 മുതൽ 1124 വരെ മഹോദയപുരം (കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരരാജാക്കന്മാരുടെ ചരിത്രം പിഎച്ച്ഡി വിഷയമാക്കിയ എം.ജി.എസ് തന്റെ അനൗദ്യോഗിക സൂപ്പർവൈസറായ ഇളംകുളം കുഞ്ഞൻപിള്ളയുടെ നിരീക്ഷണങ്ങളിലും കാഴ്ചപ്പാടുകളിലും ഏറെ സ്വാധീനിക്കപ്പെടുകയുണ്ടായി. പക്ഷേ ചേരരാജാക്കന്മാരുടെ കേന്ദ്രീകൃത ഭരണസംവിധാനമാണ് അന്ന് നടന്നിരുന്നതെന്ന് വിശ്വസിക്കുന്ന ഇളംകുളത്തിന്റെ കാഴ്ചപ്പാടിൽനിന്നു വ്യത്യസ്തമായി നാമമാത്ര ഭരണം നടത്തിയിരുന്ന ചേരന്മാരുടെ കീഴിൽ ബ്രാഹ്മണിക്കൽ ഒളിഗാർക്കിയാണ് (പ്രഭുവാഴ്ച) യഥാർഥ ഭരണം നടത്തിയിരുന്നതെന്ന വാദഗതിയാണ് എം.ജി.എസ് മുന്നോട്ടുവച്ചത്. രാജാക്കന്മാരുടെ പേരുകളും രാജവംശത്തിന്റെ നിമ്നോന്നതയും എന്നതിനപ്പുറം 800 മുതൽ 1124 വരെയുള്ള കാലഘട്ടത്തിലെ സാമൂഹ്യ സാന്പത്തിക സാംസ്കാരിക രാഷ്ട്രീയ പ്രക്രിയകളെക്കുറിച്ചാണ് ഈ കൃതി വിവരം നൽകുന്നത്. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിദേശ കച്ചവടധനം കൊണ്ടുവന്നിരുന്ന ക്രൈസ്തവ-യഹൂദ കച്ചവടക്കാരെ ചേരതുറമുഖങ്ങളിലേക്കു കൂടുതൽ ആകർഷിക്കാനും അവരിൽനിന്നു സമാഹരിക്കുന്ന കച്ചവടമിച്ചംവഴി എങ്ങനെ ചേരരാജാക്കന്മാരുടെ അധികാരഘടനയെയും സംവിധാനങ്ങളെയും സംരക്ഷിക്കാൻ ചേരന്മാർ ശ്രമിച്ചിരുന്നുവെന്നും എംജിഎസിന്റെ ആദ്യകാല കൃതികളിൽ സവിസ്തരം പ്രതിപാദിക്കുന്നു.
എഡി 849ൽ ചേരരാജാവ് സ്താനു രവിവർമന്റെ സാമന്തനായ അയ്യനടികൾ തിരുവടികൾ കൊല്ലത്തെ തരീസാപ്പള്ളിക്ക് കൊടുത്ത ചെപ്പേടും അതു സ്വീകരിച്ച മാർ സപ്പോറും മാർ പ്രോത്തും ഈ പശ്ചാത്തലത്തിലാണ് വിശകലനം ചെയ്യപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം കീഴടക്കി കൊല്ലം ആക്രമിക്കാനെത്തിയ പാണ്ഡ്യന്മാരുടെ സൈന്യത്തെ നേരിടാൻ ധനത്തിനായി ചേരന്മാർ കാത്തിരിക്കുന്ന സമയത്താണ് ഈ വിദേശ ക്രൈസ്തവ കച്ചവടക്കാർക്ക് ആനുകൂല്യങ്ങൾ നൽകി അവരെ കൊല്ലത്തേക്ക് ആകർഷിക്കുന്നതെന്നാണ് അദ്ദേഹം വാദിക്കുന്നത്.
പിന്നീട് എഡി 1000ൽ ചോളരാജാവായ രാജരാജ ചോള കൊല്ലവും വിഴിഞ്ഞവും കീഴടക്കിയ ഘട്ടത്തിൽ ചേരരാജാവായ ഭാസ്കര രവിവർമ യഹൂദ കച്ചവടക്കാരെ ധനത്തിനായി ആശ്രയിക്കുന്നുണ്ട്. ജോസഫ് റബ്ബാൻ എന്ന യഹൂദ വണിക് നേതാവിന്റെ നേതൃത്വത്തിൽ ആളും അർത്ഥവും കപ്പലുകളും നൽകി യഹൂദർ ചേരരാജാവിനെ സഹായിക്കുന്നുണ്ട്. ഈ ബന്ധങ്ങളും നിലപാടുകളും സാംസ്കാരിക സഹവർത്തിത്വത്തിന് വഴിതെളിച്ചെന്നും സാംസ്കാരിക ബഹുസ്വരതയുടെ ഇടമായി കേരളം മാറുന്നതിന് ഇടയായെന്നും എം.ജി.എസ് സമർഥിക്കുന്നു. ചേരന്മാരുടെ സാന്പത്തിക അടിത്തറയ്ക്ക് ബലമേകി ക്രൈസ്തവ കച്ചവടക്കാരുടെ വണിക് സംഘമായ മണിഗ്രാമവും യഹൂദ കച്ചവടക്കാരുടെ വണിക സംഘമായ അഞ്ചുവണ്ണവും ഈ നാട്ടിലെ കച്ചവട പ്രക്രിയകളെയും ക്രയവിക്രയങ്ങളെയും നിയന്ത്രിച്ചിരുന്ന കാലമായിരുന്നു അത്.
എം.ജി.എസിന്റെ ആദ്യകാല ശിഷ്യരായ രാജൻ ഗുരുക്കളും കേശവൻ വെളുത്താട്ടും കെ.എൻ. ഗണേശനും ഒക്കെ അദ്ദേഹം തുറന്നിട്ട ചരിത്രാന്വേഷണ പാതയിലൂടെ ഗവേഷണയാത്ര തുടങ്ങിയവരാണ്. മധ്യകാല കേരളത്തിന്റെ സാമൂഹ്യ സാന്പത്തിക രംഗങ്ങളിൽ അന്പലങ്ങൾ വഹിച്ച പങ്ക്, ഉത്പാദനോപാധികളും ഭൂമിയുമായുള്ള സാമൂഹ്യബന്ധങ്ങൾ, വൈഷ്ണവ, ശൈവ ഭക്തിപ്രസ്ഥാനങ്ങൾ കേരളത്തിന്റെ സാമൂഹ്യ-സാന്പത്തിക മേഖലകളിൽ നടത്തിയ സ്വാധീനം, നിലവിലെ സംവിധാനങ്ങളോടും വ്യവസ്ഥിതിയോടും വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്താൻ ഭക്തിപ്രസ്ഥാനങ്ങളിലൂടെ നടത്തിയ ശ്രമങ്ങൾ, രൂപപ്പെട്ടുവരുന്ന കേരളസമൂഹത്തിന്റെ ഘടനയും സ്വഭാവവും സ്റ്റേറ്റിന്റെ മാറിവരുന്ന അർഥങ്ങളും ഘടനാവ്യത്യാസങ്ങളും എല്ലാം എം.ജി.എസ് തുടക്കമിട്ട ചിന്താധാരയിൽ വിശകലനം ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു. എം.ജി.എസിന് വളരെ പരിചിതമല്ലാത്ത ചില വിഷയങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ ചില കമന്റുകളും നിരീക്ഷണങ്ങളും വ്യത്യസ്തമായ പ്രതികരണങ്ങളും ചില ഘട്ടങ്ങളിൽ വിമർശനങ്ങളും ക്ഷണിച്ചുവരുത്തുകയുമുണ്ടായിട്ടുണ്ട്. ചരിത്രപഠനത്തോടൊപ്പം അദ്ദേഹം സൂക്ഷിച്ചിരുന്ന നിലപാടുകളും രാഷ്ട്രീയവും വ്യക്തമാക്കാൻ എം.ജി.എസ് സ്വീകരിച്ചിരുന്ന രീതികൾകൂടിയായിരുന്നു അതെന്നുകൂടി പറയേണ്ടിയിരിക്കുന്നു.
എം.ജി.എസിനോടൊപ്പം പല വേദികളിലും സെമിനാറുകളിലും ഒരുമിക്കാനും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും ഈ ലേഖകനും അവസരം ലഭിച്ചിട്ടുണ്ട്. 2006ൽ ജെഎൻയുവിൽ ചരിത്രവിഭാഗം പ്രഫസറായി ജോലി ആരംഭിക്കുന്പോൾ എന്നോട് അദ്ദേഹം പറഞ്ഞ വാക്കുകൾ അനുസ്മരിക്കുന്നു, “മറ്റാർക്കും അധികം സംലഭ്യമല്ലാത്ത വിശാലമായ ചരിത്ര ഉറവിടങ്ങളെക്കുറിച്ച് ഒരു അറിവും ധാരണയും പയസിനുണ്ട്. പയസ് എഴുതണം. ഈ നാടിന്റെ ചരിത്രം നിങ്ങളെപ്പോലുള്ളവരാണ് പുറത്തുകൊണ്ടുവരേണ്ടത്’’.
പോർച്ചുഗീസ്, ഡച്ച്, ജർമൻ ഭാഷകളിൽ രചിക്കപ്പെട്ട ചരിത്രരേഖകളെ അവലംബിച്ച് ഞാനെഴുതിയ പല പുസ്തകങ്ങളും അദ്ദേഹം വായിക്കുകയും വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്നത് ഊഷ്മളതയോടെ ഓർക്കുന്നു. പല സെമിനാറുകളിലും യൂറോപ്യൻ ഭാഷകളിലെ ചരിത്രവിവരങ്ങളെ ശരിവയ്ക്കുന്ന വിവരങ്ങൾ ശിലാലിഖിതങ്ങളിൽനിന്നും ചെപ്പേടുകളിൽനിന്നും എടുത്ത് കോർത്തിണക്കി എന്റെ വാദഗതിയെ പിന്തുണയ്ക്കാനും ചിലപ്പോൾ പുതിയ ദിശയിലേക്ക് കണ്ണു തിരിക്കാൻ പ്രേരിപ്പിക്കാനും എംജിഎസ് ശ്രമിച്ചിട്ടുണ്ട് എന്നതും ഹൃദ്യതയോടെ സ്മരിക്കുന്നു. എം.ജി.എസ് ചരിത്രം പറയുന്പോൾ അതിന് ഒരു പുതിയ അർഥം കിട്ടുകയാണ്. അങ്ങനെയാണ് എം.ജി.എസ്. നാരായണൻ എന്ന ചരിത്രകാരൻ വേറിട്ടുനിൽക്കുന്നത്.